ട്രംപിന്റെ യുദ്ധഭ്രാന്ത്

vismaya

News

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ യുദ്ധ ഭ്രാന്ത് ലോകത്തിന് എത്രത്തോളം ഭീഷണിയാണെന്നതിന്റെ ഉദാഹരണമാണ് പശ്ചിമേഷ്യയില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്. യുദ്ധവും അധിനിവേശവുമെല്ലാം ഹരമാക്കിമാറ്റിയ ട്രംപിന്റെ ഭ്രാന്തമായ നയങ്ങള്‍ക്ക് നയതന്ത്രപരിവേശം നല്‍കുന്ന വന്‍ശക്തികള്‍, അദ്ദേഹത്തെക്കാള്‍ വലിയ കോമാളാകളായിത്തീരുമ്പോള്‍ മനുഷ്യാവകാശവും ലോകസമാധാനവുമെല്ലാം മരീചികയായി മാറിക്കൊണ്ടിരിക്കുന്നതിനാണ് ലോകം സാക്ഷ്യംവഹിക്കുന്നത്.

വെനസ്വേലയില്‍ കടന്നാക്രമണം നടത്തി പ്രസിഡന്റ് നിക്കോളാസ് മഡുറോയെ തട്ടിക്കൊണ്ടുപോയിതിന് ശേഷമുള്ള 57 -ാം ദിവസമാണ് ഇറാനില്‍ നേരിട്ടുള്ള ആക്രമണം അമേരിക്ക നടത്തിയത്. അമേരിക്കന്‍ ജനതയുടെ സുരക്ഷക്ക് വേണ്ടിയാണ് ഈ ആക്രമണമെന്നാണ് ഇറാനെതിരായ ആക്രമണത്തിന് തൊട്ടുപിന്നാലെ നടത്തിയ എട്ടുമിനുട്ട് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ ട്രംപ് പറയുന്നത്.

എന്നാല്‍ ട്രംപും ഇസ്രാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും ചെര്‍ന്നുള്ള സംഹാരശക്തികള്‍ക്ക് ഇറാന്‍ എന്തു ഭീഷണിയാണുയര്‍ത്തുന്നതെന്ന ചോദ്യത്തിനുപോലും വന്‍ശക്തികളെന്ന് അവാകാശപ്പെടുന്ന രാഷ്ട്രങ്ങള്‍ക്ക് ശേഷിയില്ലാതായിപ്പോകുന്നതാണ് ഏറ്റവും നിരാശാജനകം.
ഇറാന്‍ എന്നും അമേരിക്കയുടെ കണ്ണിലെ കരടായിരുന്നു.

പശ്ചിമേഷ്യയിലെ ഇസ്രാഈല്‍ അമേരിക്കന്‍ താല്‍പര്യങ്ങള്‍ക്ക് മുന്നിലെ ഏക വിലങ്ങുതടിയും ഇറാനായിരുന്നു. ഫലസ്തീനികള്‍ക്കുനേരെ ഇരുവരും ചേര്‍ന്നു നടത്തിക്കൊണ്ടിരിക്കുന്ന കണ്ണില്ലാത്ത ക്രൂരതക്കുനേരെ അതിശക്തമായ ഭാഷയിലായിരുന്നു ഇറാന്റെ പ്രതികരണങ്ങള്‍. ലോകം ദര്‍ശിച്ചതില്‍ വെച്ചേറ്റവുംകടുത്ത അനീതിക്കുനേരെ വാക്കുകൊണ്ട് മാത്രമല്ല, പ്രവൃത്തികള്‍കൊണ്ടും പ്രതിരോധം തീര്‍ക്കാന്‍ ഇറാന്‍ ധൈര്യംകാണിച്ചിട്ടുണ്ട്.

അതുകൊണ്ട് തന്നെ ഇറാനെതിരായ നീക്കത്തിന് കണ്ണിലെണ്ണയൊഴിച്ച് കാത്തിരിക്കുന്ന അമേരിക്കയെയും ഇസ്രാഈലിനെയുമാണ് ലോകത്തിന് കാണാന്‍ സാധിച്ചിരുന്നത്. ഇറാനെതിരായ ആക്രമണം ഏതുനിമിഷവും സംഭവിക്കാമെന്ന സാഹചര്യമായിരുന്നു ഏതാനും മാസങ്ങളായി പശ്ചിമേഷ്യയില്‍ നിലനിന്നത്. അറബ് രാഷ്ട്രങ്ങളുടെ അഭ്യര്‍ത്ഥനകള്‍ക്കും നയതന്ത്രശ്രമങ്ങള്‍ക്കുമെല്ലാം പുല്ലുവിലകല്‍പ്പിച്ചുകൊണ്ട് യുദ്ധത്തിനുവേണ്ടിയുള്ള സന്നാഹങ്ങള്‍ ട്രംപും നെതന്യാഹുവും ഒരുക്കാന്‍ തുടങ്ങിയിട്ട് കാലങ്ങളായിരുന്നു.

സാമ്രാജ്യത്വത്തിന്റെ കഴുകക്കണ്ണുകളും ഈ അനീതിക്ക് ആക്കംകൂട്ടുകയായിരുന്നു. ലോകത്ത് തന്നെ രണ്ടാമത്തെ വലിയ പ്രകൃതിവാതക ശേഖരവും മൂന്നാമത്തെ എണ്ണശേഖരവുമുള്ള ഇറാന്‍ പ്രകൃതിവിഭവങ്ങളുടെ ആഗോളകേന്ദ്രമാണ്. എന്നാല്‍ സാമ്രാജ്യത്വത്തിനും അവരുടെ കൈയ്യിലെ കളിപ്പാവകള്‍ക്കും മുന്നില്‍ മുട്ടുമടക്കാന്‍ തയാറല്ലെന്ന നിശ്ചയദാര്‍ഢ്യത്തോടെയായിരുന്നു ഇറാനും നിലയുറപ്പിച്ചത്. അമേരിക്കയെ ഇറാന്റെ ഒന്നാം നമ്പര്‍ ശത്രുവെന്നും. ഇസ്രാഈലിനെ രണ്ടാം നമ്പര്‍ ശത്രുവെന്നു മായിരുന്നു ഖംനഇ വിശേഷിപ്പിച്ചിരുന്നത്.

ഖംനഇയെ പുറത്താക്കിയാല്‍ ഇറാന്റെ രാഷ്ട്രീയ കെട്ടുറപ്പിനെ തച്ചുടക്കാമെന്നും മേഖലയെ പൂര്‍ണ നിയന്ത്രണത്തിലാക്കാമെന്നു മുള്ള കണക്കുകൂട്ടലുകളാണ് അദ്ദേഹത്തിന്റെ വധത്തിലേക്ക് നയിച്ചത്.

പോരാട്ടവീര്യം തങ്ങളുടെ രക്തത്തിലലിഞ്ഞുചേര്‍ന്നതാണെന്ന് തെളിയിച്ചുകൊണ്ട്, പരമോന്നത നേതാവിനെ നഷ്ടപ്പെട്ടിട്ടും നിമിഷങ്ങള്‍ക്കകം പകരക്കാരനെ കണ്ടെത്തുകയും അമേരിക്കക്ക് കനത്ത തിരിച്ചടി നല്‍കുകയും ചെയ്തുകൊണ്ടിരിക്കുന്ന ഇറാന്‍ നല്‍കുന്നത് സാമ്രാജ്യത്വത്തിന്റെ കണക്കുകൂട്ടലുകള്‍ തെറ്റിപ്പോയിരിക്കുന്നു എന്നു തന്നെയാണ്. പക്ഷേ ലോകത്തിന്റെ നിസംഗത ആ പോരാളികളെ അക്ഷരാര്‍ത്ഥത്തില്‍ തോല്‍പ്പിച്ചുകളയുകയാണ്.

അമേരിക്കയുടെ ധാര്‍ഷ്ട്യം അരങ്ങേറുന്ന ഇടങ്ങളിലെല്ലാം പിന്തുണയുമായെത്തുന്ന ഇറാന്റെ സഹായം റഷ്യയും ചൈനയും ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്കെല്ലാം വേണ്ടുവോളം ലഭിച്ചിട്ടുണ്ട്. സൈനികമായും നയതന്ത്രപരമായും ലഭ്യമായിട്ടുള്ള ആ പിന്തുണകള്‍ക്കൊന്നും നന്ദിപോലും കാണിക്കാതെ നെറികേടിന്റെ പര്യായമായി അത്തരം ശക്തികള്‍ നോക്കുകുത്തികളായി മാറുകയാണ്.

നെറികെട്ട ഇരട്ടനീതിയുടേതാണ് വര്‍ത്തമാന ലോകം കടന്നുപോകുന്നതെന്നതിന്റെ ഉത്തമ ഉദാഹരണമാണ് സ്‌കൂളുകളിന് മേല്‍ ബോംബ് വര്‍ഷിച്ച് 150 ഓളം കുരുന്നുകളെ കൊന്നൊ ടുക്കിയ ക്രൂരത കാണാതെ പോകുന്നത്.