News

ഗസ്സയുടെ ഭരണം ഫലസ്തീനികള്‍ക്ക്, വിദേശ ഭരണം അംഗീകരിക്കില്ല: കടുത്ത നിലപാടുമായി ഹമാസ്

By webdesk17

February 08, 2026

ഗസ്സയില്‍ നിരായുധീകരണം നടപ്പിലാക്കണമെന്ന ഇസ്രാഈലിന്റെയും അമേരിക്കയുടെയും ആവശ്യം ഹമാസ് തള്ളി. ഇന്ന് ദോഹയില്‍ നടന്ന കോണ്‍ഫറന്‍സില്‍ മുതിര്‍ന്ന ഹമാസ് നേതാവ് ഖാലിദ് മിഷാല്‍ ആണ് ഇക്കാര്യം വ്യക്തമാക്കിയത്. ഗസ്സയുടെ മേല്‍ വിദേശ ഭരണമോ ഇടപെടലോ അനുവദിക്കില്ലെന്നും അദ്ദേഹം ആവര്‍ത്തിച്ചു.

ഹമാസിന്റെ ആയുധങ്ങള്‍ പിടിച്ചെടുക്കാനുള്ള നീക്കം ‘പ്രതിരോധത്തെ ക്രിമിനല്‍ വല്‍ക്കരിക്കുന്നതിന്’ തുല്യമാണെന്ന് അദ്ദേഹം പറഞ്ഞു. അധിനിവേശം തുടരുന്നിടത്തോളം കാലം പ്രതിരോധവും തുടരുമെന്ന് മിഷാല്‍ വ്യക്തമാക്കി.

ഗസ്സയുടെ ഭരണം ഗസ്സയിലെ ജനങ്ങള്‍ക്കും ഫലസ്തീനികള്‍ക്കും ഉള്ളതാണെന്നും, വിദേശ ശക്തികളുടെ മേല്‍നോട്ടം അംഗീകരിക്കില്ലെന്നും ഹമാസ് വ്യക്തമാക്കി.

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് രൂപീകരിച്ച ‘ബോര്‍ഡ് ഓഫ് പീസ്’ ഗസ്സയുടെ പുനര്‍നിര്‍മ്മാണത്തില്‍ സന്തുലിതമായ നിലപാട് സ്വീകരിക്കണമെന്നും ഹമാസ് ആവശ്യപ്പെട്ടു.

അമേരിക്കയുടെ മധ്യസ്ഥതയില്‍ നടക്കുന്ന വെടിനിര്‍ത്തല്‍ ചര്‍ച്ചകളുടെ രണ്ടാം ഘട്ടത്തിലാണ് ഹമാസിനെ നിരായുധീകരിക്കുന്നത് സംബന്ധിച്ച വ്യവസ്ഥ നിലനില്‍ക്കുന്നത്. എന്നാല്‍ ഇത് തങ്ങളുടെ ‘റെഡ് ലൈന്‍’ ആണെന്നാണ് ഹമാസ് സൂചിപ്പിക്കുന്നത്.