Connect with us

News

സംസ്ഥാനത്ത് ഇന്ന് മുതൽ SSLC, ഹയർ സെക്കൻഡറി പരീക്ഷകൾക്ക് തുടക്കം; 13 ലക്ഷത്തിലധികം വിദ്യാർത്ഥികൾ പരീക്ഷ എഴുതും

പരീക്ഷ രാവിലെ 9.30ന് ആരംഭിക്കും.

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും പരീക്ഷ ചൂട്. ഇന്ന് മുതൽ SSLCയും ഹയർ സെക്കൻഡറി പരീക്ഷകളും ആരംഭിക്കുന്നു. ഈ വർഷം 13 ലക്ഷത്തിലധികം വിദ്യാർത്ഥികളാണ് വിവിധ വിഭാഗങ്ങളിലായി പരീക്ഷ എഴുതുന്നത്. മലയാളം ഉൾപ്പെടെയുള്ള ആദ്യഭാഷാ വിഷയങ്ങളാണ് ഇന്ന് SSLCയിൽ നടക്കുന്നത്. ഒന്നാംവർഷ ഹയർ സെക്കൻഡറി പരീക്ഷകൾ ഇംഗ്ലീഷ് വിഷയത്തോടെ ആരംഭിക്കും.

സംസ്ഥാനത്തെ 3031 പരീക്ഷാകേന്ദ്രങ്ങളിലായി 4,17,497 വിദ്യാർത്ഥികളും ലക്ഷദ്വീപിലെ 9 കേന്ദ്രങ്ങളിലായി 386 കുട്ടികളും അടക്കം ആകെ 4,18,516 വിദ്യാർത്ഥികളാണ് ഇന്ന് SSLC പരീക്ഷ എഴുതുന്നത്. മലയാളം, തമിഴ്, കന്നട ഉൾപ്പെടെയുള്ള ഒന്നാംഭാഷാ വിഷയങ്ങളുടെ പരീക്ഷ രാവിലെ 9.30ന് ആരംഭിക്കും.

ഹയർ സെക്കൻഡറി വിഭാഗത്തിൽ ഒന്നാംവർഷ പരീക്ഷയ്ക്ക് 4,37,854 വിദ്യാർത്ഥികളാണ് ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി വിഭാഗങ്ങളിലായി പങ്കെടുക്കുന്നത്. രണ്ടാംവർഷ ഹയർ സെക്കൻഡറി പരീക്ഷകൾ നാളെ ആരംഭിക്കും. 4,79,263 വിദ്യാർത്ഥികളാണ് രണ്ടാംവർഷ പരീക്ഷ എഴുതുന്നത്. ഹയർ സെക്കൻഡറി പരീക്ഷകൾക്കായി 1977 കേന്ദ്രങ്ങൾ സജ്ജീകരിച്ചിട്ടുണ്ടെന്നും ഇൻവിജിലേറ്റർമാരായി ഏകദേശം 29,000 അധ്യാപകരെ നിയോഗിച്ചതായും വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.

SSLC പരീക്ഷകളുടെ മൂല്യനിർണയം 26,000ത്തോളം അധ്യാപകരെ നിയോഗിച്ച് ഏപ്രിൽ 7ന് ആരംഭിച്ച് ഏപ്രിൽ 28ന് പൂർത്തിയാക്കും. ഫലം മേയ് 8ന് പ്രസിദ്ധീകരിക്കും. ഫലം പ്രസിദ്ധീകരിച്ച തൊട്ടടുത്ത ദിവസം മുതൽ പ്ലസ് വൺ പ്രവേശനത്തിനുള്ള ഓൺലൈൻ അപേക്ഷ സമർപ്പിക്കാം. കഴിഞ്ഞ വർഷത്തെ പോലെ സമയബന്ധിതമായി പ്ലസ് വൺ അഡ്മിഷൻ നടപടികൾ പൂർത്തിയാക്കാനാണ് വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം.

ഹയർ സെക്കൻഡറി പരീക്ഷകളുടെ മൂല്യനിർണയം 89 ക്യാമ്പുകളിലായി ഏപ്രിൽ 6 മുതൽ ആരംഭിച്ച് മേയ് 22ന് ഫലപ്രഖ്യാപനം നടത്തും.

അതേസമയം, പശ്ചിമേഷ്യൻ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ ഗൾഫ് മേഖലകളിൽ നടത്താനിരുന്ന പരീക്ഷകൾ വിദ്യാഭ്യാസ വകുപ്പ് മാറ്റിവെച്ചിട്ടുണ്ട്. പുതുക്കിയ തീയതികൾ പിന്നീട് അറിയിക്കും.

Trending