News

‘ചീത്ത സമയത്തിന് ശേഷം നല്ല സമയം വരും’; നിവിന്‍ പോളിയെ ചേര്‍ത്ത് പിടിച്ച് അജു വര്‍ഗീസ്

By webdesk17

December 25, 2025

അഖില്‍ സത്യന്‍ സംവിധാനം ചെയ്യുന്ന ‘സര്‍വ്വം മായ’ വലിയ പ്രതീക്ഷകളോടെയാണ് സിനിമാപ്രേമികള്‍ കാത്തിരുന്നത്. ആദ്യ ഷോ കഴിഞ്ഞതോടെ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. നിവിന്‍ പോളിയുടെ ശക്തമായ തിരിച്ചുവരവാണെന്ന വിലയിരുത്തലാണ് പ്രേക്ഷകര്‍ പങ്കുവെക്കുന്നത്.

സിനിമയുടെ വിജയത്തെ തുടര്‍ന്ന് അജു വര്‍ഗീസ് പങ്കുവെച്ച ഒരു സോഷ്യല്‍ മീഡിയ പോസ്റ്റാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. നിവിന്‍ പോളിയെ കെട്ടിപ്പിടിച്ച് സ്‌നേഹ ചുംബനം നല്‍കുന്ന ചിത്രമാണ് അജു വര്‍ഗീസ് പങ്കുവെച്ചിരിക്കുന്നത്. ‘ചീത്ത സമയത്തിന് ശേഷം നല്ല സമയം വരും’ എന്ന അര്‍ത്ഥം നല്‍കുന്ന വാക്കുകളോടെയായിരുന്നു പോസ്റ്റ്.

നിവിന്‍-അജു കൂട്ടുകെട്ടിന്റെ തിരിച്ചുവരവിനെ ആരാധകര്‍ ആഘോഷമാക്കുകയാണ്. അജു വര്‍ഗീസിന്റെ കമന്റ് ബോക്‌സില്‍ ആരാധകരുടെ സ്‌നേഹപ്രകടനങ്ങളാണ് നിറയുന്നത്. നിവിന്‍-അജു കോമ്പോ തിയേറ്ററില്‍ മികച്ച പ്രതികരണം നേടുന്നുണ്ടെന്നും ഇരുവരുടെയും ഭാഗങ്ങള്‍ പ്രേക്ഷകരെ നന്നായി ചിരിപ്പിക്കുന്നുണ്ടെന്നും കമന്റുകളില്‍ പറയുന്നു.

ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്ന റിയ ഷിബുവിന്റെ പ്രകടനത്തിനും മികച്ച അഭിപ്രായങ്ങളാണ് ലഭിക്കുന്നത്. ഫണ്‍ സ്വഭാവത്തില്‍ ഒരുക്കിയ ആദ്യ പകുതിയും ഇമോഷണലും ഫീല്‍ ഗുഡ് ടച്ചുള്ള രണ്ടാം പകുതിയുമാണ് സിനിമയുടെ പ്രധാന പ്രത്യേകതകളെന്നാണ് പ്രേക്ഷക പ്രതികരണം. ഹൊറര്‍ മൂഡിലായിരിക്കും ചിത്രം എന്നായിരുന്നു മുന്‍സൂചനകള്‍.

‘പാച്ചുവും അത്ഭുതവിളക്കും’ക്ക് ശേഷം അഖില്‍ സത്യന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘സര്‍വ്വം മായ’. നിവിന്‍ ആരാധകര്‍ക്ക് ചിത്രത്തെക്കുറിച്ച് വലിയ പ്രതീക്ഷകളാണ് ഉണ്ടായിരുന്നത്.

കേരളത്തില്‍ ചിത്രം വിതരണം ചെയ്യുന്നത് സെന്‍ട്രല്‍ പിക്‌ചേഴ്‌സാണ്. റസ്റ്റ് ഓഫ് ഇന്ത്യ മാര്‍ക്കറ്റിന്റെ അവകാശം എ പി ഇന്റര്‍നാഷണല്‍ നേടിയിട്ടുണ്ട്. ഗള്‍ഫ് രാജ്യങ്ങളില്‍ ഹോം സ്‌ക്രീന്‍ എന്റര്‍ടൈന്‍മെന്റാണ് ചിത്രം തിയേറ്ററുകളിലെത്തിക്കുന്നത്.

ചിത്രത്തിന്റെ രചനയും എഡിറ്റിങ്ങും അഖില്‍ സത്യന്‍ തന്നെയാണ് നിര്‍വഹിച്ചിരിക്കുന്നത്. ഫയര്‍ഫ്‌ലൈ ഫിലിംസിന്റെ ബാനറില്‍ അജയ്യ കുമാറും രാജീവ് മേനോനും ചേര്‍ന്നാണ് നിര്‍മാണം. ശരണ്‍ വേലായുധനാണ് ഛായാഗ്രഹണം. ജസ്റ്റിന്‍ പ്രഭാകറാണ് സംഗീതം. പ്രൊഡക്ഷന്‍ ഡിസൈനര്‍ രാജീവന്‍, കോസ്റ്റിയൂംസ് സമീറ സനീഷ്, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ ബിജു തോമസ്.

ജനാര്‍ദ്ദനന്‍, പ്രീതി മുകുന്ദന്‍, അല്‍ത്താഫ് സലിം എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന അഭിനേതാക്കള്‍.