തിരുവനന്തപുരം: എസ്.എഫ്.ഐ നേതാക്കള്‍ പഠിക്കാന്‍ അനുവദിക്കുന്നില്ലെന്നാരോപിച്ച് തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ വിദ്യാര്‍ത്ഥിനി ആത്മഹത്യക്ക് ശ്രമിച്ചു. ഒന്നാം വര്‍ഷ കെമിസ്ട്രി ബിരുദ വിദ്യാര്‍ത്ഥിനിയാണ് ആത്മഹത്യക്ക് ശ്രമിച്ചത്. പെണ്‍കുട്ടി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. വെള്ളിയാഴ്ച രാവിലെയാണ് കാമ്പസിനകത്തെ ലേഡീസ് റൂമില്‍ രക്തം വാര്‍ന്ന് കിടക്കുന്ന നിലയില്‍ പെണ്‍കുട്ടിയെ കണ്ടെത്തിയത്.

രണ്ട് പേജുള്ള ആത്മഹത്യാ കുറിപ്പിലാണ് പെണ്‍കുട്ടി എസ്.എഫ്.ഐ നേതൃത്വത്തിനെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിക്കുന്നത്. പരീക്ഷാ സമയത്തും ക്ലാസ് സമയങ്ങളിലും വിദ്യാര്‍ത്ഥി യൂണിയന്‍ നേതാക്കള്‍ നിര്‍ബന്ധിച്ച് ക്ലാസില്‍ നിന്ന് പുറത്തിറക്കി പരിപാടികളില്‍ പങ്കെടുപ്പിക്കുന്നതായും ക്ലാസുകള്‍ നഷ്ടപ്പെടുന്നതിനാല്‍ ഇന്റേര്‍ണല്‍ മാര്‍ക്ക് നഷ്ടപ്പെടുന്നുവെന്നും ആത്മഹത്യാ കുറിപ്പില്‍ പറയുന്നു.

ഇതിനെ കുറിച്ച് പ്രിന്‍സിപ്പലിനോട് പരാതി പറഞ്ഞുവെങ്കില്‍ നടപടിയുണ്ടായില്ല. പരാതിയെ കുറിച്ചറിഞ്ഞ എസ്.എഫ്.ഐ നേതാക്കള്‍ ഭീഷണിപ്പെടുത്തിയെന്നും സുഹൃത്തുക്കളില്‍ നിന്ന് ഒറ്റപ്പെടുത്തിയെന്നും ആത്മഹത്യാകുറിപ്പില്‍ പറയുന്നു.