ന്യൂഡല്‍ഹി: അനുവാദമില്ലാതെ തന്റെ പേരും ചിത്രവും ഉപയോഗിച്ച് പരസ്യം ചെയ്ത ഓണ്‍ലൈന്‍ ഇംഗ്ലീഷ് ആപ്ലിക്കേഷനെതിരെ കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍. തരൂരിനെ പോലെ ഇംഗ്ലീഷ് സംസാരിക്കാമെന്ന തരത്തില്‍ സമഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന പോസ്റ്റിന്റെ സ്‌ക്രീന്‍ഷോട്ട് സഹിതം അദ്ദേഹം ട്വീറ്റ് ചെയ്തു. പരസ്യം നല്‍കിയ ഇംഗ്ലീഷ് ലേണിങ് ആപ്ലിക്കേഷന് താനുമായി യാതൊരു ബന്ധവുമില്ലെന്ന് അദ്ദേഹം അറിയിച്ചു. പേരും ചിത്രവും ദുരുപയോഗം ചെയ്യുന്നത് തടയാന്‍ നിയമനടപടി സ്വീകരിക്കുമെന്നും തരൂര്‍.

‘ഈ ആപ്ലിക്കേഷന്‍ വഴി തെറ്റിദ്ധരിപ്പിക്കപ്പെട്ട നിരവധി വിദ്യാര്‍ത്ഥികള്‍ ഇത് എന്റെ ശ്രദ്ധയില്‍പ്പെടുത്തി. ഈ ആപ്ലിക്കേഷനുമായി യാതൊരു ബന്ധവുമില്ലെന്നും ഒരു തരത്തിലും ഇതിനെ എന്‍ഡോഴ്‌സ് ചെയ്തിട്ടില്ലെന്നും വ്യക്തമാക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. വാണിജ്യ ആവശ്യങ്ങള്‍ക്കായി എന്റെ പേരും ചിത്രവും ദുരുപയോഗം ചെയ്യുന്നത് തടയാന്‍ നിയമനടപടി സ്വീകരിക്കും.’ അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.