Connect with us

editorial

ശബരിമലയില്‍ ഉത്തരംമുട്ടുമ്പോള്‍

EDITORIAL

Published

on

ശബരിമലയിലെ ആചാരങ്ങളെ തള്ളിപ്പറയുകയും അയ്യന്റെ സ്വത്തുക്കള്‍ കൊള്ളയടിക്കുകയും ആഗോള അയ്യപ്പസംഗമത്തിന്റെ പേരില്‍ ദേവസ്വം സ്വത്തുക്കള്‍ വ്യാപകമായി ദുരുപയോഗം ചെയ്യുകയും ചെയ്ത പിണറായി സര്‍ക്കാര്‍ അയ്യപ്പ ഭക്തന്‍മാരെ മാത്രമല്ല, വിശ്വാസി സമൂഹത്തെ ഒന്നടങ്കം വെല്ലുവിളിച്ചും പരിഹസിച്ചും മുന്നോട്ടു പോവുകയാണ്. ശബരിമലയുമായി ബന്ധപ്പെട്ട് വ്യത്യസ്ത വിഷയങ്ങളില്‍ സര്‍ക്കാര്‍ കൈക്കൊണ്ട നടപടികള്‍ സന്നിധാനത്തിന്റെ പവിത്രത കളങ്കപ്പെടുത്തുകയെന്ന ഗൂഢ ലക്ഷ്യത്തോടെയുള്ളതാണെന്ന് പ്രഥമ ദൃഷ്ട്യാ തന്നെ വ്യക്തമാണ്. സ്വര്‍ണക്കൊള്ളയില്‍ പ്രതികളാക്കപ്പെട്ടവര്‍ക്ക് എല്ലാ സംരക്ഷണം ഒരുക്കുകയും പ്രത്യേക അന്വേഷണ സംഘത്തിന്റെ അന്വേഷണം മുന്‍മന്ത്രിമാരുള്‍പ്പെടെയുള്ള സര്‍ക്കാറിലെയും സി.പി.എമ്മിലെയും പ്രമുഖരിലേക്ക് നീങ്ങുകയുമാണെങ്കില്‍ ആഗോള അയ്യപ്പ സംഗമത്തിന്റെ പേരില്‍ ദേവസ്വംഫണ്ട് അടിച്ചുമാറ്റിയതിന്റെ കണക്കുകള്‍ ഒന്നൊന്നായി പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. ശബരിമലയിലെ യുവതി പ്രവേശനവുമായി ബന്ധപ്പെട്ടാകട്ടേ പരമോന്നത നീതിപീഠത്തിനുമുന്നില്‍ അഴകൊഴമ്പന്‍ സമീപനം സ്വീകരിച്ചുകൊണ്ട് വിശ്വാസികളെ ഒന്നടങ്കം മുള്‍മുനയില്‍ നിര്‍ത്താനുള്ള ശ്രമങ്ങളാണ് നടത്തിക്കൊണ്ടിരിക്കുന്നത്.

ആഗോള അയ്യപ്പസംഗമത്തില്‍ വന്‍തോതിലുള്ള അഴിമതിക്കും ധൂര്‍ത്തിനും പുറമെ അനധികൃതമായി പണംചെലവഴിച്ചെന്നുമുള്ള കണക്കുകളാണ് പുറത്തുവന്നിരിക്കുന്നത്. ഉദ്ഘാടനച്ചടങ്ങിന്റെ തലേദിവസം പമ്പയില്‍ എത്തിയ മുഖ്യമന്ത്രിക്ക് ഒരു രാത്രി താമസിക്കാന്‍ രണ്ടു ലക്ഷത്തോളം രൂപയാണ് ചെലവഴിച്ചത്. 1,11,365 രൂപയാണ് കട്ടിലിനും ബെഡിനും ചെലവായത്. ഇടനാഴിയില്‍ 15,930 രൂപയുടെ ചുവന്ന പരവതാനിയും വിരിച്ചു. അതിഥികള്‍ക്ക് മുറിയൊരുക്കാന്‍ കുമരകത്തും മൂന്നാറിലും കോട്ടയത്തുമായി ചിലവിട്ടത് 37 ലക്ഷം രൂപയായിരുന്നു. അങ്ങിനെയങ്ങിനെ ഒരുനിലക്കും ന്യായീകരിക്കാന്‍ കഴിയാത്ത അഴിമതിയുടെയും ധൂര്‍ത്തിന്റെയും മഹാമേളയാക്കി സംഗമത്തെ മാറ്റുകയും കള്ളക്കണക്കുകള്‍ ജനങ്ങളുടെ മുന്നില്‍ എത്തുകയും ചെയ്തപ്പോള്‍ എല്ലാം ദേവസ്വം ബോര്‍ഡിന്റെ തലയിലിട്ട് കൈകകഴുകാനായിരുന്നു സര്‍ക്കാറിന്റെ ശ്രമം. എന്നാല്‍ ന്യായീകരണവുമായി വന്ന ദേവസ്വം ബോര്‍ഡിന്റെ വാദങ്ങള്‍ വിചിത്രവും സാമാന്യബുദ്ധിക്ക് നിരക്കാത്ത തരത്തിലുള്ളതുമായിരുന്നു. ഓഡിറ്റര്‍ക്ക് പിഴച്ചതാണെന്നും ഓഡിറ്റ് റിപ്പോര്‍ട്ട് തള്ളിക്കളയുന്നുവെന്നുമായിരുന്നു ബോര്‍ഡിന്റെ വിശദീകരണം. അയ്യപ്പ സംഗമത്തിന്റെ റിപ്പോര്‍ട്ട് സ്‌പെഷല്‍ കമ്മിഷണര്‍ ഹൈക്കോടതിയില്‍ അക്കമിട്ട് നിരത്തിയതോടെയാണ് ബോര്‍ഡും വകുപ്പും സര്‍ക്കാറുമെല്ലാം ഒരുപോലെ വെള്ളംകുടിച്ചത്. അതിനിടെ അയ്യപ്പ സംഗമത്തിന്റെ തുടക്കം മുതല്‍ ഒടുക്കം വരെയുള്ള എല്ലാ കാര്യങ്ങളും നടന്നത് ദേവസ്വം വകുപ്പ് മന്ത്രി വി. എന്‍ വാസവന്റെ മേല്‍നോട്ടത്തിലാണന്ന റിപ്പോര്‍ട്ട് പുറത്തുവന്നതോടെ കള്ളക്കളികള്‍ മറനീക്കി പുറത്തുവരികയായിരുന്നു. 2025 ജൂലൈ 31ന് ആണ് അഖിലലോക അയ്യപ്പസംഗമം സംഘടിപ്പിക്കുന്നതിനായി മന്ത്രി വാസവന്റെ അധ്യക്ഷതയില്‍ അദ്ദേഹത്തിന്റെ ചേംബറില്‍ ആദ്യ യോഗം ചേര്‍ന്നതെന്നും ഈ യോഗത്തിലാണ് സംഗമത്തിന് ഔപചാരികമായി രൂപം നല്‍കിയതെന്നുമാണ് റിപ്പോര്‍ട്ട്.

ഈ വിവാദങ്ങള്‍ കൊടുമ്പിരിക്കൊണ്ടിരിക്കുന്നതിനിടെയാണ് ശബരിമല യുവതി പ്രവേശനത്തില്‍ മാര്‍ച്ച് 14 ന് മുന്‍പ് നിലപാട് വ്യക്തമാക്കണമെന്ന് സുപ്രീംകോടതി നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഇക്കാര്യത്തില്‍ സ്ത്രീപ്രവേശനത്തിന് അനുകൂലമായി മുമ്പ് നല്‍കിയിട്ടുള്ള സത്യവാങ്മൂലം തിരുത്താന്‍ സര്‍ക്കാര്‍ തയാറാകുമോ എന്നതാണ് കേരളം ഉറ്റുനോക്കുന്നത്. യുവതീ പ്രവേശനം ആകാമെന്നും ഇത് തുല്യനീതിയെന്നുമാണ് നേരത്തേ നല്‍കിയിട്ടുള്ള സത്യവാങ്മൂലത്തിലുള്ളത്. 2006 ലാണ് ശബരിമലയില്‍ യുവതിപ്രവേശം വിലക്കുന്നതിനെതിരേ സുപ്രീംകോടതിയില്‍ ഹരജിയെത്തിയത്. എന്നാല്‍ 2007 ല്‍ അന്നത്തെ ഇടതുസര്‍ക്കാര്‍ സ്ത്രീപ്രവേശത്തിന് അനുകുല നിലപാടുമായി സത്യവാങ്മൂലം നല്‍കുകയായിരുന്നു. ഒരേ മതത്തില്‍ വിശ്വസിക്കുന്ന എല്ലാവര്‍ക്കും തുല്യ ആരാധനാ സ്വാതന്ത്ര്യം ഭരണഘടന അനുശാസിക്കുന്നുണ്ടെന്നാണ് അതില്‍ വ്യക്തമാക്കിയിരുന്നത്. 2016 ലാണ് പിന്നീട് ജസ്റ്റിസ് ദീപക് മിശ്രയുടെ മൂന്നംഗ ബെഞ്ചിനുമുന്‍പാകെ കേസെത്തിയത്. അപ്പോഴേക്കും കേരളത്തില്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ അധികാരത്തില്‍ എത്തുകയും യുവതി പ്രവേശം വേണ്ടെന്ന നിലപാടെടുക്കുകയും ചെയ്തു. കേസ് 2018 ല്‍ ഭരണഘടനാ ബെഞ്ച് പരിഗണിച്ചപ്പോഴേക്കും സംസ്ഥാനത്ത് ഭരണമാറ്റമുണ്ടായി പിണറായി സര്‍ക്കാറെത്തുകയും യുവതിപ്രവേശത്തെ ശക്തമായി അനുകൂലിക്കുകയുംചെയ്യുകയായിരുന്നു. ഈ സന്നിഗ്ധഘട്ട ത്തില്‍പോലും മുഖ്യമന്ത്രിയും മന്ത്രിമാരുമെല്ലാം സ്വീകരിക്കുന്ന നിലപാടുകളില്‍ നിന്ന് വ്യക്തമാകുന്നത് സര്‍ക്കാര്‍ ഇപ്പോഴും ആചാര ലംഘനത്തില്‍ ഉറച്ചുനില്‍ക്കുകയാണെന്നതാണ്. തീര്‍ത്തും രാഷ്ട്രീയവും സാമ്പത്തികവുമായ ലക്ഷ്യത്തില്‍ നടത്തിയിട്ടുള്ള അയ്യപ്പ സംഗമത്തിന്റെ വിജയത്തിന് വേണ്ടി സാമുദായിക സംഘടനകള്‍ക്ക് നല്‍കിയ വാക്കുമാത്രമാണ് അവര്‍ തിരിച്ചടിയായി കാണു ന്നതെന്നതാണ് യാഥാര്‍ത്ഥ്യം. ഏതായാലും ശബരിമലയോട് ഈ സര്‍ക്കാര്‍ കാണിക്കുന്ന നിഷേധാത്മക സമീപനം ഒന്നൊന്നായി തുറന്നുകാണിക്കപ്പെടുകയാണ്.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

editorial

തിരഞ്ഞെടുപ്പാനന്തര ബംഗ്ലാദേശ്

ഷെയ്ഖ് ഹസീനയുടെ അവാമി ലീഗിനെ തിരഞ്ഞെടുപ്പില്‍ നിന്ന് വിലക്കിയതിനാല്‍ ബി.എന്‍.പി.യും ബംഗ്ലാദേശ് ജമാഅത്തെ ഇസ്ലാമി നയിക്കുന്ന 11 പാര്‍ട്ടികളുടെ മുന്നണിയും തമ്മിലായിരുന്നു പ്രധാന മത്സരം.

Published

on

By

ബംഗ്ലാദേശ് പൊതുതിരഞ്ഞെടുപ്പില്‍ ബി.എന്‍.പി (ബം ഗ്ലാദേശ് നാഷണലിസ്റ്റ് പാര്‍ട്ടി) വന്‍ ഭൂരിപക്ഷം നേടിയതോ ടെ പാര്‍ട്ടിയുടെ ആക്ടിങ് ചെയര്‍മാനും മുന്‍പ്രധാനമന്ത്രി ഖാലിദസിയയുടെ മകനുമായ താരിഖ് റഹ്‌മാന്‍ പ്രധാനമന്ത്രിപദത്തിലേറാനിരിക്കുകയാണ്. മുന്നൂറംഗ ജാതീയ സന്‍ സദില്‍ (ബംഗ്ലാദേശ് പാര്‍ലമെന്റ) ഇരുന്നൂറിലധികം സീറ്റുകള്‍ നേടിയുള്ള താരിഖിന്റെ അധികാരാരോഹണം ബംഗ്ല രാഷട്രീയത്തിന്റെ തലമുറമാറ്റം കൂടിയായാണ് വിശേഷിപ്പി ക്കപ്പെടുന്നത്. ഷെയ്ഖ് ഹസീനയുടെ അവാമി ലീഗിനെ തിരഞ്ഞെടുപ്പില്‍ നിന്ന് വിലക്കിയതിനാല്‍ ബി.എന്‍.പി.യും ബംഗ്ലാദേശ് ജമാഅത്തെ ഇസ്ലാമി നയിക്കുന്ന 11 പാര്‍ട്ടികളുടെ മുന്നണിയും തമ്മിലായിരുന്നു പ്രധാന മത്സരം. ഖാലിദ സിയ പ്രധാനമന്ത്രിയായിരുന്ന കാലത്ത് അധികാരത്തിന്റെ ഇടനാഴികളില്‍ നിറസാനിധ്യമായിരുന്ന താരീഖിന്റെ പേരില്‍ അഴിമതിയുടെ കരിനിഴല്‍ പതിക്കുകയും അതുവഴി രാജ്യംതന്നെ വിടേണ്ടിവരികയും ചെയ്തിരുന്നു വെങ്കിലും പുതിയ സാഹചര്യത്തില്‍ രാഷ്ട്രത്തെ രക്ഷപ്പെടുത്താനുള്ള ഉത്തരവാദിത്തം ജനങ്ങള്‍ വീണ്ടും അദ്ദേഹത്തെ ഏല്‍പ്പിച്ചിരിക്കുകയാണ്. ശൈഖ് ഹസീനയുടെ അവാമി ലീഗിനെയും ഖാലിദ സിയയുടെ ബി.എന്‍.പിയെയും പതിറ്റാണ്ടുകളോളം മാറിമാറി പരീക്ഷിച്ചിരുന്ന ബംഗ്ലാദേശ് ജനത പിന്നീട് അവാമി ലീഗിന് ഭരണത്തുടര്‍ച്ച നല്‍കുകയായിരുന്നു. എന്നാല്‍ തുടര്‍ഭരണത്തിന്റെ ആലസ്യത്തില്‍ രാജ്യത്തെയും ജനങ്ങളെയും മറന്ന്, രാജ്യഭരണം സ്വന്തക്കാര്‍ക്കും ബന്ധുക്കള്‍ക്കും വകവെച്ചുനല്‍കിയതോടെയാണ് കാര്യങ്ങള്‍ കൈവിട്ടുപോകുന്നതും ഒരു ഇടക്കാല തിരഞ്ഞെടുപ്പിലേക്ക് കാര്യങ്ങള്‍ എത്തിച്ചേരുന്നതും.

എന്നാല്‍ താരിഖ് റഹ്‌മാന്‍ ബംഗ്ലാദേശില്‍ അധികാര കസേരയിലേക്ക് എത്തുമ്പോള്‍ മുന്നിലുള്ളത് കനത്ത വെല്ലുവിളികളാണ്. ആഭ്യന്തരമായി വലിയ സംഘര്‍ഷങ്ങള്‍ ബംഗ്ലാദേശ് നേരിടുന്ന കാലത്താണ് താരിഖ് റഹ്‌മാന്‍ പ്രധാനമന്ത്രിയാകുന്നത്. ബംഗ്ലാദേശിന്റെ മുന്‍ പ്രസിഡന്റ് സിയാവുര്‍ റഹ്‌മാന്റെയും മുന്‍ പ്രധാനമന്ത്രി ഖാലിദ സിയയുടെയും മൂത്ത മകനായ അദ്ദേഹത്തെ സംബന്ധിച്ചു അധികാര രാഷ്ട്രീയം പുതുമനിറഞ്ഞതല്ല. നാഷണലിസ്റ്റ് പാര്‍ട്ടിയു ടെ സ്ഥാപകനും രാജ്യത്തിന്റെ പ്രസിഡന്റുമായ പിതാവ് സിയാവുര്‍ റഹ്‌മാന്‍ സ്വന്തം സൈന്യത്തിന്റെ വെടിയേറ്റ് മരിച്ചത് 1981ലാണ്. അന്ന് താരിഖ് റഹ്‌മാന് വെറും 16 വയസായിരുന്നു പ്രായം. സിയാവുര്‍ റഹ്‌മാന്റെ മരണശേഷമാണ് ഭാര്യ ഖാലിദ സിയ സജീവ രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയത്. മാതാവിനൊപ്പം എന്നും അധികാരത്തിന്റെ വഴികളില്‍ കരുത്തനായി താരിഖ് റഹ്‌മാന്‍ ഉണ്ടായിരുന്നു. ഖാലിദ സിയ പ്രധാനമന്ത്രിയായ കാലത്ത് പാര്‍ട്ടിയിലെയും ഭരണത്തി ലെയും ഏറ്റവും സ്വാധീനമുള്ള വ്യക്തിയായിരുന്നു താരിഖ് റഹ്‌മാന്‍. ഷെയ്ഖ് ഹസീന അധികാരത്തില്‍ വന്നതോടെ അഴിമതി കേസുകളില്‍ താരിഖ് പ്രതിയായി. ചിലതില്‍ ശിക്ഷിക്കപ്പെട്ടു. അങ്ങനെ മാതൃരാജ്യം വിട്ട് ഓടേണ്ടി വന്നു. 2008 മുതല്‍ ലണ്ടനില്‍ ഇരുന്നാണ് പാര്‍ട്ടിയെ നയിച്ചത്.

നീണ്ട 17 വര്‍ഷം പ്രവാസ ജീവിതം. 2024 ല്‍ ഷെയ്ഖ് ഹസീന അധികാരത്തില്‍ നിന്ന് പുറത്തായി രാജ്യം വിട്ടോടിയതോടെ ആണ് താരിഖ് റഹ്‌മാനെതിരെയുള്ള ക്രിമിനല്‍ കേസുകള്‍ റദ്ദാക്കപ്പെട്ടത്. അങ്ങനെ കഴിഞ്ഞ ഡിസംബറില്‍ ബംഗ്ലാദേശില്‍ മടങ്ങിയെത്തി. ഖാലിദ സിയയുടെ മ രണത്തോടെ ബംഗ്ലാദേശ് നാഷണലിസ്റ്റ് പാര്‍ട്ടിയുടെ ചെയര്‍മാനായി താരിഖ് ചുമതലയേറ്റു. ലക്ഷ്യം പ്രധാനമന്ത്രി പദം തന്നെ ആയിരുന്നു. ആ അധികാര കസേര ഇപ്പോള്‍ താരിഖ് റഹ്‌മാന്‍ നേടിയിരിക്കുന്നു. എന്നാല്‍ അദ്ദേഹത്തിന്റെ മുന്നിലുള്ള വെല്ലുവിളികള്‍ ചെറുതല്ല. അഴിമതിക്കാരന്‍ എന്ന പഴയ പ്രതിച്ഛായ മാറ്റണം, രാജ്യത്ത് ജനാധിപത്യം പുനഃസ്ഥാപിക്കണം, കടുത്ത സാമ്പത്തിക വെല്ലുവിളികളെ മറികടക്കണം, 17 കോടിവരുന്ന ബംഗ്ലാദേശ് ജനത യുടെ പ്രതീക്ഷകള്‍ സഫലമാക്കണം.
ചരിത്ര വിജയത്തിന് പിന്നാലെ നടത്തിയ ആദ്യ പ്രസംഗത്തില്‍ പ്രതീക്ഷയുടെ കിരണങ്ങളാണ് നിയുക്തപ്രധാനമന്ത്രി രാജ്യത്തിന് നല്‍കിയിരിക്കുന്നത്. ജനാധിപത്യത്തിനുവേണ്ടി ജീവന്‍ ബലി നല്‍കിയവര്‍ക്കായാണ് തിരഞ്ഞെടുപ്പ് വിജയം അദ്ദേഹം സമര്‍പ്പിച്ചത്.

‘നമ്മുടെ അഭിപ്രായങ്ങളും വഴികളും വ്യത്യസ്തമായിരിക്കാം, പക്ഷേ രാജ്യത്തിന്റെ താല്‍പ്പര്യത്തിനുവേണ്ടി നമ്മള്‍ ഒന്നിച്ചുനില്‍ക്കണം. ദേശീയ ഐക്യമാണ് നമ്മുടെ കരുത്ത്, ഭിന്നത ബല ഹീനതയും’ അദ്ദേഹം വ്യക്തമാക്കുകയുണ്ടായി. 299 അംഗ പാര്‍ലമെന്റില്‍ 212 സീറ്റുകള്‍ ബി.എന്‍.പി നേടിയപ്പോള്‍ മുഖ്യ എതിരാളികളായ ജമാഅത്തെ ഇസ്ലാമി സഖ്യത്തി ന് 77 സീറ്റുകള്‍ മാത്രമേ നേടാനായുള്ളൂ. ഷെയ്ഖ് ഹസീനയെ പുറത്താക്കിയ പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം നല്‍കിയ വിദ്യാര്‍ത്ഥികളുടെ പാര്‍ട്ടിയായ നാഷണല്‍ സിറ്റിസണ്‍ പാര്‍ട്ടിക്ക് കേവലം ആറു സീറ്റുകള്‍ മാത്രമാണ് ലഭിച്ചത്. തിരഞ്ഞെടുപ്പും ഹിതപരിശോധനയും പൂര്‍ത്തിയാക്കിയ തോടെ ഇടക്കാല സര്‍ക്കാറിന്റെ തലവന്‍ മുഹമ്മദ് യൂനുസിന് ജനങ്ങളുടെ പ്രതീക്ഷ കാത്തുസൂക്ഷിക്കാനായി. പുതിയ ബംഗ്ലാദേശിന്റെ പിറവി സംഭവിച്ചിരിക്കുന്നു എന്നായിരുന്നു തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോള്‍ അദ്ദേഹത്തിന്റെ പ്രതികരണം. ഒരാള്‍ പരമാവധി രണ്ടു തവണ മാത്രമേ പ്രധാനമന്ത്രി ആകാവൂ എന്ന നിയമ ഭേദഗതി വോട്ടര്‍മാര്‍ അംഗീകരിച്ചതു രാജ്യത്തിന്റെ ഭാവിരാഷ്ട്രീയത്തില്‍ അതിനിര്‍ണായകമാണ്. ഇന്ത്യയോടുള്ള പുതിയ സര്‍ക്കാറിന്റെ സമീപനവും ഏറെ പ്രാധാന്യമര്‍ഹിക്കുന്നതാണ്.

 

Continue Reading

editorial

അയ്യപ്പ സംഗമത്തിലെ പകല്‍ക്കൊള്ള

ആഗോള അയ്യപ്പ സംഗമവുമായി ബന്ധപ്പെട്ട് സ്‌പെഷ്യല്‍ കമ്മീഷണര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട്, സര്‍ക്കാരിനും ദേവസ്വം ബോര്‍ഡിനും നേരെ വിരല്‍ചൂണ്ടുന്നത് ഗുരുതരമായ ക്രമക്കേടുകളിലേക്കാണ്.

Published

on

By

ശബരിമലയുമായി ബന്ധപ്പെട്ട സ്വര്‍ണക്കൊള്ള വിവാദങ്ങളും അന്വേഷണങ്ങളും എങ്ങുമെത്താതിരിക്കുമ്പോള്‍ തന്നെ രാഷ്ട്രീയമായും സാമൂഹികമായും വലിയ ചര്‍ച്ചകള്‍ക്ക് വഴിവെക്കുന്ന ആഗോള അയ്യപ്പ സംഗമത്തിലെ ക്രമക്കേടുകളും പുറത്തുവന്നിരിക്കുകയാണ്. വിശ്വാസികളുടെ വികാരങ്ങളെയും ശബരിമല എന്ന പുണ്യസങ്കേതത്തെയും മുന്‍നിര്‍ത്തി നടത്തുന്ന ആഘോഷങ്ങള്‍പോലും അഴിമതിയുടെയും സ്വജനപക്ഷപാതത്തിന്റെയും വേദിയാക്കി മാറ്റുന്നത് ജനാധിപത്യ കേരളത്തിന് നാണക്കേടാണ്.

ആഗോള അയ്യപ്പ സംഗമവുമായി ബന്ധപ്പെട്ട് സ്‌പെഷ്യല്‍ കമ്മീഷണര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട്, സര്‍ക്കാരിനും ദേവസ്വം ബോര്‍ഡിനും നേരെ വിരല്‍ചൂണ്ടുന്നത് ഗുരുതരമായ ക്രമക്കേടുകളിലേക്കാണ്. ഭക്തിയുടെ മറവില്‍ ഖജനാവ് ചോര്‍ത്തുന്ന രീതി അക്ഷന്തവ്യമായ അപരാധമാണ്.
സ്‌പെഷ്യല്‍ കമ്മീഷണറുടെ റിപ്പോര്‍ട്ടിലെ ഓരോ കണ്ടെത്തലുകളും ഞെട്ടിക്കുന്നതാണ്. പന്തല്‍ നിര്‍മ്മാണം മുതല്‍ കലാപരിപാടികള്‍ വരെ നീളുന്ന അഴിമതിയുടെ ശൃംഖലയാണ് റിപ്പോര്‍ട്ടില്‍ അക്കമിട്ട് നിരത്തിയിരിക്കുന്നത്. പന്തല്‍ നിര്‍മ്മാണവും മരാമത്ത് പണികളും മാനദണ്ഡങ്ങള്‍ കാറ്റില്‍പറത്തി ഊരാളുങ്കല്‍ സൊസൈറ്റിക്ക് നല്‍കിയതിലൂടെ സുതാര്യത പൂര്‍ണ്ണമായും ഇല്ലാതായിരിക്കുന്നു. എന്തുകൊണ്ട് കൃത്യമായ ടെണ്ടര്‍ നടപടികള്‍ സ്വീകരിച്ചില്ല എന്ന ചോദ്യത്തിന് മറുപടി നല്‍കാന്‍ അധികൃതര്‍ ബാധ്യസ്ഥരാണ്. ഊരാളുങ്കലിന്റെ സഹസ്ഥാപനമായ ഇവന്റ് കമ്പനിക്കാണ് പത്തു ശതമാനം അധിക തുകക്ക് കരാര്‍ നല്‍കിയത്. കണക്കുകളില്‍ ജി.എസ്.ടി ബില്ലുകള്‍ അടക്കമില്ലാത്തത് ദേവസ്വം ബോര്‍ഡിന് വലിയ നഷ്ടമുണ്ടാക്കുമെന്നും ഉപകരാര്‍ നല്‍കിയതില്‍ കൃത്യമായ കണക്കില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്. ഉപകരാറുകള്‍ ഒന്നും ഓഡിറ്റിങിന് ഹാജരാക്കിയിട്ടില്ല. ബില്ലുകള്‍ ഒന്നും ശരിയല്ലെന്നും ഓഡിറ്റര്‍ക്ക് കൃത്യമായ കണക്ക് തിട്ടപ്പെടുത്താനായിട്ടില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്.

രണ്ട് ലക്ഷം രൂപ നിശ്ചയിച്ചിരുന്ന കലാപരിപാടികള്‍ക്ക് എട്ട് ലക്ഷം രൂപ ചെലവായത് ഏത് ഗണിതശാസ്ത്രം ഉപയോഗിച്ചാണെന്ന് പരിശോധിക്കപ്പെടണം. ജി.എസ്.ടി രജിസ്‌ട്രേഷന്‍ പോലുമില്ലാത്ത ബില്ലുകള്‍ ഹാജരാക്കിയത് അഴിമതിക്ക് തെളിവാണ്. അയ്യപ്പ സംഗമത്തിന്റെ അന്ന് രാത്രി 3000 പേര്‍ ഭക്ഷണം കഴിച്ചെന്നാണ് കണക്ക്. എന്നാല്‍, 500ല്‍ താഴെ ആളുകള്‍ മാത്രമാണ് യഥാര്‍ത്ഥത്തില്‍ ഭക്ഷണം കഴിച്ചത്. സംഗമം ദിവസം ഉച്ചക്ക് 5000 പേര്‍ കഴിച്ചതിന് എട്ടര ലക്ഷം ചെലവായെന്നും കണക്കിലുണ്ട്. എന്നാല്‍, സംഗമത്തില്‍ ആകെ നാലായിരം പേര്‍ മാത്രം എത്തിയെന്നാണ് സര്‍ക്കാര്‍ കണക്ക്.
രണ്ട് കോടി രൂപയുടെ സ്‌പോണ്‍സര്‍ഷിപ്പിന്റെ വിവരങ്ങള്‍ മറച്ചുവെക്കുന്നത് ആരെ സംരക്ഷിക്കാനാണ്? ഭക്തര്‍ നല്‍കുന്ന ഓരോ പൈസക്കും കൃത്യമായ കണക്ക് ബോധിപ്പിക്കേണ്ട ബോര്‍ഡ്, ഉപകരാറുകള്‍ ഓഡിറ്റിംഗില്‍ നിന്ന് ഒളിപ്പിച്ചത് ദുരൂഹമാണ്. ഹോട്ടല്‍ ബില്ലുകളില്‍ പലതിലും ജി.എസ്.ടി നമ്പര്‍ ഇല്ല. അതിനാല്‍ ഇന്‍പുട്ട് ക്രെഡിറ്റ് ആയി കിട്ടേണ്ട തുക വാങ്ങാനാവില്ല. ദേവസ്വം മുന്‍കൂറായി നല്‍കിയ രണ്ടു കോടി സ്‌പോണ്‍സര്‍ഷിപ്പിലൂടെ തിരിച്ചടച്ചില്ലെ ന്നും രണ്ടു കോടിയുടെ സ്‌പോണ്‍സര്‍ ആരെന്നതില്‍ അവ്യക്തതയുണ്ടെന്നുമാണ് റിപ്പോര്‍ട്ടിലുള്ളത്.

ദേവസ്വം ഫണ്ടില്‍ നിന്ന് എടുത്ത തുക തിരിച്ചേല്‍പിച്ചു എന്ന ദേവസ്വം മന്ത്രിയുടെ നിയമസഭയിലെയും പൊതുവേദിയിലെയും പ്രസ്താവനകള്‍ പച്ചക്കള്ളമാണെന്ന് ഓഡിറ്റ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. രണ്ട് കോടി രൂപ തിരിച്ചടച്ചിട്ടില്ലെന്ന റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍ സര്‍ക്കാരിന്റെ വിശ്വാസ്യതയെ തന്നെ ചോദ്യം ചെയ്യുന്നതാണ്. സഭയെയും ജനങ്ങളെയും തെറ്റിദ്ധരിപ്പിച്ച മന്ത്രിക്ക് ഈ വിഷയത്തില്‍ ധാര്‍മ്മികമായ ഉത്തരവാദിത്തം ഏറ്റെടുക്കാതിരിക്കാനാവില്ല. സ്‌പോണ്‍സര്‍ഷിപ്പിലൂടെ കിട്ടിയ പണം ഉപയോഗിച്ച് ദേവസ്വത്തിന്റെ പണം തിരിച്ചടച്ചെന്നാണ് ദേവസ്വം മന്ത്രി വി.എന്‍ വാസവന്‍ നിയമസഭയില്‍ മറുപടി നല്‍കിയത്. കഴിഞ്ഞ മാസം 28നാണ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന് ഇത്തരത്തില്‍ മറുപടി നല്‍കിയത്. ഓഡിറ്റ് വിവരങ്ങള്‍ അടക്കം പരാമര്‍ശിച്ച് സ്‌പെഷ്യല്‍ കമ്മീഷണര്‍ ഹൈക്കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ ദേവസ്വം മുന്‍കൂറായി നല്‍കിയ രണ്ടു കോടി തിരിച്ചടച്ചിട്ടില്ലെന്നാണ് വ്യക്തമാക്കുന്നത്. സര്‍ക്കാര്‍ യഥാര്‍ത്ഥ വിവരം സഭയില്‍നിന്ന് മറച്ചാണോ മറുപടി നല്‍കിയതെന്ന ചോദ്യമാണ് ഇതോടെ ഉയരുന്നത്.

ശബരിമലയിലെ സ്വര്‍ണ്ണമോഷണ വിവാദത്തിന് പിന്നാലെ ഉയര്‍ന്നുവന്ന ഈ ക്രമക്കേടുകള്‍ അയ്യപ്പഭക്തരുടെ വിശ്വാസത്തിന്മേലുള്ള കനത്ത പ്രഹരമാണ്. സി.പി.എമ്മും സര്‍ക്കാരും ഈ വിഷയത്തില്‍ പുലര്‍ത്തുന്ന മൗനം കുറ്റകരമാണ്. രാഷ്ട്രീയ താല്‍പര്യങ്ങള്‍ സംരക്ഷിക്കാനായി ദേവസ്വം ബോര്‍ഡിനെ ഉപയോഗിക്കുന്ന രീതി അവസാനിപ്പിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. ക്ഷേത്രങ്ങളിലെ പണം ഭക്തരുടെ ക്ഷേമത്തിനും ക്ഷേത്ര പരിപാലനത്തിനുമാണ് ഉപയോഗിക്കേണ്ടത്. അത് രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും ഇഷ്ടക്കാര്‍ക്കും വീതം വെക്കാനുള്ളതല്ല. ഹൈക്കോടതിയുടെ ഇടപെടലിലൂടെ കുറ്റക്കാര്‍ക്കെതിരെ മാതൃകാപരമായ നടപടി ഉണ്ടാവണം. അല്ലെങ്കില്‍, ‘ആഗോള സംഗമം’ എന്നത് ആഗോളതലത്തിലുള്ള അഴിമതിയുടെ പര്യായമായി മാറാന്‍ അധികകാലം വേണ്ടിവരില്ല.

കോടതിയുടെ കര്‍ശന നിരീക്ഷണവും നിര്‍ദ്ദേശങ്ങളും നിലനില്‍ക്കുമ്പോള്‍ പോലും ഇത്തരത്തിലുള്ള ധിക്കാരപരമായ ക്രമക്കേടുകള്‍ നടക്കുന്നത് ജനാധിപത്യ സംവിധാനത്തിന് ഒട്ടും ഭൂഷണമല്ല. സി.പി.എമ്മിന്റെയും സര്‍ക്കാറിന്റെയും ധാര്‍ഷ്ട്യമാണ് ഇതിലൂടെ വ്യക്തമാകുന്നത്. ശബരിമലയെ വെറും വരുമാന സ്രോതസ്സായി മാത്രം സര്‍ക്കാര്‍ കാണുന്നു എന്ന വികാരം ഭക്തര്‍ക്കിടയില്‍ ശക്തമാണ്. അഴിമതിക്കെതിരെ സംസാരിക്കുന്നു പറയുന്ന ഒരു പാര്‍ട്ടി തന്നെ അഴിമതി നേരിട്ട് നടത്തുകയാണ്. കൃത്യമായ ഓഡിറ്റിംഗോ ജി.എസ്.ടി ബില്ലുകളോ ഇല്ലാതെ കോടികള്‍ ചെലവഴിക്കുന്നത് സാധാരണക്കാരായ ജനങ്ങളുടെ പണം കൊള്ളയടിക്കപ്പെടുന്നതിന് തുല്യമാണ്. സുതാര്യതയും സത്യസന്ധതയും ഇല്ലാത്ത ഭരണം ജനമനസ്സുകളില്‍ സ്ഥാനം പിടിക്കില്ല. കോടതി ഇടപെട്ടിട്ടും ഭയം ഇല്ലാതെ കട്ടെടുക്കുന്നത് ഭരണകൂടം നേരിടുന്ന വന്‍ ധാര്‍മ്മിക തകര്‍ച്ചയെയാണ് സൂചിപ്പിക്കുന്നത്.

 

Continue Reading

editorial

സാംസ്‌കാരിക കേരളത്തിന്റെ മനസ്സ്

EDITORIAL

Published

on

പ്രതിപക്ഷ നേതാവിന്റെ നേതൃത്വത്തിലുള്ള പുതുയുഗ യാത്ര ജനഹൃദയങ്ങള്‍ കീഴടക്കിക്കൊണ്ടിരിക്കുമ്പോള്‍ സംസ്ഥാനത്ത് ഭരണ മാറ്റത്തിന്റെ സൂചനകളും അലയൊലികളും ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്. സാഹിത്യ അക്കാദമി അധ്യക്ഷന്‍ കവി കെ. സച്ചിദാനന്ദന്‍ നടത്തിയ അഭിപ്രായ പ്രകടനങ്ങള്‍ക്ക് പിന്നാലെ അതിന് അനുഗുണമായ തരത്തിലുള്ള ഇടപെടലുകളാണ് ഇടതുപക്ഷ നേതാക്കളില്‍ നിന്നും സാഹിത്യ, സാംസ്‌ക്കാരിക രംഗങ്ങളില്‍ നിന്നുമെല്ലാം ഒരു പോലെ ഉയര്‍ന്നുകൊണ്ടിരിക്കുന്നത്. വസ്തുനിഷ്ഠവും അനുഭവത്തിന്റെ പിന്‍ബലത്തിലുമുള്ള ഈ വിലയിരുത്തലുകളാകട്ടേ സര്‍ക്കാറിനെയും സി.പി.എമ്മിനെയും വിറളി പിടിപ്പിക്കുമ്പോള്‍ യു.ഡി.എഫിന് തികഞ്ഞ ആത്മവിശ്വാസമാണ് സമ്മാനിക്കുന്നത്. വി.ഡി സതീശന്‍ നയിക്കുന്ന നവയുഗ യാത്രയിലും ഇടതുപക്ഷത്തിന്റെ നേത്യത്വത്തിലുള്ള മേഖലാ ജാഥകളിലും അനുകൂലമായും പ്രതികൂലമായും ഈ ചര്‍ച്ചകള്‍ പ്രകടമാവുകയും ചെയ്യുന്നുണ്ട്. ഭരണത്തുടര്‍ച്ച കമ്യൂണിസ്റ്റ് പാര്‍ട്ടിയെ ദുര്‍ബലമാക്കുമെന്നായിരുന്നു ഒരു അഭിമുഖത്തിനിടെയുള്ള സച്ചിദാനന്ദന്റെ തുറന്നുപറച്ചില്‍. തുടര്‍ഭരണം നല്ലതല്ലെന്നും രണ്ടുതവണ ഭരിച്ചു കഴിഞ്ഞാല്‍ പ്രതിപക്ഷത്തിരിക്കുന്നതാണ് നല്ലതെന്നും ജനാധിപത്യത്തെ ജനാധിപത്യം ആക്കുന്നത് പ്രതിപക്ഷമാണെന്നും വ്യക്തമാക്കിയ അദ്ദേഹം തുടര്‍ച്ചയായി ഭരണത്തില്‍ ഇരിക്കുന്നത് അഴിമതിലേക്കും അധികാര കേന്ദ്രീകരണത്തിലേക്കും നയിച്ചേക്കാമെന്നും അവസരവാദികള്‍ ഒപ്പം കൂടുമെന്നും ബംഗാളിലെ അനുഭവം നമ്മള്‍ ഓര്‍ക്കേണ്ടതുണ്ടന്നും കൂട്ടിച്ചേര്‍ത്തിരുന്നു. സാഹിത്യ അക്കാദമി അധ്യക്ഷന്‍ എന്നതിലുപരി സാംസ്‌കാരിക രംഗത്തെ ശ്രദ്ധേയ വ്യക്തിത്വത്തിന്റെ ഉടമ കൂടിയായ സച്ചിദാനന്ദന്റെ അഭിപ്രായ പ്രകടനം ഇടതുപക്ഷത്തിന്റെമേല്‍ ഇടിത്തീയായാണ് ഭവിച്ചത് എന്നതാണ് യാഥാര്‍ത്ഥ്യം. വിശേഷിച്ചും ഭരണത്തുടര്‍ച്ചയുടെ പേര് പറഞ്ഞ് കേരളത്തിന്റെ തെക്കേ അറ്റംമുതല്‍ വട ക്കേ അറ്റംവരെ ജാഥ സംഘടിപ്പിച്ചുകൊണ്ടിരിക്കുന്ന പശ്ചാ ത്തലത്തില്‍. കോടികള്‍ ചിലവഴിച്ചുകൊണ്ടുള്ള സര്‍ക്കാ റിന്റെ പി.ആര്‍ വര്‍ക്കുകളെയെല്ലാം ചിട്ടുകൊട്ടാരംപോലെ തകര്‍ത്തുകളയുന്നതായിരുന്നു ഈ പ്രഖ്യാപനം.
സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ സച്ചിദാനന്ദന്റെ അഭിപ്രായപ്രകടനത്തെ പിന്തുണക്കുകയും ഏറ്റെടുക്കുകയും ചെയ്യുന്ന കാഴ്ച്ചയാണ് പിന്നീട് കാണാന്‍ കഴിഞ്ഞത്. പിണറായി 3.0 എന്ന ബ്രാന്‍ഡിങ് ദോഷം ചെയ്യുമെന്നും വ്യക്തിയുടെ ഏകാധിപത്യത്തിലേക്ക് ഒതുങ്ങുന്നത് നാശത്തിനായിരിക്കുമെന്നുമായിരുന്നു സാറ ജോസഫിന്റെ പ്രതികരണം. ഭരണാധികാരത്തില്‍ വന്നത് ഇടതുപക്ഷ പാര്‍ട്ടിയാണെന്നും അടിസ്ഥാന വര്‍ഗത്തിന് എന്തു കിട്ടി എന്നാണ് വിലയിരുത്തേണ്ടതുണ്ടെന്നും ഇടതുപക്ഷം സംസ്ഥാനത്ത് ചെയ്യുന്നത് ചോദ്യം ചോദിക്കാന്‍ പാടില്ല എന്ന സമ്പ്രദായമാണ് നിലനില്‍ക്കുന്നത് എന്നുമായിരുന്നു അവരുടെ കൂട്ടിച്ചേര്‍ക്കല്‍. അധികാരം നിലനിര്‍ത്താന്‍ ഏതു പിശാചിനോടും കൂട്ടുകൂടും എന്ന പാരമ്പര്യം ഇടതുപക്ഷത്തിനുണ്ട്. അധികാരമാണ് അവര്‍ക്ക് മുഖ്യം, ജനാധിപത്യമല്ല. വികസനം എന്നുള്ള പേരില്‍ കുറെ റോഡുകളും മറ്റും കെട്ടിവയ്ക്കുന്നതിന് അപ്പുറത്തേക്ക് അടിസ്ഥാന വര്‍ഗമായ ജനങ്ങള്‍ക്ക് വേണ്ടി ഒന്നും ചെയ്തതായി കാണുന്നില്ല, തുടങ്ങിയ അവരുടെ വിമര്‍ശനങ്ങള്‍ക്ക് അതിശക്തമായ പ്രഹരശേശിയുണ്ടായിരുന്നു. ഇവരുടെ അഭിപ്രായങ്ങളെ പ്രതിരോധിക്കാന്‍ നേതാക്കള്‍ തലങ്ങും വിലങ്ങും വിശദീകരിച്ചിട്ടും ഫലം കാണാതെ വന്നപ്പോള്‍ പതിവുപോലെ രംഗം കൈയ്യടക്കാനുള്ള സൈബര്‍ സഖാക്കളുടെ ശ്രമങ്ങളാണ് പിന്നീട് കണ്ടത്. അറപ്പുളവാക്കുന്ന അസഭ്യവര്‍ഷങ്ങള്‍ക്കൊണ്ട് വെളുക്കാന്‍ തേച്ചത് പാണ്ഡായ അവസ്ഥയിലാണ് ഇടതുപക്ഷം എത്തിപ്പെട്ടിരിക്കുന്നത്. സൈബര്‍ ആക്രമണത്തിന് മുന്നില്‍ മുട്ടുമടക്കുന്നതിന് പകരം അതിശക്തമായ തിരിച്ചടികൂടി സച്ചിദാനന്ദന്റെ ഭാഗത്തുനിന്നുണ്ടായതോടെ കാര്യങ്ങളെല്ലാം കൈവിട്ടുപോയ അവസ്ഥയിലാണ് അവര്‍ ഇപ്പോഴുള്ളത്. തന്നെ വിമര്‍ശിക്കുന്ന സൈബര്‍ കുട്ടങ്ങള്‍ മുഢ സ്വര്‍ഗത്തില്‍ ജീവിക്കുന്നവരാണെന്നും അവര്‍ തന്റെ പുസ്തകം വായിക്കാത്തവരും തന്നെ അറിയാത്തവരുമാണെന്നും അദ്ദേഹം ഫേസ്ബുക്കില്‍ തന്നെ കുറിക്കുകയുണ്ടായി. പറഞ്ഞതില്‍ നിന്ന് ഒരടിപോലും പിന്നോട്ടില്ലെന്നുള്ള നിലപാടുകൂടിയായപ്പോള്‍ പത്മവ്യൂഹത്തിലകപ്പെട്ടുപോയ പാര്‍ട്ടി ആയുധംവെച്ച് കിഴടങ്ങാനുള്ള സന്നദ്ധതപോലും അറിയിക്കുകയുണ്ടായി. അതിന്റെ ഭാഗമായിരുന്നു പാര്‍ട്ടി ജില്ലാ സെക്രട്ടറിയുടെയും അക്കാദമി വൈസ്‌ചെയര്‍മാന്റെയും അനുനയ സന്ദര്‍ശനം. ഇതിനിടയിലാണ് ഇരുട്ടടിയായി സി.പി.ഐ നേതാവ് സി. ദിവാകരന്റെ പ്രസ്താവനയുമുണ്ടായിരിക്കുന്നത്. കേരളത്തില്‍ ഫാക്ടറികളോ നിര്‍മാണ കേന്ദ്രങ്ങളോ സ്ഥാപിക്കാന്‍ സര്‍ക്കാര്‍ തയാറാകാത്തതു കൊണ്ടാണ് യുവാക്കള്‍ തൊഴില്‍ തേടി ഇതര രാജ്യങ്ങളിലേക്ക് പോകുന്നതെന്ന വിമര്‍ശനമാണ് അദ്ദേഹം ഉന്നയിച്ചത്. ഇന്ത്യയെ മൊത്തത്തില്‍ താരതമ്യം ചെയ്യുമ്പോള്‍ കേര ളം ഒരു ചെറിയ പഞ്ചായത്ത് മാത്രമാണെന്നും ഇവിടെ ഒരു ചുക്കും ചുണ്ണാമ്പുമില്ലെന്നുമുള്ള ദിവാകരന്റെ പരാമര്‍ശം സര്‍ക്കാരിന്റെ കഴിവുകേടിലേക്കും പിടിപ്പുകേടിലേക്കുമുള്ള നേരിട്ടുള്ള വിരല്‍ചൂണ്ടലായിരുന്നു. ചുരുക്കത്തില്‍ സാധാരണക്കാര്‍ മാത്രമല്ല, സാംസ്‌കാരിക പ്രവര്‍ത്തകരും എന്തിന് സര്‍ക്കാറിന്റെ ഭാഗമായിനില്‍ക്കുന്നവര്‍ പോലും ദയയില്ലാതെ വിമര്‍ശിക്കുമ്പോള്‍ അതേറ്റ് പുളഞ്ഞുകൊണ്ടിരിക്കുകയാണ് പാര്‍ട്ടിയും മുന്നണിയും.

 

Continue Reading

Trending