News

മനുഷ്യര്‍ പരസ്പരം വിശ്വസിക്കുന്നതാണ് ഏറ്റവും വലിയ മതം; മമ്മൂട്ടി

By webdesk17

December 23, 2025

മനുഷ്യര്‍ പരസ്പരം വിശ്വസിക്കുന്നതുതന്നെയാണ് ഏറ്റവും വലിയ മതമെന്ന് നടന്‍ മമ്മൂട്ടി. സൂര്യനും മഴയ്ക്കും വെള്ളത്തിനുമൊന്നും ജാതിയോ മതമോ ഇല്ലെന്നും, രോഗങ്ങള്‍ക്കും അത്തരത്തിലുള്ള വേര്‍തിരിവുകളില്ലെന്നും അദ്ദേഹം പറഞ്ഞു. ഈ ഭൂമിയില്‍ നമ്മള്‍ മാത്രമല്ല, കോടിക്കണക്കിന് മനുഷ്യരും മറ്റ് ജീവജാലങ്ങളും ഒരുമിച്ച് ജീവിക്കുന്നുണ്ടെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു. അവര്‍ക്കെല്ലാം ഈ ഭൂമിയും വായുവും ജലവും ഒരുപോലെ അവകാശപ്പെട്ടതാണെന്ന തിരിച്ചറിവാണ് യഥാര്‍ത്ഥ സംസ്‌കാരമെന്നും മമ്മൂട്ടി വ്യക്തമാക്കി.

വിദ്യാഭ്യാസവും സംസ്‌കാരവും തമ്മിലുള്ള ബന്ധത്തെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. വിദ്യാഭ്യാസം ഉള്ളവര്‍ക്ക് മാത്രമേ സംസ്‌കാരം ഉണ്ടാകൂ എന്ന അഭിപ്രായത്തോട് തനിക്ക് യോജിപ്പില്ലെന്ന് മമ്മൂട്ടി പറഞ്ഞു. തന്റെ അനുഭവം അങ്ങനെ അല്ലെന്നും, എന്നാല്‍ വിദ്യാഭ്യാസം സംസ്‌കാരത്തിന്റെ ഒരു ഭാഗം മാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സര്‍ക്കാര്‍ മുന്‍കൈയെടുത്ത് സംസ്‌കാരം പഠിപ്പിക്കുകയോ സാംസ്‌കാരിക ബോധം നിര്‍ബന്ധിതമായി വളര്‍ത്തുകയോ ചെയ്യാനുള്ള ശ്രമമല്ല ഈ സംരംഭമെന്നും, നമ്മുടെ സാംസ്‌കാരിക വൈവിധ്യം ഓര്‍മിപ്പിക്കാനാണ് ഇതെന്നും അദ്ദേഹം പറഞ്ഞു.

മതേതരത്വവും മതസഹിഷ്ണുതയും പറഞ്ഞാണ് പലപ്പോഴും സംസ്‌കാരത്തെ കുറിച്ച് സംസാരിക്കുന്നതെന്ന് ചൂണ്ടിക്കാട്ടിയ മമ്മൂട്ടി, മതങ്ങളെ മാറ്റിനിര്‍ത്തി മനുഷ്യരെ വിശ്വസിക്കുന്നതല്ലേ കൂടുതല്‍ നല്ലതെന്ന് ചോദിച്ചു. മനുഷ്യര്‍ പരസ്പരം വിശ്വസിക്കുക, പരസ്പരം കാണുക, ഒരുമിച്ച് ജീവിക്കുക-ഇതാണ് ഏറ്റവും വലിയ കാര്യമെന്നും അദ്ദേഹം പറഞ്ഞു. നമ്മളെല്ലാവരും ഒരേ വായു ശ്വസിച്ചും ഒരേ സൂര്യവെളിച്ചത്തില്‍ ജീവിച്ചുമാണ് മുന്നോട്ട് പോകുന്നതെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.

വേര്‍തിരിവുകള്‍ കണ്ടെത്താന്‍ ചിലര്‍ ശ്രമിക്കുന്നുണ്ടെന്നും, അത് സ്വാര്‍ത്ഥ ലാഭത്തിനുവേണ്ടിയാണെന്നതാണ് തന്റെ വിശ്വാസമെന്നും മമ്മൂട്ടി പറഞ്ഞു. ലോകം ഉണ്ടായ കാലം മുതല്‍ മനുഷ്യന്‍ സംസാരിക്കുന്നത് സ്‌നേഹത്തെക്കുറിച്ചാണെന്നും, മനുഷ്യന്റെ ഉള്ളിലെ ശത്രുവിനെയും പൈശാചികതയെയും മാറ്റാനാണ് സ്‌നേഹമുണ്ടായതെന്നും അദ്ദേഹം വ്യക്തമാക്കി. നന്മയും തിന്മയും തമ്മിലുള്ള പോരാട്ടത്തില്‍ ഒടുവില്‍ നന്മ ജയിക്കണം എന്ന പ്രത്യാശയോടെയാണ് അദ്ദേഹം പ്രസംഗം അവസാനിപ്പിച്ചത്.