ഡല്‍ഹി: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ അംഗം കെ.പി ശങ്കരദാസിന്റെ ഹരജി സുപ്രിംകോടതി തള്ളി. ശബരിമലയില്‍ നടന്നത് സമാനതകള്‍ ഇല്ലാത്ത കൊള്ളയെന്നു സുപ്രീം കോടതി പറഞ്ഞു.
ഇതേവിഷയത്തില്‍ മറ്റൊരു ഹരജിയില്‍ ഹൈക്കോടതി നടത്തിയ പരാമര്‍ശങ്ങള്‍ നീക്കണമെന്ന് ആവശ്യപ്പെട്ടാണ് കെ.പി ശങ്കരദാസ് ഹരജി നല്‍കിയത്. തന്റെ ഭാഗം കേള്‍ക്കാതെയാണെന്ന് പരാമര്‍ശമെന്ന് ശങ്കരദാസ് ഹരജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
സ്വര്‍ണക്കൊള്ളയില്‍ ബോര്‍ഡ് അംഗം എന്ന നിലയില്‍ ഉത്തരവാദിത്തമുണ്ടെന്ന് കോടതി നിരീക്ഷിച്ചു. വലിയ ക്രമക്കേടാണ് നടന്നതെന്നും സുപ്രീം കോടതി അറിയിച്ചു. 2019ലെ ബോര്‍ഡ് മെമ്പര്‍മാരായ ശങ്കര്‍ദാസ്, എന്‍.വിജയകുമാര്‍ എന്നിവരെ എന്തിന് ഒഴിവാക്കിയെന്നും ഇവര്‍ക്കെതിരെ നടപടി എന്തുകൊണ്ട് എടുത്തില്ലെന്നും എന്നായിരുന്നു കോടതിയുടെ ചോദ്യം. മറ്റ് പ്രതികളുടെ ജാമ്യാപേക്ഷ തള്ളിക്കൊണ്ടായിരുന്നു കോടതിയുടെ പരാമര്‍ശം.
കേസില്‍ അന്വേഷണ സംഘത്തിന് കൂടുതല്‍ സമയം നല്‍കി ഹൈക്കോടതി. അന്വേഷണം പൂര്‍ത്തിയാക്കാന്‍ ആറാഴ്ച കൂടി സമയമാണ് ഡിവിഷന്‍ ബെഞ്ച് നീട്ടി നല്‍കിയത്. ഇന്ന് ഹരജി പരിഗണിച്ച ഡിവിഷന്‍ ബെഞ്ചാണ് കൂടുതല്‍ സമയം വേണമെന്ന എസ്‌ഐടിയുടെ ആവശ്യം പരിഗണിച്ചത്. എസ്. ശശിധരന്‍ ഉള്‍പ്പെടെയുള്ള അന്വേഷണ ഉദ്യോഗസ്ഥര്‍ കോടതിയില്‍ ഹാജരായി. അടച്ചിട്ട കോടതി മുറിയിലാണ് കേസ് നടപടികള്‍. സ്വമേധയാ സ്വീകരിച്ച ഹരജി ഹൈക്കോടതി ഈ മാസം 19ന് വീണ്ടും പരിഗണിക്കും. അന്ന് അന്വേഷണ പുരോഗതി സംബന്ധിച്ച ഇടക്കാല റിപ്പോര്‍ട്ട് എസ്‌ഐടി കോടതിയില്‍ നല്‍കും.