Connect with us

Health

വലിയ ശസ്ത്രക്രിയകൾ ഇല്ലാതെ കിഡ്നി ക്യാൻസർ ചികിത്സിക്കാം; എന്താണ് ‘മിനിമലി ഇൻവേസീവ്’ ചികിത്സ?

ക്യാൻസർ” എന്ന വാക്ക് കേൾക്കുമ്പോൾ മരണം ഉറപ്പിക്കുന്ന ഒരു കാലമുണ്ടായിരുന്നു നമുക്ക്. എന്നാൽ ഇന്ന് മെഡിക്കൽ രംഗം വളരെയധികം സാങ്കേതികമായും വിദഗ്ദ്ധ പരിചരണകൊണ്ടും മുന്നിലാണ്. പ്രത്യേകിച്ച് കിഡ്നി ക്യാൻസർ പോലെ തീവ്രതയേറിയ രോഗം പ്രാരംഭഘട്ടത്തിൽ കണ്ടെത്താനും പൂർണ്ണമായി ഭേദമാക്കാനും ഇന്ന് സാധ്യമാണ്.

Published

on

ഡോ. മുഹമ്മദ് സനൂബ് എം.കെ
സീനിയർ സ്പെഷ്യലിസ്റ്റ് യൂറോളജി
ആസ്റ്റർ മിംസ് കോട്ടക്കൽ

“ക്യാൻസർ” എന്ന വാക്ക് കേൾക്കുമ്പോൾ മരണം ഉറപ്പിക്കുന്ന ഒരു കാലമുണ്ടായിരുന്നു നമുക്ക്. എന്നാൽ ഇന്ന് മെഡിക്കൽ രംഗം വളരെയധികം സാങ്കേതികമായും വിദഗ്ദ്ധ പരിചരണകൊണ്ടും മുന്നിലാണ്. പ്രത്യേകിച്ച് കിഡ്നി ക്യാൻസർ പോലെ തീവ്രതയേറിയ രോഗം പ്രാരംഭഘട്ടത്തിൽ കണ്ടെത്താനും പൂർണ്ണമായി ഭേദമാക്കാനും ഇന്ന് സാധ്യമാണ്. മുൻകാലങ്ങളിൽ വലിയ ലക്ഷണങ്ങൾ കാണിച്ച് രോഗം മൂർച്ഛിക്കുമ്പോൾ മാത്രമാണ് പലരും ഇത് തിരിച്ചറിഞ്ഞിരുന്നത്. എന്നാൽ ഇന്ന് ഒരു സാധാരണ അൾട്രാസൗണ്ട് സ്കാനിംഗിലൂടെയോ സി.ടി സ്കാനിലൂടെയോ പോലും യാതൊരു ലക്ഷണങ്ങളും കാണിക്കാത്ത വളരെ ചെറിയ (4 സെന്റീമീറ്ററിൽ താഴെയുള്ള) ട്യൂമറുകൾ വളരെ നേരത്തെ തന്നെ കണ്ടെത്താൻ നമുക്ക് കഴിയുന്നുണ്ട്. അതിനാൽ രോഗനിർണ്ണയവും ചികിത്സാരീതികളും കൂടുതൽ ലളിതമായി മാറിയിരിക്കുന്നു.

മുൻകാലങ്ങളിൽ വൃക്കയിൽ ചെറിയൊരു മുഴ കണ്ടാൽ പോലും ശസ്ത്രക്രിയയിലൂടെ ആ വൃക്ക മുഴുവനായി നീക്കം ചെയ്യുകയല്ലാതെ മറ്റ് മാർഗ്ഗങ്ങളുണ്ടായിരുന്നില്ല. എന്നാൽ ഇന്ന്, മെഡിക്കൽ സാങ്കേതികവിദ്യയുടെ വളർച്ചയോടെ രോഗികൾക്ക് ആശ്വസിക്കാം. വലിയ ശാസ്ത്രക്രിയകളോ കഠിനമായ വേദനയോ ഇല്ലാതെ, ട്യൂമർ മാത്രം കൃത്യമായി നീക്കം ചെയ്യാനും ബാക്കി വൃക്കയെ പൂർണ്ണമായി സംരക്ഷിക്കാനും സഹായിക്കുന്ന ‘മിനിമലി ഇൻവേസീവ്’ ചികിത്സാരീതികൾ ഇന്ന് ലഭ്യമാണ്. കുറഞ്ഞ ഹോസ്പിറ്റൽ വാസവും കുറഞ്ഞ സമയത്തിനുള്ളിൽ സുഖം പ്രാപ്‌തിയും ഉറപ്പുനൽകുന്ന അത്യാധുനിക ചികിത്സകൾ ഏതൊക്കെയാണെന്ന് മനസ്സിലാക്കാം:

മാറിയ ചികിത്സാ സമവാക്യങ്ങൾ:

Advertisement

മുൻകാലങ്ങളിൽ വൃക്കയിൽ ചെറിയൊരു മുഴ കണ്ടാൽ പോലും ശസ്ത്രക്രിയയിലൂടെ ആ വൃക്ക മുഴുവനായി നീക്കം ചെയ്യുക അല്ലാതെ മറ്റ് മാർഗ്ഗങ്ങളുണ്ടായിരുന്നില്ല. ഇത് രോഗിയുടെ പിൽക്കാല ജീവിതത്തെയും വൃക്കയുടെ പ്രവർത്തനക്ഷമതയെയും ബാധിച്ചിരുന്നു. വലിയ കീറിമുറിക്കലുകളോ കഠിനമായ വേദനയോ ഇല്ലാതെ ട്യൂമർ മാത്രം കൃത്യമായി നീക്കം ചെയ്യാനും ബാക്കി വൃക്കയെ പൂർണ്ണമായി സംരക്ഷിക്കാനും സഹായിക്കുന്ന ‘മിനിമലി ഇൻവേസീവ്’ ചികിത്സാരീതികൾ ഇന്ന് ലഭ്യമാണ്. കുറഞ്ഞ ഹോസ്പിറ്റൽ വാസവും വേഗത്തിലുള്ള സുഖം പ്രാപ്‌തിയും ഉറപ്പുനൽകുന്ന അത്യാധുനിക ചികിത്സകൾ താഴെ പറയുന്നവയാണ്:

1. റോബോട്ടിക് / ലാപ്രോസ്കോപ്പിക് പാർഷ്യൽ നെഫ്രെക്ടമി

മുഴുവൻ വൃക്കയും നീക്കം ചെയ്യുന്നതിന് പകരം ട്യൂമർ ബാധിച്ച ഭാഗം മാത്രം കൃത്യമായി മുറിച്ചു മാറ്റുന്ന രീതിയാണിത്. ഇതിലൂടെ ബാക്കിയുള്ള ആരോഗ്യകരമായ വൃക്ക സുരക്ഷിതമായി നിലനിർത്താൻ സാധിക്കുന്നു. രോഗിക്ക് ഭാവിയിൽ വൃക്കസ്തംഭനം പോലുള്ള അവസ്ഥകൾ ഉണ്ടാകാനുള്ള സാധ്യത ഇത് വലിയ തോതിൽ കുറയ്ക്കുന്നു.

റോബോട്ടിക് സർജറി: ശസ്ത്രക്രിയ നടത്തുന്ന സർജന് കൺസോളിലൂടെ ട്യൂമറിന്റെ 3ഡി ദൃശ്യങ്ങൾ വളരെ വ്യക്തമായി കാണാൻ സാധിക്കും. റോബോട്ടിക് കൈകൾ ഉപയോഗിച്ച് മനുഷ്യന്റെ കൈകൾക്ക് സാധിക്കുന്നതിനേക്കാൾ അതീവ സൂക്ഷ്മതയോടെ ട്യൂമർ മാത്രം നീക്കം ചെയ്യാനും രക്തസ്രാവം തടയാനും ഇതിലൂടെ സാധിക്കുന്നു.

Advertisement

പ്രധാന ഗുണങ്ങൾ: ശരീരത്തിൽ വളരെ ചെറിയ മുറിവുകൾ മാത്രം, കുറഞ്ഞ രക്തസ്രാവം, അണുബാധയ്ക്കുള്ള സാധ്യതയില്ലായ്മ, ശസ്ത്രക്രിയയ്ക്ക് ശേഷം വേഗത്തിലുള്ള സുഖം പ്രാപിക്കൽ.

2. അബ്ലേഷൻ തെറാപ്പികൾ

പ്രായക്കൂടുതൽ ഉള്ളവർക്കോ മറ്റ് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ (ഹൃദ്രോഗം, ശ്വാസകോശ രോഗങ്ങൾ പോലുള്ളവ) ഉള്ളവർക്കോ വലിയ ശസ്ത്രക്രിയകൾ സുരക്ഷിതമല്ലെങ്കിൽ പ്രയോജനപ്പെടുത്തുന്ന അത്യാധുനിക രീതിയാണിത്. ശസ്ത്രക്രിയ കൂടാതെ തന്നെ ട്യൂമറിനെ നശിപ്പിക്കാൻ ഇതിലൂടെ സാധിക്കും. ഇതിൽ പ്രധാനമായും രണ്ട് വഴികളുണ്ട്:

>> ക്രയോഅബ്ലേഷൻ: അൾട്രാസൗണ്ട് അല്ലെങ്കിൽ സി.ടി സ്കാനിന്റെ തത്സമയ സഹായത്തോടെ ട്യൂമറിലേക്ക് ഒരു പ്രത്യേക സൂചി കടത്തിവിടുന്നു. അതിലൂടെ കടുത്ത തണുപ്പ് പ്രവഹിപ്പിച്ച് കാൻസർ കോശങ്ങളെ മരവിപ്പിച്ചു നശിപ്പിക്കുന്ന രീതിയാണിത്.

Advertisement

>> റേഡിയോഫ്രീക്വൻസി അബ്ലേഷൻ: ഇതിൽ തണുപ്പിന് പകരം ഉയർന്ന റേഡിയോ തരംഗങ്ങൾ ഉപയോഗിച്ച് വലിയ അളവിൽ ചൂട് ഉത്പാദിപ്പിച്ച് ട്യൂമർ കോശങ്ങളെ കരിച്ചു കളയുകയാണ് ചെയ്യുന്നത്.

3. ആക്റ്റീവ് സർവൈലൻസ്

കണ്ടെത്തുന്ന എല്ലാ ചെറിയ ട്യൂമറുകളും ഉടനടി നീക്കം ചെയ്യേണ്ടതുണ്ടോ? ഇല്ല എന്നാണ് ആധുനിക ശാസ്ത്രം പറയുന്നത്. വളരെ പ്രായമായവരിലോ ട്യൂമറിന്റെ വളർച്ചാനിരക്ക് വളരെ കുറവാണെന്ന് കൃത്യമായ പരിശോധനകളിലൂടെ മനസ്സിലാകുന്ന സാഹചര്യങ്ങളിലോ ഡോക്ടർമാർ ഈ രീതി നിർദ്ദേശിക്കാറുണ്ട്. ഇവിടെ ഉടനടി ചികിത്സകൾ ഒന്നും തന്നെ ചെയ്യുന്നില്ല. പകരം, കൃത്യമായ ഇടവേളകളിൽ സ്കാനിംഗ് നടത്തി ട്യൂമറിന്റെ വലിപ്പവും സ്വഭാവവും സൂക്ഷ്മമായി നിരീക്ഷിക്കുകയാണ് ചെയ്യുന്നത്. ട്യൂമർ അസാധാരണമായ വളർച്ച കാണിക്കുകയാണെങ്കിൽ മാത്രം തുടർചികിത്സകളിലേക്ക് കടക്കും. ഇത് അനാവശ്യമായ സർജറികളും മാനസിക സമ്മർദ്ദവും ഒഴിവാക്കാൻ സഹായിക്കും.

ശാരീരിക സൗഖ്യത്തിനൊപ്പം മാനസിക പിന്തുണയും

Advertisement

കിഡ്നി ക്യാൻസർ കേവലം ഒരു ശാരീരിക ആരോഗ്യാവസ്ഥ മാത്രമല്ല, രോഗിയുടെയും അവരുടെ കുടുംബത്തിന്റെയും മാനസികാരോഗ്യത്തെയും അത് വലിയ രീതിയിൽ ബാധിക്കുന്നുണ്ട്. രോഗത്തെക്കുറിച്ചുള്ള അമിതമായ ഭയവും സാമ്പത്തിക-സാമൂഹിക ആശങ്കകളും പലരെയും തളർത്താറുണ്ട്. എന്നാൽ പുതിയ കാലത്തെ ശരിയായ സമയത്തുള്ള രോഗനിർണ്ണയവും, വേദനയില്ലാത്ത ഇത്തരം ലളിതമായ ചികിത്സാരീതികളും രോഗികളിലെ ഭയവും ആശങ്കയും വലിയൊരു പരിധി വരെ കുറയ്ക്കാൻ സഹായിക്കും. ഭയം വെടിഞ്ഞ്, കൃത്യസമയത്തുള്ള ആരോഗ്യ പരിശോധനകളിലൂടെ രോഗം തുടക്കത്തിലേ കണ്ടെത്താനും വൃക്കയും ജീവനും ഒരേപോലെ പൂർണ്ണമായി സംരക്ഷിക്കാനും നമുക്ക് സാധിക്കും.

Health

കാൻസർ അതിജീവനം: ചികിത്സക്കു ശേഷം തുടങ്ങുന്ന നിശബ്ദ പോരാട്ടങ്ങൾ

Published

on

ഡോ. നിധീഷ് വി. ശങ്കർ
കൺസൾട്ടന്റ് സൈക്യാട്രിക് മെഡിസിൻ
ആസ്റ്റർ മിംസ് കോട്ടക്കൽ

ക്യാൻസർ ചികിത്സ അവസാനിക്കുന്നതോടെ പോരാട്ടം കഴിഞ്ഞു എന്ന് പലപ്പോഴും കരുതാറുണ്ട്. എന്നാൽ യഥാർത്ഥത്തിൽ ഈ സമയത്താണ് മറ്റൊരു ഘട്ടത്തിലേക്ക് ക്യാൻസർ അതിജീവിച്ചവർ കടന്നു പോകുന്നത്. ചികിത്സാവേളയിൽ സർവ്വ ശ്രദ്ധയും രോഗമുക്തി നേടുന്നതിലായിരിക്കും. മെഡിക്കൽ ടീമിന്റെ പരിരക്ഷ കീമോതെറാപ്പി റേഡിയേഷൻ തുടങ്ങിയ ചികിത്സാ കഴിഞ്ഞ ശേഷം സാധാരണ ജീവിതത്തിലേക്ക് മടങ്ങുമ്പോൾ ആഘാതങ്ങൾ പല ലക്ഷണങ്ങളായി പുറത്തുവരാൻ തുടങ്ങുന്നു. പതിവ് ഹോസ്പിറ്റൽ സന്ദർശനങ്ങൾ കുറയുകയും വ്യക്തികൾ തങ്ങളുടെ സാധാരണ ജീവിതത്തിലേക്ക് മടങ്ങാൻ ശ്രമിക്കുകയും ചെയ്യുമ്പോൾ അവർ അനുഭവിച്ച തീവ്രമായ ആഘാതങ്ങൾ പലവിധ മാനസിക-ശാരീരിക ലക്ഷണങ്ങളായി പുറത്തുവരാൻ തുടങ്ങുന്നു. സുരക്ഷിതത്വത്തിന്റെ ഒരു കവചം പെട്ടെന്ന് നഷ്ടപ്പെടുന്നത് അവരിൽ ശാരീരിക ബുദ്ധിമുട്ടുകൾ മാനസിക സമ്മർദ്ദങ്ങൾ സൃഷ്ടിക്കാറുണ്ട്.

വൈദ്യശാസ്ത്രപരമായി ഈ അവസ്ഥകളെയും അവയുടെ ലക്ഷണങ്ങളെയും താഴെ പറയുന്ന പ്രമുഖ ക്ലിനിക്കൽ വിഭാഗങ്ങളായി കാണപ്പെടുന്നു.

1. കാൻസറോഫോബിയ അല്ലെങ്കിൽ രോഗാവസ്ഥ വീണ്ടും വരുമെന്ന ഭയം

Advertisement

ക്യാൻസർ അതിജീവിച്ചവരിൽ ഏറ്റവും വ്യാപകമായി കാണപ്പെടുന്ന ഒരു സൈക്കോ-ഓങ്കോളജിക്കൽ അവസ്ഥയാണിത്. രോഗമുക്തി നേടി എന്ന ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചതിനു ശേഷവും, രോഗം ശരീരത്തിലേക്ക് എപ്പോൾ വേണമെങ്കിലും തിരിച്ചുവരാം എന്ന തീവ്രവും വിട്ടുമാറാത്തതുമായ ആശങ്കയാണ് ഇതിന്റെ പ്രത്യേകത.

ക്ലിനിക്കൽ ലക്ഷണങ്ങൾ: ശരീരത്തിൽ ഉണ്ടാകുന്ന ചെറിയൊരു പേശി വേദനയോ നേരിയ ചുമയോ സാധാരണ ക്ഷീണമോ പോലും രോഗം വീണ്ടും പടരുന്നതിന്റെ ലക്ഷണമാണോ എന്ന് അവർ ഭയപ്പെടുന്നു. ഇത് പലപ്പോഴും ഹൈപ്പർവിജിലൻസ് (ശരീരത്തിലെ ഓരോ മാറ്റങ്ങളെയും ഭീതിയോടെ നിരീക്ഷിക്കുക) എന്ന അവസ്ഥയിലേക്ക് നയിക്കുന്നു.

ഈ നിരന്തരമായ ഭയം വ്യക്തികളുടെ ദൈനംദിന കാര്യങ്ങളെ തൊഴിൽപരമായ ശ്രദ്ധയെ സാമൂഹിക ഇടപെടലുകളെ സാരമായി ബാധിക്കുന്നു. കൂടാതെ കടുത്ത ഉറക്കമില്ലായ്മയിലേക്കും ഇത് വഴിതെളിക്കാറുണ്ട്.

2. പോസ്റ്റ്-ട്രോമാറ്റിക് സ്ട്രെസ് ഡിസോർഡർ

Advertisement

ക്യാൻസർ രോഗനിർണ്ണയവും അതിനെത്തുടർന്നുണ്ടായ കഠിനമായ ചികിത്സാ പ്രക്രിയകളും ഒരു വ്യക്തിയെ സംബന്ധിച്ച് പെട്ടെന്നുണ്ടാകുന്ന ജീവൽഭീഷണിയാണ്. വൈദ്യശാസ്ത്രത്തിൽ ഇതിനെ ഒരു ‘ട്രോമാറ്റിക് ഇവന്റ്’ ആയിട്ടാണ് കണക്കാക്കുന്നത്. ഇതിന്റെ ഫലമായി ഉണ്ടാകുന്ന മാനസികാവസ്ഥയാണ് പോസ്റ്റ്-ട്രോമാറ്റിക് സ്ട്രെസ് ഡിസോർഡർ.

ക്ലിനിക്കൽ ലക്ഷണങ്ങൾ: ഹോസ്പിറ്റലിലെ ഗന്ധം, കീമോതെറാപ്പി വാർഡുകളുടെ ദൃശ്യങ്ങൾ, മെഡിക്കൽ ഉപകരണങ്ങളുടെ ശബ്ദങ്ങൾ, അല്ലെങ്കിൽ മറ്റാരെങ്കിലും രോഗത്തെക്കുറിച്ച് സംസാരിക്കുന്നത് കേൾക്കുന്നത് പോലും പഴയ ഭീതിദമായ ഓർമ്മകളെ അതെ തീവ്രതയോടെ മനസ്സിലേക്ക് തിരിച്ചുകൊണ്ടുവരാം.

പല അതിജീവിതരും തങ്ങളുടെ തുടർന്നുള്ള പരിശോധനകളിൽ നിന്ന് ഒളിച്ചോടാൻ ശ്രമിക്കാറുണ്ട്. ഹോസ്പിറ്റലിൽ പോകേണ്ടി വരുന്നത് പാനിക് അറ്റാക്കുകൾക്ക് വരെ കാരണമാകുന്നു.

3. ‘കീമോ ബ്രെയിൻ’ അല്ലെങ്കിൽ കോഗ്നിറ്റീവ് ഡിസ്ഫംഗ്ഷൻ

Advertisement

കീമോതെറാപ്പി റേഡിയേഷൻ ഹോർമോൺ തെറാപ്പി തുടങ്ങിയ തീവ്രമായ ചികിത്സാ രീതികൾ കാരണം രോഗിയുടെ കേന്ദ്ര നാഡീവ്യൂഹത്തിൽ ഉണ്ടാകുന്ന താത്കാലികമായ മാറ്റങ്ങളെയാണ് ‘കീമോ ബ്രെയിൻ’ എന്ന് വിളിക്കുന്നത്.

ക്ലിനിക്കൽ ലക്ഷണങ്ങൾ: ഹ്രസ്വകാല ഓർമ്മക്കുറവ് ഒരേ സമയം ഒന്നിലധികം കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള ബുദ്ധിമുട്ട് അനുയോജ്യമായ വാക്കുകൾ പെട്ടെന്ന് ഓർത്തെടുക്കാൻ കഴിയാതെ വരുക ചിന്തകളിലുണ്ടാകുന്ന മന്ദത തുടങ്ങിയവയാണ് പ്രധാന ലക്ഷണങ്ങൾ.

രോഗവിമുക്തിക്ക് ശേഷം ജോലിയിൽ തിരികെ പ്രവേശിക്കുമ്പോൾ പലർക്കും പഴയതുപോലെ കാര്യക്ഷമമായി പ്രവർത്തിക്കാൻ കഴിയാതെ വരുന്നു. ഇത് രോഗികളിൽ കടുത്ത നിരാശയും ആത്മവിശ്വാസക്കുറവും ഭാവിയെക്കുറിച്ചുള്ള ആശങ്കയും വർദ്ധിപ്പിക്കുന്നു.

4. ബോഡി ഇമേജ് ഡിസ്ട്രെസ്

Advertisement

ക്യാൻസർ ചികിത്സകൾ പലപ്പോഴും സർജറികൾ നേരിട്ടതിനു ശേഷം ശരീരത്തിന്റെ വലിയ മാറ്റങ്ങൾ ഉണ്ടാകുന്നു. ഉദാഹരണത്തിന് മാസ്റ്റക്ടമി അഥവാ സ്തനം നീക്കം ചെയ്യൽ, അവയവങ്ങൾ മുറിച്ചു മാറ്റേണ്ടി വരിക, സ്റ്റോമ ബാഗുകൾ ഘടിപ്പിക്കുക, കീമോതെറാപ്പി മൂലമുള്ള മുടി കൊഴിച്ചിൽ, ചർമ്മത്തിലുണ്ടാകുന്ന മാറ്റങ്ങൾ, റേഡിയേഷൻ പാടുകൾ, വന്ധ്യത എന്നിവ ഇതിൽ ഉൾപ്പെടുന്നു.

ക്ലിനിക്കൽ ലക്ഷണങ്ങൾ: സ്വന്തം ശരീരത്തോട് തോന്നുന്ന അപകർഷതാബോധം, ലൈംഗിക വിമുഖത, പങ്കാളിയോട് തുറന്നു സംസാരിക്കാനുള്ള മടി എന്നിവ ഇതിന്റെ ഭാഗമായി ഉണ്ടാകാം. ഇത് വ്യക്തികളെ ഗുരുതരമായ സാമൂഹിക ഒറ്റപ്പെടലിലേക്ക് നയിക്കുന്നു. മറ്റുള്ളവർ തങ്ങളെ സഹതാപത്തോടെയോ വിചിത്രമായോ നോക്കിക്കാണുമോ എന്ന ഭയം കാരണം ഇവർ പൊതുചടങ്ങുകളിൽ നിന്നും സൗഹൃദങ്ങളിൽ നിന്നും സ്വയം മാറിനിൽക്കുന്നു.

ക്ലിനിക്കൽ ഇടപെടലുകളും പ്രതിരോധ മാർഗ്ഗങ്ങളും

ഒരു രോഗി പൂർണ്ണ രോഗമുക്തി നേടി എന്ന് അവകാശപ്പെടണമെങ്കിൽ അവരുടെ ശാരീരിക പരിശോധനകൾക്ക് നൽകുന്ന അതേ പ്രാധാന്യവും മുൻഗണനയും മാനസികാരോഗ്യത്തിനും നൽകണം. ഇതിനായി അന്താരാഷ്ട്ര തലത്തിൽ അംഗീകരിക്കപ്പെട്ട ചില മെഡിക്കൽ-സൈക്കോസോഷ്യൽ മാർഗ്ഗങ്ങൾ താഴെ പറയുന്നവയാണ്:

Advertisement

>>സൈക്കോ-ഓങ്കോളജി പിന്തുണ

ക്യാൻസർ രോഗികളുടെയും അതിജീവിതരുടെയും സവിശേഷമായ മാനസികാവസ്ഥകളെ കൈകാര്യം ചെയ്യാൻ മാത്രമായി വികസിപ്പിച്ചെടുത്ത ഒരു പ്രത്യേക മനഃശാസ്ത്ര ശാഖയാണിത്. ഇതിലൂടെ കോഗ്നിറ്റീവ് ബിഹേവിയറൽ തെറാപ്പി പോലുള്ള ശാസ്ത്രീയ മാർഗ്ഗങ്ങൾ ഉപയോഗിച്ച് രോഗികളിലെ യുക്തിരഹിതമായ ഭയങ്ങളെയും നെഗറ്റീവ് ചിന്താധാരകളെയും തിരിച്ചറിഞ്ഞ് അവയെ പോസിറ്റീവായി പുനഃക്രമീകരിക്കാൻ സഹായിക്കുന്നു. അതിനായി സ്ട്രെസ് റിഡക്ഷൻ തെറാപ്പികളിലൂടെ മനസ്സിന്റെ ഉത്കണ്ഠ കുറയ്ക്കാൻ വളരെ ഫലപ്രദമാണ്.

>>ഫാർമക്കോതെറാപ്പി

മാനസികമായ ബുദ്ധിമുട്ടുകൾ കൗൺസിലിംഗിലൂടെ മാത്രം മാറാത്ത ഘട്ടത്തിൽ കൃത്യമായ ക്ലിനിക്കൽ ഇടപെടൽ ആവശ്യമാണ്. അതിജീവിതരിൽ ക്ലിനിക്കൽ ഡിപ്രഷൻ അല്ലെങ്കിൽ ജനറലൈസ്ഡ് ആങ്സൈറ്റി ഡിസോർഡർ എന്നിവ സ്ഥിരീകരിക്കുകയാണെങ്കിൽ മെഡിക്കൽ ഗൈഡ്‌ലൈൻസ് അനുസരിച്ചുള്ള മരുന്നുകൾ നൽകണം.

Advertisement

തലച്ചോറിലെ മൂഡ്‌ വ്യതിയാനങ്ങളെ നിയന്ത്രിക്കുന്ന സെറോടോണിൻ, ഡോപ്പമിൻ തുടങ്ങിയ ന്യൂറോട്രാൻസ്മിറ്ററുകളുടെ സന്തുലിതാവസ്ഥ നിലനിർത്താൻ സെലെക്ടിവ് സെറോടോണിൻ റീ-അപ്‌ടേക്ക് ഇൻഹിബിറ്ററുകൾ പോലുള്ള ആന്റി-ഡിപ്രസന്റുകളും ആന്റി-ആങ്സൈറ്റി മരുന്നുകളും കൃത്യമായ അളവിൽ നൽകുന്നതിലൂടെ രോഗിയുടെ ജീവിതനിലവാരം ഗണ്യമായി ഉയർത്താൻ സാധിക്കും.

>>സർവൈവർഷിപ്പ് കെയർ പ്ലാൻ

സജീവ ചികിത്സ അവസാനിക്കുന്ന ഘട്ടത്തിൽ മൾട്ടി-ഡിസിപ്ലിനറി ടീം സംയുക്തമായി ഓരോ രോഗിക്കും ഒരു പ്രത്യേക ‘സർവൈവർഷിപ്പ് ഗൈഡ്‌ലൈൻ’ തയ്യാറാക്കി നൽകേണ്ടതുണ്ട്.

കൃത്യമായ ഫോളോ-അപ്പ് ടെസ്റ്റുകളുടെ വിവരങ്ങൾ മാത്രമല്ല, മറിച്ച് ‘കീമോ ബ്രെയിൻ’ മറികടക്കാനുള്ള കോഗ്നിറ്റീവ് വ്യായാമങ്ങൾ, ശാരീരികക്ഷമത വീണ്ടെടുക്കാനുള്ള മെഡിക്കൽ വ്യായാമങ്ങൾ, ശരിയായ പോഷകാഹാര ക്രമം, മാനസികാരോഗ്യ കൗൺസിലിംഗിനുള്ള ഷെഡ്യൂളുകൾ, സപ്പോർട്ട് ഗ്രൂപ്പുകളുടെ വിവരങ്ങൾ എന്നിവ നിർബന്ധമായും ഉൾപ്പെടുത്തിയ ചികിത്സ രൂപരേഖ തയ്യാറിക്കി നൽകുക.

Advertisement

ക്യാൻസറിനെ അതിജീവിച്ച ഒരു വ്യക്തിക്ക് ചികിത്സയ്ക്ക് ശേഷമുള്ള കടുത്ത വിഷാദമോ, വിട്ടുമാറാത്ത ഉത്കണ്ഠയോ, വൈകാരികമായ തകർച്ചയോ തോന്നുന്നത് തികച്ചും സ്വാഭാവികമായ ഒരു ക്ലിനിക്കൽ അവസ്ഥയാണ്. ഇത് ഒരിക്കലും ആ വ്യക്തിയുടെ മാനസികമായ ബലഹീനതയോ പരാജയമോ അല്ല! മറിച്ച്, അവർ അനുഭവിച്ച കഠിനമായ ചികിത്സകളുടെ പാർശ്വഫലങ്ങളുടെയും ശരീരവും മനസ്സും നേരിട്ട തീവ്രമായ ആഘാതത്തിന്റെയും തുടർച്ച മാത്രമാണ്.

ശരീരത്തിലെ ശസ്ത്രക്രിയാ മുറിവുകൾ ഉണങ്ങുന്ന അതേ വേഗതയിൽ മനസ്സിന്റെ ആകുലതകൾ മാറും എന്നില്ല. അവർക്ക് കുടുംബത്തിന്റെ സ്നേഹവും, സമൂഹത്തിന്റെ ബോധവൽക്കരണവും, മെഡിക്കൽ ലോകത്തിന്റെ കൃത്യമായ ക്ലിനിക്കൽ പിന്തുണയും നിരന്തരം ആവശ്യമുണ്ട്. അവരുടെ ഭയങ്ങളെയും സങ്കടങ്ങളെയും നിസ്സാരവൽക്കരിക്കാതെ, അവരെ ക്ഷമയോടെ കേൾക്കാൻ നമ്മൾ തയ്യാറാകുക എന്നതാണ് ഈ നാഷണൽ ക്യാൻസർ സർവൈവേഴ്സ് ദിനത്തിൽ ഒരു മെഡിക്കൽ കമ്മ്യൂണിറ്റി എന്ന നിലയിലും സമൂഹം എന്ന നിലയിലും നമുക്ക് അവർക്ക് നൽകാൻ കഴിയുന്ന ഏറ്റവും വലിയ ഉറപ്പും കരുതലും.

Continue Reading

Health

പാലക്കാട് ഡെങ്കിപ്പനി ബാധിച്ച് ഒരു മരണം

പനി കൂടിയതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്.

Published

on

പാലക്കാട് കരിമ്പുഴ പഞ്ചായത്തില്‍ ഡെങ്കിപ്പനി ബാധിച്ച് മരണം. കരിമ്പുഴ പഞ്ചായത്തിലെ പൊമ്പ്ര അമ്പലംപാടം കന്നിച്ചാലില്‍ മറിയ (62) ആണ് മരിച്ചത്. മൂന്ന് ദിവസം മുന്‍പാണ് മറിയക്ക് പനി ബാധിച്ചത്. തുടര്‍ന്ന് സമീപത്തുള്ള കുടുംബാരോഗ്യ കേന്ദ്രത്തില്‍ ചികിത്സ തേടി. പനി കൂടിയതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. വിദഗ്ദ്ധ ചികിത്സയ്ക്കായി പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് പോകാന്‍ ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചെങ്കിലും മറിയ തയ്യാറായില്ല. പിന്നീട് വൈകീട്ടോടെ പനി കടുത്തതിനെ തുടര്‍ന്ന് മണ്ണാര്‍ക്കാട് വട്ടമ്പലത്തിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

അതേസമയം നിപ ബാധിച്ച് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലുള്ള ഫാറൂഖ് കോളേജ് സ്വദേശിയായ 43 കാരന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. നിലവില്‍ 87 പേരാണ് സമ്പര്‍ക്കപ്പട്ടികയിലുള്ളത്. മലപ്പുറം, കണ്ണൂര്‍, കോഴിക്കോട് ജില്ലകളില്‍ നിന്നുള്ളവരാണ് ഈ പട്ടികയില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. ഇന്നലെ പരിശോധനയ്ക്കായി അയച്ച സമ്പര്‍ക്കപ്പട്ടികയിലുള്ള മൂന്ന് പേരുടെ ഫലം നെഗറ്റീവ് ആണ്.

 

Continue Reading

Health

തൃശൂരില്‍ 2 കുട്ടികള്‍ക്ക് ഷിഗെല്ല സ്ഥിരീകരിച്ചു

വടക്കാഞ്ചേരി മംഗലം സ്വദേശികളായ രണ്ടു കുട്ടികള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.

Published

on

സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ പകര്‍ച്ചവ്യാധികള്‍ പടര്‍ന്നുപിടിക്കുന്നതിനിടയില്‍ തൃശൂരിലും ഷിഗെല്ല സ്ഥിരീകരിച്ചു. വടക്കാഞ്ചേരി മംഗലം സ്വദേശികളായ രണ്ടു കുട്ടികള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. നാല് വയസുള്ള പെണ്‍കുട്ടിക്കും ഏഴ് വയസുള്ള ആണ്‍കുട്ടിക്കുമാണ് സ്ഥിരീകരിച്ചത്. ഇരുവരെയും തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിരീക്ഷണത്തിലാക്കിയിരിക്കുകയാണ്. നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാണെന്നും ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു.

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഷിഗെല്ല അതിവേഗം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. ഇന്നലെ മാത്രം 18 പേര്‍ക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. വയനാട് (7), തിരുവനന്തപുരം, കൊല്ലം, തൃശൂര്‍, മലപ്പുറം, കോഴിക്കോട് എന്നീ ജില്ലകളിലാണ് പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. കൂടാതെ, ഷിഗെല്ല രോഗബാധയെ തുടര്‍ന്ന് ഇന്നലെ സംസ്ഥാനത്ത് ഒരു മരണവും സ്ഥിരീകരിച്ചിട്ടുണ്ട്.

 

Continue Reading

Trending