Connect with us

News

അതിശൈത്യം പിടിമുറുക്കി; മൂന്നാറില്‍ താപനില പൂജ്യത്തില്‍, പുല്‍മേടുകള്‍ മഞ്ഞുപാളികളില്‍

അവധിക്കാലം ആരംഭിച്ചതോടെ മഞ്ഞ് വീണ മൂന്നാറിന്റെ സൗന്ദര്യം ആസ്വദിക്കാന്‍ സഞ്ചാരികളുടെ തിരക്കേറിയെത്തുകയാണ്.

Published

on

ഇടുക്കി: മഞ്ഞില്‍ മൂടപ്പെട്ട മൂന്നാറില്‍ അതിശൈത്യം തുടരുന്നു. ഏറ്റവും കുറഞ്ഞ താപനില പൂജ്യം ഡിഗ്രി സെല്‍ഷ്യസില്‍ എത്തി, പ്രദേശം കടുത്ത തണുപ്പില്‍ വിറങ്ങലിക്കുകയാണ്. മൂന്ന് ദിവസങ്ങള്‍ക്ക് മുന്‍പ് മൂന്നാറിലെ താപനില മൈനസ് ഒരു ഡിഗ്രി സെല്‍ഷ്യസിലേക്കും താഴ്ന്നിരുന്നു. തുടര്‍ന്ന് വീണ്ടും പൂജ്യം ഡിഗ്രിയിലേക്ക് ഉയര്‍ന്നെങ്കിലും അതിശൈത്യത്തിന്റെ തീവ്രത കുറയാത്ത നിലയിലാണ്.

ഈ മാസം പകുതി മുതല്‍ മൂന്നാറില്‍ ശക്തമായ തണുപ്പാണ് അനുഭവപ്പെടുന്നത്. രാത്രികളിലെ കടുത്ത തണുപ്പിനൊപ്പം പകല്‍ സമയത്തും കനത്ത ശൈത്യം നിലനിന്നിരുന്നു. പുല്‍മേടുകളെല്ലാം മഞ്ഞുപാളികള്‍ കൊണ്ട് മൂടപ്പെട്ടിരിക്കുകയാണ്. അവധിക്കാലം ആരംഭിച്ചതോടെ മഞ്ഞ് വീണ മൂന്നാറിന്റെ സൗന്ദര്യം ആസ്വദിക്കാന്‍ സഞ്ചാരികളുടെ തിരക്കേറിയെത്തുകയാണ്.

പുതുവര്‍ഷം കൂടി സമീപിക്കുന്ന സാഹചര്യത്തില്‍ വരും ദിവസങ്ങളില്‍ വിനോദസഞ്ചാരികളുടെ എണ്ണം ഇനിയും ഉയരുമെന്നാണ് കണക്കുകൂട്ടല്‍. വരും ദിവസങ്ങളില്‍ താപനില കൂടുതല്‍ താഴാന്‍ സാധ്യതയുണ്ടെന്നും അധികൃതര്‍ അറിയിച്ചു. കഴിഞ്ഞ സീസണില്‍ രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ താപനില മൈനസ് മൂന്ന് ഡിഗ്രി സെല്‍ഷ്യസായിരുന്നുവെന്നും കാലാവസ്ഥാ നിരീക്ഷകര്‍ വ്യക്തമാക്കി.

 

kerala

റേഷന്‍ കട ലൈസന്‍സിയായി തുടരുന്നതിനുള്ള പ്രായപരിധി ഉയര്‍ത്തി

റേഷന്‍ വ്യാപാരികളുടെ സംഘടനകളും മറ്റും നിരന്തരം ഈ ആവശ്യം മുന്നോട്ട് വച്ചതിനാലാണ് പ്രായപരിധി ഉയര്‍ത്തിയത്.

Published

on

തിരുവനന്തപുരം: റേഷന്‍ കട ലൈസന്‍സിയായി തുടരുന്നതിനുള്ള പ്രായപരിധി 70 വയസില്‍ നിന്ന് 75 വയസാക്കി ഉയര്‍ത്തി. റേഷന്‍ വ്യാപാരികളുടെ സംഘടനകളും മറ്റും നിരന്തരം ഈ ആവശ്യം മുന്നോട്ട് വച്ചതിനാലാണ് പ്രായപരിധി ഉയര്‍ത്തിയത്. ലൈസന്‍സ് സെയില്‍സ് മാനോ സെയില്‍സ് വുമണിനോ കൈമാറ്റം ചെയ്യുമ്പോള്‍ വേണ്ട പ്രവര്‍ത്തി പരിചയത്തിലും ഇളവുവരുത്തി. 10 കൊല്ലമായിരുന്ന പ്രവര്‍ത്തി പരിചയ കാലയളവ് ആറ് വര്‍ഷമായി കുറച്ചു. സംസ്ഥാനത്തെ റേഷന്‍ വ്യാപാരികളുടെ ദീര്‍ഘകാലമായുള്ള ആവശ്യത്തിനാണ് സര്‍ക്കാര്‍ പരിഹാരമുണ്ടാക്കിയിരിക്കുന്നത്.

 

Continue Reading

News

വിവാഹവാഗ്ദാനം നല്‍കി സ്വകാര്യ ചിത്രങ്ങള്‍ കൈക്കലാക്കി; യുവതിയുടെ നഗ്നഫോട്ടോ പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍

മൊബൈല്‍ ഫോണുകള്‍ കടകളിലും മറ്റും നന്നാക്കാന്‍ ഏല്‍പിക്കുമ്പോള്‍ പൊതുജനം പ്രത്യേക ജാഗ്രത പുലര്‍ത്തണമെന്ന് പൊലീസ് മുന്നറിയിപ്പ് നല്‍കി

Published

on

മാനന്തവാടി: ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട യുവതിയോട് പ്രണയം നടിച്ച് വിവാഹവാഗ്ദാനം നല്‍കി നഗ്ന ചിത്രങ്ങള്‍ കൈവശപ്പെടുത്തി പിന്നീട് അവ പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍. മലപ്പുറം എടപ്പാള്‍ വട്ടംകുളം പുതൃകാവില്‍ വീട്ടില്‍ പി. സഹദ് (19) എന്നയാളെയാണ് മാനന്തവാടി പൊലീസ് പിടികൂടിയത്. ഇന്‍സ്റ്റഗ്രാം വഴിയാണ് പ്രതി യുവതിയെ പരിചയപ്പെട്ടത്.

വിവാഹവാഗ്ദാനം നല്‍കി ലൈംഗിക ഉദ്ദേശ്യത്തോടുകൂടി യുവതിയുടെ സ്വകാര്യ ചിത്രങ്ങള്‍ ഇയാള്‍ കൈക്കലാക്കിയതായി പൊലീസ് പറഞ്ഞു. പിന്നീട് യുവതി ഇയാളെ ഇന്‍സ്റ്റഗ്രാമില്‍ അണ്‍ഫോളോ ചെയ്തതിലുള്ള വിരോധത്തില്‍, പരാതിക്കാരിയുടെ സുഹൃത്തിനാണ് നഗ്നചിത്രങ്ങള്‍ അയച്ചു നല്‍കിയത്. നാല് വ്യത്യസ്ത ഇന്‍സ്റ്റഗ്രാം ഐഡികള്‍ വഴിയാണ് പ്രതി യുവതിയെ ബന്ധപ്പെട്ടിരുന്നത്. ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകള്‍ നിര്‍മ്മിക്കാന്‍ ഉപയോഗിച്ച ഫോണ്‍ നമ്പര്‍ പൊലീസ് കണ്ടെത്തിയെങ്കിലും അത് പ്രതിയുടേതല്ലെന്ന് വ്യക്തമായി.

തുടര്‍ന്ന് നടത്തിയ വിശദവും പഴുതടച്ചതുമായ അന്വേഷണത്തിനൊടുവിലാണ് പ്രതിയെ തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്തത്. മൊബൈല്‍ ടെക്‌നീഷ്യന്‍ കോഴ്‌സ് പഠിച്ചിരുന്ന പ്രതി, നന്നാക്കാനായി ഏല്‍പിച്ച ഫോണിലുണ്ടായിരുന്ന സിം നമ്പര്‍ ഉടമയുടെ അറിവോ സമ്മതമോ ഇല്ലാതെ ഉപയോഗിച്ചാണ് വ്യാജ ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകള്‍ സൃഷ്ടിച്ചതെന്ന് അന്വേഷണത്തില്‍ കണ്ടെത്തി.

ഇന്‍സ്‌പെക്ടര്‍ എസ്.എച്ച്.ഒ പി. റഫീഖിന്റെ നേതൃത്വത്തില്‍ സബ് ഇന്‍സ്‌പെക്ടര്‍മാരായ ജിതിന്‍കുമാര്‍, കെ. സിന്‍ഷ, ജോയ്‌സ് ജോണ്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍ റോബിന്‍ ജോര്‍ജ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. മൊബൈല്‍ ഫോണുകള്‍ കടകളിലും മറ്റും നന്നാക്കാന്‍ ഏല്‍പിക്കുമ്പോള്‍ പൊതുജനം പ്രത്യേക ജാഗ്രത പുലര്‍ത്തണമെന്ന് പൊലീസ് മുന്നറിയിപ്പ് നല്‍കി.

Continue Reading

kerala

കുട്ടനാട്ടില്‍ പക്ഷിപ്പനി; ഏഴ് പഞ്ചായത്തുകളില്‍ 20,000ത്തിലധികം താറാവുകള്‍ ചത്തു

ഏഴ് പഞ്ചായത്തുകളിലായി ഇരുപതിനായിരത്തിലധികം താറാവുകള്‍ ചത്തത് പക്ഷിപ്പനി മൂലമാണെന്ന് സ്ഥിരീകരിച്ചതായി കേന്ദ്ര മൃഗസംരക്ഷണ മന്ത്രാലയം അറിയിച്ചു.

Published

on

ആലപ്പുഴ: കുട്ടനാട്ടില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചു. ഏഴ് പഞ്ചായത്തുകളിലായി ഇരുപതിനായിരത്തിലധികം താറാവുകള്‍ ചത്തത് പക്ഷിപ്പനി മൂലമാണെന്ന് സ്ഥിരീകരിച്ചതായി കേന്ദ്ര മൃഗസംരക്ഷണ മന്ത്രാലയം അറിയിച്ചു. നെടുമുടി, ചെറുതന, കരുവാറ്റ, കാര്‍ത്തികപ്പള്ളി, അമ്പലപ്പുഴ തെക്ക്, പുന്നപ്ര തെക്ക്, തകഴി തുടങ്ങിയ പ്രദേശങ്ങളിലാണ് താറാവുകളുടെ കൂട്ടമരണം ഉണ്ടായത്.

പക്ഷിപ്പനിയുടെ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചായിരുന്നു പ്രദേശത്തെ താറാവുകള്‍ ചത്തത്. സംശയം ഉയര്‍ന്നതിനെ തുടര്‍ന്ന് തിരുവല്ലയിലെ ലാബില്‍ നടത്തിയ പരിശോധനയില്‍ ഫലം പോസിറ്റീവായി. തുടര്‍ന്ന് സാമ്പിളുകള്‍ ഭോപ്പാലിലേക്ക് അയച്ചു. അവിടെയുള്ള ഹൈ സെക്യൂരിറ്റി അനിമല്‍ ഡിസീസ് ലബോറട്ടറിയില്‍ നടത്തിയ അന്തിമ പരിശോധനയിലും പക്ഷിപ്പനി സ്ഥിരീകരിച്ചതോടെയാണ് കേന്ദ്ര മൃഗസംരക്ഷണ മന്ത്രാലയം ഔദ്യോഗികമായി വിവരം സംസ്ഥാന സര്‍ക്കാരിനെ അറിയിച്ചത്.

Continue Reading

Trending