തിരുവനന്തപുരം: ക്രിസ്മസ് ദിനത്തിൽ ലോക്ഭവൻ ജീവനക്കാർക്ക് അവധിയില്ലെന്ന് കൺട്രോളർ ഉത്തരവിട്ടു. വ്യാഴാഴ്ച ജീവനക്കാർ ഹാജരാകണമെന്ന് നിർദേശമുണ്ട്. മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയിയുടെ ജന്മദിനാഘോഷ പരിപാടിയിൽ പങ്കെടുക്കുന്നതിനായാണ് നടപടി.
വാജ്‌പേയിയുടെ ജന്മദിനം ‘ഗുഡ് ഗവേണൻസ് ഡേ’യായി ആചരിക്കുന്നതിന്റെ ഭാഗമായി രാവിലെ 10ന് പരിപാടി സംഘടിപ്പിക്കും. പരിപാടിയിൽ എല്ലാവരും നിർബന്ധമായും പങ്കെടുക്കണമെന്ന് ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്. ഇതിന്റെ പശ്ചാത്തലത്തിലാണ് ജീവനക്കാർക്ക് ക്രിസ്മസ് അവധി അനുവദിക്കാത്തത്.
മുന്‍പ് ഉത്തർപ്രദേശിലും ക്രിസ്മസ് അവധി റദ്ദാക്കി സ്കൂളുകൾ പ്രവർത്തിപ്പിക്കാൻ യോഗി ആദിത്യനാഥ് സർക്കാർ നിർദേശം നൽകിയിരുന്നു. അടൽ ബിഹാരി വാജ്‌പേയിയുടെ ജന്മദിനാഘോഷത്തിന്റെ ഭാഗമായാണ് അവിടെയും അവധി റദ്ദാക്കിയത്.
അതേസമയം, ലോക്ഭവന് പ്രത്യേക അവധി ദിവസങ്ങളില്ലെന്ന വിശദീകരണമാണ് അധികൃതർ നൽകുന്നത്. ഞായറാഴ്ചകളിൽ പോലും വിവിധ പരിപാടികൾ നടക്കുന്ന സ്ഥലമാണെന്നും ജീവനക്കാർ അതിന്റെ പരിസരത്തുതന്നെയാണ് താമസിക്കുന്നതെന്നും ലോക്ഭവൻ അധികൃതർ വ്യക്തമാക്കി. വ്യാഴാഴ്ച മുൻ പ്രധാനമന്ത്രിയെ ആദരിക്കുന്ന പരിപാടി നടക്കുന്നതിനാലാണ് ജീവനക്കാർ ഹാജരാകണമെന്ന് ആവശ്യപ്പെട്ടതെന്നും അധികൃതർ അറിയിച്ചു.