kerala

വാളയാര്‍ ആള്‍ക്കൂട്ടക്കൊല; നാല് പേര്‍ ബിജെപി അനുഭാവികളെന്ന് സ്പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട്

By webdesk18

December 22, 2025

പാലക്കാട്: വാളയാര്‍ ആള്‍ക്കൂട്ട കൊലയില്‍ പ്രതികളായ നാല് പേര്‍ ബിജെപി അനുഭാവികളെന്ന് സ്പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട്.  1, 2, 3, 5 പ്രതികള്‍ ബിജെപി അനുഭാവികളാണ്. കേസിലെ 4-ാം പ്രതി ആനന്ദന്‍ സിഐടിയു പ്രവര്‍ത്തകനെന്നും റിപ്പോര്‍ട്ട്. കേസില്‍ പാലക്കാട് ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈ എസ്പി പി. എം ഗോപകുമാര്‍ അന്വേഷണ ഉദ്യോഗസ്ഥനായ പ്രത്യക അന്വേഷണ സംഘത്തെ നിയോഗിച്ചിട്ടുണ്ട്.

പാലക്കാട് ജില്ലാ പൊലീസ് മേധാവി അനേഷണത്തിന് മേല്‍നോട്ടം വഹിക്കും. എസ്/എസ്ടി അട്രാസിറ്റി ഉള്‍പ്പെടെയുള്ള കൂടുതല്‍ വകുപ്പുകള്‍ ചേര്‍ക്കും . ബംഗ്ലാദേശിയാണോ എന്ന് ചോദിച്ചാണ് രാം നാരയണനെ ആര്‍എസ്എസ് പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ മര്‍ദിച്ച് കൊലപ്പെടുത്തിയത് . ബംഗ്ലാദേശിയാണോ എന്ന സംശയമാണോ കൊലപാതകത്തിന് കാരണമെന്ന് പരിശോധിക്കുമെന്നും പാലക്കാട് ജില്ലാ പൊലീസ് മേധാവി അജിത്ത് കുമാര്‍ പറഞ്ഞു.

അറസ്റ്റിലായവര്‍ നിരവധി ക്രമിനല്‍ കേസുകളിലെ പ്രതികളാണെന്നും ഇവരുടെ രാഷ്ട്രീയ പശ്ചത്തലം പരിശോധിക്കുമെന്നും ജില്ലാ പൊലീസ് മേധാവി പറഞ്ഞു. ആള്‍ക്കൂട്ട ആക്രമണത്തില്‍ കൂടുതല്‍ പേര്‍ പങ്കെടുത്തിട്ടുണ്ടെന്നാണ് പൊലീസ് നിഗമനം. ഇതില്‍ പലരും ഒളിവിലാണ്. കേസില്‍ ഇതുവരെ ആള്‍ക്കൂട്ട കൊലപാതകത്തിന്റെ വകുപ്പുകള്‍ ചുമത്തിയിട്ടില്ല . പ്രതികള്‍ രാം നാരായണനെ ക്രൂരമായി മര്‍ദിച്ചതായി റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. രാം നാരായണന്റെ മുതുകിലും തലക്കും ഗുരുതരമായി പരിക്കേറ്റതായും റിമാന്‍ഡ് റിപ്പോര്‍ട്ടിലുണ്ട്.