india
എഥനോള്‍ ചേര്‍ത്താല്‍ മൈലേജ് കുറയും; ജനങ്ങളുടെ ആശങ്കകള്‍ക്കിടെ ഒടുവില്‍ കുറ്റസമ്മതം നടത്തി കേന്ദ്രമന്ത്രി ഗഡ്കരി
പെട്രോളിനെ അപേക്ഷിച്ച് എഥനോളിന്റെ കലോറി മൂല്യം കുറവായതിനാലാണ് ഈ വ്യത്യാസമെന്നാണ് അദ്ദേഹം ‘ദി ഇന്ത്യന്‍ എക്സ്പ്രസിന്’ നല്കിയ അഭിമുഖത്തില്‍ വ്യക്തമാക്കിയത്.
ഉയര്‍ന്ന അളവില്‍ എഥനോള്‍ ചേര്‍ത്ത പെട്രോള്‍ വാഹനങ്ങളുടെ പ്രവര്‍ത്തനത്തെ ബാധിക്കുമെന്ന ആശങ്കകള്‍ക്കിടെ, ഇന്ധനത്തില്‍ എഥനോളിന്റെ അളവ് വര്‍ധിക്കുമ്പോള്‍ വാഹനങ്ങളുടെ മൈലേജില്‍ നേരിയ കുറവുണ്ടാകാമെന്ന് കേന്ദ്ര റോഡ് ഗതാഗത-ഹൈവേ മന്ത്രി നിതിന്‍ ഗഡ്കരി സമ്മതിച്ചു. പെട്രോളിനെ അപേക്ഷിച്ച് എഥനോളിന്റെ കലോറി മൂല്യം കുറവായതിനാലാണ് ഈ വ്യത്യാസമെന്നാണ് അദ്ദേഹം ‘ദി ഇന്ത്യന്‍ എക്സ്പ്രസിന്’ നല്കിയ അഭിമുഖത്തില്‍ വ്യക്തമാക്കിയത്.
എന്നാല്‍, എഥനോള്‍ മിശ്രിതം വാഹനങ്ങള്‍ക്ക് കേടുപാടുകള്‍ ഉണ്ടാക്കുന്നുവെന്ന രീതിയില്‍ സമൂഹമാധ്യമങ്ങളില്‍ ഉയരുന്ന ആരോപണങ്ങള്‍ അതിശയോക്തി കലര്‍ന്നതും ബോധപൂര്‍വം പ്രചരിപ്പിക്കുന്ന വ്യാജപ്രചാരണമാണെന്നും മന്ത്രി അവകാശപ്പെട്ടു. അതേസമയം, പഴയ വാഹനങ്ങളിലെ ചില റബര്‍, പ്ലാസ്റ്റിക് ഘടകങ്ങളെ E20 പെട്രോള്‍ ബാധിക്കാന്‍ സാധ്യതയുള്ളതിനാല്‍ സര്‍വീസിനിടെ അവ സൗജന്യമായി മാറ്റിനല്‍കാന്‍ വാഹന നിര്‍മാതാക്കള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന അദ്ദേഹത്തിന്റെ വിശദീകരണം, വിമര്‍ശകര്‍ ഉയര്‍ത്തുന്ന ആശങ്കകള്‍ക്ക് കൂടുതല്‍ ബലം നല്കുന്നതാണെന്ന വിലയിരുത്തലും ഉയരുന്നുണ്ട്.
പൂനെ ആസ്ഥാനമായുള്ള ഓട്ടോമോട്ടീവ് റിസര്‍ച് അസോസിയേഷന് ഓഫ് ഇന്ത്യ (ARAI) ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളുടെ പരീക്ഷണങ്ങള്‍ക്ക് ശേഷമാണ് രാജ്യവ്യാപകമായി E20 പെട്രോള്‍ നടപ്പാക്കിയതെന്നാണ് കേന്ദ്ര സര്‍ക്കാര്‍ പറയുന്നത്. എന്നാല്‍, മൈലേജ് കുറയില്ലെന്നും വാഹനങ്ങള്‍ക്ക് യാതൊരു പ്രശ്നവുമുണ്ടാകില്ലെന്നും നേരത്തെ വ്യാപകമായി പ്രചരിപ്പിച്ച അവകാശവാദങ്ങളില്‍ നിന്ന് വ്യത്യസ്തമായ നിലപാടാണ് ഇപ്പോള്‍ മന്ത്രിയുടെ വിശദീകരണത്തിലൂടെ പുറത്തുവന്നിരിക്കുന്നതെന്ന് വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നു.
പശ്ചിമേഷ്യയിലെ രാഷ്ട്രീയ അസ്ഥിരതയും ഫോസില്‍ ഇന്ധന ഇറക്കുമതിയിലുള്ള ആശ്രയത്വവും കുറയ്ക്കാനാണ് എഥനോള്‍, മെഥനോള്‍ തുടങ്ങിയ പകരം ഇന്ധനങ്ങളിലേക്ക് രാജ്യം നീങ്ങുന്നതെന്ന് ഗഡ്കരി പറഞ്ഞു. കര്‍ണാടകയില്‍ 15 ശതമാനം മെഥനോള്‍-ഡീസല്‍ മിശ്രിതത്തില്‍ ബസുകള്‍ പരീക്ഷിച്ചതായും, അസം പെട്രോ-കെമിക്കല്‍സ് കുറഞ്ഞ ചെലവില്‍ മെഥനോള്‍ ഉല്‍പ്പാദിപ്പിക്കുന്നതായും അദ്ദേഹം അറിയിച്ചു.
പ്രതിവര്‍ഷം ഏകദേശം രണ്ട് ലക്ഷം കോടി രൂപയുടെ ഫോസില്‍ ഇന്ധനമാണ് ഇന്ത്യ ഇറക്കുമതി ചെയ്യുന്നതെന്നും, തദ്ദേശീയ ഇന്ധനങ്ങളിലേക്ക് മാറുന്നതിലൂടെ ഇറക്കുമതി ചെലവ് കുറയ്ക്കുകയും മലിനീകരണം നിയന്ത്രിക്കുകയും ചെയ്യുകയാണ് ലക്ഷ്യമെന്നും കേന്ദ്ര സര്‍ക്കാര്‍ വിശദീകരിക്കുന്നു.
അതേസമയം, ജനങ്ങളുടെ വാഹനച്ചെലവും മൈലേജും നേരിട്ട് ബാധിക്കുന്ന വിഷയത്തില്‍ സമഗ്രമായ പൊതുപഠന റിപ്പോര്‍ട്ടുകള്‍ പുറത്തുവിടാതെ നയങ്ങള്‍ നടപ്പാക്കുകയും, പിന്നീട് മൈലേജ് കുറയാമെന്ന് കേന്ദ്രമന്ത്രി തന്നെ സമ്മതിക്കുകയും ചെയ്യുന്നത് ബിജെപി സര്‍ക്കാരിന്റെ ഇന്ധനനയത്തിലെ സുതാര്യതയെ ചോദ്യം ചെയ്യുന്നതാണെന്ന് പ്രതിപക്ഷവും വാഹന ഉപഭോക്തൃ സംഘടനകളും വിമര്‍ശിക്കുന്നു.
india
സെന്‍സസ്: ഓണ്‍ലൈന്‍ സെല്‍ഫ് എന്യൂമറേഷന് ഇന്ന് അവസാനിക്കും; വിവരങ്ങള്‍ രേഖപ്പെടുത്തേണ്ടത് എങ്ങനെ?
പൊതുജനങ്ങള്‍ക്ക് ഔദ്യോഗിക പോര്‍ട്ടലായ https://se.census.gov.in/ വഴി ഇന്ന് രാത്രി 12 മണി വരെ വിവരങ്ങള്‍ നേരിട്ട് സമര്‍പ്പിക്കാമെന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.
രാജ്യത്തെ ഡിജിറ്റല്‍ സെന്‍സസിന്റെ ഒന്നാംഘട്ടമായ ‘സെല്‍ഫ് എന്യൂമറേഷന്’ (ഓണ്‍ലൈനായി സ്വയം വിവരങ്ങള്‍ രേഖപ്പെടുത്തല്‍) നടപടികള്‍ ഇന്ന് (ജൂണ്‍ 30) അവസാനിക്കും. പൊതുജനങ്ങള്‍ക്ക് ഔദ്യോഗിക പോര്‍ട്ടലായ https://se.census.gov.in/ വഴി ഇന്ന് രാത്രി 12 മണി വരെ വിവരങ്ങള്‍ നേരിട്ട് സമര്‍പ്പിക്കാമെന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.
പ്രധാനമായും ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍:
സ്ഥിരമേല്‍വിലാസം മറ്റൊരിടത്താണെങ്കിലും നിലവില്‍ താമസിക്കുന്ന സ്ഥലത്തെ വിവരങ്ങളാണ് നല്‍കേണ്ടത്. വാടകയ്ക്ക് താമസിക്കുന്നവര്‍ക്കായി ‘വീടിന്റെ ഉടമസ്ഥരല്ല’ എന്ന് വ്യക്തമാക്കാനുള്ള ഓപ്ഷന് പോര്‍ട്ടലിലുണ്ട്.
ഒരു വീടിന്റെ വിവരങ്ങള്‍ രേഖപ്പെടുത്താന്‍ ഒരു മൊബൈല്‍ നമ്പര്‍ മാത്രമേ ഉപയോഗിക്കാന്‍ സാധിക്കൂ. വിവരങ്ങള്‍ വിജയകരമായി സമര്‍പ്പിച്ചു കഴിഞ്ഞാല്‍ ‘H’ എന്ന് തുടങ്ങുന്ന 11 അക്കങ്ങളുള്ള സെല്‍ഫ് എന്യൂമറേഷന് ഐഡി എസ്.എം.എസ് ആയോ ഇമെയില്‍ വഴിയോ ലഭിക്കും. ഇത് സ്ക്രീന്‍ഷോട്ട് എടുത്തോ എഴുതിയോ സൂക്ഷിക്കേണ്ടതാണ്. വീടുകളില്‍ എന്യൂമറേറ്റര്‍മാര്‍ എത്തുമ്പോള്‍ ഈ ഐഡി കൈമാറിയാല്‍ മതിയാകും. ഇന്ന് സ്വയം വിവരങ്ങള്‍ സമര്‍പ്പിക്കാത്തവരുടെ വീടുകളില്‍ നാളെ (ജൂലൈ 1) മുതല്‍ ജൂലൈ 31 വരെ എന്യൂമറേറ്റര്‍മാര്‍ നേരിട്ടെത്തി വിവരങ്ങള്‍ ശേഖരിക്കും.
‘Census-2027-HLO’ മൊബൈല്‍ ആപ്ലിക്കേഷന്‍ ഉപയോഗിച്ചാണ് ഇവര്‍ വിവരങ്ങള്‍ രേഖപ്പെടുത്തുക. വിവരങ്ങള്‍ ഓണ്‍ലൈനായി രേഖപ്പെടുത്തേണ്ട ഘട്ടങ്ങള്‍:ലോഗിന്‍ ചെയ്യുക: https://se.census.gov.in/ പോര്‍ട്ടല്‍ സന്ദര്‍ശിച്ച് ഡ്രോപ്പ് ഡൗണ്‍ മെനുവില്‍ നിന്ന് സംസ്ഥാനം തെരഞ്ഞെടുക്കുക. തുടര്‍ന്ന് കാപ്ച (Captcha) കോഡ് നല്കി മുന്നോട്ട് പോവുക.
ഗാര്‍ഹിക രജിസ്ട്രേഷന്: കുടുംബനാഥന്റെ പേരും മൊബൈല്‍ നമ്പറും നല്‍കുക. കുടുംബനാഥന് ആരാണെന്ന് മനസ്സിലാക്കാന്‍ സഹായിക്കുന്ന ടൂള്‍ടിപ്പ് അവിടെ ലഭ്യമാണ്. ഒരിക്കല്‍ രജിസ്റ്റര്‍ ചെയ്താല്‍ ഈ പേര് മാറ്റാന്‍ കഴിയില്ല.
ഭാഷയും OTP-യും: അനുയോജ്യമായ ഭാഷ തെരഞ്ഞെടുത്ത ശേഷം, മൊബൈലില്‍ ലഭിക്കുന്ന ഒടിപി (OTP) നല്കി വെരിഫിക്കേഷന് പൂര്‍ത്തിയാക്കുക.
വിലാസം നല്‍കുക: ജില്ല, പിന്‍കോഡ്, ഗ്രാമം/ടൗണ്‍, ലോക്കാലിറ്റി, അടുത്തുള്ള പ്രധാന ലാന്‍ഡ്മാര്‍ക്ക് എന്നിവ നല്കി സെര്‍ച്ച് ചെയ്യുക.
മാപ്പില്‍ സ്ഥലം അടയാളപ്പെടുത്തുക: സ്ക്രീനില്‍ കാണുന്ന ഇന്ററാക്ടീവ് മാപ്പിലെ ചുവന്ന മാര്‍ക്കര്‍ നിങ്ങളുടെ വീടിന്റെ കൃത്യമായ സ്ഥാനത്തേക്ക് ഡ്രാഗ് ചെയ്ത് മാറ്റുക. ശേഷം ‘Save and Next’ നല്‍കുക.
ചോദ്യാവലി പൂരിപ്പിക്കുക: വീടിന്റെ ഘടന, ലഭ്യമായ സൗകര്യങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട ഹൗസ് ലിസ്റ്റ്, ഹൗസിംഗ് സെന്‍സസ് ചോദ്യാവലി എന്നിവ പൂരിപ്പിക്കുക. സംശയങ്ങള്‍ക്ക് അവിടെയുള്ള നോട്ട്സ്, പതിവുചോദ്യങ്ങള്‍ (FAQs) എന്നിവ പരിശോധിക്കാം.
പ്രിവ്യൂവും തിരുത്തലുകളും: ‘Preview’ സ്ക്രീന്‍ വഴി നല്കിയ വിവരങ്ങള്‍ മുഴുവന്‍ പരിശോധിക്കാം. തെറ്റുകളുണ്ടെങ്കില്‍ തിരുത്താം. വിവരങ്ങള്‍ താല്‍ക്കാലികമായി ‘Draft’ ആയി സേവ് ചെയ്യാനും സാധിക്കും.ഫൈനല്‍ സബ്മിറ്റ്: എല്ലാ വിവരങ്ങളും കൃത്യമാണെന്ന് ഉറപ്പുവരുത്തിയ ശേഷം ‘Final Submit’ ക്ലിക്ക് ചെയ്യുക. ഇതിന് ശേഷം വിവരങ്ങളില്‍ മാറ്റം വരുത്താന്‍ സാധിക്കില്ല.
india
ആകാശം ഇടിഞ്ഞു വീഴാന്‍ പോകുന്നില്ല, എന്താണിത്ര തിടുക്കം?’; അയോധ്യ സംഭാവനക്കൊള്ളയില്‍ അടിയന്തരമായി വാദം കേള്‍ക്കാന്‍ വിസമ്മതിച്ച് സുപ്രീംകോടതി
അയോധ്യ രാമക്ഷേത്രത്തിലെ സംഭാവനക്കൊള്ളയില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട ഹര്‍ജിയില്‍ അടിയന്തരമായി വാദം കേള്‍ക്കാന്‍ സുപ്രീംകോടതി വിസമ്മതിച്ചു. ജസ്റ്റിസുമാരായ എം. എം. സുന്ദ്രേഷ്, ഷീല് നാഗു എന്നിവരുടെ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. ആകാശം ഇടിഞ്ഞു വീഴാന്‍ പോകുന്നില്ല, എന്താണിത്ര തിടുക്കം – സുപ്രീംകോടതി ചോദിച്ചു.
അഭിഭാഷകരായ അജയ് കുമാര്‍ റായ്, ദിനേശ് കുമാര്‍ യാദവ് എന്നിവര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് പരാമര്‍ശം. സിബിഐ നേതൃത്വത്തിലുള്ള മള്‍ട്ടി-ഡിസിപ്ലിനറി സ്പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീം (എസ്ഐടി) ആരോപണങ്ങളും സാമ്പത്തിക ക്രമക്കേടുകളും മറ്റ് നിയമവിരുദ്ധ കാര്യങ്ങളും അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹര്‍ജി നല്‍കിയത്.
അതിനിടെ, സംഭാവന കൊള്ളയില്‍ ക്ഷേത്ര ട്രസ്റ്റ് മുന്‍ ജനറല്‍ സെക്രട്ടറിയും വിഎച്ച്പി ഉപാധ്യക്ഷനും ചമ്പത് റായിയെ അന്വേഷണസംഘം വീണ്ടും ചോദ്യം ചെയ്തു. പ്രത്യേക അന്വേഷണ സംഘമാണ് ചമ്പത് റായുടെ വിശദമായ മൊഴിയെടുത്തത്. ട്രസ്റ്റ് അംഗമായിരുന്ന അനില്‍ മിശ്ര ട്രസ്റ്റുമായി ബന്ധമുള്ള ഗോപാല്‍ റാവു എന്നിവരെയും അന്വേഷണസംഘം ചോദ്യം ചെയ്യും. ബാങ്ക് ജീവനക്കാരുടെ മൊഴി അന്വേഷണസംഘം രേഖപ്പെടുത്തി. അറസ്റ്റിലായ എട്ട് പ്രതികളുടെ വീടുകള്‍ അടക്കം പത്തിടങ്ങളില്‍ പ്രത്യേക പൊലീസ് റെയ്ഡ് നടത്തി. കരാര്‍ രേഖകള്‍ പാസ്ബുക്കുകള്‍ ആഭരണം വാങ്ങിയ ബില്ലുകള്‍ എന്നിവ കണ്ടെത്തിയതായാണ് വിവരം.
india
നീലഗിരി ജില്ലയുടെ ചുമതലയുള്ള മന്ത്രി എസ്. കമലിക്ക് ഊട്ടിയില്‍ ഊഷ്മള സ്വീകരണം; ഗൂഡല്ലൂര്‍ ജനങ്ങളുടെ ആവശ്യങ്ങള്‍ ഉന്നയിച്ച് സഖ്യകക്ഷി നേതാക്കള്‍ നിവേദനം നല്കി
ഊട്ടി മാംഗോ ഹില്‍സ് ഹാളില്‍ നടന്ന സ്വീകരണച്ചടങ്ങില്‍ ഇന്ത്യന്‍ യൂണിയന് മുസ്ലിം ലീഗ്, കോണ്‍ഗ്രസ്, വിടുതലൈ ശിരുത്തൈകള്‍ കക്ഷി (വി.സി.കെ) ഉള്‍പ്പെടെയുള്ള സഖ്യകക്ഷി നേതാക്കള്‍ പൊന്നാട അണിയിച്ചും പൂച്ചെണ്ടുകള്‍ നല്‍കിയും മന്ത്രിയെ ആദരിച്ചു
തമിഴ്നാട് സര്‍ക്കാരിന്റെ മൃഗസംരക്ഷണ വകുപ്പ് മന്ത്രിയും നീലഗിരി ജില്ലയുടെ ചുമതലയുമുള്ള എസ്. കമലി, ചുമതലയേറ്റ ശേഷം ആദ്യമായി ഊട്ടിയിലെത്തിയപ്പോള്‍ സഖ്യകക്ഷി നേതാക്കള്‍ ഊഷ്മള സ്വീകരണം നല്കി. ഊട്ടി മാംഗോ ഹില്‍സ് ഹാളില്‍ നടന്ന സ്വീകരണച്ചടങ്ങില്‍ ഇന്ത്യന്‍ യൂണിയന് മുസ്ലിം ലീഗ്, കോണ്‍ഗ്രസ്, വിടുതലൈ ശിരുത്തൈകള്‍ കക്ഷി (വി.സി.കെ) ഉള്‍പ്പെടെയുള്ള സഖ്യകക്ഷി നേതാക്കള്‍ പൊന്നാട അണിയിച്ചും പൂച്ചെണ്ടുകള്‍ നല്‍കിയും മന്ത്രിയെ ആദരിച്ചു.
തുടര്‍ന്ന് ഗൂഡല്ലൂര്‍ മേഖലയിലെ ജനങ്ങള്‍ നേരിടുന്ന വിവിധ പ്രശ്നങ്ങള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ഇന്ത്യന്‍ യൂണിയന് മുസ്ലിം ലീഗ് നീലഗിരി ജില്ലാ ഭാരവാഹികള്‍ മന്ത്രിക്ക് നിവേദനം സമര്‍പ്പിച്ചു.
നിവേദനത്തില്‍ ഗൂഡല്ലൂര്‍ മേഖലയിലെ ദീര്‍ഘകാല ഭൂമി പ്രശ്നങ്ങള്‍ക്ക് ശാശ്വത പരിഹാരം കാണുക, മനുഷ്യ-വന്യജീവി സംഘര്‍ഷം തടയാന്‍ അടിയന്തര നടപടികള്‍ സ്വീകരിക്കുക, ചെറുകിട തേയില കര്‍ഷകരെ സംരക്ഷിക്കുന്നതിനായി പച്ചത്തേയിലയ്ക്ക് കിലോയ്ക്ക് കുറഞ്ഞത് 40 രൂപ താങ്ങുവില നിശ്ചയിക്കുക, വൈദ്യുതി സൗകര്യമില്ലാത്ത വീടുകള്‍ കണ്ടെത്തി അടിയന്തരമായി വൈദ്യുതി കണക്ഷന് നല്‍കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചു.
ചടങ്ങില്‍ മുസ്ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി വി.കെ. വട്ടക്കളരി അനീഫ, എസ്.ടി.യു ദേശീയ ട്രഷറര്‍ എന്‍.ആര്. അബ്ദുള്‍ മജീദ് (എരുമാട്), പ്രവാസിleague സംസ്ഥാന സെക്രട്ടറി നാസര്‍ ഫസ്റ്റ് മൈല്‍, കര്‍ഷക സംഘം ജില്ലാ പ്രസിഡന്റ് ബഷീര്‍ നെലാക്കോട്ട, യുവജന സംഘം ദേശീയ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം കെ.പി. ഫൈസല്‍, ഊട്ടി നഗര പ്രസിഡന്റ് അന്‍വറുദ്ദീന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
നിവേദനം സ്വീകരിച്ച മന്ത്രി എസ്. കമലി, ഗൂഡല്ലൂര്‍ മേഖലയിലെ ജനങ്ങളുടെ ആവശ്യങ്ങള്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി നീലഗിരി ജില്ലയിലെ ജനക്ഷേമം മുന്‍നിര്‍ത്തി എത്രയും വേഗം പരിഹാരനടപടികള്‍ സ്വീകരിക്കാന്‍ ശ്രമിക്കുമെന്നും ഉറപ്പുനല്‍കി.
-
kerala2 days agoമുന്‍ മന്ത്രി ഡോ. എം.കെ. മുനീറിന്റെ ഭാര്യാ മാതാവ് തോട്ടത്തില്‍ റംല അന്തരിച്ചു
-
News1 day agoഇറാനില്‍ അമേരിക്കന്‍ ആക്രമണം; 14 പേര് കൊല്ലപ്പെട്ടതായും 78 പേര്‍ക്ക് പരുക്കേറ്റതായും ഇറാന്, ഖമനയിയുടെ കബറടക്കം വൈകും
-
kerala4 hours agoകമ്മ്യൂണിറ്റി കോട്ട വിദ്യാർത്ഥികൾക്കുള്ള ഇ-ഗ്രാന്റ്സ് ഉടൻ ലഭ്യമാക്കാൻ നടപടി സ്വീകരിക്കുക: എംഎസ്എഫ്

