അരനൂറ്റാണ്ടിനുശേഷം മനുഷ്യനെ വീണ്ടും ചന്ദ്രന്റെ ഭ്രമണപഥത്തിൽ എത്തിക്കാനുള്ള നാസയുടെ ആർട്ടെമിസ്–2 ദൗത്യം അടുത്ത മാസം ആറിന് വിക്ഷേപിക്കും. ദൗത്യത്തിന്റെ ഭാഗമായി സ്പേസ് ലോഞ്ച് സിസ്റ്റം (SLS) റോക്കറ്റും ബഹിരാകാശയാത്രികർ സഞ്ചരിക്കുന്ന ഓറിയോൺ പേടകവും ഫ്‌ളോറിഡയിലെ കെന്നഡി സ്പേസ് സെന്ററിലെ വിക്ഷേപണത്തറയിലേക്ക് മാറ്റും.
1972 ഡിസംബർ 19-നായിരുന്നു ചന്ദ്രനിലേക്കുള്ള അമേരിക്കയുടെ അവസാന അപ്പോളോ ദൗത്യം. അമ്പത്തിനാലു വർഷങ്ങൾക്ക് ശേഷമാണ് മനുഷ്യൻ പങ്കാളിയാകുന്ന ചന്ദ്രദൗത്യമായി ആർട്ടെമിസ്–2 എത്തുന്നത്. ഈ ദൗത്യത്തിൽ ബഹിരാകാശയാത്രികർ ചന്ദ്രനിൽ കാലുകുത്തില്ലെങ്കിലും, ചന്ദ്രനെ വലംവച്ച് സുരക്ഷിതമായി ഭൂമിയിലേക്ക് മടങ്ങും.
പത്ത് ദിവസത്തോളം നീളുന്ന ദൗത്യത്തിൽ നാല് ബഹിരാകാശയാത്രികർ ഏകദേശം 4700 മൈൽ ദൂരം സഞ്ചരിക്കും. റീഡ് വൈസ്മാൻ, വിക്ടർ ഗ്ലോവർ, ക്രിസ്റ്റീന കൊച്ച്, ജെർമി ഹാൻസൻ എന്നിവരാണ് ആർട്ടെമിസ്–2 ദൗത്യത്തിലെ യാത്രികർ. സ്പേസ് ലോഞ്ച് സിസ്റ്റം റോക്കറ്റിലാണ് ഓറിയോൺ പേടകം വിക്ഷേപിക്കുക.
ചന്ദ്രനെ വലംവച്ച ശേഷം നാല് ദിവസത്തെ യാത്രയ്ക്കൊടുവിലാണ് പേടകം ഭൂമിയിൽ തിരിച്ചെത്തുക. ദൗത്യത്തിന് മുന്നോടിയായി 2022 നവംബർ 16-ന് ആളില്ലാത്ത ആർട്ടെമിസ്–1 ദൗത്യം നാസ വിജയകരമായി പൂർത്തിയാക്കിയിരുന്നു.