kerala

തൊണ്ടിമുതല്‍ കേസ്; ആന്റണി രാജുവിന് ഇന്ന് നിര്‍ണായകം

By webdesk17

February 17, 2026

തിരുവനന്തപുരം: തൊണ്ടിമുതല്‍ കേസില്‍ ജനാധിപത്യ കേരള കോണ്‍ഗ്രസ് നേതാവും മുന്‍ എംഎല്‍എയുമായ ആന്റണി രാജുവിന് ഇന്ന് നിര്‍ണായകം. കേസില്‍ ആന്റണി രാജു സമര്‍പ്പിച്ച അപ്പീലില്‍ തിരുവനന്തപുരം ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ഇന്ന് ഉത്തരവ് പുറപ്പെടുവിക്കും. നേരത്തെ രണ്ട് തവണ ഉത്തരവ് പറയുന്നത് കോടതി മാറ്റി വെച്ചിരുന്നു.

അതേസമയം മജിസ്‌ട്രേറ്റ് കോടതി ഉത്തരവ് റദ്ദാക്കിയാല്‍ എംഎല്‍എയായി തിരികെയെത്താം. എന്നാല്‍ അപ്പീല്‍ തള്ളിയാല്‍ വലിയ തിരിച്ചടിയാകും. അഭിഭാഷകനായിരിക്കെ തൊണ്ടിമുതലായ അടിവസ്ത്രത്തില്‍ കൃത്രിമം നടത്തിയ സംഭവത്തിലാണ നെടുമങ്ങാട് മജിസ്‌ട്രേറ്റ് കോടതി് ആന്റണി രാജുവിനെ മൂന്നുവര്‍ഷത്തേക്ക് ശിക്ഷിച്ചിരുന്നത്. ഇതിന് പിന്നാലെ എംഎല്‍എ സ്ഥാനത്തുനിന്ന് അയോഗ്യനാക്കപ്പെട്ടിരുന്നു. കേസില്‍ രണ്ടാം പ്രതിയാണ് ആന്റണി രാജു. ഗൂഢാലോചന, തെളിവ് നശിപ്പിക്കല്‍, കള്ളത്തെളിവ് ഉണ്ടാക്കല്‍, വ്യാജരേഖ ചമയ്ക്കല്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥന്റെ വിശ്വാസ വഞ്ചന എന്നീ വകുപ്പുകളാണ് കേസില്‍ തെളിഞ്ഞത്.

1990 ഏപ്രില്‍ നാലിന് തിരുവനന്തപുരം വിമാനത്താവളത്തില്‍ 60 ഗ്രാം ഹാഷിഷുമായി പിടിയിലായ ആസ്‌ട്രേലിയന്‍ പൗരന്‍ ആന്‍ഡ്രൂ സാല്‍വദോര്‍ സര്‍വലിയെ രക്ഷപ്പെടുത്താന്‍ തൊണ്ടിമുതലായ അടിവസ്ത്രത്തില്‍ കൃത്രിമം കാണിച്ചുവെന്നാണ് കേസ്. അന്ന് വഞ്ചിയൂര്‍ കോടതിയിലെ അഭിഭാഷകനായിരുന്ന ആന്റണി രാജു തന്റെ സീനിയറായ അഡ്വ. സെലിന്‍ വില്‍ഫ്രഡുമായി ചേര്‍ന്നാണ് വക്കാലത്ത് ഏറ്റെടുത്തത്. എന്നാല്‍ കോടതി പ്രതിയെ 10 വര്‍ഷത്തേക്ക് ശിക്ഷിച്ചു. ഹൈക്കോടതിയില്‍ നിന്ന് ഇയാള്‍ അനുകൂല വിധി നേടി. തൊണ്ടിമുതലായ അടിവസ്ത്രം പ്രതിയുടേതല്ലെന്ന വാദം അംഗീകരിച്ചാണ് ആന്‍ഡ്രൂവിനെ കോടതി വിട്ടയച്ചത്.