News
പാങ്ങോട് മിലിറ്ററി ക്യാമ്പില്‍ നിന്ന് ആനക്കൊമ്പ് മോഷണം; രണ്ടുദിവസമായിട്ടും സൂചനയില്ല
ക്യാമ്പിന് പുറത്തേക്ക് കൊമ്പുകള്‍ കൊണ്ടുപോയിട്ടില്ലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
തിരുവനന്തപുരം: പാങ്ങോട് മിലിറ്ററി ക്യാമ്പില്‍ നിന്ന് ആനക്കൊമ്പുകള്‍ മോഷണം പോയ സംഭവത്തില്‍ രണ്ടുദിവസം കഴിഞ്ഞിട്ടും അന്വേഷണത്തിന് വ്യക്തമായ തുമ്പൊന്നും ലഭിച്ചിട്ടില്ല. ക്യാമ്പിന് പുറത്തേക്ക് കൊമ്പുകള്‍ കൊണ്ടുപോയിട്ടില്ലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
സംഭവത്തെ തുടര്‍ന്ന് ക്യാമ്പിനകത്തുള്ള ഓഫീസേഴ്സ് മെസ്സും പരിസര പ്രദേശങ്ങളും സൈനികര്‍ വ്യാപകമായി പരിശോധിച്ചു. എന്നാല്‍ പരിശോധനയില്‍ ഇതുവരെ ഫലപ്രദമായ കണ്ടെത്തലുകള്‍ ഉണ്ടായിട്ടില്ല. സൈനിക ക്യാമ്പ് ആയതിനാല്‍ പൊലീസിന് നേരിട്ട് എല്ലാ ഭാഗങ്ങളിലും പരിശോധന നടത്തുന്നതിന് പരിമിതികള്‍ നിലനില്‍ക്കുന്നത് അന്വേഷണത്തെ കൂടുതല്‍ സങ്കീര്‍ണമാക്കുന്നുണ്ട്.
മോഷണം നടന്ന ദിവസം ക്യാമ്പില്‍ പാര്‍ട്ടി സംഘടിപ്പിച്ചിരുന്നു. പരിപാടിയുടെ ഒരുക്കങ്ങള്‍ക്കായി എത്തിയ 18 പേരെ പൊലീസ് ചോദ്യം ചെയ്തെങ്കിലും സംശയാസ്പദമായ വിവരങ്ങള്‍ ഒന്നും ലഭിച്ചില്ലെന്നാണ് വിവരം.
ക്യാമ്പിനകത്തെ സുരക്ഷാ ക്രമീകരണങ്ങളും സിസിടിവി ദൃശ്യങ്ങളും പരിശോധിച്ച് അന്വേഷണം തുടരുകയാണ്. ആനക്കൊമ്പുകള്‍ ക്യാമ്പിനകത്ത് തന്നെ ഒളിപ്പിച്ചിട്ടുണ്ടാകാമെന്ന സാധ്യതയും പൊലീസ് തള്ളിക്കളയുന്നില്ല. സംഭവത്തെ തുടര്‍ന്ന് സുരക്ഷാ സംവിധാനങ്ങള്‍ ശക്തിപ്പെടുത്തിയതായും അധികൃതര്‍ അറിയിച്ചു. ആനക്കൊമ്പുകള്‍ എങ്ങനെ മോഷണം പോയി, ആരാണ് പിന്നില്‍ എന്നതെല്ലാം വ്യക്തമാകാന്‍ കൂടുതല്‍ അന്വേഷണം അനിവാര്യമായിരിക്കുകയാണ്.
News
കുഞ്ഞുമാലാഖയ്ക്ക് ഇന്ന് മടക്കം;അവയവദാനത്തിലൂടെ അഞ്ചു ജീവന് പുതുജീവന്‍ നല്കിയ ആലിന് ഷെറിന് എബ്രഹാമിന് ഇന്ന് ഔദ്യോഗിക ബഹുമതികളോടെ വിടനല്‍കും
കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ പോസ്റ്റ്മോര്‍ട്ടത്തിനുശേഷം മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം രാവിലെ വീട്ടിലെത്തിക്കും.
പത്തനംതിട്ട: മല്ലപ്പള്ളി സ്വദേശിയായ ആലിന് ഷെറിന് എബ്രഹാമിന് ഇന്ന് കേരളം അന്ത്യാഞ്ജലി അര്‍പ്പിക്കും. അഞ്ചു കുരുന്നുകള്‍ക്ക് പുതുജീവന്‍ നല്കിയ ആലിന്റെ സംസ്കാരം ഇന്ന് വൈകുന്നേരം മൂന്ന് മണിക്ക് മല്ലപ്പള്ളി നെടുങ്ങാടപ്പള്ളി സിഎസ്ഐ പള്ളിയില്‍ ഔദ്യോഗിക ബഹുമതികളോടെ നടക്കും.
കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ പോസ്റ്റ്മോര്‍ട്ടത്തിനുശേഷം മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം രാവിലെ വീട്ടിലെത്തിക്കും. ഉച്ചയ്ക്ക് രണ്ട് മണിയോടെ നെടുങ്ങാടപ്പള്ളി സിഎസ്ഐ പള്ളിയിലേക്ക് കൊണ്ടുപോകും.
ഫെബ്രുവരി അഞ്ചിന് തിരുവല്ലയില്‍ നിന്ന് കോട്ടയത്തേക്ക് പോകുംവഴി ചിങ്ങവനത്ത് ഉണ്ടായ അപകടത്തിലാണ് ആലിന് ഗുരുതരമായി പരിക്കേറ്റത്. തുടര്‍ന്ന് വിവിധ ആശുപത്രികളില്‍ ചികിത്സ ലഭ്യമാക്കിയെങ്കിലും വെള്ളിയാഴ്ച മസ്തിഷ്ക മരണം സ്ഥിരീകരിച്ചു. ഒരാഴ്ചയായി ചികിത്സയില്‍ തുടരുകയായിരുന്ന കുഞ്ഞിന്റെ നില ഗുരുതരമായിരുന്നു.
ഹൃദയം നുറുങ്ങുന്ന വേദനക്കിടയിലും പിതാവ് അരുണ്‍ എബ്രഹാമും മാതാവ് ഷെറിന് ആന്‍ ജോണും അവയവദാനത്തിന് സമ്മതം അറിയിക്കുകയായിരുന്നു. അവരുടെ മഹത്തായ തീരുമാനത്തിലൂടെ അഞ്ചു കുരുന്നുകള്‍ക്ക് പുതുജീവന്‍ ലഭിച്ചു.
ദുഃഖത്തില്‍ മുങ്ങിയിരിക്കുന്ന കുടുംബത്തിനൊപ്പമാണ് മലയാളക്കര മുഴുവന്‍. വേദനയെ അതിജീവിച്ച് അവയവദാനത്തിന് തയ്യാറായ മാതാപിതാക്കളുടെ തീരുമാനം സമൂഹം നന്ദിയോടെ സ്മരിക്കുന്നു.
News
രാജ്യത്ത് വേറിട്ട ഇന്‍ഷൂറന്‍സ് പോളിസിയുമായി ബാങ്കുകള്‍; ലക്ഷ്യം ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പ് ഇരകള്‍ക്ക് പരിരക്ഷ
ഇന്‍ഷൂറന്‍സ് പ്ലാന്‍ പുറത്തിറക്കുന്നതിനുള്ള ആദ്യഘട്ട ചര്‍ച്ചകള്‍ക്ക് ബാങ്കുകളും ഇന്‍ഷൂറന്‍സ് കമ്പനികളും തുടക്കം കുറിച്ചു.
മുംബൈ: രാജ്യത്ത് വേറിട്ട ഇന്‍ഷൂറന്‍സ് പോളിസിയുമായി ബാങ്കുകളും സ്വകാര്യ കമ്പനികളും. ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പിലൂടെ സാമ്പത്തിക നഷ്ടം സംഭവിക്കുന്നവര്‍ക്ക് പരിരക്ഷ നല്കുന്ന ഇന്‍ഷൂറന്‍സ് പോളിസിയാണ് തയാറാക്കുന്നത്. പദ്ധതി യാഥാര്‍ഥ്യമായാല്‍ ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പിലൂടെ സാമ്പത്തിക നഷ്ടം വരുന്നവര്‍ക്ക് പരിരക്ഷ നല്കുന്ന ആദ്യ രാജ്യമായി ഇന്ത്യ മാറും. ഇന്‍ഷൂറന്‍സ് പ്ലാന്‍ പുറത്തിറക്കുന്നതിനുള്ള ആദ്യഘട്ട ചര്‍ച്ചകള്‍ക്ക് ബാങ്കുകളും ഇന്‍ഷൂറന്‍സ് കമ്പനികളും തുടക്കം കുറിച്ചു. താങ്ങാവുന്ന പ്രീമിയം വാങ്ങി സാമ്പത്തിക തട്ടിപ്പിന്റെ ആഘാതം കുറക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.
മാനസിക സമ്മര്‍ദ്ദത്തെ തുടര്‍ന്ന് പണം കൈമാറുന്ന ഇരകള്‍ക്ക് പരിരക്ഷ നല്കുന്ന ഇന്‍ഷുറന്‍സ് പദ്ധതിയെ കുറിച്ച് കമ്പനികളും ഇന്‍ഷൂറന്‍സ് റെഗുലേറ്ററി അതോറിറ്റിയും ചര്‍ച്ച തുടങ്ങിയെന്ന് പ്രുഡന്റ് ഇന്‍ഷുറന്‍സ് ബ്രോക്കേഴ്സിന്റെ പ്രസിഡന്റ് തനുജ് ഗുലാനി പറഞ്ഞു. സാമ്പത്തിക തട്ടിപ്പ് തടയുന്ന ഇന്‍ഷൂറന്‍സ് പോളിസികള്‍ രാജ്യത്ത് നിലവിലില്ല. എല്ലാ ഇന്‍ഷുറന്‍സ് പോളിസികളും സാമ്പത്തിക തട്ടിപ്പ് നടന്നശേഷം മാത്രമേ പണം നല്‍കുകയുള്ളൂ.
മാത്രമല്ല, ഡിജിറ്റല്‍ അറസ്റ്റ് പോലുള്ള ഭീഷണികള്‍ കാരണം നടത്തുന്ന ഇടപാടുകള്‍ പല സൈബര്‍ ഇന്‍ഷൂറന്‍സ് പോളിസികളുടെയും കവറേജില്‍ ഉള്‍പ്പെടില്ല. പോളിസി ഉടമ മനഃപൂര്‍വ്വമോ, അശ്രദ്ധമായോ നടത്തിയ പ്രവൃത്തികള്‍ സാധാരണയായി ഇന്‍ഷൂറന്‍സ് കവറേജിന് യോഗ്യമല്ലെന്നതാണ് അതിന്റെ കാരണം. എന്നാല്‍, ഡിജിറ്റല്‍ അറസ്റ്റിലൂടെ ഉപഭോക്താക്കള്‍ സാമ്പത്തിക തട്ടിപ്പിന് ഇരയാകുന്ന സംഭവങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ഇതില്‍നിന്നെല്ലാം വ്യത്യസ്തമായ ഇന്‍ഷൂറന്‍സ് പോളിസി പുറത്തിറക്കാന്‍ അധികൃതര്‍ ആലോചിക്കുകയായിരുന്നു.
kerala
തെലങ്കാന തദ്ദേശ തിരഞ്ഞെടുപ്പ്; കോണ്‍ഗ്രസിന് ഉജ്ജ്വല വിജയം
മൂന്നില്‍ രണ്ട് ഭൂരിപക്ഷവും നേടിയാണ് മുഖ്യമന്ത്രി എ. രേവന്ത് റെഡ്ഡിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് ആധിപത്യം ഉറപ്പിച്ചത്.
നിര്‍ണായകമായ തെലങ്കാന തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ ഭരണകക്ഷിയായ കോണ്‍ഗ്രസിന് ഉജ്ജ്വല വിജയം. സംസ്ഥാനത്തെ 116 മുനിസിപ്പാലിറ്റികളിലും ഏഴു മുന്‍സിപ്പല്‍ കോര്‍പറേഷനുകളിലുമായി നടന്ന തിരഞ്ഞെടുപ്പില്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷവും നേടിയാണ് മുഖ്യമന്ത്രി എ. രേവന്ത് റെഡ്ഡിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് ആധിപത്യം ഉറപ്പിച്ചത്.
ഇലക്ട്രോണിക് വോട്ടിങ് മെഷീനുകള്‍ക്ക് (ഇവിഎം) പകരം ബാലറ്റ് പേപ്പറുകള്‍ ഉപയോഗിച്ച് നടന്ന നിര്‍ണായകമായ തിരഞ്ഞെടുപ്പ് ആയിരുന്നു.
ആകെ തിരഞ്ഞെടുപ്പ് നടന്ന 2,996 വാര്‍ഡുകളില്‍ 1,537-ഓളം സീറ്റുകള്‍ കോണ്‍ഗ്രസ് ഒറ്റയ്ക്ക് നേടി. സംസ്ഥാനത്തെ 116 മുനിസിപ്പാലിറ്റികളില്‍ 83 എണ്ണത്തിലും കോണ്‍ഗ്രസ് വ്യക്തമായ ഭൂരിപക്ഷം കരസ്ഥമാക്കി. കൂടാതെ, വോട്ടെടുപ്പ് നടന്ന ഏഴു മുനിസിപ്പല്‍ കോര്‍പറേഷനുകളില്‍ അഞ്ചിലും കോണ്‍ഗ്രസ് ഭരണമുറപ്പിച്ചു. മഞ്ചേരിയല്‍, രാമഗുണ്ടം, നല്‍ഗൊണ്ട കോര്‍പറേഷനുകളില്‍ കോണ്‍ഗ്രസ് തനിച്ച് ഭൂരിപക്ഷം നേടിയപ്പോള്‍, കോത്തഗുഡത്ത് സഖ്യകക്ഷിയായ സിപിഐയുടെ സഹായത്തോടെ അധികാരം പിടിക്കാനാണ് നീക്കം.
മുന്‍ മുഖ്യമന്ത്രി കെ. ചന്ദ്രശേഖര റാവുവിന്റെ ഭാരത് രാഷ്ട്ര സമിതിക്ക് (ബിആര്‍എസ്) നേരിടേണ്ടി വന്നത് ചരിത്രത്തിലെ ഏറ്റവും വലിയ തിരിച്ചടികളിലൊന്നാണ്. 2020-ലെ തിരഞ്ഞെടുപ്പില്‍ 1,600-ല്‍ പരം വാര്‍ഡുകള്‍ ഉണ്ടായിരുന്ന ബിആര്‍എസ് ഇത്തവണ 781 സീറ്റുകളിലേക്ക് ചുരുങ്ങി. വടക്കന്‍ തെലങ്കാനയിലെ തങ്ങളുടെ കോട്ടകള്‍ പലതും കോണ്‍ഗ്രസിന് മുന്നില്‍ അടിയറവ് വെക്കേണ്ടി വന്നു.
ദേശീയ തലത്തില്‍ ഇവിഎമ്മുകളെ ചൊല്ലിയുള്ള വിവാദം പുകയുന്നതിനിടെ, ബാലറ്റ് പേപ്പറില്‍ നടന്ന തിരഞ്ഞെടുപ്പ് ഫലം പ്രതിപക്ഷ സഖ്യത്തിന് വലിയ ആവേശം നല്‍കുന്നതാണ്. വോട്ടുകള്‍ കൃത്യമായി എണ്ണപ്പെടുന്നുവെന്നും അട്ടിമറികള്‍ക്ക് സാധ്യതയില്ലെന്നും ബാലറ്റ് പേപ്പര്‍ തെളിയിച്ചതായി കോണ്‍ഗ്രസ് നേതാക്കള്‍ അവകാശപ്പെട്ടു. ഇവിഎമ്മിനെതിരെ പ്രതിപക്ഷം ഉയര്‍ത്തുന്ന ആരോപണങ്ങള്‍ ശരിവെക്കുന്ന ഫലമാണ് തെലങ്കാനയിലേതെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ ചൂണ്ടക്കാട്ടുന്നത്. മുഖ്യമന്ത്രി രേവന്ത് റെഡ്ഡി ഡല്‍ഹിയിലെത്തി പ്രിയങ്ക ഗാന്ധിയുള്‍പ്പെടെയുള്ള കേന്ദ്ര നേതാക്കളെ കണ്ട് ഉജ്ജ്വല വിജയത്തിന്റെ സന്തോഷം പങ്കിട്ടു.
-
News21 hours agoഐഎസ്എല്‍ പോരാട്ടങ്ങള്‍ക്ക് ഇന്ന് തുടക്കം
-
News21 hours agoകടുത്ത ചൂട്: സംസ്ഥാനത്ത് തൊഴിലാളികളുടെ ജോലിസമയം പുനഃക്രമീകരിച്ചു
-
kerala3 days agoഎന്തിനാണ് പച്ചക്കള്ളങ്ങള്‍ പറയുന്നത്? സംസാരിക്കുന്നില്ലെന്നാണ് ഷാഫി പറഞ്ഞത്, സംഭവിച്ചത് കുടുംബത്തില്‍ ഉണ്ടാകുന്ന പോലെയുള്ള കാര്യങ്ങള്‍: വി.ഡി സതീശന്
-
kerala3 days agoസിപിഎമ്മിനകത്ത് ഒരുപാട് നയവ്യതിയാനം സംഭവിക്കുന്നുണ്ട്: എ. സുരേഷ്
-
News20 hours ago16കാരി പാറമടയില്‍ ചാടി ആത്മഹത്യ ചെയ്ത സംഭവം;’ബ്ലാക്ക് വെനം’ അക്കൗണ്ട് അന്വേഷണം കേന്ദ്രീകരിച്ച് പൊലീസ്
-
india3 days agoസി.ജെ റോയിയുടെ മരണം: ഐടി ഉദ്യോഗസ്ഥര്‍ക്കെതിരെ തെളിവില്ലെന്ന് എസ്ഐടി
-
More3 days agoയുഎസില്‍ വാഹനാപകടം: മരിച്ച ഇന്ത്യന്‍ വിദ്യാര്‍ഥിനിയുടെ കുടുംബത്തിന് 262 കോടി രൂപ നഷ്ടപരിഹാരം
-
india3 days ago‘മോദി ജി ഇനി എങ്കിലും കേള്‍ക്കുമോ?’: ദേശീയ പണിമുടക്കിന് പൂര്‍ണ്ണ പിന്തുണയുമായി രാഹുല്‍ ഗാന്ധി
