News

വിമാനത്തിന്റെ ടയര്‍ പൊട്ടി; നെടുമ്പാശേരിയില്‍ അടിയന്തര ലാന്‍ഡിങ്; ദുരന്തം ഒഴിവായി

By webdesk17

December 18, 2025

കൊച്ചി: 160 യാത്രക്കാരുമായി കരിപ്പൂരിലേക്കു പോകുകയായിരുന്ന എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിന് നെടുമ്പാശേരിയില്‍ അടിയന്തര ലാന്‍ഡിങ് നടത്തേണ്ടിവന്നു. ജിദ്ദയില്‍ നിന്ന് കരിപ്പൂരില്‍ ഇറങ്ങേണ്ടിയിരുന്ന ഐഎക്‌സ്-398 നമ്പര്‍ വിമാനമാണ് സുരക്ഷാ മുന്‍കരുതലിന്റെ ഭാഗമായി വഴിതിരിച്ചുവിട്ട് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇറങ്ങിയത്. വിമാനത്തിന്റെ ലാന്‍ഡിങ് ഗിയറില്‍ സാങ്കേതിക തകരാര്‍ ഉണ്ടായതായി പൈലറ്റുകള്‍ക്ക് സംശയം തോന്നിയതിനെ തുടര്‍ന്നാണ് അടിയന്തര ലാന്‍ഡിങ് തീരുമാനിച്ചത്.

കൊച്ചി വിമാനത്താവളത്തില്‍ സുരക്ഷിതമായി ലാന്‍ഡ് ചെയ്ത ശേഷം നടത്തിയ പരിശോധനയിലാണ് വിമാനത്തിന്റെ ടയറുകള്‍ പൊട്ടിത്തെറിച്ചതായി കണ്ടെത്തിയത്. വിമാനത്തിലുണ്ടായിരുന്ന 160 യാത്രക്കാരും മുഴുവന്‍ ജീവനക്കാരും സുരക്ഷിതരാണെന്ന് സിയാല്‍ (കൊച്ചി വിമാനത്താവള അതോറിറ്റി) അറിയിച്ചു. ലാന്‍ഡിങ് സമയത്ത് യാതൊരു അപകടവും ഉണ്ടായിട്ടില്ലെന്നും അധികൃതര്‍ വ്യക്തമാക്കി.

സമയബന്ധിതമായ തീരുമാനവും സുരക്ഷാ നടപടികളും മൂലം വലിയ ദുരന്തമാണ് ഒഴിവായത്. സംഭവത്തെ തുടര്‍ന്ന് വിമാനത്തിന്റെ സാങ്കേതിക പരിശോധനയും തുടര്‍നടപടികളും പുരോഗമിക്കുകയാണ്.