Health
പാലക്കാട് ഡെങ്കിപ്പനി ബാധിച്ച് ഒരു മരണം
പനി കൂടിയതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്.
പാലക്കാട് കരിമ്പുഴ പഞ്ചായത്തില്‍ ഡെങ്കിപ്പനി ബാധിച്ച് മരണം. കരിമ്പുഴ പഞ്ചായത്തിലെ പൊമ്പ്ര അമ്പലംപാടം കന്നിച്ചാലില്‍ മറിയ (62) ആണ് മരിച്ചത്. മൂന്ന് ദിവസം മുന്‍പാണ് മറിയക്ക് പനി ബാധിച്ചത്. തുടര്‍ന്ന് സമീപത്തുള്ള കുടുംബാരോഗ്യ കേന്ദ്രത്തില്‍ ചികിത്സ തേടി. പനി കൂടിയതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. വിദഗ്ദ്ധ ചികിത്സയ്ക്കായി പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് പോകാന്‍ ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചെങ്കിലും മറിയ തയ്യാറായില്ല. പിന്നീട് വൈകീട്ടോടെ പനി കടുത്തതിനെ തുടര്‍ന്ന് മണ്ണാര്‍ക്കാട് വട്ടമ്പലത്തിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
അതേസമയം നിപ ബാധിച്ച് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലുള്ള ഫാറൂഖ് കോളേജ് സ്വദേശിയായ 43 കാരന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. നിലവില്‍ 87 പേരാണ് സമ്പര്‍ക്കപ്പട്ടികയിലുള്ളത്. മലപ്പുറം, കണ്ണൂര്‍, കോഴിക്കോട് ജില്ലകളില്‍ നിന്നുള്ളവരാണ് ഈ പട്ടികയില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. ഇന്നലെ പരിശോധനയ്ക്കായി അയച്ച സമ്പര്‍ക്കപ്പട്ടികയിലുള്ള മൂന്ന് പേരുടെ ഫലം നെഗറ്റീവ് ആണ്.
Health
തൃശൂരില്‍ 2 കുട്ടികള്‍ക്ക് ഷിഗെല്ല സ്ഥിരീകരിച്ചു
വടക്കാഞ്ചേരി മംഗലം സ്വദേശികളായ രണ്ടു കുട്ടികള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.
സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ പകര്‍ച്ചവ്യാധികള്‍ പടര്‍ന്നുപിടിക്കുന്നതിനിടയില്‍ തൃശൂരിലും ഷിഗെല്ല സ്ഥിരീകരിച്ചു. വടക്കാഞ്ചേരി മംഗലം സ്വദേശികളായ രണ്ടു കുട്ടികള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. നാല് വയസുള്ള പെണ്‍കുട്ടിക്കും ഏഴ് വയസുള്ള ആണ്‍കുട്ടിക്കുമാണ് സ്ഥിരീകരിച്ചത്. ഇരുവരെയും തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിരീക്ഷണത്തിലാക്കിയിരിക്കുകയാണ്. നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാണെന്നും ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഷിഗെല്ല അതിവേഗം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. ഇന്നലെ മാത്രം 18 പേര്‍ക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. വയനാട് (7), തിരുവനന്തപുരം, കൊല്ലം, തൃശൂര്‍, മലപ്പുറം, കോഴിക്കോട് എന്നീ ജില്ലകളിലാണ് പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. കൂടാതെ, ഷിഗെല്ല രോഗബാധയെ തുടര്‍ന്ന് ഇന്നലെ സംസ്ഥാനത്ത് ഒരു മരണവും സ്ഥിരീകരിച്ചിട്ടുണ്ട്.
Health
ജ്യൂസില്‍ ഷിഗെല്ല ബാക്ടീരിയ; കാട്ടാക്കടയില്‍ ബേക്കറി അടപ്പിച്ചു
കഴിഞ്ഞ മേയ് 29-നാണ് ഓറഞ്ച് ഫ്‌ലേവറിലുള്ള ജ്യൂസിന്റെ സാമ്പിള്‍ ഭക്ഷ്യസുരക്ഷാ വിഭാഗം വഞ്ചിയൂരിലെ ലാബില്‍ പരിശോധനയ്‌ക്കെത്തിച്ചത്.
തിരുവനന്തപുരം: കാട്ടാക്കടയില്‍ ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചതിനു പിന്നാലെ, പ്രദേശത്തെ ബേക്കറിയിലെ ജ്യൂസ് സാമ്പിളില്‍ ഷിഗെല്ല ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തി. ഭക്ഷ്യസുരക്ഷാ വിഭാഗം നടത്തിയ പരിശോധനയിലാണ് ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയത്. ഇതേത്തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ എത്തി ബേക്കറി താത്കാലികമായി അടപ്പിച്ചു.
കഴിഞ്ഞ മേയ് 29-നാണ് ഓറഞ്ച് ഫ്‌ലേവറിലുള്ള ജ്യൂസിന്റെ സാമ്പിള്‍ ഭക്ഷ്യസുരക്ഷാ വിഭാഗം വഞ്ചിയൂരിലെ ലാബില്‍ പരിശോധനയ്‌ക്കെത്തിച്ചത്. വിശദമായ പരിശോധനയിലാണ് ഷിഗെല്ല ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയത്.
കോഴിക്കോട്, വയനാട് ജില്ലകളിലായി ഇന്ന് എട്ടുപേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. കോഴിക്കോട് പയ്യോളി സ്വദേശിയായ മൂന്ന് വയസുകാരനാണ് രോഗം കണ്ടെത്തിയത്. വയനാട് ജില്ലയില്‍ ഇന്ന് മാത്രം ഏഴ് പേര്‍ക്ക് കൂടി രോഗബാധ സ്ഥിരീകരിച്ചു. ഇതോടെ വയനാട് ജില്ലയില്‍ ഇതുവരെ ഷിഗെല്ല സ്ഥിരീകരിച്ചവരുടെ എണ്ണം 16 ആയി ഉയര്‍ന്നു. രോഗബാധയുടെ പശ്ചാത്തലത്തില്‍ ജില്ലയില്‍ പ്രതിരോധ നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ ആരോഗ്യവകുപ്പ് ശക്തമാക്കി. രോഗം സ്ഥിരീകരിച്ച 16 കുട്ടികളുടെയും ആരോഗ്യനില തൃപ്തികരമാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.
Health
മഴക്കാലത്ത് ഭീതിയായി ഷിഗെല്ല: രോഗലക്ഷണങ്ങൾ തിരിച്ചറിയാം, പ്രതിരോധ കവചമൊരുക്കാം
ഡോ. ഫാത്തിമ വർധ. കെ
കൺസൾട്ടന്റ് ജനറൽ മെഡിസിൻ
ആസ്റ്റർ മിംസ് കോഴിക്കോട്
കനത്ത മഴയ്‌ക്കൊപ്പം ജലജന്യ രോഗങ്ങൾ വ്യാപകമായി പടരുന്ന പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ഷിഗെല്ല ബാക്ടീരിയയുടെ ഭീഷണി വർധിച്ചുവരികയാണ്. വയനാട് സുൽത്താൻ ബത്തേരി കോളിയാടി സ്കൂളിലെ മുന്നൂറിലധികം വിദ്യാർഥികൾ രോഗലക്ഷണങ്ങളോടെ നിരീക്ഷണത്തിലാവുകയും കോഴിക്കോട്ട് നാലര വയസ്സുകാരിയിൽ കണ്ടെത്തിയ ഷിഗെല്ല രോഗബാധയെത്തുടർന്ന് മരണപ്പെടുകയും ചെയ്ത സാഹചര്യത്തിൽ ആരോഗ്യവകുപ്പ് അതീവ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. കേവലം ഒരു സാധാരണ വയറിളക്ക രോഗമായി ഇതിനെ തള്ളിക്കളയാനാവില്ല. കൃത്യമായ പ്രതിരോധവും ജാഗ്രതയും പുലർത്തിയില്ലെങ്കിൽ അതീവ ഗുരുതരമായി മാറാൻ സാധ്യതയുള്ള രോഗമാണ് ഷിഗെല്ല.
ഒളിച്ചിരിക്കുന്ന വില്ലന്മാർ
സാധാരണ വയറിളക്ക രോഗങ്ങൾ വ്യക്തിശുചിത്വ കുറവു കൊണ്ടോ ഭക്ഷ്യ വിഷബാധയോ മൂലം പടരുമ്പോൾ ഷിഗെല്ലയ്ക്ക് മറ്റൊരു സാധ്യത കൂടിയുണ്ട്. ഹോട്ടലുകളിലും തട്ടുകടകളിലും ഉപയോഗിക്കുന്ന രാസവസ്തുക്കൾ കലർന്ന ഭക്ഷ്യ പദാർത്ഥങ്ങൾ പാനീയങ്ങൾ ഉപയോഗിക്കുന്നതാണ് ഇപ്പോഴത്തെ പ്രധാന ഭീഷണി. കൂടാതെ മഴക്കാലമായതിനാൽ കിണറ്റിലേക്ക് മലിനജലം ഉറവയായി ഇറങ്ങുന്നതും വാട്ടർ ടാങ്കുകൾ കൃത്യമായി ക്ലോറിനേറ്റ് ചെയ്യാത്തതും രോഗം അതിവേഗം പടരാൻ കാരണമാകുന്നു.
ഷിഗെല്ല: ഈ ആദ്യകാല ലക്ഷണങ്ങൾ അവഗണിക്കരുത്
ഷിഗെല്ല ബാക്ടീരിയ ശരീരത്തിൽ പ്രവേശിച്ച് 1 മുതൽ 7 ദിവസത്തിനകം ലക്ഷണങ്ങൾ പ്രകടമാകും. താഴെ പറയുന്ന ലക്ഷണങ്ങൾ കണ്ടാൽ ഒട്ടും വൈകാതെ വൈദ്യസഹായം തേടേണ്ടതാണ്:
>>മലത്തോടൊപ്പം കഫവും രക്തവും കലർന്നു പോകുന്നത് ഷിഗെല്ലയുടെ പ്രധാന ലക്ഷണമാണ്.
>> കുടലിന്റെ ഭിത്തികളെ ബാക്ടീരിയ ആക്രമിക്കുന്നത് മൂലം കഠിനമായ വയറുവേദനയും കടുത്ത മലബന്ധം അനുഭവപ്പെടുകയും ചെയ്യുന്നത്.
>>പെട്ടെന്നുണ്ടാകുന്ന ഉയർന്ന പനി ശരീരത്തിൽ കടുത്ത ഇൻഫെക്ഷൻ ഉണ്ടാകുന്നതിന്റെ ആദ്യ സൂചനയാണിത്.
>>തുടർച്ചയായ ഛർദ്ദിയും മനംപുരട്ടലും ശരീരത്തിനുള്ളിൽ ആഹാരവും വെള്ളവും ഉള്ളിൽ നിൽക്കാത്ത അവസ്ഥ പതിയെ ശരീരത്തെ തളർത്തുന്നു.
>>തീവ്രമായ നിർജലീകരണം മൂലം മൂത്രത്തിന്റെ അളവ് കുറയുക, കടുത്ത ക്ഷീണം, ഉന്മേഷക്കുറവ് എന്നിവ ഇതിന്റെ ലക്ഷണങ്ങളാണ്.
ആരെയൊക്കെയാണ് രോഗം വേഗത്തിൽ ബാധിക്കുക?
>>അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികൾ: പ്രതിരോധശേഷി കുറവായതിനാൽ കുട്ടികളിലാണ് ഈ രോഗം പെട്ടെന്ന് വഷളാകുന്നത്.
>>പൊതു സ്ഥലങ്ങൾ: സ്കൂളുകൾ, ഹോസ്റ്റലുകൾ, ഡേ-കെയറുകൾ എന്നിവിടങ്ങളിൽ ഒരാൾക്ക് രോഗം വന്നാൽ മറ്റുള്ളവരിലേക്ക് അതിവേഗം പകരാൻ സാധ്യതയുണ്ട്.
>>വ്യക്തിശുചിത്വ കുറവ്: ശൗചാലയങ്ങൾ ഉപയോഗിച്ച ശേഷം കൈകൾ സോപ്പിട്ട് വൃത്തിയാക്കാത്തവരിലൂടെ രോഗം മറ്റുള്ളവരിലേക്ക് എളുപ്പത്തിൽ വ്യാപിക്കും.
നേരത്തെയുള്ള പരിശോധന ജീവൻ രക്ഷിക്കും
ഷിഗെല്ല ബാധിച്ച ഭൂരിഭാഗം വ്യക്തികളിൽ ഒരാഴ്ചയ്ക്കുള്ളിൽ രോഗം ഭേദമാകാറുണ്ടെങ്കിലും കുട്ടികളിലും പ്രായമായവരിലും ഇത് മാരകമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കാം. ശരീരത്തിലെ ലവണാംശം പൂർണ്ണമായി നഷ്ടപ്പെട്ട് ഷോക്കിലേക്കോ, അപസ്മാരത്തിലേക്കോ, വൃക്കകളെ ബാധിക്കുന്ന ഹീമോലിറ്റിക് യുറീമിക് സിൻഡ്രോം എന്ന ഗുരുതര അവസ്ഥയിലേക്കോ രോഗിയെ എത്തിക്കും.
അതിനാൽ ലക്ഷണങ്ങൾ കണ്ടാലുടൻ സ്വയം ചികിത്സ പൂർണ്ണമായും ഒഴിവാക്കുക. ഉദാഹരണത്തിന് വയറിളക്കം നിർത്താനുള്ള ഗുളികകൾ സ്വയം വാങ്ങി കഴിക്കുന്നത് ബാക്ടീരിയ ശരീരത്തിൽ തന്നെ തങ്ങിനിൽക്കാൻ കാരണമാകുമെന്നതിനാൽ ഇത് അപകടം ഇരട്ടിയാക്കും. അതിനാൽ വിദഗ്‌ധ സഹായം തേടുക.
ഷിഗെല്ല പ്രതിരോധത്തിനായി സ്വയം സജ്ജമാകാം
ഷിഗെല്ല പോലെയുള്ള ജലജന്യ രോഗങ്ങളെ ചെറുക്കാൻ ചികിത്സയേക്കാൾ പ്രധാനം മുൻകരുതലുകളാണ്. നമ്മുടെ ദൈനംദിന ജീവിതത്തിൽ വരുത്തുന്ന ചെറിയ ചില മാറ്റങ്ങളിലൂടെ ഈ രോഗത്തെ പൂർണ്ണമായും അകറ്റി നിർത്താൻ സാധിക്കും. ഇതിനായി താഴെ പറയുന്ന കാര്യങ്ങൾ കർശനമായി പാലിക്കുക:
>>ശുദ്ധമായ കുടിവെള്ളം ഉറപ്പാക്കുക: കിണറുകളും മറ്റ് കുടിവെള്ള സ്രോതസ്സുകളും ബ്ലീച്ചിങ് പൗഡർ ഉപയോഗിച്ച് കൃത്യമായി ക്ലോറിനേറ്റ് ചെയ്യേണ്ടത് അനിവാര്യമാണ്. കൂടാതെ, വെള്ളം വെറുതെ ചൂടാക്കാതെ നന്നായി തിളപ്പിച്ച ശേഷം മാത്രം കുടിക്കാൻ ഉപയോഗിക്കുക. പുറത്തുനിന്നുള്ള തണുത്ത പാനീയങ്ങളും ഐസും ഈ സാഹചര്യത്തിൽ പൂർണ്ണമായും ഒഴിവാക്കണം.
>>വ്യക്തിശുചിത്വം ശീലമാക്കുക: ആഹാരം പാകം ചെയ്യുന്നതിന് മുൻപും ശേഷവും, ശൗചാലയം ഉപയോഗിച്ച ശേഷവും കൈകൾ സോപ്പുപയോഗിച്ച് കുറഞ്ഞത് 20 സെക്കൻഡ് എങ്കിലും നന്നായി കഴുകാൻ ശ്രദ്ധിക്കുക. കുട്ടികളിലും ഈ ശീലം വളർത്തിയെടുക്കണം.
>>ആദ്യഘട്ട പരിചരണം പ്രധാനം: രോഗലക്ഷണങ്ങൾ കണ്ടാലുടൻ സ്വയം ചികിത്സ ഒഴിവാക്കുക. വയറിളക്കം തുടങ്ങിയാൽ ശരീരത്തിലെ ജലാംശം നഷ്ടപ്പെടാതിരിക്കാൻ ഒആർഎസ്, ഉപ്പിട്ട കഞ്ഞിവെള്ളം, കരിക്കിൻ വെള്ളം എന്നിവ കൃത്യമായ ഇടവേളകളിൽ നൽകാൻ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.
-
kerala2 days agoസിപിഎമ്മില്‍ നേതൃമാറ്റ മുറവിളി; പിണറായിക്കും എം.വി ഗോവിന്ദനുമെതിരെ ജില്ലാ കമ്മിറ്റികളില്‍ കടുത്ത വിമര്‍ശനം
-
GULF2 days agoയുഎഇയോട് ഹൃദയം ചേര്‍ത്തു അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍; ‘പ്രൗഡ് ഓഫ് യുഎഇ’ ശൈഖ് നഹ് യാന്‍ ഉല്‍ഘാടനം ചെയ്യും
-
Sports1 day agoഫുട്ബോള്‍ ലോകകപ്പ്; ആദ്യ ജയം ആതിഥേയർക്ക്, ദക്ഷിണാഫ്രിക്കയെ 2-0ത്തിന് തോല്‍പ്പിച്ചു
-
News1 day agoമൾട്ടിപ്പിൾ സ്ക്ലിറോസിസ്; നാഡികൾക്കുണ്ടാകുന്ന തകരാറുകൾ പൂർണ്ണമായി മാറ്റിയെടുക്കാനാകുമോ ?
-
Sports1 day agoഗ്രൂപ്പ് എയില്‍ ജയിച്ചു തുടങ്ങി ഏഷ്യന്‍ വമ്പന്മാരായ ദക്ഷിണ കൊറിയ; ചെക്ക് റിപ്പബ്ലിക്കിനെ ഒന്നിനെതിരെ രണ്ട് ഗോളിന് വീഴ്ത്തി
-
main stories1 day agoമായാത്ത തലയെടുപ്പ്-ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി
-
Health1 day agoമഴക്കാലത്ത് ഭീതിയായി ഷിഗെല്ല: രോഗലക്ഷണങ്ങൾ തിരിച്ചറിയാം, പ്രതിരോധ കവചമൊരുക്കാം
-
film23 hours agoസുഷിൻ ശ്യാം മാജിക്ക് വീണ്ടും ; ബാലൻ ദി ബോയ് സിനിമയുടെ ആദ്യ ഗാനമായ താക്കോൽ പുറത്തിറങ്ങി

