ന്യൂഡല്‍ഹി : ഇന്ത്യന്‍ ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് പടിയിറങ്ങാനുള്ള മഹേന്ദ്രസിങ് ധോണിയുടെ തീരുമാനം ക്രിക്കറ്റ് ലോകത്തെ തെല്ലൊന്നുമല്ല അമ്പരപ്പിച്ചത്. കോഹ്ലി, സച്ചിന്‍ തുടങ്ങി ക്രിക്കറ്റ് ലോകത്തെ പ്രമുഖ താരങ്ങളെല്ലാം ധോണിക്ക് അഭിനന്ദനമര്‍പ്പിച്ച് രംഗത്തെത്തി.

എന്നാല്‍ ഇതിനിടയില്‍ വിരേന്ദ്ര സെവാഗിന്റെ മൗനമാണ് എല്ലാവരും ശ്രദ്ധിച്ചത്. എന്ത് സംഭവിച്ചാലും ട്വിറ്ററില്‍ ഉടന്‍ പ്രതികരണവുമായെത്തുന്ന വീരു പക്ഷെ ധോണിയുടെ വിരമിക്കലിനോട് പ്രതികരിച്ചതേയില്ല. ഇരുവരും തമ്മിലുള്ള പിണക്കത്തോട് പലരും ഇതിനെ കൂട്ടിവായിക്കുകയും ചെയ്തു.

എന്നാല്‍, ഇപ്പോള്‍ ധോണിയുടെ വിരമിക്കലിനോട് ക്രിക്കറ്റ് ടാക്കീസ് സൈറ്റിലെഴുതിയ സെവാഗിന്റെ ലേഖനം വൈറലാകുകയാണ്. ‘ഇന്ത്യന്‍ ഏകദിന ട്വന്റി-20 ലോകകപ്പുകളുടെ ക്യാപ്റ്റന്‍ സ്ഥാനത്തു നിന്നും ജനുവരി നാലിന് ധോണി വിരമിച്ചു. ഞാന്‍ പ്രതീക്ഷിച്ചതിലും കുറച്ചു ദിവസം മുമ്പായാണ് ഇതു സംഭവിച്ചത്. ധോണിയുടെ ഇഷ്ട നമ്പര്‍ ഏഴാണ്. ഏഴാം നമ്പര്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായ ധോണിക്ക് ഏഴാം തിയതി ആശംസയര്‍പ്പിക്കുന്നതാണ് നല്ലതെന്ന് കരുതി. അതാണ് വൈകിയത്- സെവാഗ് പറഞ്ഞു.

മികച്ച ക്യാപ്റ്റനെന്നതിലുപരി വലിയ ഹൃദയമുള്ള വ്യക്തിയാണ് ധോണിയെന്നും സെവാഗ് പറഞ്ഞു.