യഥാര്‍ത്ഥ പ്രശ്‌നങ്ങളില്‍ നിന്ന് ജനശ്രദ്ധ തിരിച്ചുവിടാന്‍ സി.പി.എമ്മും ബി.ജെ.പിയും നടത്തുന്ന നാടകത്തിന്റെ ഫലമാണ് യുവതീ പ്രവേശനമെന്ന് കെ.പി.സി.സി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രന്‍ ആരോപിച്ചു.

ശബരിമലയില്‍ പ്രശ്‌നങ്ങള്‍ സങ്കീര്‍ണമാക്കുകയാണ് സി.പി.എമ്മിന്റെയും ബി.ജെ.പിയുടെയും ലക്ഷ്യമെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. യഥാര്‍ത്ഥ വിഷയങ്ങളെ മറച്ചുപിടിക്കുകയാണ് ലക്ഷ്യം. പ്രളയദുരിതത്തിന് ഇരയായവര്‍ക്ക് ഇനിയും നീതിലഭിച്ചിട്ടില്ല. സര്‍ക്കാറിനാല്‍ അവഗണിക്കപ്പെട്ട പ്രളയബാധിതരെ അണിനിരത്തി യഥാര്‍ത്ഥ പ്രശ്‌നങ്ങള്‍ ജനങ്ങള്‍ക്കു മുന്നിലെത്തിക്കാനാണ് കോണ്‍ഗ്രസും യു.ഡി.എഫും ശ്രമിക്കുന്നത്. യഥാര്‍ത്ഥ പ്രശ്‌നങ്ങള്‍ ചര്‍ച്ചയാകുമെന്ന് ഭയത്തിലാണ് ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിച്ച് പ്രശ്‌നങ്ങളുണ്ടാക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നത്. ജനങ്ങളുടെ യഥാര്‍ത്ഥ പ്രശ്‌നങ്ങള്‍ മനസ്സിലാക്കുന്നതില്‍ മുഖ്യമന്ത്രി ദയനീയമായി പരാജയപ്പെട്ടിരിക്കുന്നു. – മുല്ലപ്പള്ളി പറഞ്ഞു.

വിശ്വാസികള്‍ക്ക് വിശ്വാസം പുലര്‍ത്താനുള്ള അവകാശം സംരക്ഷിക്കുക എന്നതാണ് കാലാകാലങ്ങളായി കോണ്‍ഗ്രസ് പുലര്‍ത്തിപ്പോരുന്ന നയം. ശബരിമലയില്‍ സി.പി.എം നടത്തുന്നത് കപട വിശ്വാസികളെയും ആക്ടിവിസ്റ്റുകളെയും വെച്ചുകൊണ്ടുള്ള നീക്കങ്ങളാണ്. സി.പി.എമ്മിന്റെ ഈ നിലപാടിനെതിരെ വിശ്വാസികള്‍ കരുതിയിരിക്കണം. സി.പി.എമ്മിന്റെ വിശ്വാസ വിരോധം ശബരിമലയില്‍ മാത്രം നില്‍ക്കില്ല. ന്യൂനപക്ഷ വിഭാഗങ്ങളും സി.പി.എമ്മിനെതിരെ കരുതിയിരിക്കണമെന്നും മുല്ലപ്പള്ളി പറഞ്ഞു.