editorial
പുകയുന്ന പാര്‍ലമെന്റും സ്പീക്കറുടെ റോളും
ലോക്സഭയില്‍ പ്രധാനമന്ത്രിയുടെ മറുപടി ഒഴിവാക്കിക്കൊണ്ട് നന്ദി പ്രമേയം പാസാക്കാന്‍ പ്രതിപക്ഷത്തിന്റെ ‘അക്രമോത്സുകത’ പരിചയാക്കി സ്പീക്കര്‍ ഓം ബിര്‍ള നരേന്ദ്ര മോദിയെ രക്ഷിക്കുകയായിരുന്നു.
ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ശ്രീകോവിലായ പാര്‍ലമെന്റ് കടുത്ത രാഷ്ട്രീയ സംഘര്‍ഷങ്ങളിലേക്ക് വഴിമാറാന്‍ തുടങ്ങിയിട്ട് നാളേറെയായി. രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിന്മേലുള്ള ചര്‍ച്ച പ്രധാനമന്ത്രിയുടെ മറുപടി പ്രസംഗമില്ലാതെ സമാപിക്കുകയെന്ന അപൂര്‍വ ചരിത്രത്തിനും ഇത്തവണ സഭ സാക്ഷിയാകേണ്ടിവന്നു. ലോക്സഭയില്‍ പ്രധാനമന്ത്രിയുടെ മറുപടി ഒഴിവാക്കിക്കൊണ്ട് നന്ദി പ്രമേയം പാസാക്കാന്‍ പ്രതിപക്ഷത്തിന്റെ ‘അക്രമോത്സുകത’ പരിചയാക്കി സ്പീക്കര്‍ ഓം ബിര്‍ള നരേന്ദ്ര മോദിയെ രക്ഷിക്കുകയായിരുന്നു. പക്ഷേ രാജ്യം എല്ലാം കാണുന്നുണ്ടായിരുന്നു എന്ന സത്യം മറച്ചുവെക്കാനാവില്ല. പ്രതിപക്ഷ നേതാവിനെ പ്രസംഗിക്കാന്‍ അനുവദിക്കാത്തതിലുള്ള ന്യായമായ പ്രതിഷേധമാണ് ലോക്സഭയും രാജ്യസഭയും കണ്ടത്. ജനാധിപത്യത്തിന്റെ പ്രാഥമിക മര്യാദകള്‍പോലും ലംഘിച്ചുകൊണ്ടാണ് സര്‍ക്കാര്‍ പാര്‍ലമെന്റില്‍ സ്വേച്ഛാധിപത്യം അടിച്ചേല്പിക്കുന്നത്.
അതിന്റെ പേരില്‍ പ്രതിപക്ഷം പ്രതിഷേധം പ്രകടിപ്പിക്കുമ്പോള്‍ പരിഹാരം കാണേണ്ട സ്പീക്കര്‍ പക്ഷപാതപരമായി പെരുമാറുന്ന കാഴ്ചയാണ് കാണുന്നത്. അഭിപ്രായം പറയാനും സര്‍ക്കാറിന്റെ വീഴ്ചകള്‍ ചുണ്ടിക്കാട്ടാനും അനുവദിക്കാത്ത സാഹചര്യങ്ങളില്‍ പ്രതിപക്ഷത്തിന് സഭാനടപടികള്‍ തടസ്സപ്പെടുത്തുകയല്ലാതെ മാര്‍ഗമില്ല. സഭക്കു പുറത്ത് കൂടിയാലോചനകളിലൂടെ രമ്യമായ പരിഹാരം കണ്ടെത്തുന്ന കീഴ്വഴക്കം പോലും ഇല്ലാതാകുകയും പരസ്പര വൈരവും സ്പീക്കറുടെ കാര്യക്ഷമതക്കുറവും വര്‍ധിച്ചുവരുന്നതും ദൗര്‍ഭാഗ്യകരമാണ്. ജനുവരി അവസാനം തുടങ്ങിയ ബജറ്റ് സമ്മേളനത്തില്‍ പ്രതിപക്ഷം ഉന്നയിക്കാന്‍ ശ്രമിച്ച വിഷയങ്ങള്‍ അതീവ ഗൗരവ സ്വഭാവമുള്ളതാണ്. മുന്‍ കരസേനാ മേധാവി ഉന്നയിച്ച പരാമര്‍ശവും ഇന്ത്യ-യു.എസ് വ്യാപാരക്കരാര്‍ പോലുള്ള ഗൗരവമേറിയ വിഷയങ്ങള്‍ പോലും ചര്‍ച്ചചെയ്യാനും രാജ്യതപര്യം സംരക്ഷിക്കാനുമല്ലെങ്കില്‍ എന്തിനാണ് പാര്‍ലമെന്റ്? ഈ സാഹചര്യത്തിലാണ് ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ളക്കെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരാന്‍ പ്രതിപക്ഷ കക്ഷികള്‍ നീക്കമാരംഭിച്ചത്.
പ്രതിപക്ഷത്തിന്റെ തീരു മാനം കേവലം രാഷ്ട്രീയ നീക്കമല്ല; മറിച്ച്, സഭാധ്യക്ഷന്റെ നിഷ്പക്ഷതയെക്കുറിച്ചും പാര്‍ലമെന്ററി മര്യാദകളെക്കുറിച്ചുമുള്ള ഗൗരവതരമായ ചോദ്യം ചെയ്യലാണ്. ഭരണപക്ഷത്തെ സംരക്ഷിക്കാനും പ്രതിപക്ഷത്തിന്റെ ശബ്ദം അടിച്ചമര്‍ത്താനും സ്പീക്കര്‍ ശ്രമിക്കുന്നുവെന്ന ആക്ഷേപം ജനാധിപത്യ പ്രക്രിയയുടെ സുഗമമായ ഒഴുക്കിന് തടസ്സമാണ്. പ്രതിപക്ഷം ഉയര്‍ത്തുന്ന പ്രധാന ആരോപണം സ്പീക്കറുടെ ഇരട്ട നീതിയെക്കുറിച്ചാണ്. മുന്‍ കരസേനാ മേധാവി ജനറല്‍ എം.എം നരവാനെയുടെ പുസ്തകത്തിലെ ഇന്ത്യ-ചൈന അതിര്‍ത്തി തര്‍ക്കത്തെക്കുറിച്ചുള്ള ഭാഗങ്ങള്‍ പരാമര്‍ശിക്കാന്‍ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്ക് അനുമതി നിഷേധിച്ച സ്പീക്കര്‍, അതേസമയം തന്നെ ഗാന്ധി കുടുംബത്തെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന പുസ്തകഭാഗങ്ങള് വായിക്കാന്‍ ബി.ജെ.പി എം.പി നിഷികാന്ത് ദുബെക്ക് അനുമതി നല്‍കിയത് സ്പീക്കറുടെ കസേരയുടെ അന്തസ്സിന് ചേര്‍ന്നതല്ല. സഭനിയന്ത്രിച്ചിരുന്ന ടി.ഡി.പി അംഗം വിലക്കിയിട്ടും പ്രസംഗം തുടര്‍ന്ന ദുബെക്കെതിരെ നടപടിയെടുക്കാത്തതും, എന്നാല്‍ ജനാധിപത്യപരമായി പ്രതിഷേധിച്ച ഹൈബി ഈഡന് ഉള്‍പ്പെടെയുള്ള എട്ട് എം.പിമാരെ സസ്പെന്‍ഡ് ചെയ്തതും ഭരണകൂട താല്പര്യ ങ്ങള്‍ക്കനുസരിച്ചുള്ള ഏകപക്ഷീയമായ നീക്കങ്ങളാണെന്ന് വിലയിരുത്തേണ്ടി വരും.
പ്രധാനമന്ത്രിക്ക് പ്രസംഗം റദ്ദാക്കേണ്ടിവന്നതും സഭ നേരത്തെ പിരിഞ്ഞതും പാര്‍ലമെന്റ് ചരിത്രത്തിലെ അപൂര്‍വ്വ സംഭവങ്ങളാണ്. ‘പ്രതിപക്ഷ എം.പിമാര്‍ പ്രധാനമന്ത്രിയെ ഉപദ്രവിച്ചേക്കാം’ എന്ന സ്പീക്കറുടെ വിശദീകരണം അതീവ ഗൗരവമുള്ളതാണ്. എന്നാല്‍ ഈ വാദം വസ്തുതാവിരുദ്ധമാണെന്ന് കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി വ്യക്തമാക്കിയിട്ടുണ്ട്. സഭയിലെ സുരക്ഷാ സംവിധാനങ്ങള്‍ ശക്തമായിരിക്കെ, പ്ലക്കാര്‍ഡുകളുമായി പ്രതിഷേധിച്ച എം.പിമാരെ മുന്‍നിര്‍ത്തി പ്രധാനമന്ത്രിയെ സംരക്ഷിക്കാന്‍ സ്പീക്കര്‍ കവചമായി നില്‍ക്കുന്നത് അസ്വാഭാവികമാണ്. സഭയില്‍ ഉയരുന്ന ചോദ്യങ്ങളെ നേരിടുന്നതിന് പകരം പ്രധാനമന്ത്രി സ്പീക്കര്‍ക്ക് പിന്നില്‍ ഒളിച്ചിരിക്കുന്നു എന്ന പ്രതിപക്ഷ പരിഹാസം ഈ സാഹചര്യത്തില്‍ പ്രസക്തമാകുന്നു.
സ്പീക്കര്‍ എന്നത് ഒരു പാര്‍ട്ടിയുടെ പ്രതിനിധിയല്ല, മറിച്ച് സഭയുടെ മൊത്തം നാഥനാണ്. ഭരണപക്ഷത്തിന്റെ താല്പര്യങ്ങള് സംരക്ഷിക്കുക എന്നതിലുപരി, പ്രതിപക്ഷത്തിന്റെ അവകാശങ്ങള്‍ വകവെച്ചു നല്‍കുക എന്നത് സ്പീക്കറുടെ ഉത്തരവാദിത്തമാണ്. ജനാധിപത്യ സംവിധാനത്തില്‍ വിയോജിപ്പിനുള്ള ഇടം ഇല്ലാതാകുമ്പോള്‍ സഭ ഒരു ഏകാധിപത്യ വേദിയായി മാറുന്നു. പാര്‍ലമെന്റ് നടപടികള്‍ സ്തംഭിക്കുന്നതും അംഗങ്ങള്‍ സസ്പെന്‍ഡ് ചെയ്യപ്പെടുന്നതും ഒടുവില്‍ സ്പീക്കര്‍ക്കെതിരെ തന്നെ അവിശ്വാസം പ്രഖ്യാപിക്കേണ്ടിവരുന്നതും ആരോഗ്യകരമായ ലക്ഷണങ്ങളല്ല. സഭയിലെ ചര്‍ച്ചകളും വിയോജിപ്പുകളും സ്വാഭാവികമാണ്. എന്നാല്‍ സഭാധ്യക്ഷന് ഒരു പ്രത്യേക പക്ഷത്തിന് വേണ്ടി ബാരിക്കേഡുകള്‍ തീര്‍ക്കുമ്പോള്‍ അത് പാര്‍ലമെന്ററി ജനാധിപത്യത്തിന്റെ തകര്‍ച്ചക്കാണ് വഴിതുറക്കുക. ഈ അവിശ്വാസ പ്രമേയം പാര്‍ലമെന്റിലെ സ്പീക്കറുടെ പങ്കിനെക്കുറിച്ചും ഉത്തരവാദിത്തത്തെക്കുറിച്ചുമുള്ള ഗൗരവമായ ചര്‍ച്ചകള്‍ക്ക് വഴിമരുന്നാവട്ടെ.
editorial
നൂറ്റാണ്ടിന്റെ നറുവെളിച്ചം
വിശ്വാസത്തെയും വിജ്ഞാനത്തെയും വിവേകത്തോടെ സമന്വയിപ്പിച്ചാണ് സമസ്ത നൂറു വര്‍ഷം പിന്നിടുന്നത്.
കേരളീയ സമൂഹത്തിന്റെ സാംസ്കാരിക മണ്ഡലത്തില്‍ അറിവിന്റെ കെടാവിളക്കായി തെളിഞ്ഞുനില്ക്കുന്ന സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ഒരു നൂറ്റാണ്ട് പൂര്‍ത്തിയാക്കുകയാണ്. കേവലമൊരു പണ്ഡിത സഭ എന്നതിലുപരി, ഒരൊറ്റ മനസ്സായി ഒരു വലിയ സമുദായത്തെ വാത്സല്യത്തോടും കരുതലോടെയും ചേര്‍ത്തുപിടിച്ച തണല്‍വൃക്ഷമായി സമസ്ത ഇന്ന് പടര്‍ന്നുപന്തലിച്ചു നില്ക്കുന്നു. വിശ്വാസത്തെയും വിജ്ഞാനത്തെയും വിവേകത്തോടെ സമന്വയിപ്പിച്ചാണ് സമസ്ത നൂറു വര്‍ഷം പിന്നിടുന്നത്. കാസര്‍കോട് കുണിയയുടെ മണ്ണില്‍ ജനലക്ഷങ്ങളെ സാക്ഷിയാക്കി പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്ത ശതാബ്ദി സമ്മേളനം കേരളീയ ചരിത്രത്തിലെ പുതിയൊരു അധ്യായമായി മാറുകയായിരുന്നു.ആത്മീയമായൊരു പുനര്‍ജന്മത്തിന്റെ വിളംബരമായിരുന്നു കുണിയയിലെ ഓരോ നിമിഷവും. ആത്മാവില്‍ പെയ്തിറങ്ങിയ അനുരാഗത്തിന്റെ മഴവില്ലായി ആ മഹാസംഗമം ജനലക്ഷങ്ങളുടെ ഹൃദയത്തില്‍ കുളിര്‍മയേകി.
1921ന്റെ കനല്‍വഴികളില്‍, പകച്ചുനിന്ന ഒരു ജനതയ്ക്ക് വഴികാട്ടിയാകാന്‍ വരക്കല്‍ മുല്ലക്കോയ തങ്ങള്‍ എന്ന മഹാമനീഷി പാകിയ വിത്ത് ഇന്ന് ആത്മീയതയുടെയും അറിവിന്റെയും ആകാശമായി വികസിച്ചിരിക്കുന്നു. സ്വാതന്ത്ര്യസമരത്തിന്റെ തീക്ഷ്ണതയില്‍ രാജ്യത്തിനൊപ്പം തോളോടുതോള്‍ ചേര്‍ന്നുനില്‍ക്കുമ്പോഴും, സ്വത്വബോധത്തിന്റെ കടുക് മണിത്തൂക്കം വിട്ടുവീഴ്ച ചെയ്യാതെ കാത്തുസൂക്ഷിച്ച ചരിത്രമാണ് സമസ്തയുടേത്. ആദര്‍ശത്തിന്റെ അടിത്തറയില്‍ സമുദായത്തെ ഉറപ്പിച്ചുനിര്‍ത്താന്‍ ഈ പണ്ഡിതസഭ കാണിച്ച നിശ്ചയദാര്‍ഢ്യം സമാനതകളില്ലാത്തതാണ്. അടിയുറച്ച ഭയഭക്തിയും വൈജ്ഞാനിക മണ്ഡലങ്ങളിലെ അവഗാഹവും സമന്വയിപ്പിച്ച പണ്ഡിത തേജസ്സുകളായിരുന്നു എന്നും സമസ്തയുടെ കരുത്തും കാവലും. കാലം ഉയര്‍ത്തിയ വെല്ലുവിളികളെ അവര്‍ നേരിട്ടത് ആയുധം കൊണ്ടല്ല, മറിച്ച് അറിവിന്റെ ആര്‍ജവം കൊണ്ടായിരുന്നു. വിശ്വാസസംഹിതകള്‍ക്ക് നേരെയും രാജ്യത്തിനെതിരെയും ഉയര്‍ന്ന ബൗദ്ധികവും ആശയപരവുമായ കടന്നാക്രമണങ്ങളെ തങ്ങളുടെ വൈജ്ഞാനിക പ്രതിഭ കൊണ്ട് അവര്‍ പ്രതിരോധിച്ചു.
അറിവിനെ സാമൂഹിക പരിഷ്കരണത്തിനുള്ള ഊര്‍ജ്ജമാക്കി മാറ്റിയതാണ് സമസ്തയെ വേറിട്ടുനിര്‍ത്തുന്നത്. വൈജ്ഞാനിക ലോകത്തെ ഈ അക്ഷരക്കരുത്ത് തന്നെയാണ് ഒരു നൂറ്റാണ്ടിനു ശേഷവും ആ പ്രസ്ഥാനത്തെ ഇത്രമേല്‍ പ്രസക്തമാക്കുന്നത്. കണ്ണിയത്ത് അഹ്മദ് മുസ്ലിയാരും ശംസുല്‍ ഉലമ ഇ.കെ. അബൂബക്കര്‍ മുസ്ലിയാരും സമുദായത്തിന്റെ ദിശാസൂചികളായി ജ്വലിച്ചുനിന്ന കാലം സമസ്തയുടെ ചരിത്രത്തിലെ സുവര്‍ണ്ണ അധ്യായമാണ്. വിജ്ഞാനത്തിന്റെ ആഴവും പരപ്പും ഒത്തുചേര്‍ന്ന അറിവിന്റെ മഹാസമുദ്രമായിരുന്നു ശംസുല്‍ ഉലമയെങ്കില്‍, ആത്മീയതയുടെ ഗിരിശൃംഗമായിരുന്നു കണ്ണിയത്ത് ഉസ്താദ്. പാണ്ഡിത്യവും ലാളിത്യവും കൈകോര്‍ത്ത ആ യുഗപ്രഭാവര്‍ക്കൊപ്പം, പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ സ്നേഹമസൃണമായ സാന്ത്വനസ്പര്‍ശം കൂടിയായപ്പോള്‍ കേരളീയ സമൂഹത്തിന് അത് പകരംവെക്കാനില്ലാത്ത സുരക്ഷിത താവളമായി മാറി.
സമുദായത്തിന്റെ ആത്മീയവും സാമൂഹികവുമായ ഭദ്രത ഉറപ്പാക്കുന്നതില്‍ സമസ്തയുടെ നേതാക്കള്‍ വഹിച്ച പങ്ക് വിസ്മരിക്കാനാവില്ല. രാഷ്ട്രീയവും സാമൂഹികവുമായ ഭിന്നതകള്‍ക്കുമപ്പുറം, തര്‍ക്കങ്ങള്‍ക്കും ആശങ്കകള്‍ക്കും പരിഹാരം തേടുന്ന അത്താണിയാണ് എക്കാലവും സമസ്ത നേതൃത്വം. ആ തണല്മരത്തിന് കീഴില്‍ ഭിന്നസ്വരങ്ങള്‍ ഐക്യത്തിന്റെ രാഗമായി മാറി. പ്രതിസന്ധികളുടെ വേലിയേറ്റങ്ങളില്‍ സമുദായം ഉലയാതെ നിന്നത് ഈ പണ്ഡിതതേജസ്സുകളുടെ കാവലിലായിരുന്നു. ജാതിമത ഭേദമന്യേ സര്‍വ്വാദരവ് പിടിച്ചുപറ്റിയ ആ നേതൃപാഠവം, കേരളത്തിന്റെ മതസൗഹാര്‍ദ്ദ പാരമ്പര്യത്തിന് നല്കിയ കരുത്ത് ഇന്നും ചരിത്രത്തില്‍ മായാതെ നില്ക്കുന്നു. ശരീഅത്ത് വിവാദങ്ങള്‍ കൊടുമ്പിരിക്കൊണ്ടപ്പോഴും മുത്വലാഖ് ചര്‍ച്ചകള്‍ ചൂടുപിടിച്ചപ്പോഴും ഏക സിവില്‍ കോഡിനായുള്ള മുറവിളികള്‍ ഉയര്‍ന്നപ്പോഴും സമുദായത്തിന് ആത്മധൈര്യത്തിന്റെ കവചമൊരുക്കാന്‍ സമസ്തയെന്ന പണ്ഡിതസഭയ്ക്ക് സാധിച്ചു. ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ട കറുത്ത ദിനങ്ങളില്‍, വികാരങ്ങള്‍ വിവേകത്തിന് വഴിമാറണമെന്ന് ഉദ്ബോധിപ്പിച്ച് രാജ്യത്തെ ആത്മസംയമനത്തിന്റെ പാതയില്‍ ഉറപ്പിച്ചുനിര്‍ത്തിയതില്‍ സമസ്തയുടെ പങ്ക് ചരിത്രപരമായ ദൗത്യമായിരുന്നു.
രാജ്യത്തിന്റെ ഭരണഘടനാ മൂല്യങ്ങള്‍ക്കുനേരെ കടന്നാക്രമണങ്ങള്‍ ഉണ്ടാകുമ്പോള്‍ മൗനമായിരിക്കുകയല്ല, മറിച്ച് പ്രതിരോധത്തിന്റെ ശബ്ദമാവുകയാണ് സമസ്ത ചെയ്യുന്നത്. പൗരത്വ നിയമഭേദഗതി പോലുള്ള വെല്ലുവിളികള്‍ രാജ്യത്തിന്റെ മതേതര മനസ്സാക്ഷിയെ ഉലയ്ക്കുമ്പോള്‍, ഭരണഘടനാപരമായ അവകാശങ്ങള്‍ക്കായി മുന്നില്‍നിന്ന് പോരാടാന്‍ ഈ പ്രസ്ഥാനം കരുത്തുകാട്ടുന്നു. ആരംഭകാലത്ത് നേരിട്ടതിനേക്കാള്‍ സങ്കീര്‍ണ്ണവും ബഹുതലങ്ങളുള്ളതുമായ പുതിയ കാലത്തെ വെല്ലുവിളികളിലൂടെയാണ് രാജ്യം കടന്നുപോകുന്നത്. മാറുന്ന രാഷ്ട്രീയ കാലാവസ്ഥയിലും വിദ്വേഷത്തിന്റെ പ്രത്യയശാസ്ത്രങ്ങള്‍ വേരുപിടിക്കുമ്പോഴും, ജനാധിപത്യവഴിയില്‍ നിന്നുകൊണ്ട് സമുദായത്തെയും രാജ്യത്തെയും ചേര്‍ത്തുപിടിക്കുകയാണ് സമസ്ത. വിവേചനത്തിന്റെ മതിലുകള്‍ക്കെതിരെ അറിവിന്റെയും ഐക്യത്തിന്റെയും പ്രതിരോധം തീര്‍ക്കുന്ന ഈ പണ്ഡിതസഭ, പുതിയ കാലത്തെ പോരാട്ടവീര്യത്തിന്റെ കൂടി അടയാളമാണ്.
കേരളത്തിന്റെ നവോത്ഥാന ചരിത്രത്തില്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ അടയാളപ്പെടുത്തിയ വിജ്ഞാന വിപ്ലവം വിസ്മരിക്കാനാവില്ല. നൂറ്റാണ്ടിന്റെ പ്രയാണത്തില്‍ ലോകത്തിന് സമസ്ത നല്കിയ ഏറ്റവും വലിയ മാതൃക സമാനതകളില്ലാത്ത മദ്രസാ സംവിധാനമാണ്. കേവലമൊരു പാഠശാല എന്നതിനപ്പുറം, വ്യവസ്ഥാപിതവും ശാസ്ത്രീയവുമായ രീതിയില്‍ മതവിദ്യാഭ്യാസത്തെ പുനര്‍നിര്‍മ്മിച്ചതാണ് സമസ്തയുടെ വിജയം. കേരളത്തിന്റെ ഓരോ ഗ്രാമത്തിലും അറിവിന്റെ വെളിച്ചമെത്തിക്കുന്നതില്‍ ഈ പ്രസ്ഥാനം വഹിച്ച പങ്ക് നിസ്തുലമാണ്. ഇസ്ലാമിക ബാലപാഠങ്ങള്‍ മുതല്‍ ഉന്നത വിജ്ഞാനീയങ്ങള്‍ വരെ പകര്ന്നുനല്കുന്ന വലിയൊരു ശൃംഖലയ്ക്കാണ് സമസ്ത രൂപംനല്‍കിയിരിക്കുന്നത്. ഒരു ജനതയുടെ സാംസ്കാരിക ബോധത്തെയാണ് അത് വാര്‍ത്തെടുത്തത്.
പുതിയ കാലത്ത് സമസ്തയ്ക്ക് മുന്നിലുള്ളത് വെല്ലുവിളികളുടെ പ്രക്ഷുബ്ധമായ കടലുകളാണ്. പ്രതിസന്ധികളില്‍ ചാരിനില്ക്കാനുള്ള കേവലമൊരു ഊന്നുവടിയല്ല സമസ്ത; തളരുമ്പോള്‍ താങ്ങുന്ന ശിലാസ്തംഭവുമാണത്. വരുംകാലത്തും രാജ്യത്തിന് സമസ്തയെ ആവശ്യമുണ്ട്-ഒരു വഴികാട്ടിയായി, പ്രതീക്ഷയുടെ അഭയകേന്ദ്രമായി. കാലത്തിന്റെ കുത്തൊഴുക്കിലും ആദര്‍ശത്തിന്റെ നങ്കൂരമുറപ്പിച്ചു നില്ക്കുന്ന ആദര്‍ശദാര്‍ഢ്യമാണ് സമസ്തയുടെ മുഖമുദ്ര. അക്ഷരങ്ങളുടെയും ആത്മീയതയുടെയും ആഴക്കടലുകള്‍ നീന്തിക്കയറിയ ജൈത്രയാത്ര കേരളത്തിന്റെ സാമൂഹിക മുന്നേറ്റത്തിന് ഇനിയും വഴികാട്ടിയാകട്ടെ.
കേരളത്തിന്റെ രാഷ്ട്രീയ ഭൂപടത്തില്‍ പുതിയൊരു ചലനം സൃഷ്ടിച്ചുകൊണ്ട് കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ യു.ഡി.എഫ് നടത്തുന്ന ‘പുതുയുഗ യാത്ര’ വെറുമൊരു രാഷ്ട്രീയ യാത്രയല്ല; മറിച്ച് പത്തു വര്‍ഷത്തെ ദുര്‍ഭരണത്തില്‍ ശ്വാസംമുട്ടുന്ന ഒരു ജനതയുടെ പ്രതിഷേധാഗ്നിയാണ്. പിണറായി വിജയന് സര്‍ക്കാരിന്റെ ധാര്‍ഷ്ട്യവും ഫാഷിസ്റ്റ് രീതികളും കേരളത്തിന്റെ ജനാധിപത്യ ബോധ്യങ്ങളെ തകര്‍ത്തെറിഞ്ഞിരിക്കുന്നു. കേന്ദ്രത്തില്‍ മോദി സര്‍ക്കാര്‍ നടപ്പിലാക്കുന്ന സ്വേച്ഛാധിപത്യ ശൈലിയുടെ മറ്റൊ രുപതിപ്പാണ് ഇടതു സര്‍ക്കാരും കാഴ്ചവെക്കുന്നത്. പിണറായി ഭരണത്തില്‍ ആരോഗ്യ-വിദ്യാഭ്യാസ മേഖലകള്‍ ഉള്‍പ്പെടെ എല്ലാം തകര്‍ന്ന് തരിപ്പണമായിരിക്കുകയാണ്. ക്ഷേമ-വികസന പ്രവര്‍ത്തനങ്ങള്‍ക്ക് പണമില്ലാത്ത അവസ്ഥയാണ്. ചരിത്രത്തില്‍ ഇന്നുവരെ ഉണ്ടായിട്ടില്ലാത്ത ധ നപ്രതിസന്ധി നേരിടുന്നു. ഭരണത്തണലില്‍ ശബരിമലയിലെ സ്വര്‍ണവും സി.പി.എം കൊള്ളസംഘം തട്ടിയെടുത്തു.
ഒരു കാലത്ത് ആരോഗ്യ-വിദ്യാഭ്യാസ മേഖലകളില്‍ നാം അഭിമാനിച്ചിരുന്ന ‘കേരള മോഡല്‍’ ഇന്ന് വെറും ഓര്‍മ്മ മാത്രമായി മാറിക്കഴിഞ്ഞു. സര്‍ക്കാരിന്റെ കെടുകാര്യസ്ഥതയും അഴിമതിയും ഈ രണ്ട് മേഖലകളെയും തകര്‍ത്തു തരിപ്പണമാക്കി. മരുന്നില്ലാത്ത സര്‍ക്കാര്‍ ആശുപത്രികളും അറ്റകുറ്റപ്പണികള്‍ പോലും നടത്താനാവാത്ത ചികിത്സാ സംവിധാനങ്ങളും ജനങ്ങളെ സ്വകാര്യ ആശുപത്രികളുടെ ചൂഷണത്തിന് വിട്ടുകൊടുത്തിരിക്കുന്നു. ആശുപത്രികളിലെ ശ്രദ്ധയില്ലായ്മയും കൈപ്പിഴകളും വര്‍ധിക്കുകയാണ്. തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ പോരായ്മകള്‍ തുറന്നുകാട്ടാന്‍ ഡോ. ഹാരിസ് തയാറായത് മറ്റൊരു ഗതിയു മില്ലാതായിട്ടാണ്. ചികിത്സാ പിഴവില്‍ നാലാം ക്ലാസുകാരിക്ക് കൈ മുറിച്ചു മാറ്റേണ്ടിവന്നതും കേരളത്തിലാണ്. ശസ്ത്രക്രിയ വേളയില്‍ വയറ്റില്‍ കത്രിക കുടുങ്ങിയതും ഐ.സി.യുവില്‍ യുവതി പീഡനത്തിനിരയായതും ആരോഗ്യമേഖലയുടെ ഭീകരാവസ്ഥ തുറന്നുകാട്ടുന്നതാണ്. ശസ്ത്രക്രിയ ഉപകരണങ്ങളും മരുന്നും ഇല്ലാതെ സര്‍ക്കാര്‍ ആശുപത്രികള്‍ നോക്കുകുത്തികളാകുന്നു. തീപിടിത്തവും കെട്ടിടം തകര്‍ന്നു വീഴലും സര്‍ക്കാര്‍ ആശുപത്രിയില്‍ ചികി ത്സക്കുപോകാന്‍ തന്നെ ഭയമാകുന്ന അവസ്ഥയാണ്. കോവിഡിന്റെ മറവില്‍ പി.ആര് കമ്പനികളെ ഉപയോഗിച്ച് ജനങ്ങളെ കബളിപ്പിച്ച സര്‍ക്കാര്‍ കോടിക്കണക്കിന് രൂപ അടിച്ചു മാറ്റിയതും കേരളം മറന്നിട്ടില്ല.
ഉന്നത വിദ്യാഭ്യാസ രംഗം സി.പി.എം സെല്ലുകളുടെ നിയന്ത്രണത്തിലായതോടെ നിലവാരം കുത്തനെ ഇടിഞ്ഞു. കുട്ടികള്‍ ഉപരിപഠനത്തിനായി കുട്ടത്തോടെ നാടുവിടുന്ന കാഴ്ചയാണിന്ന്. കാലങ്ങള്‍ കൊണ്ട് കേരളം വിദ്യാഭ്യാസ- ആരോഗ്യ മേഖലകളില്‍ ആര്‍ജിച്ചെടുത്ത നേട്ടങ്ങളൊക്കെ ഈ സര്‍ക്കാര്‍ ഇല്ലാതാക്കി. സര്‍വകലാശാലകളിലെയും കോളജുകളിലെയും അക്കാദമിക് അന്തരീക്ഷം തകര്‍ത്തു. കാലഘട്ടത്തിന് അനുയോജ്യമായ കോഴ്സുകള്‍ ആരംഭിച്ചും തൊഴില്‍ സാധ്യതകള്‍ ഉറപ്പാക്കുന്ന പ്രോഗ്രാമുകള്‍ തുടങ്ങിയും നമ്മുടെ കുട്ടികളെ നാട്ടില്‍ പിടിച്ചുനിര്‍ത്തേണ്ടതുണ്ട്. അതിനാവശ്യമായ നടപടികളാണ് യു.ഡി.എഫ് വാഗ്ദാനം ചെയ്യുന്നത്. ചരിത്രത്തിലെ ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് സംസ്ഥാനം കടന്നുപോകുന്നത്. ക്ഷേമ പെന്‍ഷനുകള്‍ മുടങ്ങി, വികസന പ്രവര്‍ത്തനങ്ങള്‍ സ്തംഭിച്ചു. സര്‍ക്കാരില്ലാത്ത അവസ്ഥയാണ് ഇന്ന് കേരളത്തിലുള്ളത്. ഈ സര്‍ക്കാര്‍ പടിയിറങ്ങുമ്പോള്‍ സംസ്ഥാനത്തിന്റെ മൊത്തം കടം 6 ലക്ഷം കോടിയാകും. സര്‍ക്കാര്‍ ജീവനക്കാര്‍ക്കും ക്ഷേമനിധി ബോര്‍ഡ് അടക്കം നല്‍കാനുള്ള കുടിശ്ശിക 2 ലക്ഷം കോടി വരും. ഇത് കൂടി കണക്കാക്കിയാല്‍ ആകെ കടം 8 ലക്ഷം കോടിയാകും. കടുത്ത ധനപ്രതിസന്ധിയെ തുടര്‍ന്ന് മാസങ്ങളായി സംസ്ഥാനത്ത് ട്രഷറി നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുകയാണ്.
അഴിമതിയും ധൂര്‍ത്തും പിന്‍വാതില്‍ നിയമനങ്ങളും നടത്തി കേരളത്തെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് തള്ളിവിടുമ്പോഴും അതിന്റെ ഇരകളായി മാറ്റപ്പെടുന്നത് സാധാരണക്കാരാണ്. പെട്രോളിനും ഡീസലിനും നികുതിക്ക് പുറമെ സംസ്ഥാന സര്‍ക്കാര്‍ സെസും ഏര്‍പ്പെടുത്തി. ഭൂമിയുടെ ന്യായവില 20 ശതമാനം വര്‍ധിപ്പിച്ചു. വില കൂട്ടില്ലെന്നു പറഞ്ഞ 13 ഇന സബ്സിഡി ഭക്ഷ്യവസ്തുക്കളുടെ വില വര്‍ധിപ്പിച്ചു. വെള്ളക്കരം പതിന്മടങ്ങാണ് വര്‍ധിപ്പിച്ചത്. ഗാര്‍ഹിക ഉപയോക്താക്കള്‍ നേരത്തെ 1000 ലീറ്ററിന് 4.41 രൂപയാണ് നല്‍കിയിരുന്നതെങ്കില്‍തെങ്കില്‍ അത് 14.41 രൂപയായി ഉയര്‍ന്നു. വൈദ്യുതി നിരക്ക് വര്‍ധിപ്പിച്ചു. സര്‍ക്കാര്‍ സേവനങ്ങള്‍ക്കുള്ള ഫീസുകളും കുത്തനെ വര്‍ധിപ്പിച്ചു. രാജ്യത്ത് വിലക്കയറ്റം ഏറ്റവും കൂടുതലുള്ള സംസ്ഥാനങ്ങളില്‍ ഒന്നാം സ്ഥാനത്തായി കേരളം. സാധാരണക്കാരന് പട്ടിണിയിലാകുമ്പോഴും ഭരണത്തിന്റെ തണലില്‍ സി.പി.എം ക്രിമിനല്‍ സംഘങ്ങള്‍ നടത്തുന്ന കൊള്ള ഞെട്ടിപ്പിക്കുന്നതാണ്. ശബരിമലയിലെ സ്വര്‍ണ്ണം പോലും കൊള്ളയടിക്കാന്‍ മടിക്കാത്ത ഒരു ഭരണകൂടം ഭക്തിയെയും വിശ്വാസത്തെയും എത്രമാത്രം നിസ്സാരമായാണ് കാണുന്നതെന്ന് വ്യക്തം. ആ ചാരങ്ങളെയും വിശ്വാസങ്ങളെയും തകര്‍ക്കാന്‍ ശ്രമിച്ചവര്‍ ഇപ്പോള്‍ ഭഗവാന്റെ സമ്പാദ്യത്തിലും കൈവെച്ചിരിക്കുന്നു.
ക്ഷേമനിധികള്‍ പലതും തകര്‍ന്നു. പാവങ്ങള്‍ക്ക് ആശ്വാസമായിരുന്ന കാരുണ്യ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ 1200 കോടിയാണ് കുടിശിക. എസ്.സി എസ്.ടി വിഭാങ്ങളെയും ഈ സര്‍ക്കാര്‍ അവഗണിച്ചു. സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ഒരു ലക്ഷം കോടിയോളം രൂപയാണ് കുടിശിക. നെല്ലും നാളികേരവും ഉള്‍പ്പെടെ വിവിധ കാര്‍ഷിക മേഖലകളെയും കര്‍ഷകരെയും ഈ സര്‍ക്കാര്‍ അവഗണിച്ചു. വന്യജീവി ആക്രമണം നേരിടാന്‍ സര്‍ക്കാരിന് ഒരു പദ്ധതിയുമില്ല. മത്സ്യത്തൊഴിലാളികളെയും വറുതിയിലാക്കി. ദുരിതാശ്വാസ നിധിയിലേക്ക് പണം എത്തിയിട്ടും വയനാട് ദുരന്ത ബാധിതര്‍ക്ക് ചികിത്സാ സഹായമോ വീട്ടുവാടകയോ കൃത്യമായി നല്‍കാതെ കബളിപ്പിക്കുന്ന സര്‍ക്കാരാണിത്.
ചോദ്യം ചോദിക്കുന്നവരെ നിശബ്ദരാക്കുന്ന, മാധ്യമങ്ങളെ ഭയപ്പെടുത്തുന്ന, ഫാഷിസ്റ്റ് ശൈലിയിലുള്ള മുഖ്യമന്ത്രിയും ഭരണകൂടവുമാണ് കേരളത്തെ ഇന്ന് ഭരിക്കുന്നത്. ഈ പത്തു വര്‍ഷത്തെ ദുര്‍ഭരണത്തിന്റെ കറ കഴുകിക്കളയാന്‍ ‘പുതുയുഗ യാത്ര’ക്ക് കഴിയേണ്ടതുണ്ട്. ജനങ്ങളുടെ കണ്ണീരൊപ്പാന്‍, തകര്‍ന്ന സമ്പദ്വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കാന്‍, നഷ്ടപ്പെട്ട ജനാധിപത്യ മൂല്യങ്ങള്‍ തിരിച്ചുപിടിക്കാന്‍ ഈ പോരാട്ടം അനിവാര്യമാണ്. അഴിമതിയും അഹങ്കാരവും മുഖമുദ്രയാക്കിയ ഈ സര്‍ക്കാരിനെ താഴെയിറക്കുക എന്നത് കേരളത്തിന്റെ അതിജീവനത്തിനുള്ള ഏക വഴിയാണ്. പുതുയുഗ യാത്ര കേരളത്തിന്റെ വീണ്ടെടുപ്പിനുള്ള കാഹളമാകട്ടെ.
editorial
സഭ വിടുന്ന സര്‍ക്കാരും നിഴലിലാകുന്ന സത്യവും
ശബരിമല പോലെയുള്ള ഒരു പുണ്യസങ്കേതത്തില്‍ നടന്ന സ്വര്‍ണ്ണക്കവര്‍ച്ച ഭക്തലക്ഷങ്ങളെ സംബന്ധിച്ചിടത്തോളം കേവലം ഒരു സാമ്പത്തിക കുറ്റകൃത്യമല്ല, മറിച്ച് വിശ്വാസത്തിന്മേലുള്ള കടന്നുകയറ്റം കൂടിയാണ്.
ജനാധിപത്യത്തിന്റെ ശ്രീകോവിലായ നിയമസഭ, ജനകീയ പ്രശ്നങ്ങളും ഗൗരവകരമായ അഴിമതി ആരോപണങ്ങളും ചര്‍ച്ച ചെയ്യപ്പെടേണ്ട വേദിയാണ്. എന്നാല്‍, ശബരിമലയിലെ സ്വര്‍ണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട ആരോപണങ്ങളില്‍ ഉത്തരം മുട്ടിയപ്പോള്‍ സഭാനടപടികള്‍ വെട്ടിച്ചുരുക്കി പിരിഞ്ഞ സര്‍ക്കാര്‍ നടപടി ജനാധിപത്യപരമായ കീഴ്വഴക്കങ്ങള്‍ക്ക് നിരക്കാത്തതാണ്. പ്രതിപക്ഷം ആരോപിക്കുന്നത് പോലെ, ഇത് ഭരണപക്ഷത്തിന്റെ ഒളിച്ചോട്ടം തന്നെയാണ്. ആര്‍ക്കുവേണ്ടിയാണ് ഈ ഒളിച്ചോട്ടം എന്നത് ഗൗരവതരമാണ്. ശബരിമല പോലെയുള്ള ഒരു പുണ്യസങ്കേതത്തില്‍ നടന്ന സ്വര്‍ണ്ണക്കവര്‍ച്ച ഭക്തലക്ഷങ്ങളെ സംബന്ധിച്ചിടത്തോളം കേവലം ഒരു സാമ്പത്തിക കുറ്റകൃത്യമല്ല, മറിച്ച് വിശ്വാസത്തിന്മേലുള്ള കടന്നുകയറ്റം കൂടിയാണ്.
ഈ കേസില്‍ കൃത്യമായ മറുപടി നല്‍കുന്നതിന്പകരം സഭ പിരിച്ചുവിട്ടത് സര്‍ക്കാരിന്റെ പരിഭ്രാന്തിയാണ് വെളിപ്പെടുത്തുന്നത്. സഭയില്‍ ഉന്നയിക്കപ്പെടുന്ന ചോദ്യങ്ങള്‍ക്ക് മുന്നില്‍ പതറുന്ന ഭരണകൂടം സംശയത്തിന്റെ നിഴലിലാണ്. പ്രതികളെ സംരക്ഷിക്കുന്നതാര് എന്ന പ്രധാന ചോദ്യവും ഈ വേളയില്‍ പരിശോധിക്കപ്പെടേണ്ടതുണ്ട്. കേസിലെ പ്രതികള്‍ ഓരോരുത്തരായി പുറത്തിറങ്ങുന്നതും അവര്‍ക്ക് ജാമ്യം ലഭിക്കാന്‍ സാഹചര്യം ഒരുങ്ങുന്നതും തെളിവ് നശിപ്പിക്കാനാണെന്ന ആരോപണം അതീവ ഗുരുതരമാണ്. പ്രതികള്‍ പുറത്തിറങ്ങുന്നത് കേസിലെ നിര്‍ണ്ണായകമായ കണ്ണികളെ ഇല്ലാതാക്കാനും ഉന്നതതല ബന്ധങ്ങള്‍ മുടിവെക്കാനും സഹായിക്കുമെന്ന ആശങ്ക ശക്തമാണ്. കേസിലെ അന്വേഷണം സുതാര്യമാണെന്ന് ഉറപ്പുവരുത്തേണ്ട സര്‍ക്കാര്‍, പ്രതികള്‍ക്ക് അനുകൂലമായ സാഹചര്യമുണ്ടാക്കുന്നു എന്ന ആരോപണം ജനമധ്യത്തില്‍ സര്‍ക്കാരിന്റെ വിശ്വാസ്യത തകര്‍ക്കുന്നു.
ഭരണപക്ഷത്തിന്റെ്റെ ഈ പിന്മാറ്റം കേവലം രാഷ്ട്രീയ തന്ത്രമല്ല, മറിച്ച് വസ്തുതകള്‍ പുറത്തുവരുന്നതിനോടുള്ള ഭയമാണ്. ശബരിമലയിലെ സ്വത്ത് വകകളില്‍ കുറവുണ്ടായിട്ടുണ്ടോ എന്നതിലും അത് ആരുടെയൊക്കെ ഒത്താശയോടെയാണ് നടന്നതെന്നതിലും വ്യക്തമായ അന്വേഷണം അനിവാര്യമാണ്. സഭയില്‍ നിന്ന് ഒളിച്ചോടുന്നത് വഴി താല്‍ക്കാലികമായി രക്ഷപ്പെടാമെങ്കിലും ജനങ്ങളുടെ കോടതിയില്‍ ഈ ചോദ്യങ്ങള്‍ക്ക് മറുപടി നല്കാന് സര്‍ക്കാര്‍ ബാ ധ്യസ്ഥരാണ്. അഴിമതി ആരോപണങ്ങളില്‍നിന്ന് മുഖം തി രിക്കുകയും സഭയെ നിശബ്ദമാക്കുകയും ചെയ്യുന്നത് ജനാ ധിപത്യത്തെ ദുര്‍ബലപ്പെടുത്തുന്ന പ്രവണതയാണ്. സത്യം പുറത്തുവരുന്നത് വരെ ഈ ചോദ്യങ്ങള്‍ ഭരണകൂടത്തെ വേട്ടയാടിക്കൊണ്ടിരിക്കും. ശബരിമലയിലെ സ്വര്‍ണ്ണക്കവര്‍ ച്ച കേസില്‍ ഉരുണ്ടുകൂടിയ ദുരൂഹതകള്‍ നീക്കണമെങ്കില്‍ നിഷ്പക്ഷവും ശക്തവുമായ അന്വേഷണം ആവശ്യമാണ്. അതിന് തയ്യാറാകാതെ സഭ വിടുന്നത് ഭരണകൂടത്തിന്റെ പ രാജയമാണ് വിളിച്ചോതുന്നത്.
ശബരിമല സ്വര്‍ണക്കൊള്ള കേസിലെ മുഖ്യപ്രതി ഉണ്ണി കൃഷ്ണന് പോറ്റി ഉള്‍പ്പെടെയുള്ളവര്‍ ജയിലിന് പുറത്തേ ക്ക് വരുന്നത് കേസിന്റെ ഭാവിയെതന്നെ പ്രതികൂലമായി ബാധിക്കാനിടയുണ്ട്. ദ്വാരപാലക പാളി കേസില്‍ നേരത്തെ ജാമ്യം നേടിയ പോറ്റിക്ക്, കട്ടിളപാളി കേസിലും 90 ദിവസ ത്തെ ജയില്‍ വാസത്തിന് പിന്നാലെയാണ് സ്വാഭാവിക ജാ മ്യം ലഭിച്ചത്. ഇതോടെ മുരാരിബാബു, ശ്രീകുമാര്‍, സുധീ ഷ് എന്നിവര്‍ക്ക് പിന്നാലെ പോറ്റിയും പുറത്തിറങ്ങുകയാ ണ്. തെളിവുകള്‍ ശേഖരിക്കുന്നതിലെ കാലതാമസം കാര ണം കുറ്റപത്രം വൈകുന്നത് എസ്.ഐ.ടിയുടെ വീഴ്ചയാ ണെന്നാണ് പ്രതിപക്ഷ വിമര്‍ശനം. മുന്‍ തിരുവാഭരണ ക മ്മീഷണര്‍ കെ.എസ് ബൈജു അടക്കമുള്ള മറ്റ് പ്രതികളും സ്വാഭാവിക ജാമ്യത്തിനായി കോടതിയിലെത്തിയിട്ടുണ്ട്.
തുടക്കത്തിലുള്ള വേഗത അന്വേഷണത്തില്‍ ഇപ്പോഴില്ലെ ന്നത് പകല്‍പോലെ വ്യക്തമാണ്. കോടതി മേല്‍നോട്ടത്തി ലാണ് അന്വേഷണമെങ്കിലും തെളിവുകള്‍ ശേഖരിക്കുന്ന തിലെ കാലതാമസമടക്കം കുറ്റപത്രം വൈകിപ്പിക്കുകയാ ണെന്നാണ് കാണേണ്ടത്. പാളികള്‍ മാറിയില്ലെന്ന് വി.എ സ്.എസ്.സിയിലെ പരിശോധനയില്‍ വ്യക്തമായതോടെ ഇ നി എത്ര സ്വര്‍ണം പോയെന്ന് മാത്രമാണ് തെളിയിക്കാനു ള്ളത്. നിലവില്‍ പ്രതികള്‍ നല്കിയതും ദേവസ്വം ബോഡ് നല്കിയതുമായ വിവരങ്ങള്‍ മാത്രമാണ് എസ്.ഐ.ടിക്കു ള്ളത്. ഇക്കാര്യത്തില്‍ ശാസ്ത്രീയ തെളിവുകള്‍ ഇല്ലെങ്കില്‍ വിചാരണയെ ബാധിക്കും.
ശബരിമല സ്വര്‍ണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ കേവലം ഉദ്യോഗസ്ഥ തലത്തില്‍ ഒതുങ്ങുന്നതല്ലെന്നും അതിന്റെറെ വേരുകള്‍ ഭരണസിരാകേന്ദ്രങ്ങളിലേക്കും സി.പി.എം ഉന്നതരിലേക്കും നീളുന്നുവെന്നുമുള്ള ആ ക്ഷേപം അതീവ ഗൗരവത്തോടെ കാണേണ്ടതാണ്.
അന്വേഷണം പാര്‍ട്ടിയുടെ ഉന്നത നേതാക്കളിലേക്ക് എത്താതിരി ക്കാന്‍ സര്‍ക്കാര്‍ സംവിധാനങ്ങളെ ദുരുപയോഗം ചെയ്യുന്നുവെന്നത് ജനാധിപത്യപരമായ സുതാര്യതക്ക് വിരുദ്ധമാണ്. അന്വേഷണം കൃത്യമായ ദിശയില്‍ നീങ്ങിയാല്‍ അത് പല വി.വി.ഐ.പികളുടെയും മുഖംമൂടി അഴിക്കുമെന്ന് ഭരണകൂടം ഭയപ്പെടുന്നുണ്ടോ? സഭാനടപടികള്‍ പെട്ടെന്ന് നിര്‍ത്തിവെച്ചതും പ്രതികളെ സ്വതന്ത്രരായി വിഹരിക്കാന്‍ അനുവദിക്കുന്നതും ഈ ഭയത്തിന്റെ പ്രതിഫലനമാണ്. അ ഴിമതിയുടെ കറ പുരണ്ട കൈകളെ സംരക്ഷിക്കാന്‍ സര് ക്കാര് കാട്ടുന്ന അമിത ജാഗ്രത, നീതിന്യായ വ്യവസ്ഥയെ അട്ടിമറിക്കാനുള്ള നീക്കമായി മാത്രമേ കാണാന്‍ കഴിയൂ. ശബരിമല എന്നത് കോടിക്കണക്കിന് ഭക്തരുടെ വൈകാ രികമായ പുണ്യകേന്ദ്രമാണ്. അവിടെ നടന്ന സ്വര്‍ണ്ണക്കവര്‍ ച്ച അന്വേഷിക്കുന്നതില്‍ കാണിക്കുന്ന മെല്ലെപ്പോക്കും ഉ ന്നതരെ സംരക്ഷിക്കാനുള്ള നീക്കവും യഥാര്‍ത്ഥത്തില്‍ വി ശ്വാസികളെ വെല്ലുവിളിക്കുന്നതിന് തുല്യമാണ്. ഭക്തര്‍ സ മര്‍പ്പിച്ച കാണിക്കയും വഴിപാടുകളും അധികാരത്തിന്റെ സ്വാധീനത്തില്‍ അപഹരിക്കപ്പെടുന്നത് ഒരു തരത്തിലും അം ഗീകരിക്കാനാവില്ല. സ്വര്‍ണ്ണക്കവര്‍ച്ചയില്‍ നഷ്ടപ്പെട്ടത് കേ വലം ഭൗതികമായ വിലയല്ല, മറിച്ച് ഭക്തരുടെ വിശ്വാസവും കൂറുമാണ്. അന്വേഷണ ഏജന്‍സികളുടെ കൈകള്‍ കെട്ടി യിടുന്നത് പാര്‍ട്ടി താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാനാണെങ്കില്‍, അത് ഭരണഘടനാപരമായ സത്യപ്രതിജ്ഞാ ലംഘനമാണ്. ഭരണപക്ഷത്തിന്റെ ‘രക്ഷപ്പെടുത്തല്‍ തന്ത്രം’ ജനങ്ങള്‍ തി രിച്ചറിയുന്നുണ്ടെന്ന് ഓര്‍ക്കുന്നത് നല്ലതാണ്.
-
News2 days ago’15 മിനിറ്റില്‍ വീട്ടിലെത്തും’; അവസാന ഫോണ്‍വിളിക്ക് പിന്നാലെ യുവാവിന്റെ യാത്ര മരണത്തിലേക്ക്
-
News2 days agoരണ്ടാം ദിനം ഇരട്ടി കളക്ഷന്‍; ‘ആശകള്‍ ആയിരം’ വിജയകുതിപ്പില്‍
-
News2 days agoതണ്ടപ്പേര് ലഭിക്കാത്തതിന്റെ പേരില്‍ കര്ഷകന് ആത്മഹത്യ ചെയ്ത സംഭവം; ഉദ്യോഗസ്ഥര്‍ക്ക് വീഴ്ചയെന്ന് കണ്ടെത്തല്‍
-
india2 days agoപ്രതിഷേധം കനത്തു; മുസ്ലിംകളെ വെടിവെക്കുന്ന അസം മുഖ്യമന്ത്രിയുടെ AI വീഡിയോ ബിജെപി നീക്കം ചെയ്തു
-
india2 days ago‘ഇന്ത്യയുടെ പരമാധികാരം മോദി പണയം വെക്കുന്നു’: യൂത്ത് ലീഗ് ദേശീയ കമ്മിറ്റി
-
india2 days agoപത്ത് വര്‍ഷത്തിലൊരിക്കല്‍ സെന്‍സസ് നിര്‍ബന്ധമാക്കണം; സ്വകാര്യ ബില്ലുമായി അഡ്വ. ഹാരിസ് ബീരാന് എംപി
-
kerala2 days agoബി.ജെ.പി സര്‍ക്കാറിന് നെഹ്റുവിന്റെ ഓര്‍മകള്‍ മായ്ക്കാനാവില്ല, അത് ഇന്ത്യയുടെ ഡി.എന്‍.എയില്‍ പതിഞ്ഞത്: ശശി തരൂര്‍
-
india2 days agoഇന്ത്യ-യുഎസ് വ്യാപാര കരാര്‍: കര്‍ഷകരെയും രാജ്യത്തെയും ഒറ്റിക്കൊടുത്തു; പ്രതിപക്ഷം പ്രതിഷേധത്തില്‍
