kerala

‘പച്ചയ്ക്ക് വര്‍ഗീയത പറഞ്ഞയാള്‍ മന്ത്രിസഭയില്‍; യുഡിഎഫ് ആയിരുന്നെങ്കില്‍ പുറത്താക്കിയേനെ’: വി ഡി സതീശന്‍

By webdesk17

February 17, 2026

മണ്ണാര്‍ക്കാട്: പച്ചയ്ക്ക് വര്‍ഗീയത പറഞ്ഞ ഒരാള്‍ ഇപ്പോഴും കമ്മ്യൂണിസ്റ്റ് മന്ത്രിസഭയില്‍ തുടരുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ വിമര്‍ശിച്ചു. യുഡിഎഫ് ഭരണമായിരുന്നെങ്കില്‍ ഇത്തരമൊരാളെ 24 മണിക്കൂറിനകം ചെവിക്ക് പിടിച്ച് പുറത്താക്കിയേനെ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇത്തരം നിലപാടുകളെ വച്ചുപൊറുപ്പിക്കുന്ന സി.പി.എം എന്ത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയാണെന്നും സതീശന്‍ ചോദിച്ചു.

വര്‍ഗീയത പറയുന്നവരെ ശക്തമായി എതിര്‍ക്കുമെന്നും അത് ആര് പറഞ്ഞാലും വിട്ടുവീഴ്ചയുണ്ടാകില്ലെന്നും വി ഡി സതീശന്‍ വ്യക്തമാക്കി. ‘വോട്ട് ബാങ്ക് ഉണ്ടെന്ന് പറഞ്ഞ് ചിലര്‍ വരും, അത് കയ്യില്‍ വെച്ചാല്‍ മതി. പിണറായി വിജയനും വി.ഡി. സതീശനുമൊക്കെ കുറച്ചുനാള്‍ മാത്രമേ ഉണ്ടാവുകയുള്ളൂ. പിന്നീട് നമ്മളൊക്കെ വെറും ഓര്‍മ്മ മാത്രമാകും. എന്നാല്‍ അന്നും കേരളം നിലനില്‍ക്കണം,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കേരളത്തിലെ മതസൗഹാര്‍ദ്ദം തകര്‍ക്കാന്‍ ശ്രമിക്കുന്ന ആരെയും പ്രതിരോധിക്കുമെന്നും തന്റെ നിലപാടുകള്‍ കടുത്തതാണെന്ന് പറയുന്നവരുണ്ടാകാം, എന്നാല്‍ കേരളത്തിലെ മതേതര വിശ്വാസികള്‍ ഇത് ഇരുകയ്യും നീട്ടി സ്വീകരിക്കുമെന്നും വി ഡി സതീശന്‍ അവകാശപ്പെട്ടു. തിരഞ്ഞെടുപ്പ് കഴിയുമ്പോള്‍ മതേതര കേരളം രാജ്യത്തിന് മുന്നില്‍ തലയുയര്‍ത്തി നില്‍ക്കും. വര്‍ഗീയ വിഭജനം നടത്തി വോട്ട് പിടിക്കാന്‍ ശ്രമിക്കുന്ന സംഘ്പരിവാര്‍ പാതയിലാണ് സി.പി.എമ്മും മുന്നോട്ട് പോകുന്നതെന്നും സതീശന്‍ ആരോപിച്ചു.