Health
വയോധികരുടെ വ്രതാനുഷ്ഠാനം: ആരോഗ്യകരമായ മുന്‍കരുതലുകള്‍
നോമ്പ് കാലത്ത് നിശ്ചിത ഇടവേളകളില്‍ ഷുഗര്‍ നില പരിശോധിക്കണം.
Dr. Nadeemu Rahman Senior Specialist -General Medicine Aster MIMS Kozhikode
റമസാന്‍ മാസത്തിലെ വ്രതാനുഷ്ഠാനത്തിനും ആരാധനാ കര്‍മ്മങ്ങള്‍ക്കും യുവാക്കളേക്കാള്‍ ആവേശത്തോടെ മുന്നോട്ടുവരുന്നവരാണ് നമ്മുടെ വീട്ടിലെ മുതിര്‍ന്നവര്‍. നോമ്പ് എടുക്കാന്‍ ശാരീരികമായി ബുദ്ധിമുട്ടുണ്ടെങ്കില്‍ പോലും അവരുടെ ആത്മവിശ്വാസം പലപ്പോഴും അത്ഭുതപ്പെടുത്തുന്നതാണ്. എന്നാല്‍ പ്രായമായവര്‍ നോമ്പ് തുടങ്ങുന്നതിന് മുന്‍പ് തങ്ങളുടെ ആരോഗ്യസ്ഥിതിയെക്കുറിച്ച് വ്യക്തമായ ധാരണയുണ്ടാക്കിയെടുക്കേണ്ടത് അത്യാവശ്യമാണ്. പ്രത്യേകിച്ച്, നിത്യജീവിതത്തിലെ കാര്യങ്ങള്‍ക്ക് മറ്റുള്ളവരെ ആശ്രയിക്കുന്നവര്‍, മറവിരോഗം ബാധിച്ചവര്‍, കിടപ്പിലായവര്‍ എന്നിവര്‍ നോമ്പെടുക്കുന്നത് ആരോഗ്യത്തെ ദോഷകരമായി ബാധിക്കാന്‍ സാധ്യതയുണ്ട്.
വാര്‍ദ്ധക്യസഹജമായ അസുഖങ്ങള്‍ ഒന്നിലധികം ഉള്ളവരില്‍ മരുന്നുകളുടെ എണ്ണവും കൂടുതലായിരിക്കും. ഇത്തരം സാഹചര്യങ്ങളില്‍ മരുന്നുകള്‍ കഴിക്കുന്ന സമയം ക്രമപ്പെടുത്തേണ്ടത് നിര്‍ബന്ധമാണ്. പ്രമേഹരോഗികള്‍ സാധാരണയായി പകല്‍ സമയത്താണ് ഉയര്‍ന്ന ഡോസ് മരുന്നുകള്‍ കഴിക്കാറുള്ളത്. എന്നാല്‍ നോമ്പ് സമയത്ത് പകല്‍ ഭക്ഷണം ഒഴിവാക്കുന്നതിനാല്‍ മരുന്നിന്റെ അളവിലും സമയത്തിലും മാറ്റം വരുത്തേണ്ടി വരും. അതുപോലെ തന്നെ ഹൃദയസംബന്ധമായ അസുഖങ്ങള്‍ക്കോ ബി.പിക്കോ മരുന്ന് കഴിക്കുന്നവര്‍ക്ക് ശരീരത്തില്‍ നിര്‍ജലീകരണം സംഭവിക്കാന്‍ സാധ്യതയുള്ളതിനാല്‍ ഡോക്ടറെ കണ്ട് കൃത്യമായ പ്ലാനിംഗ് നടത്തണം. ബി.പി ഉള്ളവര്‍ നോമ്പ് സമയത്ത് കൃത്യമായ ഇടവേളകളില്‍ അത് പരിശോധിക്കാനും അമിത ക്ഷീണം തോന്നുന്നുണ്ടെങ്കില്‍ ശ്രദ്ധിക്കാനും മറക്കരുത്. പ്രമേഹരോഗികളായ വയോധികര്‍ നേരിടുന്ന പ്രധാന വെല്ലുവിളിയാണ് രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് കുറഞ്ഞുപോകുന്നത് (Hypoglycemia), യുവതലമുറയില്‍ നിന്ന് വ്യത്യസ്തമായി, പ്രായമായവരില്‍ ഷുഗര്‍ കുറയുന്നതിന്റെ ലക്ഷണങ്ങള്‍ പുറമെ പ്രകടമാകാറില്ല. പലപ്പോഴും ഒരു പരിധി വിടുമ്പോള്‍ അവര്‍ നേരിട്ട് അബോധാവസ്ഥയിലേക്ക് പോകാനാണ് സാധ്യത. അതിനാല്‍ നോമ്പ് കാലത്ത് നിശ്ചിത ഇടവേളകളില്‍ ഷുഗര്‍ നില പരിശോധിക്കണം. രക്തത്തിലെ പഞ്ചസാരയുടെ അളവ് 70-ല്‍ താഴെയോ 400-ന് മുകളിലോ ആണെങ്കില്‍ നോമ്പ് മുറിക്കുന്നതാണ് ആരോഗ്യത്തിന് ഉത്തമം. വാര്‍ദ്ധക്യത്തില്‍ ഷുഗര്‍ പെട്ടെന്ന് കുറയുന്നത് വലിയ അപകടസാധ്യതയുള്ളതിനാല്‍ ഷുഗര്‍ നില അല്പം ഉയര്‍ന്ന നിലയില്‍ നിലനിര്‍ത്തുന്നതാണ് സുരക്ഷിതം.
നിര്‍ജലീകരണമാണ് മറ്റൊരു പ്രധാന വില്ലന്‍. ദാഹം അനുഭവപ്പെടാനുള്ള ശാരീരികമായ ശേഷി പ്രായമായവരില്‍ കുറവായതിനാല്‍ അവര്‍ക്ക് വെള്ളം കുടിക്കാന്‍ തോന്നണമെന്നില്ല. ഇത് മറികടക്കാന്‍ അത്താഴ സമയത്തും നോമ്പ് തുറന്ന ശേഷവും ദാഹം തോന്നിയില്ലെങ്കിലും നന്നായി വെള്ളം കുടിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണം. ഭക്ഷണത്തിന്റെ കാര്യത്തില്‍ അത്താഴത്തിന് കൂടുതല്‍ ഊര്‍ജ്ജം നല്കുന്ന കാര്‍ബോഹൈഡ്രേറ്റും പ്രോട്ടിനും അടങ്ങിയ വിഭവങ്ങള്‍ ഉള്‍പ്പെടുത്താം. ഗ്യാസ്, അള്‍സര്‍, തൈറോയ്ഡ് തുടങ്ങിയവയുടെ മരുന്നുകള്‍ അത്താഴത്തിന് മുന്‍പ് കഴിക്കുന്നതാണ് ഉചിതം. നോമ്പ് തുറക്കുന്ന സമയത്ത് എണ്ണയില്‍ വറുത്തതും മധുരം അധികമുള്ളതുമായ ഭക്ഷണങ്ങള്‍ ഒഴിവാക്കി പഴങ്ങളും പച്ചക്കറികളും ഉള്‍പ്പെടുത്തിയ സമീകൃതാഹാരം ശീലിക്കണം.
ആരോഗ്യസംരക്ഷണത്തിനായി ചെറിയ തോതിലുള്ള വ്യായാമങ്ങളും കൃത്യമായ ഉറക്കവും വയോധികര്‍ക്ക് അത്യാവശ്യമാണ്. വൈകുന്നേരങ്ങളിലെ ലഘുവായ നടത്തം ദഹനം മെച്ചപ്പെടുത്താനും പേശികളുടെ ബലം നിലനിര്‍ത്താനും സഹായിക്കും. ഉറക്കത്തിന്റെ സമയക്രമം തെറ്റുന്നത് ഭാവിയില്‍ വ ലിയ ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമായേക്കാം. കൃത്യമായ പ്ലാനിംഗും മെഡിക്കല്‍ ചെക്കപ്പും ഉണ്ടെങ്കില്‍ പ്രായമായവര്‍ക്ക് സുരക്ഷിതമായി നോമ്പ് അനുഷ്ഠിക്കാവുന്നതാണ്. എങ്കിലും, ഇസ്ലാം മത വിശ്വാസപ്രകാരം ആരോഗ്യവാനായ ഒരാള്‍ക്ക് മാത്രമാണ് വ്രതം നിര്‍ബന്ധമെന്നും രോഗികള്‍ക്കും അവശര്‍ക്കും മതം ഇളവുകള്‍ നല്‍കിയിട്ടുണ്ടെന്നുമുള്ള കാര്യം നാം ഓര്‍ക്കണം.
Health
കീമോതെറാപ്പി സ്വീകരിക്കുന്ന രോഗികളും റംസാനിലെ നോമ്പും
കീമോതെറാപ്പി സ്വീകരിക്കുന്ന സമയത്ത് നോമ്പ് അനുഷ്ഠിക്കാന്‍ കഴിയുമോ? എന്തെല്ലാം ശ്രദ്ധിക്കണമെന്ന് നമുക്ക് നോക്കാം.
Dr. Arun Chandrasekharan
Consultant -Medical Oncology Aster MIMS Kozhikode
വിശ്വാസികള്‍ക്ക് വളരെ പ്രിയപ്പെട്ട മാസമാണല്ലോ റംസാന് മാസം. ആത്മീയമായ നിര്‍വ്യതിയും, ആത്മസംയമനത്തിന്റെയും പ്രാര്‍ത്ഥനയുടെയും കാലം കൂടിയായ ഈ മാസത്തില്‍ കാന്‍സര്‍ ചികിത്സയിലായ പല രോഗികള്‍ക്കും നോമ്പ് അനുഷ്ഠിക്കണമെന്ന ആഗ്രഹം മറ്റുള്ളവരെപ്പോലെ തന്നെ ഉണ്ടാവും. എന്നാല്‍ കീമോതെറാപ്പി സ്വീകരിക്കുന്ന സമയത്ത് നോമ്പ് അനുഷ്ഠിക്കാന്‍ കഴിയുമോ? എന്തെല്ലാം ശ്രദ്ധിക്കണമെന്ന് നമുക്ക് നോക്കാം.
കീമോതെറാപ്പി ചെയ്യുന്ന സമയങ്ങളില്‍ കാന്‍സര്‍ കോശങ്ങളെ നശിപ്പിക്കുന്നതിനോടൊപ്പം തന്നെ ശരീരത്തിലെ ചില ആരോഗ്യകരമായ കോശങ്ങളെയും ബാധിക്കാം. അതുകൊണ്ടാണ് ഈ സമയങ്ങളില്‍ രോഗിക്ക് ഛര്‍ദ്ദി, വേദന, ക്ഷീണം, ഭക്ഷണവിമുഖത, വായില്‍ വ്രണങ്ങള്‍, രക്തത്തിലെ അളവുകള്‍ കുറയല്‍, അണുബാധകള്‍ എന്നിവ പോലുള്ള പാര്‍ശ്വഫലങ്ങള്‍ ഉണ്ടാകുന്നത്. ഈ സമയത്ത് ശരീരത്തിന് മതിയായ ഭക്ഷണവും വെള്ളവും വിശ്രമവും അത്യാവശ്യമാണ്.
ദീര്‍ഘസമയം ഭക്ഷണവും വെള്ളവും ഒഴിവാക്കി നോമ്പ് അനുഷ്ഠിച്ചാല്‍ ചിലരില്‍ ഈ പ്രശ്നങ്ങള്‍ വര്‍ധിപ്പിക്കാം. വെള്ളം കുടിക്കാത്തത് മൂലം നിര് ജലീകരണം, തലകറക്കം, വൃക്ക സംബന്ധമായ പ്രശ്നങ്ങള്‍ എന്നിവയും ഉണ്ടാകാം. ഭക്ഷണം ഒഴിവാക്കുന്നത് രക്തത്തിലെ പഞ്ചസാര കുറയാനും ഭാരം കുറയാനും കീമോതെറാപ്പി സഹിക്കാന്‍ ആരോഗ്യകരമായി ബുദ്ധിമുട്ടുണ്ടാകാനും ഇടയാക്കും. ചില മരുന്നുകള്‍ ഭക്ഷണത്തോടൊപ്പം അല്ലെങ്കില്‍ നിര്‍ദ്ദിഷ്ട സമയങ്ങളില്‍ കഴിക്കേണ്ടതുമുണ്ട്. ആയതിനാല്‍ ഇത്തരം സമയങ്ങളില്‍ നോമ്പ് അനുഷ്ഠിക്കാതിരിക്കലാണ് രോഗിക്ക് നല്ലത്.
പൊതുവെ കീമോതെറാപ്പി സ്വീകരിക്കുന്ന രോഗികള്‍ നോമ്പ് അനുഷ്ഠിക്കാന്‍ തയ്യാറായാലും സാധാരണയായി ഡോക്ടര്‍മാര്‍ അതിനു സമ്മതം നല്‍കാറില്ല. ചികിത്സ സുരക്ഷിതമായി പൂര്‍ത്തിയാക്കുകയും ആരോഗ്യത്തെ സംരക്ഷിക്കുകയും ചെയ്യുന്നതിലാണ് ഈ സമയത്ത് പ്രധാന്യം നല്‍കേണ്ടത്. ഇസ്ലാം മതവിശ്വാസപ്രകാരം പൂര്‍ണ്ണ ആരോഗ്യമുള്ളവര്‍ക്ക് മാത്രമേ നോമ്പ് അനുഷ്ഠിക്കാന്‍ പാടുള്ളൂ എന്നതും നാം ഓര്‍ക്കേണ്ടതാണ്. രോഗികള്‍ക്ക് നോമ്പില്‍ നിന്ന് ഇളവ് അനുവദിച്ചിട്ടുണ്ടെന്ന് മതം തന്നെ വ്യക്തമാക്കിയതാണ്. ആയതിനാല്‍ ആരോഗ്യ സംരക്ഷണത്തിന് ഇസ്ലാം നല്കുന്ന പ്രാധാന്യം വളരെ വലുതാണെന്ന കാര്യം നാം ഓര്‍ക്കാതിരിക്കരുത്. നഷ്ടപ്പെട്ട നോമ്പുകള്‍ പിന്നീട് നികത്തുകയോ, ദാന ധര്‍മ്മങ്ങള്‍ പോലുള്ള മറ്റ് മാര്‍ഗങ്ങളിലൂടെ പകരം ചെയ്യുക
യോ ചെയ്യാം.
ഓര്‍ക്കുക എല്ലാ രോഗികളും ഒരുപോലെയല്ല. ചിലര്‍ക്ക് ചികിത്സക്കിടയിലെ ഇടവേളകളില്‍ പ്രയാസം നേരിടാം.മറ്റു ചിലര്‍ക്ക് ഒന്നും തന്നെ ഉണ്ടാവില്ല. നിങ്ങളുടെ ആരോഗ്യത്തെ കുറിച്ചും നോമ്പിനെക്കുറിച്ചുമുള്ള സംശയങ്ങള്‍ ചികിത്സിക്കുന്ന ഡോക്ടറുമായി സംസാരിച്ച് അവരുടെ നിര്‍ദ്ദേശപ്രകാരം മാത്രമേ മുന്നോട്ട് പോകാവൂ. നോമ്പ് അനുഷ്ഠിക്കാന്‍ കഴിയാത്തവര്‍ക്ക് പ്രാര്‍ത്ഥന, ഖുര്‍ ആന്‍ പാരായണം, സകാത്ത്, സദഖ എന്നിവയിലൂടെ മദാന് ആരമീയമായി സമ്പന്നമാക്കാന്‍ സാധിക്കും. പ്രത്യേകം ഓര്‍ക്കുക സ്വന്തം ആരോഗ്യത്തെ സംരക്ഷിക്കുന്നത് വിശ്വാസിയുടെ ഉത്തരവാദിത്വവും ആരാധനയുമാണ്. ആരോഗ്യ സംരക്ഷണം ചികിത്സയുടെയും വിശ്വാസത്തിന്റെയും അടിസ്ഥാനമാണ്.
Health
റമദാന്: ആരോഗ്യകരമായ ഭക്ഷണശീലം
അത്താഴ സമയത്തും ഇഫ്താറിലും ശരിയായ ഭക്ഷണ ആസൂത്രണം പാലിക്കുന്നത് ക്ഷീണം, ദേഹദാഹം, ദഹന പ്രശ്നങ്ങള്‍ എന്നിവ ഒഴിവാക്കാന്‍ സഹായിക്കുന്നു.
Sherin Thomas
Head,Dept of Clinical Nutrition Aster mims Calicut
റമദാന് വിശ്വാസ സമൂഹത്തിന് പുണ്യങ്ങളുടെയും വ്യത്യസ്ഥ വിഭവങ്ങളുടെയും പൂക്കാലമാണെല്ലോ. ആത്മസംയമനത്തിന്റെയും ആത്മിയ വളര്‍ച്ചയും ലക്ഷ്യം വെക്കുന്നത് പോലെ തന്നെയാണ് ഇഫ്താറിലെയും മറ്റു സല്‍ക്കാരങ്ങളിലെയും വിഭവ വൈവിധ്യങ്ങളും. വിശപ്പിന്റെ ബുദ്ധിമുട്ട് വിശ്വാസ സമൂ ഹത്തിന് മനസ്സിലാക്കാന്‍ വേണ്ടി ദൈവം നിര്‍ബന്ധിതമാക്കിയ ഉപവാസം അവസാനിപ്പിക്കുന്ന സമയത്തും അതിന് ശേഷവും അനാരോഗ്യകരമായ ഭക്ഷണരീതികള്‍ യുവ സമൂഹത്തിനിടയില്‍ കടന്നു വരുന്നതായി നമുക്ക് കാണാം. എങ്ങനെ ആരോഗ്യകരമായി ഉപവാസം അനുഷ്ഠിക്കാമെന്ന് നമുക്ക് നോ
ക്കാം.
ഉദയം മുതല്‍ അസ്തമയം വരെ നീളുന്ന ഉപവാസത്തിനിടെ ശരിയായ പോഷണം ഉറപ്പാക്കുന്നത് ആരോഗ്യവും ഊര്‍ജവും നിലനിര്‍ത്താന്‍ അത്യാവശ്യമാണ്. അത്താഴ സമയത്തും ഇഫ്താറിലും ശരിയായ ഭക്ഷണ ആസൂത്രണം പാലിക്കുന്നത് ക്ഷീണം, ദേഹദാഹം, ദഹന പ്രശ്നങ്ങള്‍ എന്നിവ ഒഴിവാക്കാന്‍ സഹായിക്കുന്നു.
അത്താഴത്തിന്റെ പ്രാധാന്യം:
ദീര്‍ഘമായ ഉപവാസസമയത്ത് ശരീരത്തിന് ആവശ്യമായ ഊര്‍ജം നല്കുന്നതില് അത്താഴം കഴിക്കുന്നത് നിര്‍ണായക പങ്ക് വഹിക്കുന്നു. അത്താഴം ഒഴി വാക്കുകയോ പോഷകമില്ലാത്ത ഭക്ഷണം കഴിക്കുകയോ ചെയ്താല്‍ തലവേദന, ക്ഷീണം, ശ്രദ്ധക്കുറവ് തുടങ്ങിയ പ്രശ്നങ്ങള്‍ ഉണ്ടാകാം. കാര്‍ബോഹൈ ഡ്രേറ്റുകള്, പ്രോട്ടീന്‍, ആരോഗ്യകരമായ കൊഴുപ്പ്, മതിയായ ദ്രവങ്ങള്‍ എന്നിവ അടങ്ങിയ സമതുലിതമായ അത്താഴം ദീര്‍ഘനേരം ഊര്‍ജം നല്കുന്നു.
ശരിയായ കാര്‍ബോഹൈഡ്രേറ്റുകളുടെ തിരഞ്ഞെടുപ്പ്:
തവിട് നീക്കം ചെയ്യാത്ത ധാന്യങ്ങള്‍, ഓട്സ്, ബ്രൗണ്‍ റൈസ്, ചെറുധാന്യങ്ങള്‍(മില്ലറ്റ്), തവിട് നീക്കം ചെയ്യാത്ത ഗോതമ്പ് അഥവാ മൈദ ചേര്‍ക്കാത്ത ഗോതമ്പ് എന്നിവ പോലുള്ള കോംപ്ലക്സ് കാര്‍ബോഹൈഡ്രേറ്റുകള്‍ രക്തത്തിലെ പഞ്ചസാര നില നിയന്ത്രിച്ച് ദീര്‍ഘകാല ഊര്‍ജം നല്കുന്നു. ഇത് വി ശപ്പു വേഗത്തില്‍ തോന്നുന്നത് കുറയ്ക്കാനും സഹായിക്കുന്നു.
ശക്തിക്കും തൃപ്തിക്കും പ്രോട്ടീന്‍ അത്താഴത്തിലും ഇഫ്താറിലും ആവശ്യമായ അളവില്‍ പ്രോട്ടിന് ഉള്‍പ്പെടുത്തുന്നത് പേശികളുടെ ആരോഗ്യം സം രക്ഷിക്കുകയും ദീര്‍ഘനേരം വയറുനിറഞ്ഞതുപോലെ തോന്നാനും സഹായിക്കുന്നു. മുട്ട, മത്സ്യം, മാംസം, പയര്‍വര്‍ഗങ്ങള്‍, കടല, തൈര്, നട്ട്സ് തുടങ്ങി യവ മികച്ച പ്രോട്ടിന് ഉറവിടങ്ങളാണ്.
ആരോഗ്യകരമായ കൊഴുപ്പുകളുടെ പങ്ക്:
നട്ട്സ്, വിത്തുകള്‍, ഒലീവ് ഓയില്‍, അവക്കാഡോ തുടങ്ങിയ ആരോഗ്യകരമായ കൊഴുപ്പുകള്‍ ശരീരത്തിന് സ്ഥിരമായ ഊര്‍ജം നല്‍കുകയും വിറ്റാമിനു കളുടെ ആഗിരണം മെച്ചപ്പെടുത്തുകയും ചെയ്യുന്നു. ശരിയായ അളവില്‍ ഇവ ഉള്‍പ്പെടുത്തുന്നത് ഏറെ ഗുണകരമാണ്. ഇഫ്താറിനും സുഹൂറിനുമിടയില് മതിയായ വെള്ളം കുടിക്കുന്നത് അത്യാവശ്യമാണ്. സൂപ്പ്, തണ്ണിമത്തന്,ഓറഞ്ച് തുടങ്ങിയ ജലം അടങ്ങിയ പഴങ്ങള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുകയും കഫീന്‍ അധികമായി കഴിക്കുന്നത് ഒഴിവാക്കുകയും ചെയ്യണം.
ഉപവാസം അവസാനിപ്പിക്കുന്ന സമയത്ത് ഈന്തപ്പഴവും വെള്ളവും ഉപയോഗിക്കുന്നത് നല്ല ശീലമാണ്. ശരീരത്തിന് വളരെ പെട്ടെന്ന് ഊര്‍ജ്ജം ലഭിക്കാന്‍ ഇത് സഹായിക്കും. തുടര്‍ന്ന് ലഘുവായ സൂപ്പ് അല്ലെങ്കില്‍ പഴങ്ങള്‍ കഴിച്ച് ശേഷം സമതുലിതമായ ഭക്ഷണം സ്വീകരിക്കുന്നത് രക്തത്തിലെ പഞ്ചസാര നില സ്ഥിരപ്പെടുത്താനും ദഹനം മെച്ചപ്പെടുത്താനും സഹായിക്കുന്നു.
എണ്ണയുള്ളതും മധുരമുള്ളതുമായ ഭക്ഷണങ്ങള്‍ ഒഴിവാക്കണം
വറുത്ത പലഹാരങ്ങളും മധുരപലഹാരങ്ങളും അമിതമായി ഉപയോഗിക്കുന്നത് ദഹനക്കേടും ഭാരം കൂടുന്നതിനും പെട്ടെന്നുള്ള ഊര്‍ജക്കുറവും സൃഷ്ടി ക്കുന്നതിന് കാരണമായേക്കാം. പകരം ഗ്രില്‍ ചെയ്തതോ വേവിച്ചതോ ആയ ആരോഗ്യകരമായ വിഭവങ്ങള്‍ തിരഞ്ഞെടുക്കുന്നത് നല്ലതാണ്. കൂടാതെ പ്ര ഭാത ഭക്ഷണ സമയത്തും നോമ്പ് മുറിക്കുന്ന സമയങ്ങളിലും കൂടുതലായി പഴങ്ങളും പച്ചക്കറികളും സലാഡുകളും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തേണ്ടത് അനിവാര്യമാണ്.
ഫൈബര്‍, വിറ്റാമിനുകള്‍, ധാതുക്കള്‍ എന്നിവ സമൃദ്ധമായ പഴങ്ങളും പച്ചക്കറികളും ദഹനം സുഗമമാക്കുകയും പ്രതിരോധശേഷി വര്‍ധിപ്പിക്കുകയും ചെയ്യുന്നു. കൂടാതെ നാരുകള്‍ കൂടുതല്‍ ഉള്ള വിഭവങ്ങള്‍ ഉള്‍പ്പെടുത്തുന്നതിലൂടെ അമിത ശരീരഭാരത്തില്‍ നിന്നും പ്രമേഹത്തില്‍ നിന്നും സംരക്ഷണവും നല്കുന്നു.
ഭക്ഷണത്തിന്റെ അളവിലും വേണം ശ്രദ്ധ:
ഇഫ്താറില്‍ അമിതമായി ഭക്ഷണം കഴിക്കുന്നത് വയറുവേദനയും അലസതയും ഉണ്ടാക്കാം. പതുക്കെ ഭക്ഷണം കഴിക്കുകയും അളവുകള്‍ നിയന്ത്രിക്കുകയും ശരീരത്തിന്റെ ആവശ്യങ്ങള്‍ മനസ്സിലാക്കുകയും ചെയ്യുന്നത് നല്ല ആരോഗ്യത്തിനായി സഹായിക്കുന്നു.
ഉപസംഹാരം റമദാനില്‍ ആരോഗ്യവും ഊര്‍ജവും നിലനിര്‍ത്താന്‍ സുഹൂര്‍ ഇഫ്താര്‍ ഭക്ഷണ ആസൂത്രണം നിര്‍ണായകമാണ്. സമതുലിതമായ ഭക്ഷണക്രമവും മതിയായ വെള്ളവും വിവേകമുള്ള ഭക്ഷണശീലങ്ങളും പാലിച്ചാല്‍ ഉപവാസം ശരീരത്തിനും മനസ്സിനും ഗുണകരമായ അനുഭവമാകും. ആരോഗ്യകരമായ ഭക്ഷണ തിരഞ്ഞെടുപ്പുകള്‍ റമദാനെ കൂടുതല്‍ സജീവവും ആശ്വാസകരവുമാക്കുന്നു.
Health
സമരം കടുപ്പിച്ച് മെഡിക്കല്‍ കോളജ് ഡോക്ടര്‍മാര്‍; നാളെ മുതല്‍ അടിയന്തരമല്ലാത്ത ശസ്ത്രക്രിയകളും നിര്‍ത്തിവെക്കും
കൊച്ചി: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് സംസ്ഥാനത്തെ സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ഡോക്ടര്‍മാരുടെ സമരം മൂന്നാം ദിവസം കടന്നു. സമരം ശക്തമാക്കുന്നതിന്റെ ഭാഗമായി നാളെ മുതല്‍ അടിയന്തരമല്ലാത്ത ശസ്ത്രക്രിയകളും നിര്‍ത്തിവെക്കുമെന്ന് കേരള ഗവണ്മെന്റ് മെഡിക്കല്‍ കോളജ് ടീച്ചേഴ്സ് അസോസിയേഷന് (KGMCTA) അറിയിച്ചു.
സമരത്തിന്റെ ഭാഗമായി ഒപി വിഭാഗം ബഹിഷ്കരിച്ചും അധ്യാപന പ്രവര്‍ത്തനങ്ങളില്‍ നിന്ന് വിട്ടുനിന്നുമാണ് ഡോക്ടര്‍മാര്‍ പ്രതിഷേധിക്കുന്നത്. സംസ്ഥാനത്തെ സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളുടെ പ്രവര്‍ത്തനം കൂടുതല്‍ പ്രതിസന്ധിയിലേക്ക് നീങ്ങുകയാണ്.
നിലവില്‍ പിജി ഡോക്ടര്‍മാര്‍ മാത്രമാണ് ഒപി വിഭാഗത്തില്‍ സേവനം നല്‍കുന്നത്. സീനിയര്‍ ഡോക്ടര്‍മാര്‍ ഒപിയില്‍ നിന്ന് വിട്ടുനില്‍ക്കുന്നത് രോഗികളെയും ചികിത്സാ സംവിധാനങ്ങളെയും സാരമായി ബാധിച്ചിട്ടുണ്ട്.
വര്‍ഷങ്ങളായി മുടങ്ങിക്കിടക്കുന്ന ശമ്പള പരിഷ്കരണ കുടിശിക ഉടന്‍ നല്‍കുക, ആനുകൂല്യങ്ങള്‍ പുനഃസ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങളില്‍ സര്‍ക്കാര്‍ അടിയന്തര തീരുമാനമെടുക്കാത്ത സാഹചര്യത്തിലാണ് ഡോക്ടര്‍മാര്‍ പ്രത്യക്ഷ സമരത്തിലേക്ക് നീങ്ങിയത്. വരും ദിവസങ്ങളില്‍ സമരം കൂടുതല്‍ കടുപ്പിക്കാനാണ് സംഘടനയുടെ തീരുമാനം.
-
News1 day ago‘ഖാംനഈ വധത്തിലെ ഇന്ത്യയുടെ നിശബ്ദത നിഷ്പക്ഷതയല്ല’ – വിമര്‍ശിച്ച് സോണിയ ഗാന്ധി
-
News1 day agoഇറാനെ ആക്രമിക്കാന്‍ രാജ്യത്തെ വ്യോമതാവളങ്ങള്‍ ഉപയോഗിക്കാന്‍ അനുവദിക്കില്ല -സ്പെയിന്
-
News3 days agoപട്ടാപ്പകൽ വീട്ടമ്മയുടെ മുഖത്ത് മുളകുപൊടി എറിഞ്ഞ് കവർച്ച: നാലു പവൻ മാലയും ഏഴുലക്ഷം രൂപയും കവർന്നു
-
News1 day agoഇറാന്റെ തിരിച്ചടി; ഇസ്രാഈലില്‍ പരിക്കേറ്റവരുടെ എണ്ണം 500 കടന്നു
-
News3 days agoഗള്‍ഫ് നാടുകളിലെ സിബിഎസ്ഇ പരീക്ഷകള്‍ മാറ്റി
-
News3 days agoഒമാനിലെ ദുഖം തുറമുഖം ലക്ഷ്യമിട്ട് രണ്ട് ഡ്രോണുകള്‍; പ്രവാസിക്ക് പരിക്കേറ്റു
-
kerala1 day agoഎം.എല്‍.എ പറയുന്നു കഴിഞ്ഞ അഞ്ച് വര്‍ഷം; വികസനത്തിന് പച്ചക്കൊടി കാട്ടി വേങ്ങര മണ്ഡലം
-
News3 days agoനാദാപുരത്ത് തെരുവ് നായയുടെ ആക്രമണം; രണ്ട് പേർക്ക് കടിയേറ്റു

