ന്യൂഡല്‍ഹി: ശനിയാഴ്ചയിലെ പാകിസ്താന്റെ വെടിനിര്‍ത്തല്‍ ലംഘനത്തിനു നേരെ ഇന്ത്യയുടെ പ്രത്യാക്രമണം. പാക് അധീന കശ്മീരിലെ പാക് പോസ്റ്റുകള്‍ക്ക് നേരെയുണ്ടായ തിരിച്ചടിയില്‍ രണ്ട് പാക് സൈനികരെ വധിച്ചതായി സൈന്യം പറഞ്ഞു. ആറു പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്.
പാക് അധീന കശ്മീരിലെ അബ്ബാസ്പൂരിലെ സത്‌വാല്‍, ധാക്കി ഛഫര്‍, പോളാസ്, ഛത്രി, ഭൈറ എന്നീ ഗ്രാമങ്ങളിലായിരുന്നു ഇന്ത്യയുടെ ആക്രമണം. ശനിയാഴ്ച പാക് സൈന്യം നടത്തിയ ആക്രമണത്തില്‍ ഇന്ത്യന്‍ ജവാനും ഭാര്യയും കൊല്ലപ്പെട്ടിരുന്നു. ഇവരുടെ മൂന്ന് മക്കള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. പൂഞ്ച് ജില്ലയിലെ പോസ്റ്റുകള്‍ക്കും ഗ്രാമങ്ങള്‍ക്കും നേരെയായിരുന്നു പുലര്‍ച്ചെ ആറരയ്ക്ക് പാകിസ്താന്റെ ആക്രമണം. അവധിയിലായിരുന്ന ശിപായി മുഹമ്മദ് ഷൗക്കത്തും ഭാരയ സഫിയാബിയുമാണ് കൊല്ലപ്പെട്ടത്. സംഭവത്തിനു ശേഷം ഇന്ത്യന്‍ സേന നടത്തിയ തിരിച്ചയില്‍ പാകിസ്താന്‍ ഇന്ത്യന്‍ ഡപ്യൂട്ടി ഹൈക്കമ്മീഷണര്‍ ജെ.പി സിങിനെ വിളിച്ചുവരുത്തി പ്രതിഷേധമറിയിച്ചിരുന്നു.