സിനിമകള്‍ വിജയിക്കുമ്പോള്‍ ആളുകള്‍ നമ്മളെക്കുറിച്ച് നല്ലത് പറയും. എന്നാല്‍ സിനിമകള്‍ പരാജയപ്പെട്ടാല്‍ നമ്മള്‍ തൊട്ടതും പിടിച്ചതും എല്ലാം തെറ്റായിപ്പോയെന്ന് പറയുമെന്നും നടന്‍ ജയറാം. മകന്‍ കാളിദാസിനൊപ്പം അഭിനയിക്കുന്ന ആശകള്‍ ആയിരം എന്ന ചിത്രത്തിന്റെ പ്രമോഷണല്‍ അഭിമുഖത്തിലാണ് ജയറാം തന്റെ സിനിമാ ജീവിതത്തിലെ പരാജയഘട്ടങ്ങളെക്കുറിച്ച് തുറന്നുപറഞ്ഞത്. വിജയവും പരാജയവും സിനിമാ മേഖലയിലെ പ്രതികരണങ്ങളെ എങ്ങനെ മാറ്റുന്നുവെന്ന് ജയറാം അഭിമുഖത്തില്‍ വിശദീകരിച്ചു.
”ആദ്യ ചിത്രം സൂപ്പര്‍ഹിറ്റായിരുന്നു. പിന്നീട് മലയാളത്തിലെ പ്രഗത്ഭരായ സംവിധായകരായ കമല്‍, സത്യന്‍ അന്തിക്കാട് എന്നിവരുള്‍പ്പെടെ പലരും എന്നെ തന്നെ വീണ്ടും വീണ്ടും സിനിമകളില്‍ ഉള്‍പ്പെടുത്തി. അങ്ങനെയിരിക്കെ പെട്ടെന്നൊരു വീഴ്ച വന്നു. അതില്‍നിന്ന് ഒരുപാട് സ്ട്രഗിള്‍ ചെയ്ത് കരകയറാന്‍ ശ്രമിക്കുമ്പോള്‍ കൂടെയുള്ള പലരും കൈവിടുന്ന അവസ്ഥയുണ്ടായി,” ജയറാം പറഞ്ഞു.
സ്ട്രഗിള്‍ ചെയ്യുന്ന സമയത്ത് നമ്മള്‍ ചെയ്യുന്നതെല്ലാം തെറ്റായി ചിത്രീകരിക്കപ്പെടുമെന്ന അനുഭവവും അദ്ദേഹം പങ്കുവച്ചു. ”വിജയമുള്ള സമയത്ത് നമ്മള്‍ ചെയ്യുന്നതെല്ലാം നല്ലതായാണ് ആളുകള്‍ പറയുക. എന്നാല്‍ പരാജയം വന്നാല്‍ അഭിനയിച്ചത് തെറ്റ്, പാടിയത് തെറ്റ്, എടുത്ത തീരുമാനങ്ങള്‍ എല്ലാം തെറ്റ് എന്നാകും. ആ ഒരു നീണ്ട കാലഘട്ടം പലതും പഠിക്കാനുള്ള സമയമായിരുന്നു,” ജയറാം പറഞ്ഞു.