Connect with us

News

ബ്രസീലിനെ സമനിലയില്‍ തളച്ച് മൊറോക്കോ

ഇരു ടീമുകളും ഓരോ ഗോള്‍ വീതം നേടി

Published

on

ലോകകപ്പിലെ ആദ്യ മത്സരത്തില്‍ വമ്പന്മാരായ ബ്രസീലിനെ സമനിലയില്‍ തളച്ച് മൊറോക്കോ. ഇരു ടീമുകളും ഓരോ ഗോള്‍ വീതം നേടി പിരിഞ്ഞു. മൊറോക്കോയ്ക്കായി ഇസ്മായേല്‍ സൈബീരിയും ബ്രസീലിനായി വിനീഷ്യസ് ജൂനിയറുമാണ് ഗോളുകള്‍ നേടിയത്. 1978-ന് ശേഷം ഇതാദ്യമായാണ് ലോകകപ്പിലെ തങ്ങളുടെ ആദ്യ മത്സരത്തില്‍ ബ്രസീലിന് വിജയിക്കാന്‍ ആവാതെ പോകുന്നത്.

ന്യൂജേഴ്സിയിലെ മെറ്റ് ലൈഫ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ തുടക്കം മുതല്‍ മൊറോക്കോയ്ക്കാണ് മേല്‍ക്കൈയുണ്ടായത്. മത്സരത്തിലെ ആദ്യ ഗോള്‍ 21-ാം മിനിറ്റില്‍ മൊറോക്കോ സ്വന്തമാക്കി. പിച്ചിന്റെ മധ്യഭാഗത്തുനിന്ന് ബ്രാഹീം ഡയസ് നല്‍കിയ തകര്‍പ്പന്‍ ത്രൂ പാസിലേക്ക് ഓടിയെത്തിയ സൈബീരി, ബ്രസീല്‍ ഗോള്‍കീപ്പര്‍ അലിസണ് മുകളിലൂടെ പന്ത് ചിപ്പ് ചെയ്ത് വലയിലെത്തിച്ചു. ഇതിന് മറുപടിയായി 32-ാം മിനിറ്റില്‍ ബ്രൂണോ ഗുമേയറസുമായി ചേര്‍ന്ന് ഒരു ‘വണ്‍-ടു-വണ്‍’ പാസിംഗിലൂടെ മുന്നേറിയ വിനീഷ്യസ് ജൂനിയര്‍, ഒരു കിടിലന്‍ ഷോട്ടിലൂടെ ബ്രസീലിന് സമനില സമ്മാനിച്ചു.

ആദ്യ പകുതിയില്‍ ഇരു ടീമുകളും ലീഡുയര്‍ത്താന്‍ ശ്രമിച്ചെങ്കിലും കൂടുതല്‍ ഗോളുകളൊന്നും ഉണ്ടായില്ല. ജൂണ്‍ 20-ന് നടക്കുന്ന അടുത്ത മത്സരത്തില്‍ ബ്രസീല്‍ ഹെയ്ത്തിയെ നേരിടും. സ്‌കോട്ട്ലന്‍ഡുമായാണ് മൊറോക്കോയുടെ അടുത്ത മത്സരം.

 

Advertisement

editorial

സര്‍വ്വം എ.ഐ മായ

പ്രതിഛായ

Published

on

 

ഉത്തരം കിട്ടാത്തതെന്തും എ.ഐ അഥവാ നിര്‍മിത ബുദ്ധി എന്നു പറയുന്നതാണ് സി.പി.എമ്മിന്റെ പുതിയ തന്ത്രം. പാര്‍ട്ടി സെക്രട്ടറി ഗോവിന്ദന്‍ സ്ഥിരം പറയുന്നത് ഇപ്പോള്‍ ഇതാണ്. ഇത് തന്നെയാണ് ഇപ്പോള്‍ വി.ഡി സതീശന്റെ നേതൃത്വത്തിലുള്ള യു.ഡി.എഫ് സര്‍ക്കാര്‍ പിണറായിക്കാലത്തെ സാമ്പത്തിക സ്ഥിതിയെ കുറിച്ചുള്ള ധവള പത്രം പുറത്തിറക്കിയപ്പോഴും സി.പി.എമ്മിന്റെ പ്രതികരണം. പിണറായി സര്‍ക്കാറിന്റെ കോടിക്കണക്കും കിഫ്ബിയുമെല്ലാം വെറും തള്ള് മാത്രമായിരുന്നുവെന്ന് വ്യകതമാക്കിക്കൊണ്ടാണ് ധവളപത്രം നിയമസഭയുടെ മേശപ്പുറത്ത് വെച്ചത്. സംസ്ഥാനത്തിന്റെ യഥാര്‍ഥ സാമ്പത്തിക സ്ഥിതിയും മുന്‍ സര്‍ക്കാരിന്റെ സാമ്പത്തിക ഇടപാടുകളും ചൂണ്ടിക്കാണിക്കുന്ന ഈ റിപ്പോര്‍ട്ടിനെതിരെ പ്രതിപക്ഷം വിയോജിച്ചത് എ.ഐ ഉപയോഗിച്ച് തയ്യാറാക്കി എന്നും പറ ഞ്ഞായിരുന്നു.

സര്‍ക്കാര്‍ കണക്കുകള്‍ ഓഡിറ്റ് ചെയ്യാനുള്ള അവകാശം എജിക്ക് മാത്രമാണെന്നായിരുന്നു മുന്‍ ധനകാര്യ മന്ത്രി കെ.എന്‍ ബാലഗോപാലിന്റെ പ്രതികരണം. പേടി ഇല്ലെന്ന് ഓരോ രണ്ട് വാക്കിലും അദ്ദേഹം ആവര്‍ത്തിച്ച് പറഞ്ഞതോടെ കേട്ടവര്‍ക്കൊക്കെ സംഗതി മനസിലായി. ധവളപത്രം തയാറാക്കാന്‍ ഔദ്യോഗിക രേഖകള്‍ പുറത്ത് കൊടുത്തെന്നും അത് ക്രമവിരുദ്ധമാണെന്നുമായിരുന്നു ആദ്യം പ്രതിപക്ഷത്തിന്റെ ആക്ഷേപം. പുറത്ത് നിന്നുള്ള വരെ ധവള പത്രം തയാറാക്കാന്‍ ഏല്‍പ്പിച്ചത് ശരിയല്ല. ഇത് സര്‍ക്കാര്‍ പ്രവര്‍ത്തനത്തെ മൊത്തം തകിടം മറിക്കാനാകുമെന്നും എജിക്ക് പോലും കൊടുക്കാത്ത കണക്ക് എങ്ങനെ പുറത്ത് കൊടുക്കുമെന്നുമായിരുന്നു അദ്ദേഹത്തിന്റെ ആധി. എന്നാല്‍ കേരളത്തിന്റെ സാമ്പത്തിക ആരോഗ്യം എന്താണ് എന്നതാണ് രേഖയിലൂടെ യു.ഡി.എഫ് പുറത്ത് വിട്ടത്. തയ്യാറാക്കിയത് ധനവകുപ്പ് തന്നെയാണ്. ഒരു രഹസ്യരേഖയും പുറത്ത് പോയിട്ടില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയെങ്കിലും കടം വാങ്ങാന്‍ റിസര്‍വ് ബാങ്കില്‍ പോയി കൂടുതല്‍ നോട്ട് അടിച്ചു തരാന്‍ ആവശ്യപ്പെട്ടാല്‍ മതിയെന്ന യമണ്ടന്‍ തിയറി പുറത്തിറക്കിയ ഒന്നാം പിണറായി സര്‍ക്കാറിലെ ധനമന്ത്രി കയറുപിരി ശാസ്ത്രജ്ഞന് പക്ഷേ ഇതൊന്നും പോര.

കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ലഭിച്ച കേന്ദ്ര സഹായങ്ങള്‍, അവ ഏതൊക്കെ രീതിയില്‍ ചെലവഴിച്ചു, നിലവില്‍ സംസ്ഥാന ഖജനാവിലെ നീക്കിയിരിപ്പ് എത്രയാണ് തുടങ്ങിയ വിശദമായ വിവരങ്ങളാണ് ധവളപത്രത്തില്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ളത്. മുന്‍ ക്യാബിനറ്റ് സെക്രട്ടറി കെ.എം ചന്ദ്രശേഖര്‍ അധ്യക്ഷനായ സമിതി വിശദമായ പരിശോധനകള്‍ക്ക് ശേഷമാണ് ധവളപത്രം തയ്യാറാക്കിയത്.

Advertisement

ഇത്രയും കാലം തള്ളിമറിച്ചു നടന്നവര്‍ യാഥാര്‍ത്ഥ്യം പുറത്ത് വരുമെന്നായപ്പോള്‍ ഉമ്മാക്കി കാട്ടി പേടിപ്പിക്കേണ്ടെന്ന വാദവുമായാണ് ഇറങ്ങിയത്. എന്നാല്‍ ഉമ്മാക്കിയല്ല മുന്‍ സര്‍ക്കാറിന്റെ കണ്ണാടിയാണെന്ന് വി.ഡി സതീശനും വ്യക്തമാക്കിയതോടെ കണ്ണാടി എങ്കില്‍ കുത്തിപ്പൊട്ടിച്ചിട്ട് തന്നെ കാര്യമെന്നാണ് പ്രതിപക്ഷം പറയുന്നത്. മുഖം വികൃതമായതിന് കണ്ണാടി കുത്തിപ്പൊട്ടിക്കുക എന്ന കുബുദ്ധിയുമായാണ് ഇറങ്ങിത്തിരിക്കുന്നത്. ഇനിയിപ്പോള്‍ ഇടതിന്റെ ബദല്‍ ധവളപത്രം അവതരിപ്പിക്കുകയാണ് പോലും, പ്രശസ്ത ആര്‍.ബി.ഐ വായ്പ തിയറിസ് പെഷ്യലിസ്റ്റ് കയറുപിരി ശാസ്ത്രജ്ഞനും മുന്‍ ധനമന്ത്രിയുമാണത്രേ തയ്യാറാക്കുന്നത്. ബലേ ഭേഷ്.

നിര്‍മ്മിതബുദ്ധി ഉപയോഗിക്കുന്നതിന് അഥവാ എ.ഐ സാങ്കേതികവിദ്യയ്ക്ക് സിപിഎം എതിരാണോയെന്ന് ചോദിക്കരുത്. വെറുതെ ട്രോളിയാല്‍ തീരില്ലത്രേ ഇത്. എല്ലാം രഹസ്യ രേഖയാണ് പോലും. അതായത് ട്രഷറി ബാലന്‍സ് രഹസ്യ രേഖയാണോ?. ചോദ്യങ്ങള്‍ പാടില്ല. സ്റ്റഡി ക്ലാസിന് വരാത്തതിനാല്‍ ഉത്തരം ലഭിക്കില്ല. എന്തായാലും ഇത്തവണ ഫേസ്ബുക് സംവാദത്തിന് പോലും വെല്ലുവിളി ഇല്ല. പണ്ട് ഇന്നത്തെ മുഖ്യമന്ത്രി വിഡി സതിശനെ ലോട്ടറി സംവാദത്തിന് വെല്ലുവിളിച്ചത് ഓര്‍മയുണ്ടാവും. എന്റെ പൊന്നോ ഓര്‍മിപ്പിക്കല്ലേ….അന്ന് വിയര്‍ത്ത വിയര്‍ക്കല്‍ ഇന്നും തുടച്ചാല്‍ തീരില്ല. പക്ഷേ എ.ഐ ആയാലും അയ്യേ ആയാലും ഒരു കാര്യം മലയാളികള്‍ക്ക് വ്യക്തമായി. സി.പി.എം പറഞ്ഞത് ബുമറാങ് ആയിട്ടുണ്ട്. പ്രശ്നം എന്തെന്ന് വച്ചാല്‍ ഇപ്പോള്‍ ധവളപത്രത്തില്‍ ഇപ്പോള്‍ ഉള്ളത് മുഴുവനും സത്യം ആണ് എന്ന് ഉറപ്പായി. ആകെ കുഴപ്പം. ഇനിയിപ്പോള്‍ ബദല്‍ എങ്കില്‍ ബദല്‍ എങ്ങനേലും രക്ഷപ്പെടണല്ലോ.

മസാല ബോണ്ട് എന്ന ഏറ്റവും വലിയ കൊടിയ അനീതി കാണിച്ച സാമ്പത്തിക വികസന വിരുദ്ധ ബുദ്ധിയുടെ ആളുകളൊക്കെ ബദല്‍ രേഖയുമായി എത്തിയാല്‍ എന്താകുമെന്നൊന്നും ചോദിക്കരുത്. വെറുതെ ബഡായി പറഞ്ഞു ആളുകളെ പറ്റിക്കാലോ. പക്ഷേ ഇത് കാലം വേറെയല്ലേ സഖാവേ. ഏറ്റവും കൂടിയ പലിശക്ക് മസാലബോണ്ട് വാങ്ങി അത് കുറഞ്ഞ പലിശക്ക് ബാങ്കില്‍ ഇട്ട് പിന്നീട് അതിന്റെ രണ്ടിരട്ടി തിരിച്ചു കൊടുത്ത ലോകത്തെ ഏറ്റവും വലിയ വിഡ്ഢിത്തം ചെയ്ത ആളൊക്കെ ബദലുമായി എത്തുമ്പോള്‍ ജനം മൗനം പാലിച്ചു ഒതുങ്ങി ഇരിക്കുമെന്നൊന്നും കരുതരുത്.
കമ്പ്യൂട്ടറിനെതിരെ തൊഴില്‍ തിന്നുന്ന ബഗനെന്നും പറഞ്ഞ് സമരം ചെയ്ത കാലത്ത് നിന്നും സഖാക്കള്‍ വരെ വളര്‍ന്ന കാലമാണല്ലോ. എന്തിനേറെ പറയുന്നു ഇന്ന് വരെ ലോകം കാണാത്ത കേരളത്തിലെ ജി.ഇയുടെ സ്‌കാനിങ് മെഷീന്‍ ഫാക്ടറിയെങ്കിലും ബദല്‍ രേഖയില്‍ പുറത്ത് വിട്ടാല്‍ മതിയായിരുന്നു. എന്നാലും പൊതു ജനത്തിന്റെ മെഡിക്കല്‍ ഡേറ്റാ പ്രൈസ് വാട്ടര്‍ കുപ്പേഴ്സിന് വിറ്റു മാസപ്പടി വാങ്ങി നിയമ നടപടികള്‍ നേരിടുന്നവരൊക്കെ എ.ഐ ഉപയോഗിച്ചാല്‍ ഡേറ്റ ചോരും രഹസ്യം ചോരുമെന്നൊക്കെ പറയുമ്പോഴാണ് ഇതിന്റെ യഥാര്‍ത്ഥ കോമഡി.

 

Advertisement
Continue Reading

kerala

കൊടുവള്ളിക്ക് ഇനി ‘ഫിർസേ’ ആപ്പ്; ലോഞ്ചിംഗ് നിർവഹിച്ച് പി.കെ. കുഞ്ഞാലിക്കുട്ടി

പരാതികളുടെ പുരോഗതി വിലയിരുത്താനും ബന്ധപ്പെട്ട വിവരങ്ങൾ തത്സമയം ലഭ്യമാക്കാനും ആപ്പിലൂടെ സാധിക്കും.

Published

on

കൊടുവള്ളി: കൊടുവള്ളി നിയോജക മണ്ഡലത്തിലെ ജനങ്ങൾക്ക് ജനപ്രതിനിധിയുമായും എം.എൽ.എ ഓഫീസുമായും കൂടുതൽ കാര്യക്ഷമമായി ആശയവിനിമയം നടത്തുന്നതിനായി രൂപകൽപ്പന ചെയ്ത ‘ഫിർസേ’ മൊബൈൽ ആപ്പിന്റെ ഔദ്യോഗിക ലോഞ്ചിംഗ് ചടങ്ങ് സംഘടിപ്പിച്ചു. വ്യവസായ-ഐ.ടി, എ.ഐ, വകുപ്പ് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി ആപ്പ് ലോഞ്ചിംഗ് നിർവഹിച്ചു.

ചടങ്ങിൽ പി.കെ. ഫിറോസ് എം.എൽ.എ അധ്യക്ഷത വഹിച്ചു. സാങ്കേതിക വിദ്യയുടെ സാധ്യതകൾ പൊതുസേവന രംഗത്ത് ഫലപ്രദമായി ഉപയോഗപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഫിർസേ ആപ്പ് തയ്യാറാക്കിയതെന്ന് അദ്ദേഹം പറഞ്ഞു. ജനങ്ങളുടെയും ജനപ്രതിനിധിയുടെയും ഇടയിലുള്ള ആശയവിനിമയം കൂടുതൽ സുഗമവും കാര്യക്ഷമവുമാക്കുക എന്നതാണ് ആപ്പിന്റെ പ്രധാന ലക്ഷ്യം.

കൊടുവള്ളി നിയോജക മണ്ഡലത്തിലെ ജനങ്ങൾക്ക് വിവിധ ആവശ്യങ്ങൾ, പരാതികൾ, നിർദേശങ്ങൾ, വികസന പദ്ധതികളുമായി ബന്ധപ്പെട്ട അഭിപ്രായങ്ങൾ എന്നിവ നേരിട്ട് എം.എൽ.എ ഓഫീസിന്റെ ശ്രദ്ധയിൽപ്പെടുത്താൻ ഈ ആപ്പ് സഹായകരമാകും. പരാതികളുടെ പുരോഗതി വിലയിരുത്താനും ബന്ധപ്പെട്ട വിവരങ്ങൾ തത്സമയം ലഭ്യമാക്കാനും ആപ്പിലൂടെ സാധിക്കും.

കൂടാതെ വിവിധ സർക്കാർ പദ്ധതികൾ, വിദ്യാഭ്യാസ മേഖലയിലെ അവസരങ്ങൾ, വ്യവസായ-സംരംഭകത്വ സഹായ പദ്ധതികൾ, ക്ഷേമപെൻഷൻ പദ്ധതികൾ, എം.എൽ.എ ഫണ്ട് ഉപയോഗിച്ച് നടപ്പിലാക്കുന്ന വികസന പ്രവർത്തനങ്ങൾ എന്നിവയെക്കുറിച്ചുള്ള വിവരങ്ങളും ആപ്പിലൂടെ പൊതുജനങ്ങൾക്ക് എളുപ്പത്തിൽ ലഭ്യമാകും.

Advertisement

ജനകീയ ഇടപെടലുകൾ കൂടുതൽ ശക്തിപ്പെടുത്തുകയും പൊതുജന സേവനങ്ങൾ സുതാര്യവും വേഗത്തിലുള്ളതുമാക്കുകയും ചെയ്യുന്ന ഡിജിറ്റൽ പ്ലാറ്റ്ഫോമായി ഫിർസേ ആപ്പ് മാറുമെന്ന് ചടങ്ങിൽ എം.എൽ എ അഭിപ്രായപ്പെട്ടു.

Continue Reading

Health

പാലക്കാട് ഡെങ്കിപ്പനി ബാധിച്ച് ഒരു മരണം

പനി കൂടിയതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്.

Published

on

പാലക്കാട് കരിമ്പുഴ പഞ്ചായത്തില്‍ ഡെങ്കിപ്പനി ബാധിച്ച് മരണം. കരിമ്പുഴ പഞ്ചായത്തിലെ പൊമ്പ്ര അമ്പലംപാടം കന്നിച്ചാലില്‍ മറിയ (62) ആണ് മരിച്ചത്. മൂന്ന് ദിവസം മുന്‍പാണ് മറിയക്ക് പനി ബാധിച്ചത്. തുടര്‍ന്ന് സമീപത്തുള്ള കുടുംബാരോഗ്യ കേന്ദ്രത്തില്‍ ചികിത്സ തേടി. പനി കൂടിയതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. വിദഗ്ദ്ധ ചികിത്സയ്ക്കായി പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് പോകാന്‍ ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചെങ്കിലും മറിയ തയ്യാറായില്ല. പിന്നീട് വൈകീട്ടോടെ പനി കടുത്തതിനെ തുടര്‍ന്ന് മണ്ണാര്‍ക്കാട് വട്ടമ്പലത്തിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

അതേസമയം നിപ ബാധിച്ച് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലുള്ള ഫാറൂഖ് കോളേജ് സ്വദേശിയായ 43 കാരന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. നിലവില്‍ 87 പേരാണ് സമ്പര്‍ക്കപ്പട്ടികയിലുള്ളത്. മലപ്പുറം, കണ്ണൂര്‍, കോഴിക്കോട് ജില്ലകളില്‍ നിന്നുള്ളവരാണ് ഈ പട്ടികയില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. ഇന്നലെ പരിശോധനയ്ക്കായി അയച്ച സമ്പര്‍ക്കപ്പട്ടികയിലുള്ള മൂന്ന് പേരുടെ ഫലം നെഗറ്റീവ് ആണ്.

 

Continue Reading

Trending