കൊച്ചി: ശബരിമലയില്‍ പ്രവേശിക്കാനെത്തിയ രഹന ഫാത്തിമക്കെതിരെ ബി.എസ്.എന്‍.എല്‍ നടപടി. ഇവരെ രവിപുരം ബ്രാഞ്ചിലേക്ക് സ്ഥലംമാറ്റി ബി.എസ്.എന്‍.എല്‍ അധികൃതര്‍ ഉത്തരവിറക്കി. എറണാകുളം ബിസിനസ് ഏരിയയിലെ ഉദ്യോഗസ്ഥയായിരുന്നു രഹന.

ആരുടെയും മതവികാരത്തെ വ്രണപ്പെടുത്തുന്നതില്‍ കൂട്ടുനില്‍ക്കാനാവില്ലെന്ന് ബി.എസ്.എന്‍.എല്‍ വൃത്തങ്ങള്‍ പറഞ്ഞു.

ശബരിമല വിഷയത്തില്‍ മതവികാരം വ്രണപ്പെടുത്തുന്ന രീതിയില്‍ പെരുമാറിയിട്ടുണ്ടെങ്കില്‍ രാജ്യത്തെ നിയമം അനുസരിച്ചുള്ള ശിക്ഷ നടപ്പിലാക്കുമെന്നും ബിഎസ്എന്‍എല്‍ നേരത്തെ അറിയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് നടപടി.

ശബരിമല ദര്‍ശനത്തിനെത്തിയ രഹനക്കെതിരെ ബിഎസ്എന്‍എല്‍ ഫേസ്ബുക്ക് പേജിലും രൂക്ഷ വിമര്‍ശനമുയര്‍ന്നിരുന്നു. ബി.എസ്.എന്‍.എല്‍ ബഹിഷ്‌കരണ ഭീഷണിയും ഫേസ്്ബുക്കില്‍ നിറഞ്ഞിരുന്നു.