Health
നിപയും കേരളവും – ആവർത്തിക്കുന്ന മഹാമാരികളിൽ നിന്ന് നമ്മൾ പഠിച്ച പാഠങ്ങൾ
മനുഷ്യനെ ബാധിക്കുന്ന പകർച്ചവ്യാധികളിൽ ഏകദേശം 60 ശതമാനവും മൃഗജന്യ രോഗങ്ങളാണ്.
ഡോ. നിസാബ് പി.പി
എച്.ഒ.ഡി & സീനിയർ കൺസൾട്ടന്റ് ഇന്റെർണൽ മെഡിസിൻ & ലൈഫ് സ്റ്റൈൽ ഡിസീസസ്
ആസ്റ്റർ മിംസ് കോട്ടക്കൽ
മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് പകരുന്ന പകർച്ചവ്യാധികളെയാണ് നമ്മൾ സൂണോസിസ് (Zoonoses) എന്ന് വിളിക്കുന്നത്. മനുഷ്യനെ ബാധിക്കുന്ന പകർച്ചവ്യാധികളിൽ ഏകദേശം 60 ശതമാനവും മൃഗജന്യ രോഗങ്ങളാണ്. കേരളത്തെ സംബന്ധിച്ചിടത്തോളം കഴിഞ്ഞ കുറച്ചു വർഷങ്ങളായി നമ്മുടെ ഉറക്കം കെടുത്തുന്ന ഏറ്റവും മാരകമായ സൂണോട്ടിക് രോഗം നിപ വൈറസ് തന്നെയാണ്. 2018-ൽ കോഴിക്കോട് ആദ്യമായി റിപ്പോർട്ട് ചെയ്ത നിപ, പിന്നീട് ഈ 2026 ജൂണിൽ വീണ്ടും നമ്മുടെ സംസ്ഥാനത്ത് സാന്നിധ്യമറിയിച്ചു കഴിഞ്ഞു.
എന്തുകൊണ്ടാണ് കേരളത്തിൽ നിപ ആവർത്തിക്കുന്നത്? കഴിഞ്ഞ എട്ടു വർഷത്തെ പോരാട്ടങ്ങളിൽ നിന്ന് ഒരു ആരോഗ്യ സമൂഹം എന്ന നിലയിൽ നമ്മൾ പഠിച്ച പാഠങ്ങൾ എന്തെല്ലാമാണ്? നമുക്കൊന്ന് പരിശോധിക്കാം.
എന്താണ് നിപ? എങ്ങനെയാണ് ഇത് പകരുന്നത്?
ടെറപ്പസ് (Pteropsu) വിഭാഗത്തിൽപ്പെട്ട ഫ്രൂട്ട് ബാറ്റ്‌സ് (പഴംതീനി വവ്വാലുകൾ) ആണ് നിപ വൈറസിന്റെ പ്രധാന സ്രോതസ്സ്. ഇവയിൽ വൈറസ് ബാധയുണ്ടാകാറുണ്ടെങ്കിലും വവ്വാലുകൾക്ക് രോഗലക്ഷണങ്ങൾ ഉണ്ടാകാറില്ല.
പ്രധാന പകർച്ചാരീതികൾ
1. വവ്വാലുകൾ കടിക്കുകയോ അവയുടെ ഉമിനീര്, മൂത്രം എന്നിവ കലരുകയോ ചെയ്ത പഴങ്ങൾ, ചെത്ത് കള്ള് എന്നിവ നേരിട്ട് കഴിക്കുന്നതിലൂടെ.
2. വൈറസ് ബാധിച്ച വവ്വാലുകളുടെ വിസർജ്യങ്ങളുമായി സമ്പർക്കത്തിൽ വരുന്നത് വഴി (ഉദാഹരണത്തിന്: വവ്വാലുകൾ ധാരാളമുള്ള വെയർഹൗസുകളോ കാടുകളോ വൃത്തിയാക്കുമ്പോൾ).
3. രോഗബാധിതനായ ഒരു മനുഷ്യനിൽ നിന്ന് നേരിട്ടുള്ള സമ്പർക്കത്തിലൂടെയോ ചുമ, തുമ്മൽ എന്നിവയിലൂടെയോ മറ്റ് മനുഷ്യരിലേക്ക് പകരാം.
തുടർച്ചയായ രോഗബാധകളിൽ നിന്ന് നമ്മൾ പഠിച്ച 4 വലിയ പാഠങ്ങൾ
കേരളത്തിന്റെ ആരോഗ്യരംഗം നിപയെ നേരിട്ട രീതി ലോകമെമ്പാടും മാതൃകയാക്കപ്പെട്ട ഒന്നാണ്. എങ്കിലും ഓരോ തരംഗവും നമുക്ക് പുതിയ ചില പാഠങ്ങൾ നൽകുന്നുണ്ട്:
1. ഉയർന്ന ജാഗ്രതയും വേഗത്തിലുള്ള രോഗനിർണ്ണയവും: 2018-ൽ രോഗത്തിന്റെ ഉറവിടം കണ്ടെത്താൻ സമയമെടുത്തെങ്കിൽ, തുടർന്നുള്ള വർഷങ്ങളിൽ, പ്രത്യേകിച്ച് 2023-ലും 2026-ലും, ആദ്യ കേസ് ഉണ്ടാകുമ്പോൾ തന്നെ വളരെ വേഗത്തിൽ നിപ സംശയിക്കാനും സ്രവങ്ങൾ പരിശോധനയ്ക്ക് അയക്കാനും നമ്മുടെ ഡോക്ടർമാർക്ക് സാധിച്ചു. ഈ വേഗതയാണ് വലിയൊരു മഹാമാരിയിലേക്ക് രോഗം പടരാതെ തടഞ്ഞത്.
2. റൂട്ട് മാപ്പും സമ്പർക്കപ്പട്ടികയും: ഒരു പോസിറ്റീവ് കേസ് ഉണ്ടായാൽ ഉടൻ തന്നെ രോഗി സഞ്ചരിച്ച വഴികളും അവരുമായി സമ്പർക്കത്തിൽ വന്ന നൂറുകണക്കിന് ആളുകളെ കണ്ടെത്തി ക്വാറന്റൈൻ ചെയ്യുക എന്ന വികേന്ദ്രീകൃതമായ കോൺടാക്റ്റ് ട്രേസിംഗ് രീതി നമ്മൾ വിജയകരമായി നടപ്പിലാക്കി. ഈ 2026 ജൂണിലെ കേസിൽ പോലും 100-ലധികം ആളുകളെ നിമിഷങ്ങൾക്കകം നിരീക്ഷണത്തിലാക്കാൻ കഴിഞ്ഞത് ഇതിനാലാണ്.
3. ഹോസ്പിറ്റൽ ഇൻഫെക്ഷൻ കൺട്രോൾ: നിപ രോഗികളെ ശുശ്രൂഷിക്കുന്ന ആരോഗ്യപ്രവർത്തകർക്ക് രോഗം പകരാൻ വലിയ സാധ്യതയുണ്ട് (2018-ൽ നഴ്‌സ് ലിനിയുടെ ജീവൻ നഷ്ടപ്പെട്ടത് നമ്മൾ മറന്നിട്ടില്ല). എന്നാൽ പി.പി.ഇ കിറ്റുകളുടെ കൃത്യമായ ഉപയോഗം, ഐസൊലേഷൻ വാർഡുകൾ, കർശനമായ പ്രോട്ടോക്കോളുകൾ എന്നിവ വഴി ആശുപത്രികളിൽ വെച്ചുള്ള രോഗപ്പകർച്ച വലിയ തോതിൽ കുറയ്ക്കാൻ നമുക്ക് കഴിഞ്ഞു.
4. വന്യജീവി താവളങ്ങളിലെ മനുഷ്യ ഇടപെടലുകൾ: മനുഷ്യൻ വനപ്രദേശങ്ങളിലേക്ക് അതിക്രമിച്ചു കയറുന്നതും, വവ്വാലുകളുടെ സ്വാഭാവിക ആവാസവ്യവസ്ഥകൾ നശിപ്പിക്കുന്നതും നിപ പോലുള്ള വൈറസുകൾ മനുഷ്യരിലേക്ക് ‘സ്പിൽഓവർ’ (മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് പകരുക) ചെയ്യാൻ കാരണമാകുന്നു. പ്രകൃതിയും മൃഗങ്ങളും മനുഷ്യനും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു എന്ന തിരിച്ചറിവാണ് ഇതിൽ പ്രധാനം.
രോഗപ്പകർച്ച തടയാൻ പൊതുജനങ്ങൾ ചെയ്യേണ്ടത്
നിപയുടെ മരണനിരക്ക് 70 ശതമാനത്തിന് മുകളിലാണ്. ഇതിന് നിലവിൽ അംഗീകൃത വാക്‌സിനുകളോ പ്രത്യേക മരുന്നുകളോ ലഭ്യമല്ലാത്തതിനാൽ പ്രതിരോധം തന്നെയാണ് ഏക പോംവഴി.
1. വവ്വാലുകൾ കടിച്ച പഴങ്ങൾ ഒഴിവാക്കുക: ഏറ്റവും പ്രധാനം,
തറയിൽ വീണു കിടക്കുന്നതോ, പക്ഷികളോ വവ്വാലുകളോ കടിച്ചതോ ആയ ചാമ്പങ്ങ, പേരയ്ക്ക, മാമ്പഴം തുടങ്ങിയ പഴങ്ങൾ ഒരു കാരണവശാലും കഴിക്കരുത്. പഴങ്ങൾ നന്നായി കഴുകി തൊലി കളഞ്ഞു മാത്രം ഉപയോഗിക്കുക.
2. തുറന്ന പാത്രങ്ങളിലെ പാനീയങ്ങൾ ഒഴിവാക്കുക: ചെത്തുകള്ള് പോലുള്ള തുറസ്സായ സ്ഥലങ്ങളിൽ വച്ചിരിക്കുന്ന പാനീയങ്ങൾ കുടിക്കുന്നത് പൂർണ്ണമായും ഒഴിവാക്കുക.
3. വവ്വാലുകളുടെ കേന്ദ്രങ്ങൾ വൃത്തിയാക്കുമ്പോൾ ശ്രദ്ധിക്കുക: വവ്വാലുകൾ ഉള്ള പഴയ കെട്ടിടങ്ങൾ, കിണറുകൾ, ഗോഡൗണുകൾ എന്നിവ വൃത്തിയാക്കുമ്പോൾ നിർബന്ധമായും മാസ്‌കും കയ്യുറകളും ധരിക്കുക. വവ്വാലുകളുടെ കാഷ്ഠം ശ്വസനത്തിലൂടെ ഉള്ളിൽ പോകാതിരിക്കാൻ ശ്രദ്ധിക്കണം.
4. രോഗലക്ഷണങ്ങൾ കണ്ടാൽ സ്വയംചികിത്സ ഒഴിവാക്കുക: കടുത്ത പനി, തലവേദന, ചുമ, ശ്വാസംമുട്ടൽ, വിഭ്രാന്തി തുടങ്ങിയ ലക്ഷണങ്ങൾ കണ്ടാൽ ഒട്ടും സമയം കളയാതെ ഡോക്ടറെ കാണുക. രോഗിയുമായി സമ്പർക്കമുണ്ടായിരുന്നെങ്കിൽ അത് മറച്ചുവെയ്ക്കരുത്.
‘വൺ ഹെൽത്ത്’ സമീപനത്തിന്റെ പ്രസക്തി
ഈ ലോക സൂണോസിസ് ദിനത്തിൽ നമ്മൾ ഉറപ്പിച്ചു പറയേണ്ട ഒരു കാര്യമുണ്ട് – മനുഷ്യന്റെ ആരോഗ്യം മാത്രം സംരക്ഷിച്ചതുകൊണ്ട് നമുക്ക് പകർച്ചവ്യാധികളെ തടയാനാകില്ല. മനുഷ്യന്റെയും മൃഗങ്ങളുടെയും നമ്മുടെ പരിസ്ഥിതിയുടെയും ആരോഗ്യം ഒന്നാണെന്ന് കാണുന്ന ‘വൺ ഹെൽത്ത്’ കാഴ്ചപ്പാടിലേക്ക് നമ്മൾ മാറേണ്ടതുണ്ട്.
കേരളത്തിലെ ആരോഗ്യവകുപ്പ് ഇതിനായി പ്രത്യേക സമിതികൾ രൂപീകരിച്ച് വവ്വാലുകളിലെ വൈറസ് സാന്നിധ്യത്തെക്കുറിച്ചും കാലാവസ്ഥാ വ്യതിയാനം ഇതിനെ എങ്ങനെ സ്വാധീനിക്കുന്നുവെന്നും പഠിച്ചുവരികയാണ്. ഭയമല്ല, മറിച്ച് ശാസ്ത്രീയമായ ജാഗ്രതയും കൃത്യമായ പ്രതിരോധവുമാണ് നിപയെ തോൽപ്പിക്കാൻ നമുക്കാവശ്യം. ‘ആരോഗ്യമുള്ള പരിസ്ഥിതി, സുരക്ഷിതരായ മൃഗങ്ങൾ, രോഗമില്ലാത്ത മനുഷ്യർ’ – ഇതാകട്ടെ ഈ സൂണോസിസ് ദിനത്തിലെ നമ്മുടെ ലക്ഷ്യം.
Health
തുടർക്കഥയാകുന്ന ജന്തുജന്യ രോഗങ്ങൾ: എന്തുകൊണ്ട് കേരളം ഒരു ‘ഹോട്ട്‌സ്‌പോട്ട്’ ആകുന്നു?
സമീപകാലത്തായി കേരളത്തിന്റെ ആരോഗ്യമേഖല നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി എന്താണെന്ന് ചോദിച്ചാൽ, കൃത്യമായ ഇടവേളകളിൽ ആവർത്തിച്ചെത്തുന്ന ജന്തുജന്യ പകർച്ചവ്യാധികളാണെന്ന് പറയേണ്ടിവരും. നിപയുടെ ആവർത്തനവും, നിപ, എലിപ്പനി, പക്ഷിപ്പനി, സ്ക്രബ് ടൈഫസ്, വെസ്റ്റ് നൈൽ പനി തുടങ്ങി മലയോര മേഖലകളിൽ ഭീതി വിതയ്ക്കുന്ന കുരങ്ങുപനിയും വരെ കേരളത്തിന്റെ പൊതുജനാരോഗ്യ ഭൂപടത്തെ മാറ്റിമറിച്ചുകൊണ്ടിരിക്കുകയാണ്. കേരളത്തെ സംബന്ധിച്ച് ഇതൊരു അതിജീവനത്തിനായുള്ള തീവ്രമായ ജാഗ്രതാ നിർദേശമാണ്.
1885 ജൂലൈ 6-ന് ഫ്രഞ്ച് ശാസ്ത്രജ്ഞനായ ലൂയി പാസ്ചർ പേവിഷബാധയ്‌ക്കെതിരെയുള്ള (Rabies) ആദ്യ വാക്‌സിൻ വിജയകരമായി പരീക്ഷണവിധേയമാക്കിയതിന്റെ ഓർമ്മപ്പെടുത്തലായാണ് ഈ ദിവസം ലോക ജന്തുജന്യ രോഗദിനമായി തിരഞ്ഞെടുക്കാനുള്ള കാരണം.മൃഗങ്ങളിൽ നിന്നും പക്ഷികളിൽ നിന്നും മനുഷ്യരിലേക്ക് പകരുന്ന രോഗങ്ങളെയാണ് ‘സൂനോട്ടിക് രോഗങ്ങൾ’ എന്ന് പറയുന്നത്. ഇതിലെ രോഗകാരികൾ വൈറസോ , ബാക്ടീരിയോ , പരാദങ്ങളോ ആയേക്കാം. ഇന്ന് മനുഷ്യരിൽ കാണപ്പെടുന്ന പകർച്ചവ്യാധികളിൽ 60 ശതമാനവും പുതുതായി രൂപപ്പെടുന്ന മാരക രോഗങ്ങളിൽ 75 ശതമാനവും ജന്തുജന്യമാണെന്നാണ് ലോകാരോഗ്യ സംഘടനയുടെ (WHO) കണക്കുകൾ വ്യക്തമാക്കുന്നത്.
ഇന്ത്യയിൽ തന്നെ ഏറ്റവും മികച്ച ആരോഗ്യ പരിപാലന മാതൃകയും ഉയർന്ന സാക്ഷരതയുമുള്ള കേരളം എന്തുകൊണ്ടാണ് പുതിയ ജന്തുജന്യ രോഗങ്ങളുടെ കാര്യത്തിൽ ഇത്രയധികം ഭീഷണി നേരിടുന്ന ഒരു ‘ഹോട്ട്‌സ്‌പോട്ട്’ ആയി മാറുന്നത്? പ്രകൃതിയും മനുഷ്യനും മൃഗങ്ങളും തമ്മിലുള്ള സന്തുലിതാവസ്ഥയിൽ വരുന്ന മാറ്റങ്ങളും കേരളത്തിന്റെ സവിശേഷമായ ഭൂമിശാസ്ത്രപരമായ പ്രത്യേകതകളും ഇതിന് പിന്നിലുണ്ടെന്നതാണ് യാഥാർത്ഥ്യം. ഈ സാഹചര്യത്തിൽ മാറിവരുന്ന രോഗങ്ങളെക്കുറിച്ചുള്ള അറിവ് ആരോഗ്യ സുരക്ഷയ്ക്ക് അനിവാര്യമായിരിക്കുന്നു.
അവഗണിക്കരുത് ഈ പ്രാരംഭ ലക്ഷണങ്ങൾ
മൃഗങ്ങളിൽ നിന്ന് പകരുന്ന പല രോഗങ്ങളുടെയും പ്രാരംഭ ലക്ഷണങ്ങൾ സാധാരണ വൈറൽ പനിയുടേതിന് സമാനമാണ്. അതിനാൽ താഴെ പറയുന്ന ലക്ഷണങ്ങൾ കണ്ടാൽ ഫാർമസിയിൽ നിന്ന് ഗുളിക വാങ്ങി സ്വയം ചികിത്സിക്കാതെ ഉടനടി ഒരു ഡോക്ടറെ കാണുക:
>> പെട്ടെന്നുണ്ടാകുന്ന കടുത്ത പനിയും കഠിനമായ വിറയലും.
>> വിട്ടുമാറാത്ത തലവേദന, കഴുത്ത് വേദന, വിഭ്രാന്തി അല്ലെങ്കിൽ അബോധാവസ്ഥ (നിപ പോലുള്ള മസ്തിഷ്ക ജ്വരങ്ങളുടെ ലക്ഷണം).
>> കാൽമുട്ടിന് താഴെയുള്ള പേശികളിലും സന്ധികളിലും ഉണ്ടാകുന്ന കഠിനമായ വേദന (എലിപ്പനിയുടെ പ്രധാന ലക്ഷണം).
>> കടുത്ത ചുമ, ശ്വാസംമുട്ടൽ, തൊണ്ടവേദന തുടങ്ങിയ ശ്വാസകോശ സംബന്ധമായ ബുദ്ധിമുട്ടുകൾ.
>> ചർമ്മത്തിൽ കാണപ്പെടുന്ന മാറ്റങ്ങൾ അതായത് തൊലിപ്പുറത്തുണ്ടാകുന്ന തടിപ്പുകൾ, കറുത്ത പാടുകൾ അല്ലെങ്കിൽ ചെറിയ വ്രണങ്ങൾ (ചെള്ള് പനിയുടെ ലക്ഷണം).
എന്തുകൊണ്ടാണ് നമ്മൾ കൂടുതൽ ജാഗ്രത പാലിക്കേണ്ടത്?
അപകടസാധ്യതകളും കാരണങ്ങളും
കേരളത്തെ ജന്തുജന്യ രോഗങ്ങളുടെ ഒരു പ്രധാന കേന്ദ്രമാക്കി (ഹോട്ട്‌സ്‌പോട്ട്) മാറ്റുന്നതിൽ നമ്മുടെ ഭൂമിശാസ്ത്രപരവും സാമൂഹികവുമായ ചില പ്രത്യേകതകൾക്ക് വലിയ പങ്കുണ്ട്. പ്രധാനപ്പെട്ട കാരണങ്ങൾ താഴെ പറയുന്നവയാണ്:
>> കാലാവസ്ഥാ വ്യതിയാനവും പ്രകൃതിദുരന്തങ്ങളും: കേരളത്തിൽ അടുത്തകാലത്തായി വർധിച്ചുവരുന്ന അതിതീവ്ര മഴയും പ്രളയസമാനമായ സാഹചര്യങ്ങളും ജന്തുജന്യ രോഗങ്ങളുടെ വ്യാപനത്തിന് ആക്കം കൂട്ടുന്നുണ്ട്.
വെള്ളക്കെട്ടുകളും മലിനജലം കെട്ടിക്കിടക്കുന്ന അവസ്ഥയും എലിപ്പനി (Leptospirosis) വ്യാപകമായി പടരുന്നതിന് കാരണമാകുന്നു. ഇതിനുപുറമെ, കൊതുകുകൾ, ചെള്ളുകൾ തുടങ്ങിയ രോഗവാഹകർ അതിവേഗം പെരുകുന്നതിനും ഇത്തരം കാലാവസ്ഥാ മാറ്റങ്ങൾ അനുകൂലമായ അന്തരീക്ഷം സൃഷ്ടിക്കുന്നു.
>> വളർത്തുമൃഗ പരിപാലനത്തിലെ അശാസ്ത്രീയത: നായ, പൂച്ച തുടങ്ങിയ അരുമകളെയും കന്നുകാലികളെയും വീടുകളോട് ചേർന്ന് പരിപാലിക്കുന്നവരാണ് ഭൂരിഭാഗം മലയാളികളും. എന്നാൽ ഇവയ്ക്ക് കൃത്യസമയത്ത് വാക്സിനേഷൻ നൽകാതിരിക്കുന്നതും, അസുഖം വന്നാൽ വിദഗ്ദ്ധ ചികിത്സ തേടാതിരിക്കുന്നതും വലിയ ആരോഗ്യപ്രതിസന്ധിക്ക് വഴിവെക്കുന്നു.
>> ആഗോള സമ്പർക്കവും വിനോദസഞ്ചാരവും: ഇന്ത്യയിൽ തന്നെ ഏറ്റവും കൂടുതൽ പ്രവാസികളുള്ളതും, വിദേശ വിനോദസഞ്ചാരികൾ എത്തുന്നതുമായ സംസ്ഥാനങ്ങളിലൊന്നാണ് കേരളം. ഈ ഉയർന്ന ആഗോള സമ്പർക്കം കാരണം കേരളം ഒരു ഹോട്ട്സ്പോട്ടാക്കുന്നതിന് കാരണമാകുന്നു
മുൻകൂട്ടിയുള്ള പരിശോധന ജീവൻ രക്ഷിക്കും
ജന്തുജന്യ രോഗങ്ങളുടെ ചികിത്സയിൽ സമയം എന്നത് ജീവന്റെ വിലയുള്ളതാണ്. നിപ പോലുള്ള രോഗങ്ങൾക്ക് മരണനിരക്ക് വളരെ കൂടുതലാണ്. പനിയുള്ളപ്പോൾ മൃഗങ്ങളുമായി സമ്പർക്കമുണ്ടായിട്ടുണ്ടെങ്കിൽ ആ വിവരം പരിശോധിക്കുന്ന ഡോക്ടറോട് മറച്ചുവെക്കരുത്. നിലവിൽ കേരളത്തിൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് വൈറോളജി പോലുള്ള അത്യാധുനിക ലാബുകൾ ഉള്ളതിനാൽ രോഗനിർണ്ണയം വേഗത്തിൽ സാധ്യമാണ്.
സുരക്ഷിതമായ ജീവിതശൈലിയിലേക്ക്
മനുഷ്യന്റെയും മൃഗങ്ങളുടെയും പരിസ്ഥിതിയുടെയും ആരോഗ്യം ഒന്നാണെന്ന നയമാണ് നാം ഇനി പിന്തുടരേണ്ടത്. ഈ ശീലങ്ങൾ നിങ്ങളുടെ ജീവിതത്തിന്റെ ഭാഗമാക്കുക:
>> പക്ഷികളോ വവ്വാലുകളോ കടിച്ചതോ നിലത്തുവീണതോ ആയ പഴങ്ങൾ ഒരിക്കലും കഴിക്കരുത്.
>> മാംസവും മുട്ടയും ഉയർന്ന താപനിലയിൽ നന്നായി വേവിച്ചു മാത്രം കഴിക്കുക.
>> വീട്ടിൽ വളർത്തുന്ന മൃഗങ്ങൾക്ക് കൃത്യമായ വാക്സിനേഷൻ ഉറപ്പാക്കുക. കാട്ടുക്കുരങ്ങുകൾ, പന്നികൾ തുടങ്ങിയ വന്യമൃഗങ്ങളുമായുള്ള സമ്പർക്കം പൂർണ്ണമായി ഒഴിവാക്കുക.
>> മണ്ണിലും മലിനജലത്തിലും തൊഴിലെടുക്കുന്നവർ നിർബന്ധമായും പ്രധിരോധത്തിനായി ഗ്ലൗസും ബൂട്സും ധരിക്കുക. ആരോഗ്യവകുപ്പ് നൽകുന്ന പ്രതിരോധ ഗുളികകൾ (Doxycycline) കൃത്യമായി കഴിക്കുക.
പരിഭ്രാന്തിയല്ല, കൃത്യമായ അറിവും ജാഗ്രതയുമാണ് ഇത്തരം രോഗങ്ങളെ പ്രതിരോധിക്കാനുള്ള നമ്മുടെ ഏറ്റവും വലിയ ആയുധം.
Health
വലിയ ശസ്ത്രക്രിയകൾ ഇല്ലാതെ കിഡ്നി ക്യാൻസർ ചികിത്സിക്കാം; എന്താണ് ‘മിനിമലി ഇൻവേസീവ്’ ചികിത്സ?
ക്യാൻസർ” എന്ന വാക്ക് കേൾക്കുമ്പോൾ മരണം ഉറപ്പിക്കുന്ന ഒരു കാലമുണ്ടായിരുന്നു നമുക്ക്. എന്നാൽ ഇന്ന് മെഡിക്കൽ രംഗം വളരെയധികം സാങ്കേതികമായും വിദഗ്ദ്ധ പരിചരണകൊണ്ടും മുന്നിലാണ്. പ്രത്യേകിച്ച് കിഡ്നി ക്യാൻസർ പോലെ തീവ്രതയേറിയ രോഗം പ്രാരംഭഘട്ടത്തിൽ കണ്ടെത്താനും പൂർണ്ണമായി ഭേദമാക്കാനും ഇന്ന് സാധ്യമാണ്.
ഡോ. മുഹമ്മദ് സനൂബ് എം.കെ
സീനിയർ സ്പെഷ്യലിസ്റ്റ് യൂറോളജി
ആസ്റ്റർ മിംസ് കോട്ടക്കൽ
“ക്യാൻസർ” എന്ന വാക്ക് കേൾക്കുമ്പോൾ മരണം ഉറപ്പിക്കുന്ന ഒരു കാലമുണ്ടായിരുന്നു നമുക്ക്. എന്നാൽ ഇന്ന് മെഡിക്കൽ രംഗം വളരെയധികം സാങ്കേതികമായും വിദഗ്ദ്ധ പരിചരണകൊണ്ടും മുന്നിലാണ്. പ്രത്യേകിച്ച് കിഡ്നി ക്യാൻസർ പോലെ തീവ്രതയേറിയ രോഗം പ്രാരംഭഘട്ടത്തിൽ കണ്ടെത്താനും പൂർണ്ണമായി ഭേദമാക്കാനും ഇന്ന് സാധ്യമാണ്. മുൻകാലങ്ങളിൽ വലിയ ലക്ഷണങ്ങൾ കാണിച്ച് രോഗം മൂർച്ഛിക്കുമ്പോൾ മാത്രമാണ് പലരും ഇത് തിരിച്ചറിഞ്ഞിരുന്നത്. എന്നാൽ ഇന്ന് ഒരു സാധാരണ അൾട്രാസൗണ്ട് സ്കാനിംഗിലൂടെയോ സി.ടി സ്കാനിലൂടെയോ പോലും യാതൊരു ലക്ഷണങ്ങളും കാണിക്കാത്ത വളരെ ചെറിയ (4 സെന്റീമീറ്ററിൽ താഴെയുള്ള) ട്യൂമറുകൾ വളരെ നേരത്തെ തന്നെ കണ്ടെത്താൻ നമുക്ക് കഴിയുന്നുണ്ട്. അതിനാൽ രോഗനിർണ്ണയവും ചികിത്സാരീതികളും കൂടുതൽ ലളിതമായി മാറിയിരിക്കുന്നു.
മുൻകാലങ്ങളിൽ വൃക്കയിൽ ചെറിയൊരു മുഴ കണ്ടാൽ പോലും ശസ്ത്രക്രിയയിലൂടെ ആ വൃക്ക മുഴുവനായി നീക്കം ചെയ്യുകയല്ലാതെ മറ്റ് മാർഗ്ഗങ്ങളുണ്ടായിരുന്നില്ല. എന്നാൽ ഇന്ന്, മെഡിക്കൽ സാങ്കേതികവിദ്യയുടെ വളർച്ചയോടെ രോഗികൾക്ക് ആശ്വസിക്കാം. വലിയ ശാസ്ത്രക്രിയകളോ കഠിനമായ വേദനയോ ഇല്ലാതെ, ട്യൂമർ മാത്രം കൃത്യമായി നീക്കം ചെയ്യാനും ബാക്കി വൃക്കയെ പൂർണ്ണമായി സംരക്ഷിക്കാനും സഹായിക്കുന്ന ‘മിനിമലി ഇൻവേസീവ്’ ചികിത്സാരീതികൾ ഇന്ന് ലഭ്യമാണ്. കുറഞ്ഞ ഹോസ്പിറ്റൽ വാസവും കുറഞ്ഞ സമയത്തിനുള്ളിൽ സുഖം പ്രാപ്‌തിയും ഉറപ്പുനൽകുന്ന അത്യാധുനിക ചികിത്സകൾ ഏതൊക്കെയാണെന്ന് മനസ്സിലാക്കാം:
മാറിയ ചികിത്സാ സമവാക്യങ്ങൾ:
മുൻകാലങ്ങളിൽ വൃക്കയിൽ ചെറിയൊരു മുഴ കണ്ടാൽ പോലും ശസ്ത്രക്രിയയിലൂടെ ആ വൃക്ക മുഴുവനായി നീക്കം ചെയ്യുക അല്ലാതെ മറ്റ് മാർഗ്ഗങ്ങളുണ്ടായിരുന്നില്ല. ഇത് രോഗിയുടെ പിൽക്കാല ജീവിതത്തെയും വൃക്കയുടെ പ്രവർത്തനക്ഷമതയെയും ബാധിച്ചിരുന്നു. വലിയ കീറിമുറിക്കലുകളോ കഠിനമായ വേദനയോ ഇല്ലാതെ ട്യൂമർ മാത്രം കൃത്യമായി നീക്കം ചെയ്യാനും ബാക്കി വൃക്കയെ പൂർണ്ണമായി സംരക്ഷിക്കാനും സഹായിക്കുന്ന ‘മിനിമലി ഇൻവേസീവ്’ ചികിത്സാരീതികൾ ഇന്ന് ലഭ്യമാണ്. കുറഞ്ഞ ഹോസ്പിറ്റൽ വാസവും വേഗത്തിലുള്ള സുഖം പ്രാപ്‌തിയും ഉറപ്പുനൽകുന്ന അത്യാധുനിക ചികിത്സകൾ താഴെ പറയുന്നവയാണ്:
1. റോബോട്ടിക് / ലാപ്രോസ്കോപ്പിക് പാർഷ്യൽ നെഫ്രെക്ടമി
മുഴുവൻ വൃക്കയും നീക്കം ചെയ്യുന്നതിന് പകരം ട്യൂമർ ബാധിച്ച ഭാഗം മാത്രം കൃത്യമായി മുറിച്ചു മാറ്റുന്ന രീതിയാണിത്. ഇതിലൂടെ ബാക്കിയുള്ള ആരോഗ്യകരമായ വൃക്ക സുരക്ഷിതമായി നിലനിർത്താൻ സാധിക്കുന്നു. രോഗിക്ക് ഭാവിയിൽ വൃക്കസ്തംഭനം പോലുള്ള അവസ്ഥകൾ ഉണ്ടാകാനുള്ള സാധ്യത ഇത് വലിയ തോതിൽ കുറയ്ക്കുന്നു.
റോബോട്ടിക് സർജറി: ശസ്ത്രക്രിയ നടത്തുന്ന സർജന് കൺസോളിലൂടെ ട്യൂമറിന്റെ 3ഡി ദൃശ്യങ്ങൾ വളരെ വ്യക്തമായി കാണാൻ സാധിക്കും. റോബോട്ടിക് കൈകൾ ഉപയോഗിച്ച് മനുഷ്യന്റെ കൈകൾക്ക് സാധിക്കുന്നതിനേക്കാൾ അതീവ സൂക്ഷ്മതയോടെ ട്യൂമർ മാത്രം നീക്കം ചെയ്യാനും രക്തസ്രാവം തടയാനും ഇതിലൂടെ സാധിക്കുന്നു.
പ്രധാന ഗുണങ്ങൾ: ശരീരത്തിൽ വളരെ ചെറിയ മുറിവുകൾ മാത്രം, കുറഞ്ഞ രക്തസ്രാവം, അണുബാധയ്ക്കുള്ള സാധ്യതയില്ലായ്മ, ശസ്ത്രക്രിയയ്ക്ക് ശേഷം വേഗത്തിലുള്ള സുഖം പ്രാപിക്കൽ.
2. അബ്ലേഷൻ തെറാപ്പികൾ
പ്രായക്കൂടുതൽ ഉള്ളവർക്കോ മറ്റ് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ (ഹൃദ്രോഗം, ശ്വാസകോശ രോഗങ്ങൾ പോലുള്ളവ) ഉള്ളവർക്കോ വലിയ ശസ്ത്രക്രിയകൾ സുരക്ഷിതമല്ലെങ്കിൽ പ്രയോജനപ്പെടുത്തുന്ന അത്യാധുനിക രീതിയാണിത്. ശസ്ത്രക്രിയ കൂടാതെ തന്നെ ട്യൂമറിനെ നശിപ്പിക്കാൻ ഇതിലൂടെ സാധിക്കും. ഇതിൽ പ്രധാനമായും രണ്ട് വഴികളുണ്ട്:
>> ക്രയോഅബ്ലേഷൻ: അൾട്രാസൗണ്ട് അല്ലെങ്കിൽ സി.ടി സ്കാനിന്റെ തത്സമയ സഹായത്തോടെ ട്യൂമറിലേക്ക് ഒരു പ്രത്യേക സൂചി കടത്തിവിടുന്നു. അതിലൂടെ കടുത്ത തണുപ്പ് പ്രവഹിപ്പിച്ച് കാൻസർ കോശങ്ങളെ മരവിപ്പിച്ചു നശിപ്പിക്കുന്ന രീതിയാണിത്.
>> റേഡിയോഫ്രീക്വൻസി അബ്ലേഷൻ: ഇതിൽ തണുപ്പിന് പകരം ഉയർന്ന റേഡിയോ തരംഗങ്ങൾ ഉപയോഗിച്ച് വലിയ അളവിൽ ചൂട് ഉത്പാദിപ്പിച്ച് ട്യൂമർ കോശങ്ങളെ കരിച്ചു കളയുകയാണ് ചെയ്യുന്നത്.
3. ആക്റ്റീവ് സർവൈലൻസ്
കണ്ടെത്തുന്ന എല്ലാ ചെറിയ ട്യൂമറുകളും ഉടനടി നീക്കം ചെയ്യേണ്ടതുണ്ടോ? ഇല്ല എന്നാണ് ആധുനിക ശാസ്ത്രം പറയുന്നത്. വളരെ പ്രായമായവരിലോ ട്യൂമറിന്റെ വളർച്ചാനിരക്ക് വളരെ കുറവാണെന്ന് കൃത്യമായ പരിശോധനകളിലൂടെ മനസ്സിലാകുന്ന സാഹചര്യങ്ങളിലോ ഡോക്ടർമാർ ഈ രീതി നിർദ്ദേശിക്കാറുണ്ട്. ഇവിടെ ഉടനടി ചികിത്സകൾ ഒന്നും തന്നെ ചെയ്യുന്നില്ല. പകരം, കൃത്യമായ ഇടവേളകളിൽ സ്കാനിംഗ് നടത്തി ട്യൂമറിന്റെ വലിപ്പവും സ്വഭാവവും സൂക്ഷ്മമായി നിരീക്ഷിക്കുകയാണ് ചെയ്യുന്നത്. ട്യൂമർ അസാധാരണമായ വളർച്ച കാണിക്കുകയാണെങ്കിൽ മാത്രം തുടർചികിത്സകളിലേക്ക് കടക്കും. ഇത് അനാവശ്യമായ സർജറികളും മാനസിക സമ്മർദ്ദവും ഒഴിവാക്കാൻ സഹായിക്കും.
ശാരീരിക സൗഖ്യത്തിനൊപ്പം മാനസിക പിന്തുണയും
കിഡ്നി ക്യാൻസർ കേവലം ഒരു ശാരീരിക ആരോഗ്യാവസ്ഥ മാത്രമല്ല, രോഗിയുടെയും അവരുടെ കുടുംബത്തിന്റെയും മാനസികാരോഗ്യത്തെയും അത് വലിയ രീതിയിൽ ബാധിക്കുന്നുണ്ട്. രോഗത്തെക്കുറിച്ചുള്ള അമിതമായ ഭയവും സാമ്പത്തിക-സാമൂഹിക ആശങ്കകളും പലരെയും തളർത്താറുണ്ട്. എന്നാൽ പുതിയ കാലത്തെ ശരിയായ സമയത്തുള്ള രോഗനിർണ്ണയവും, വേദനയില്ലാത്ത ഇത്തരം ലളിതമായ ചികിത്സാരീതികളും രോഗികളിലെ ഭയവും ആശങ്കയും വലിയൊരു പരിധി വരെ കുറയ്ക്കാൻ സഹായിക്കും. ഭയം വെടിഞ്ഞ്, കൃത്യസമയത്തുള്ള ആരോഗ്യ പരിശോധനകളിലൂടെ രോഗം തുടക്കത്തിലേ കണ്ടെത്താനും വൃക്കയും ജീവനും ഒരേപോലെ പൂർണ്ണമായി സംരക്ഷിക്കാനും നമുക്ക് സാധിക്കും.
Health
കാൻസർ അതിജീവനം: ചികിത്സക്കു ശേഷം തുടങ്ങുന്ന നിശബ്ദ പോരാട്ടങ്ങൾ
ഡോ. നിധീഷ് വി. ശങ്കർ
കൺസൾട്ടന്റ് സൈക്യാട്രിക് മെഡിസിൻ
ആസ്റ്റർ മിംസ് കോട്ടക്കൽ
ക്യാൻസർ ചികിത്സ അവസാനിക്കുന്നതോടെ പോരാട്ടം കഴിഞ്ഞു എന്ന് പലപ്പോഴും കരുതാറുണ്ട്. എന്നാൽ യഥാർത്ഥത്തിൽ ഈ സമയത്താണ് മറ്റൊരു ഘട്ടത്തിലേക്ക് ക്യാൻസർ അതിജീവിച്ചവർ കടന്നു പോകുന്നത്. ചികിത്സാവേളയിൽ സർവ്വ ശ്രദ്ധയും രോഗമുക്തി നേടുന്നതിലായിരിക്കും. മെഡിക്കൽ ടീമിന്റെ പരിരക്ഷ കീമോതെറാപ്പി റേഡിയേഷൻ തുടങ്ങിയ ചികിത്സാ കഴിഞ്ഞ ശേഷം സാധാരണ ജീവിതത്തിലേക്ക് മടങ്ങുമ്പോൾ ആഘാതങ്ങൾ പല ലക്ഷണങ്ങളായി പുറത്തുവരാൻ തുടങ്ങുന്നു. പതിവ് ഹോസ്പിറ്റൽ സന്ദർശനങ്ങൾ കുറയുകയും വ്യക്തികൾ തങ്ങളുടെ സാധാരണ ജീവിതത്തിലേക്ക് മടങ്ങാൻ ശ്രമിക്കുകയും ചെയ്യുമ്പോൾ അവർ അനുഭവിച്ച തീവ്രമായ ആഘാതങ്ങൾ പലവിധ മാനസിക-ശാരീരിക ലക്ഷണങ്ങളായി പുറത്തുവരാൻ തുടങ്ങുന്നു. സുരക്ഷിതത്വത്തിന്റെ ഒരു കവചം പെട്ടെന്ന് നഷ്ടപ്പെടുന്നത് അവരിൽ ശാരീരിക ബുദ്ധിമുട്ടുകൾ മാനസിക സമ്മർദ്ദങ്ങൾ സൃഷ്ടിക്കാറുണ്ട്.
വൈദ്യശാസ്ത്രപരമായി ഈ അവസ്ഥകളെയും അവയുടെ ലക്ഷണങ്ങളെയും താഴെ പറയുന്ന പ്രമുഖ ക്ലിനിക്കൽ വിഭാഗങ്ങളായി കാണപ്പെടുന്നു.
1. കാൻസറോഫോബിയ അല്ലെങ്കിൽ രോഗാവസ്ഥ വീണ്ടും വരുമെന്ന ഭയം
ക്യാൻസർ അതിജീവിച്ചവരിൽ ഏറ്റവും വ്യാപകമായി കാണപ്പെടുന്ന ഒരു സൈക്കോ-ഓങ്കോളജിക്കൽ അവസ്ഥയാണിത്. രോഗമുക്തി നേടി എന്ന ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചതിനു ശേഷവും, രോഗം ശരീരത്തിലേക്ക് എപ്പോൾ വേണമെങ്കിലും തിരിച്ചുവരാം എന്ന തീവ്രവും വിട്ടുമാറാത്തതുമായ ആശങ്കയാണ് ഇതിന്റെ പ്രത്യേകത.
ക്ലിനിക്കൽ ലക്ഷണങ്ങൾ: ശരീരത്തിൽ ഉണ്ടാകുന്ന ചെറിയൊരു പേശി വേദനയോ നേരിയ ചുമയോ സാധാരണ ക്ഷീണമോ പോലും രോഗം വീണ്ടും പടരുന്നതിന്റെ ലക്ഷണമാണോ എന്ന് അവർ ഭയപ്പെടുന്നു. ഇത് പലപ്പോഴും ഹൈപ്പർവിജിലൻസ് (ശരീരത്തിലെ ഓരോ മാറ്റങ്ങളെയും ഭീതിയോടെ നിരീക്ഷിക്കുക) എന്ന അവസ്ഥയിലേക്ക് നയിക്കുന്നു.
ഈ നിരന്തരമായ ഭയം വ്യക്തികളുടെ ദൈനംദിന കാര്യങ്ങളെ തൊഴിൽപരമായ ശ്രദ്ധയെ സാമൂഹിക ഇടപെടലുകളെ സാരമായി ബാധിക്കുന്നു. കൂടാതെ കടുത്ത ഉറക്കമില്ലായ്മയിലേക്കും ഇത് വഴിതെളിക്കാറുണ്ട്.
2. പോസ്റ്റ്-ട്രോമാറ്റിക് സ്ട്രെസ് ഡിസോർഡർ
ക്യാൻസർ രോഗനിർണ്ണയവും അതിനെത്തുടർന്നുണ്ടായ കഠിനമായ ചികിത്സാ പ്രക്രിയകളും ഒരു വ്യക്തിയെ സംബന്ധിച്ച് പെട്ടെന്നുണ്ടാകുന്ന ജീവൽഭീഷണിയാണ്. വൈദ്യശാസ്ത്രത്തിൽ ഇതിനെ ഒരു ‘ട്രോമാറ്റിക് ഇവന്റ്’ ആയിട്ടാണ് കണക്കാക്കുന്നത്. ഇതിന്റെ ഫലമായി ഉണ്ടാകുന്ന മാനസികാവസ്ഥയാണ് പോസ്റ്റ്-ട്രോമാറ്റിക് സ്ട്രെസ് ഡിസോർഡർ.
ക്ലിനിക്കൽ ലക്ഷണങ്ങൾ: ഹോസ്പിറ്റലിലെ ഗന്ധം, കീമോതെറാപ്പി വാർഡുകളുടെ ദൃശ്യങ്ങൾ, മെഡിക്കൽ ഉപകരണങ്ങളുടെ ശബ്ദങ്ങൾ, അല്ലെങ്കിൽ മറ്റാരെങ്കിലും രോഗത്തെക്കുറിച്ച് സംസാരിക്കുന്നത് കേൾക്കുന്നത് പോലും പഴയ ഭീതിദമായ ഓർമ്മകളെ അതെ തീവ്രതയോടെ മനസ്സിലേക്ക് തിരിച്ചുകൊണ്ടുവരാം.
പല അതിജീവിതരും തങ്ങളുടെ തുടർന്നുള്ള പരിശോധനകളിൽ നിന്ന് ഒളിച്ചോടാൻ ശ്രമിക്കാറുണ്ട്. ഹോസ്പിറ്റലിൽ പോകേണ്ടി വരുന്നത് പാനിക് അറ്റാക്കുകൾക്ക് വരെ കാരണമാകുന്നു.
3. ‘കീമോ ബ്രെയിൻ’ അല്ലെങ്കിൽ കോഗ്നിറ്റീവ് ഡിസ്ഫംഗ്ഷൻ
കീമോതെറാപ്പി റേഡിയേഷൻ ഹോർമോൺ തെറാപ്പി തുടങ്ങിയ തീവ്രമായ ചികിത്സാ രീതികൾ കാരണം രോഗിയുടെ കേന്ദ്ര നാഡീവ്യൂഹത്തിൽ ഉണ്ടാകുന്ന താത്കാലികമായ മാറ്റങ്ങളെയാണ് ‘കീമോ ബ്രെയിൻ’ എന്ന് വിളിക്കുന്നത്.
ക്ലിനിക്കൽ ലക്ഷണങ്ങൾ: ഹ്രസ്വകാല ഓർമ്മക്കുറവ് ഒരേ സമയം ഒന്നിലധികം കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള ബുദ്ധിമുട്ട് അനുയോജ്യമായ വാക്കുകൾ പെട്ടെന്ന് ഓർത്തെടുക്കാൻ കഴിയാതെ വരുക ചിന്തകളിലുണ്ടാകുന്ന മന്ദത തുടങ്ങിയവയാണ് പ്രധാന ലക്ഷണങ്ങൾ.
രോഗവിമുക്തിക്ക് ശേഷം ജോലിയിൽ തിരികെ പ്രവേശിക്കുമ്പോൾ പലർക്കും പഴയതുപോലെ കാര്യക്ഷമമായി പ്രവർത്തിക്കാൻ കഴിയാതെ വരുന്നു. ഇത് രോഗികളിൽ കടുത്ത നിരാശയും ആത്മവിശ്വാസക്കുറവും ഭാവിയെക്കുറിച്ചുള്ള ആശങ്കയും വർദ്ധിപ്പിക്കുന്നു.
4. ബോഡി ഇമേജ് ഡിസ്ട്രെസ്
ക്യാൻസർ ചികിത്സകൾ പലപ്പോഴും സർജറികൾ നേരിട്ടതിനു ശേഷം ശരീരത്തിന്റെ വലിയ മാറ്റങ്ങൾ ഉണ്ടാകുന്നു. ഉദാഹരണത്തിന് മാസ്റ്റക്ടമി അഥവാ സ്തനം നീക്കം ചെയ്യൽ, അവയവങ്ങൾ മുറിച്ചു മാറ്റേണ്ടി വരിക, സ്റ്റോമ ബാഗുകൾ ഘടിപ്പിക്കുക, കീമോതെറാപ്പി മൂലമുള്ള മുടി കൊഴിച്ചിൽ, ചർമ്മത്തിലുണ്ടാകുന്ന മാറ്റങ്ങൾ, റേഡിയേഷൻ പാടുകൾ, വന്ധ്യത എന്നിവ ഇതിൽ ഉൾപ്പെടുന്നു.
ക്ലിനിക്കൽ ലക്ഷണങ്ങൾ: സ്വന്തം ശരീരത്തോട് തോന്നുന്ന അപകർഷതാബോധം, ലൈംഗിക വിമുഖത, പങ്കാളിയോട് തുറന്നു സംസാരിക്കാനുള്ള മടി എന്നിവ ഇതിന്റെ ഭാഗമായി ഉണ്ടാകാം. ഇത് വ്യക്തികളെ ഗുരുതരമായ സാമൂഹിക ഒറ്റപ്പെടലിലേക്ക് നയിക്കുന്നു. മറ്റുള്ളവർ തങ്ങളെ സഹതാപത്തോടെയോ വിചിത്രമായോ നോക്കിക്കാണുമോ എന്ന ഭയം കാരണം ഇവർ പൊതുചടങ്ങുകളിൽ നിന്നും സൗഹൃദങ്ങളിൽ നിന്നും സ്വയം മാറിനിൽക്കുന്നു.
ക്ലിനിക്കൽ ഇടപെടലുകളും പ്രതിരോധ മാർഗ്ഗങ്ങളും
ഒരു രോഗി പൂർണ്ണ രോഗമുക്തി നേടി എന്ന് അവകാശപ്പെടണമെങ്കിൽ അവരുടെ ശാരീരിക പരിശോധനകൾക്ക് നൽകുന്ന അതേ പ്രാധാന്യവും മുൻഗണനയും മാനസികാരോഗ്യത്തിനും നൽകണം. ഇതിനായി അന്താരാഷ്ട്ര തലത്തിൽ അംഗീകരിക്കപ്പെട്ട ചില മെഡിക്കൽ-സൈക്കോസോഷ്യൽ മാർഗ്ഗങ്ങൾ താഴെ പറയുന്നവയാണ്:
>>സൈക്കോ-ഓങ്കോളജി പിന്തുണ
ക്യാൻസർ രോഗികളുടെയും അതിജീവിതരുടെയും സവിശേഷമായ മാനസികാവസ്ഥകളെ കൈകാര്യം ചെയ്യാൻ മാത്രമായി വികസിപ്പിച്ചെടുത്ത ഒരു പ്രത്യേക മനഃശാസ്ത്ര ശാഖയാണിത്. ഇതിലൂടെ കോഗ്നിറ്റീവ് ബിഹേവിയറൽ തെറാപ്പി പോലുള്ള ശാസ്ത്രീയ മാർഗ്ഗങ്ങൾ ഉപയോഗിച്ച് രോഗികളിലെ യുക്തിരഹിതമായ ഭയങ്ങളെയും നെഗറ്റീവ് ചിന്താധാരകളെയും തിരിച്ചറിഞ്ഞ് അവയെ പോസിറ്റീവായി പുനഃക്രമീകരിക്കാൻ സഹായിക്കുന്നു. അതിനായി സ്ട്രെസ് റിഡക്ഷൻ തെറാപ്പികളിലൂടെ മനസ്സിന്റെ ഉത്കണ്ഠ കുറയ്ക്കാൻ വളരെ ഫലപ്രദമാണ്.
>>ഫാർമക്കോതെറാപ്പി
മാനസികമായ ബുദ്ധിമുട്ടുകൾ കൗൺസിലിംഗിലൂടെ മാത്രം മാറാത്ത ഘട്ടത്തിൽ കൃത്യമായ ക്ലിനിക്കൽ ഇടപെടൽ ആവശ്യമാണ്. അതിജീവിതരിൽ ക്ലിനിക്കൽ ഡിപ്രഷൻ അല്ലെങ്കിൽ ജനറലൈസ്ഡ് ആങ്സൈറ്റി ഡിസോർഡർ എന്നിവ സ്ഥിരീകരിക്കുകയാണെങ്കിൽ മെഡിക്കൽ ഗൈഡ്‌ലൈൻസ് അനുസരിച്ചുള്ള മരുന്നുകൾ നൽകണം.
തലച്ചോറിലെ മൂഡ് വ്യതിയാനങ്ങളെ നിയന്ത്രിക്കുന്ന സെറോടോണിൻ, ഡോപ്പമിൻ തുടങ്ങിയ ന്യൂറോട്രാൻസ്മിറ്ററുകളുടെ സന്തുലിതാവസ്ഥ നിലനിർത്താൻ സെലെക്ടിവ് സെറോടോണിൻ റീ-അപ്‌ടേക്ക് ഇൻഹിബിറ്ററുകൾ പോലുള്ള ആന്റി-ഡിപ്രസന്റുകളും ആന്റി-ആങ്സൈറ്റി മരുന്നുകളും കൃത്യമായ അളവിൽ നൽകുന്നതിലൂടെ രോഗിയുടെ ജീവിതനിലവാരം ഗണ്യമായി ഉയർത്താൻ സാധിക്കും.
>>സർവൈവർഷിപ്പ് കെയർ പ്ലാൻ
സജീവ ചികിത്സ അവസാനിക്കുന്ന ഘട്ടത്തിൽ മൾട്ടി-ഡിസിപ്ലിനറി ടീം സംയുക്തമായി ഓരോ രോഗിക്കും ഒരു പ്രത്യേക ‘സർവൈവർഷിപ്പ് ഗൈഡ്‌ലൈൻ’ തയ്യാറാക്കി നൽകേണ്ടതുണ്ട്.
കൃത്യമായ ഫോളോ-അപ്പ് ടെസ്റ്റുകളുടെ വിവരങ്ങൾ മാത്രമല്ല, മറിച്ച് ‘കീമോ ബ്രെയിൻ’ മറികടക്കാനുള്ള കോഗ്നിറ്റീവ് വ്യായാമങ്ങൾ, ശാരീരികക്ഷമത വീണ്ടെടുക്കാനുള്ള മെഡിക്കൽ വ്യായാമങ്ങൾ, ശരിയായ പോഷകാഹാര ക്രമം, മാനസികാരോഗ്യ കൗൺസിലിംഗിനുള്ള ഷെഡ്യൂളുകൾ, സപ്പോർട്ട് ഗ്രൂപ്പുകളുടെ വിവരങ്ങൾ എന്നിവ നിർബന്ധമായും ഉൾപ്പെടുത്തിയ ചികിത്സ രൂപരേഖ തയ്യാറിക്കി നൽകുക.
ക്യാൻസറിനെ അതിജീവിച്ച ഒരു വ്യക്തിക്ക് ചികിത്സയ്ക്ക് ശേഷമുള്ള കടുത്ത വിഷാദമോ, വിട്ടുമാറാത്ത ഉത്കണ്ഠയോ, വൈകാരികമായ തകർച്ചയോ തോന്നുന്നത് തികച്ചും സ്വാഭാവികമായ ഒരു ക്ലിനിക്കൽ അവസ്ഥയാണ്. ഇത് ഒരിക്കലും ആ വ്യക്തിയുടെ മാനസികമായ ബലഹീനതയോ പരാജയമോ അല്ല! മറിച്ച്, അവർ അനുഭവിച്ച കഠിനമായ ചികിത്സകളുടെ പാർശ്വഫലങ്ങളുടെയും ശരീരവും മനസ്സും നേരിട്ട തീവ്രമായ ആഘാതത്തിന്റെയും തുടർച്ച മാത്രമാണ്.
ശരീരത്തിലെ ശസ്ത്രക്രിയാ മുറിവുകൾ ഉണങ്ങുന്ന അതേ വേഗതയിൽ മനസ്സിന്റെ ആകുലതകൾ മാറും എന്നില്ല. അവർക്ക് കുടുംബത്തിന്റെ സ്നേഹവും, സമൂഹത്തിന്റെ ബോധവൽക്കരണവും, മെഡിക്കൽ ലോകത്തിന്റെ കൃത്യമായ ക്ലിനിക്കൽ പിന്തുണയും നിരന്തരം ആവശ്യമുണ്ട്. അവരുടെ ഭയങ്ങളെയും സങ്കടങ്ങളെയും നിസ്സാരവൽക്കരിക്കാതെ, അവരെ ക്ഷമയോടെ കേൾക്കാൻ നമ്മൾ തയ്യാറാകുക എന്നതാണ് ഈ നാഷണൽ ക്യാൻസർ സർവൈവേഴ്സ് ദിനത്തിൽ ഒരു മെഡിക്കൽ കമ്മ്യൂണിറ്റി എന്ന നിലയിലും സമൂഹം എന്ന നിലയിലും നമുക്ക് അവർക്ക് നൽകാൻ കഴിയുന്ന ഏറ്റവും വലിയ ഉറപ്പും കരുതലും.
-
kerala3 days agoയൂണിയന് തിരഞ്ഞെടുപ്പ്; കണ്ണൂര് ഗവ.മെഡി.കോളജ് യൂണിയന് വീണ്ടും എം.എസ്.എഫിന്, ദന്തല് കോളജും പിടിച്ചടക്കി യു.ഡി.എസ്.എഫ്
-
local2 days agoഐ എസ് എം പ്രവർത്തക സംഗമം
-
kerala2 days ago100 ദിനം 468 കോടി രൂപയുടെ പദ്ധതികളുമായി ഫിഷറീസ്, ഹാര്ബര് എഞ്ചിനീയര് സാമൂഹ്യനീതി വകുപ്പുകള്
-
Health1 day agoതുടർക്കഥയാകുന്ന ജന്തുജന്യ രോഗങ്ങൾ: എന്തുകൊണ്ട് കേരളം ഒരു ‘ഹോട്ട്‌സ്‌പോട്ട്’ ആകുന്നു?
-
main stories2 hours agoമലപ്പുറം ജില്ലാ പഞ്ചായത്ത് പൊൻമുണ്ടം ഡിവിഷനിലെ വിവിധ ഹയർ സെക്കൻ്റി സ്കൂളുകളിൽ പ്രവേശനോത്സവം സംഘടിപ്പിച്ചു

