Connect with us

News

ഐഎസ്എല്ലിന് വന്‍ മൂല്യത്തകര്‍ച്ച; സംപ്രേഷണാവകാശം ‘തുച്ഛമായ’ തുകയ്ക്ക് സ്വന്തമാക്കി ഫാന്‍കോഡ്

2024-25 സീസണില്‍ 275 കോടി രൂപയായിരുന്ന ഐഎസ്എല്ലിന്റെ മീഡിയ റൈറ്റ്സ്

Published

on

ന്യൂഡല്‍ഹി: ഇന്ത്യന്‍ ഫുട്‌ബോളിന്റെ വളര്‍ച്ചാ സ്വപ്നങ്ങള്‍ക്ക് കനത്ത തിരിച്ചടി. ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ (ISL) പുതിയ സീസണിലെ സംപ്രേഷണ മൂല്യത്തില്‍ റെക്കോര്‍ഡ് ഇടിവ്. 2024-25 സീസണില്‍ 275 കോടി രൂപയായിരുന്ന ഐഎസ്എല്ലിന്റെ മീഡിയ റൈറ്റ്സ്, 2025-26 സീസണില്‍ വെറും 8.62 കോടി രൂപയ്ക്കാണ് ഫാന്‍കോഡ് സ്വന്തമാക്കിയത്. ഏകദേശം 97 ശതമാനത്തിന്റെ ഇടിവാണ് ലീഗിന്റെ മൂല്യത്തില്‍ ഉണ്ടായത്.

സീസണിലെ 91 മത്സരങ്ങളുടെ ഡിജിറ്റല്‍, ടിവി സംപ്രേഷണാവകാശം 8.62 കോടി രൂപയ്ക്കാണ് നല്‍കിയത്. ഐഎസ്എല്ലിലെ ഒരു മത്സരത്തിന്റെ ശരാശരി മൂല്യം ഇതോടെ 9.5 ലക്ഷം രൂപയിലേക്കാണ് ഇടിഞ്ഞത്. ഇത് സൂപ്പര്‍ ലീഗ് കേരളയുടെ (SLK) ഒരു മത്സരത്തിനുള്ള ശരാശരി തുകയായ 22 ലക്ഷത്തേക്കാള്‍ താഴെയാണ്.

പ്രതിസന്ധികളെത്തുടര്‍ന്ന് മത്സരങ്ങളുടെ എണ്ണം ഇത്തവണ 91 ആയി കുറച്ചു. ഫെബ്രുവരി 14-ന് കൊല്‍ക്കത്തയില്‍ മോഹന്‍ ബഗാന്‍ – കേരള ബ്ലാസ്റ്റേഴ്സ് പോരാട്ടത്തോടെയാണ് സീസണിന് തുടക്കം കുറിക്കുന്നത്.

ഐപിഎല്ലിലെ ഒരു മത്സരത്തിന് ശരാശരി 132 കോടി രൂപ ലഭിക്കുമ്പോഴാണ് ഇന്ത്യന്‍ ഫുട്‌ബോളിലെ ഈ തകര്‍ച്ച എന്നതാണ് ആശങ്കയുണ്ടാക്കുന്നത്. നേരത്തെ സംപ്രേഷണം ചെയ്തിരുന്ന വമ്പന്‍ കമ്പനികള്‍ പുതിയ ടെന്‍ഡറില്‍ താല്പര്യം പ്രകടിപ്പിക്കാത്തതാണ് ഫാന്‍കോഡിന് കുറഞ്ഞ തുകയ്ക്ക് കരാര്‍ നല്‍കാന്‍ എഐഎഫ്എഫിനെ (AIFF) പ്രേരിപ്പിച്ചതെന്നാണ് വിവരം.

 

india

‘യാത്ര വൈകിപ്പിച്ചു, ഗൂഢാലോചന സംശയിക്കുന്നു’; അജിത് പവാറിന്റെ മരണത്തില്‍ ദുരൂഹതയെന്ന് രോഹിത് പവാര്‍

വിമാനാപകടത്തിന് പിന്നില്‍ അസ്വാഭാവികമായ ഇടപെടലുകള്‍ നടന്നോ എന്ന് പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Published

on

മുംബൈ: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിന്റെ മരണത്തില്‍ ഗൂഢാലോചനയുണ്ടെന്ന ആരോപണവുമായി എന്‍.സി.പി നേതാവ് രോഹിത് പവാര്‍. വിമാനാപകടത്തിന് പിന്നില്‍ അസ്വാഭാവികമായ ഇടപെടലുകള്‍ നടന്നോ എന്ന് പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ജനുവരി 27-ന് വൈകുന്നേരം മുംബൈയില്‍ നിന്ന് പുണെയിലേക്ക് പോകേണ്ടിയിരുന്ന അജിത് പവാറിനെ ഒരു ‘ഉന്നത നേതാവ്’ കാണാന്‍ വന്നെന്നും അതിനുശേഷമാണ് യാത്ര അടുത്ത ദിവസത്തേക്ക് മാറ്റിയതെന്നും രോഹിത് പറയുന്നു. ഈ വൈകിക്കല്‍ ബോധപൂര്‍വമാണോ എന്ന് അന്വേഷിക്കണമെന്നും അദ്ദേഹം പറഞ്ഞു.

അപകടത്തില്‍പ്പെട്ട വിമാനത്തില്‍ അധികമായി ഇന്ധന ടാങ്കുകള്‍ ഘടിപ്പിച്ചിരുന്നോ എന്ന് പരിശോധിക്കണമെന്നും സി.സി.ടി.വി ദൃശ്യങ്ങള്‍ ഇതിനായി പരിശോധിക്കണമെന്നും അജ്ജേഹം ആവശ്യപ്പെട്ടു. നിയമവിരുദ്ധമായി ഇന്ധനം നിറച്ചിട്ടുണ്ടെങ്കില്‍ അത് വിമാനത്തെ ഒരു ‘ബോംബ്’ പോലെ അപകടകരമാക്കുമെന്ന് രോഹിത് പവാര്‍ ചൂണ്ടിക്കാട്ടി.

സര്‍ക്കാര്‍ ഏജന്‍സികള്‍ക്ക് പുറമെ മറ്റ് ഏജന്‍സികളും അപകടത്തെക്കുറിച്ച് വിശദമായി അന്വേഷിക്കണമെന്ന് രോഹിത് പവാര്‍ ആവശ്യപ്പെട്ടു.

ജനുവരി 28 ബുധനാഴ്ച രാവിലെ 8:45-ഓടെ ബാരാമതി വിമാനത്താവളത്തില്‍ ലാന്‍ഡിംഗിന് ശ്രമിക്കുന്നതിനിടെയാണ് അജിത് പവാര്‍ സഞ്ചരിച്ചിരുന്ന വിമാനം തകര്‍ന്നു വീണത്. അജിത് പവാര്‍ ഉള്‍പ്പെടെ അഞ്ച് പേരും അപകടത്തില്‍ കൊല്ലപ്പെട്ടു.

 

Continue Reading

Film

‘കാലം പറഞ്ഞ കഥ’: റിലീസ് തടയണമെന്ന ഹര്‍ജി തള്ളി; വിചാരണയെ ബാധിക്കില്ലെന്ന് സെന്‍സര്‍ ബോര്‍ഡ്

പ്രതിയായ അഫാന്റെ പിതാവാണ് സിനിമയ്ക്കെതിരെ കോടതിയെ സമീപിച്ചത്.

Published

on

തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസിനെ ആസ്പദമാക്കി നിര്‍മ്മിച്ചതെന്ന് പറയപ്പെടുന്ന ‘കാലം പറഞ്ഞ കഥ’ എന്ന സിനിമയുടെ റിലീസ് തടയണമെന്ന ഹര്‍ജി സെന്‍സര്‍ ബോര്‍ഡ് തള്ളി. സിനിമ ഒരു തരത്തിലും കേസിന്റെ വിചാരണയെ ബാധിക്കില്ലെന്നും സിനിമയിലെ സാഹചര്യങ്ങളും കഥാപാത്രങ്ങളും യഥാര്‍ത്ഥ സംഭവത്തില്‍ നിന്നും വ്യത്യസ്തമാണെന്നും സെന്‍സര്‍ ബോര്‍ഡ് ഹൈക്കോടതിയെ അറിയിച്ചു.

സിനിമ ലഹരി ഉപയോഗത്തിനും ഓണ്‍ലൈന്‍ ചൂതാട്ടത്തിനുമെതിരായ സന്ദേശമാണ് നല്‍കുന്നത്. യഥാര്‍ത്ഥ കേസിലെ സാഹചര്യങ്ങളോ, കൊലപാതക രീതിയോ, കഥാപാത്രങ്ങളുടെ പേരോ സിനിമയിലില്ല. സിനിമ പുറത്തിറങ്ങുന്നത് കോടതിയിലെ വിചാരണയെ സ്വാധീനിക്കില്ലെന്നും ബോര്‍ഡ് പറഞ്ഞു.

പ്രതിയായ അഫാന്റെ പിതാവാണ് സിനിമയ്ക്കെതിരെ കോടതിയെ സമീപിച്ചത്. കേസിന്റെ വിചാരണ നടക്കുന്നതിനാല്‍ മാധ്യമ വിചാരണ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നും ഇത് സാക്ഷികളെ സ്വാധീനിക്കുകയും മകന്റെ ഭാവിയെയും കുടുംബത്തിന്റെ അന്തസ്സിനെയും തകര്‍ക്കുകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

2025 ഫെബ്രുവരി 24-നാണ് കേരളത്തെ നടുക്കിയ വെഞ്ഞാറമൂട് കൂട്ടക്കൊലപാതകം നടന്നത്. അഫാന്‍ തന്റെ മുത്തശ്ശി, പിതൃസഹോദരന്‍, അദ്ദേഹത്തിന്റെ ഭാര്യ, സുഹൃത്ത്, സ്വന്തം സഹോദരന്‍ എന്നിവരെ ചുറ്റിക ഉപയോഗിച്ച് തലയ്ക്കടിച്ചു കൊലപ്പെടുത്തുകയായിരുന്നു. നിലവില്‍ ഈ കേസിന്റെ വിചാരണാ നടപടികള്‍ നടക്കുകയാണ്.

Continue Reading

Cricket

നമീബിയക്കെതിരെ സഞ്ജു കളിക്കുമോ? അഭിഷേക് ശര്‍മയ്ക്ക് വിശ്രമം നല്‍കാന്‍ സാധ്യത

ഇന്ത്യയുടെ സാധ്യതാ പട്ടിക ഇങ്ങനെ

Published

on

ദില്ലി: ടി20 ലോകകപ്പിലെ (2026) രണ്ടാം മത്സരത്തില്‍ ഇന്ത്യ ഫെബ്രുവരി 12 ന് നമീബിയയെ നേരിടുമ്പോള്‍ മലയാളി താരം സഞ്ജു സാംസണ്‍ പ്ലേയിംഗ് ഇലവനിലേക്ക് തിരിച്ചെത്തിയേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. ആദ്യ മത്സരത്തില്‍ അമേരിക്കക്കെതിരെ നിരാശപ്പെടുത്തിയ അഭിഷേക് ശര്‍മയ്ക്ക് ആരോഗ്യപ്രശ്‌നങ്ങള്‍ ഉള്ളതാണ് സഞ്ജുവിനെ ഇറക്കുമെന്നാണ് വിവരം.

അമേരിക്കക്കെതിരായ മത്സരത്തില്‍ നേരിട്ട ആദ്യ പന്തില്‍ തന്നെ അഭിഷേക് പുറത്തായിരുന്നു. പിന്നാലെ കടുത്ത പനിയും വയറുവേദനയും അനുഭവപ്പെട്ടിരുന്നു. ഇതുമൂലം അദ്ദേഹം ഫീല്‍ഡിംഗിന് ഇറങ്ങിയിരുന്നില്ല. വരാനിരിക്കുന്ന പാകിസ്ഥാന്‍ മത്സരത്തിന് മുന്നോടിയായി അഭിഷേകിന് പൂര്‍ണ്ണ വിശ്രമം നല്‍കാനാണ് ടീം ആലോചിക്കുന്നത്.

ആദ്യ മത്സരത്തില്‍ ആദ്യ മൂന്ന് ബാറ്റര്‍മാരും (ഇഷാന്‍ കിഷന്‍, അഭിഷേക് ശര്‍മ, തിലക് വര്‍മ) ഇടംകൈയന്‍മാരായിരുന്നു. ബാറ്റിംഗ് നിരയില്‍ കൂടുതല്‍ വലംകൈയന്‍മാരെ ഉള്‍പ്പെടുത്തുന്നത് ബൗളര്‍മാരുടെ താളം തെറ്റിക്കാന്‍ സഹായിക്കുമെന്നതിനാല്‍ സഞ്ജുവിനെ ഓപ്പണറായി പരിഗണിക്കും.

പനി മൂലം ആദ്യ മത്സരം നഷ്ടമായ ജസ്പ്രീത് ബുംറ നമീബിയക്കെതിരെയുള്ള മത്സരത്തില്‍ തിരിച്ചെത്തും. അങ്ങനെ വന്നാല്‍ മുഹമ്മദ് സിറാജ് ടീമിന് പുറത്തിരിക്കേണ്ടി വരും.

പരിക്കില്‍ നിന്ന് മോചിതനായി വാഷിംഗ്ടണ്‍ സുന്ദര്‍ ടീമിലേക്ക് തിരിച്ചെത്തുമെന്ന് ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് പറഞ്ഞു.

അതേസമയം ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പരയിലെ മോശം ഫോമിനെ തുടര്‍ന്നാണ് സഞ്ജുവിന് ലോകകപ്പിലെ ആദ്യ മത്സരത്തില്‍ സ്ഥാനം നഷ്ടമായത്. എന്നാല്‍ നമീബിയക്കെതിരെ അവസരം ലഭിക്കുകയാണെങ്കില്‍, അത് സഞ്ജുവിനെ സംബന്ധിച്ചിടത്തോളം ഫോം വീണ്ടെടുക്കാനും ടീമിലെ സ്ഥാനം ഉറപ്പിക്കാനുമുള്ള അവസരമാകും. ദില്ലിയിലെ അരുണ്‍ ജെയ്റ്റ്ലി സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്.

നമീബിയക്കെതിരായ ഇന്ത്യയുടെ സാധ്യതാ ഇലവന്‍: സഞ്ജു സാംസണ്‍, ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), തിലക് വര്‍മ, സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), ഹാര്‍ദിക് പാണ്ഡ്യ, റിങ്കു സിംഗ് / വാഷിംഗ്ടണ്‍ സുന്ദര്‍, ശിവം ദുബെ, അക്‌സര്‍ പട്ടേല്‍, ജസ്പ്രീത് ബുംറ, അര്‍ഷ്ദീപ് സിംഗ്, വരുണ്‍ ചക്രവര്‍ത്തി.

 

Continue Reading

Trending