കൊച്ചി: കോതമംഗലം-ഇടമലയാര്‍ പവര്‍ഹൗസിനു താഴെ പുഴയില്‍ രാജവെമ്പാലകളുടെ കടുത്ത ഏറ്റുമുട്ടല്‍ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു. കഴിഞ്ഞ ദിവസം വൈകീട്ടാണ് സംഭവം നടന്നത്. പുഴയില്‍ വെള്ളം കുറവായിരുന്ന സമയത്ത് രണ്ട് രാജവെമ്പാലകള്‍ പരസ്പരം ആക്രമിക്കുന്ന നിലയില്‍ നാട്ടുകാര്‍ കണ്ടു. കണ്ടവര്‍ ആദ്യം ഭീതിയിലായെങ്കിലും പിന്നീട് കൗതുകമായി ദൃശ്യങ്ങള്‍ പകര്‍ത്തുകയായിരുന്നു. ലഭ്യമായ വിവരങ്ങള്‍ പ്രകാരം വലിയ രാജവെമ്പാല ചെറുതിനെ വിഴുങ്ങാനുള്ള ശ്രമം നടത്തിയതായാണ് സംശയം.
പുഴയിലെ വെള്ളത്തിനിടയില്‍ പൊരിഞ്ഞ അടി നടന്നതോടെ പ്രദേശത്ത് കുറച്ചുനേരം പരിഭ്രാന്തി നിലനിന്നു. വിവരമറിഞ്ഞ് പാമ്പുപിടുത്ത വിദഗ്ദ്ധന്‍ മാര്‍ട്ടിന്‍ മേയ്ക്കമാലി സ്ഥലത്തെത്തി. എന്നാല്‍ ഇതിനിടയില്‍ പവര്‍ഹൗസില്‍ നിന്ന് വെള്ളം തുറന്നുവിട്ടതോടെ രാജവെമ്പാലകള്‍ ഒഴുക്കില്‍ താഴേക്ക് ഒഴുകിപ്പോയി. തുടര്‍ന്ന് പ്രദേശത്ത് തിരച്ചില്‍ നടത്തിയെങ്കിലും പാമ്പുകളെ കണ്ടെത്താനായില്ല. സംഭവത്തില്‍ ആളപായമോ മറ്റ് നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. വന്യമൃഗങ്ങള്‍ പുഴയോര പ്രദേശങ്ങളില്‍ പ്രത്യക്ഷപ്പെടുന്നതിനാല്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.