News
ഗാസയില്‍ വംശഹത്യ തുടങ്ങിയിട്ട് ഇന്നേക്ക് 1000 നാളുകള്‍ തികയുന്നു; അന്താരാഷ്ട്ര സമൂഹം ഇനിയെങ്കിലും ശബ്ദമുയര്‍ത്തൂ; അബ്ദുള്ള എം. അബു ഷവേശ്
ഗാസയിലെ മാനുഷിക ദുരന്തത്തിന് അടിയന്തരമായി അറുതി വരുത്താന്‍ അന്താരാഷ്ട്ര സമൂഹം ശക്തമായി ശബ്ദമുയര്‍ത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
ഗാസയില്‍ ഇസ്രായേല്‍ നടത്തുന്ന ക്രൂരമായ വംശഹത്യ ആയിരം ദിവസം പിന്നിടുമ്പോഴും ലോകം പുലര്‍ത്തുന്ന മൗനത്തിനെതിരെ കടുത്ത വിമര്‍ശനവുമായി ഇന്ത്യയിലെ പലസ്തീന്‍ അംബാസിഡര്‍ അബ്ദുള്ള എം. അബു ഷവേശ്. ഗാസയിലെ മാനുഷിക ദുരന്തത്തിന് അടിയന്തരമായി അറുതി വരുത്താന്‍ അന്താരാഷ്ട്ര സമൂഹം ശക്തമായി ശബ്ദമുയര്‍ത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
ഗാസയില്‍ വംശഹത്യ ആരംഭിച്ചിട്ട് ഇന്നേക്ക് (വെള്ളിയാഴ്ച) 1000 ദിവസങ്ങള്‍ പൂര്‍ത്തിയാകുകയാണ്. ചരിത്രത്തിലെ ഏറ്റവും ക്രൂരമായ അധിനിവേശത്തിനും കൂട്ടക്കൊലകള്‍ക്കുമാണ് പലസ്തീന്‍ ജനത ഇത്രയും നാളുകളായി ഇരയായിക്കൊണ്ടിരിക്കുന്നത്. നിരപരാധികളായ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ പതിനായിരക്കണക്കിന് മനുഷ്യര്‍ കൊല്ലപ്പെടുകയും ലക്ഷക്കണക്കിന് ആളുകള്‍ അഭയാര്‍ത്ഥികളാക്കപ്പെടുകയും ചെയ്തിട്ടും ലോകശക്തികള്‍ ഫലപ്രദമായി ഇടപെടുന്നില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
‘ഗാസയില്‍ വംശഹത്യ തുടങ്ങിയിട്ട് ഇന്നേക്ക് 1000 നാളുകള്‍ തികയുന്നു. ഇനിയെങ്കിലും അന്താരാഷ്ട്ര സമൂഹം ഈ അനീതിക്കെതിരെ ഒന്നിച്ച് ശബ്ദമുയര്‍ത്താന്‍ തയ്യാറാകണം.’
– അബ്ദുള്ള എം. അബു ഷവേശ് (ഇന്ത്യയിലെ പലസ്തീന്‍ അംബാസിഡര്‍)
ലക്ഷക്കണക്കിന് ജനങ്ങള്‍ വട്ടിപ്പട്ടിണിയിലും ഭവനരഹിതരായും കഴിയുന്ന ഗാസയിലെ നിലവിലെ സാഹചര്യം അതീവ ഗുരുതരമാണെന്നും, മനുഷ്യാവകാശങ്ങള്‍ സംരക്ഷിക്കാന്‍ ആഗോള സമൂഹം അടിയന്തരമായി ഇടപെടണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
india
സെന്‍സസ്: ഓണ്‍ലൈന്‍ സെല്‍ഫ് എന്യൂമറേഷന്‍ ഇന്ന് അവസാനിക്കും; വിവരങ്ങള്‍ രേഖപ്പെടുത്തേണ്ടത് എങ്ങനെ?
പൊതുജനങ്ങള്‍ക്ക് ഔദ്യോഗിക പോര്‍ട്ടലായ https://se.census.gov.in/ വഴി ഇന്ന് രാത്രി 12 മണി വരെ വിവരങ്ങള്‍ നേരിട്ട് സമര്‍പ്പിക്കാമെന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.
രാജ്യത്തെ ഡിജിറ്റല്‍ സെന്‍സസിന്റെ ഒന്നാംഘട്ടമായ ‘സെല്‍ഫ് എന്യൂമറേഷന്‍’ (ഓണ്‍ലൈനായി സ്വയം വിവരങ്ങള്‍ രേഖപ്പെടുത്തല്‍) നടപടികള്‍ ഇന്ന് (ജൂണ്‍ 30) അവസാനിക്കും. പൊതുജനങ്ങള്‍ക്ക് ഔദ്യോഗിക പോര്‍ട്ടലായ https://se.census.gov.in/ വഴി ഇന്ന് രാത്രി 12 മണി വരെ വിവരങ്ങള്‍ നേരിട്ട് സമര്‍പ്പിക്കാമെന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.
പ്രധാനമായും ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍:
സ്ഥിരമേല്‍വിലാസം മറ്റൊരിടത്താണെങ്കിലും നിലവില്‍ താമസിക്കുന്ന സ്ഥലത്തെ വിവരങ്ങളാണ് നല്‍കേണ്ടത്. വാടകയ്ക്ക് താമസിക്കുന്നവര്‍ക്കായി ‘വീടിന്റെ ഉടമസ്ഥരല്ല’ എന്ന് വ്യക്തമാക്കാനുള്ള ഓപ്ഷന്‍ പോര്‍ട്ടലിലുണ്ട്.
ഒരു വീടിന്റെ വിവരങ്ങള്‍ രേഖപ്പെടുത്താന്‍ ഒരു മൊബൈല്‍ നമ്പര്‍ മാത്രമേ ഉപയോഗിക്കാന്‍ സാധിക്കൂ. വിവരങ്ങള്‍ വിജയകരമായി സമര്‍പ്പിച്ചു കഴിഞ്ഞാല്‍ ‘H’ എന്ന് തുടങ്ങുന്ന 11 അക്കങ്ങളുള്ള സെല്‍ഫ് എന്യൂമറേഷന്‍ ഐഡി എസ്.എം.എസ് ആയോ ഇമെയില്‍ വഴിയോ ലഭിക്കും. ഇത് സ്‌ക്രീന്‍ഷോട്ട് എടുത്തോ എഴുതിയോ സൂക്ഷിക്കേണ്ടതാണ്. വീടുകളില്‍ എന്യൂമറേറ്റര്‍മാര്‍ എത്തുമ്പോള്‍ ഈ ഐഡി കൈമാറിയാല്‍ മതിയാകും. ഇന്ന് സ്വയം വിവരങ്ങള്‍ സമര്‍പ്പിക്കാത്തവരുടെ വീടുകളില്‍ നാളെ (ജൂലൈ 1) മുതല്‍ ജൂലൈ 31 വരെ എന്യൂമറേറ്റര്‍മാര്‍ നേരിട്ടെത്തി വിവരങ്ങള്‍ ശേഖരിക്കും.
‘Census-2027-HLO’ മൊബൈല്‍ ആപ്ലിക്കേഷന്‍ ഉപയോഗിച്ചാണ് ഇവര്‍ വിവരങ്ങള്‍ രേഖപ്പെടുത്തുക. വിവരങ്ങള്‍ ഓണ്‍ലൈനായി രേഖപ്പെടുത്തേണ്ട ഘട്ടങ്ങള്‍:ലോഗിന്‍ ചെയ്യുക: https://se.census.gov.in/ പോര്‍ട്ടല്‍ സന്ദര്‍ശിച്ച് ഡ്രോപ്പ് ഡൗണ്‍ മെനുവില്‍ നിന്ന് സംസ്ഥാനം തെരഞ്ഞെടുക്കുക. തുടര്‍ന്ന് കാപ്ച (Captcha) കോഡ് നല്‍കി മുന്നോട്ട് പോവുക.
ഗാര്‍ഹിക രജിസ്‌ട്രേഷന്‍: കുടുംബനാഥന്റെ പേരും മൊബൈല്‍ നമ്പറും നല്‍കുക. കുടുംബനാഥന്‍ ആരാണെന്ന് മനസ്സിലാക്കാന്‍ സഹായിക്കുന്ന ടൂള്‍ടിപ്പ് അവിടെ ലഭ്യമാണ്. ഒരിക്കല്‍ രജിസ്റ്റര്‍ ചെയ്താല്‍ ഈ പേര് മാറ്റാന്‍ കഴിയില്ല.
ഭാഷയും OTP-യും: അനുയോജ്യമായ ഭാഷ തെരഞ്ഞെടുത്ത ശേഷം, മൊബൈലില്‍ ലഭിക്കുന്ന ഒടിപി (OTP) നല്‍കി വെരിഫിക്കേഷന്‍ പൂര്‍ത്തിയാക്കുക.
വിലാസം നല്‍കുക: ജില്ല, പിന്‍കോഡ്, ഗ്രാമം/ടൗണ്‍, ലോക്കാലിറ്റി, അടുത്തുള്ള പ്രധാന ലാന്‍ഡ്മാര്‍ക്ക് എന്നിവ നല്‍കി സെര്‍ച്ച് ചെയ്യുക.
മാപ്പില്‍ സ്ഥലം അടയാളപ്പെടുത്തുക: സ്‌ക്രീനില്‍ കാണുന്ന ഇന്ററാക്ടീവ് മാപ്പിലെ ചുവന്ന മാര്‍ക്കര്‍ നിങ്ങളുടെ വീടിന്റെ കൃത്യമായ സ്ഥാനത്തേക്ക് ഡ്രാഗ് ചെയ്ത് മാറ്റുക. ശേഷം ‘Save and Next’ നല്‍കുക.
ചോദ്യാവലി പൂരിപ്പിക്കുക: വീടിന്റെ ഘടന, ലഭ്യമായ സൗകര്യങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട ഹൗസ് ലിസ്റ്റ്, ഹൗസിംഗ് സെന്‍സസ് ചോദ്യാവലി എന്നിവ പൂരിപ്പിക്കുക. സംശയങ്ങള്‍ക്ക് അവിടെയുള്ള നോട്ട്‌സ്, പതിവുചോദ്യങ്ങള്‍ (FAQs) എന്നിവ പരിശോധിക്കാം.
പ്രിവ്യൂവും തിരുത്തലുകളും: ‘Preview’ സ്‌ക്രീന്‍ വഴി നല്‍കിയ വിവരങ്ങള്‍ മുഴുവന്‍ പരിശോധിക്കാം. തെറ്റുകളുണ്ടെങ്കില്‍ തിരുത്താം. വിവരങ്ങള്‍ താല്‍ക്കാലികമായി ‘Draft’ ആയി സേവ് ചെയ്യാനും സാധിക്കും.ഫൈനല്‍ സബ്മിറ്റ്: എല്ലാ വിവരങ്ങളും കൃത്യമാണെന്ന് ഉറപ്പുവരുത്തിയ ശേഷം ‘Final Submit’ ക്ലിക്ക് ചെയ്യുക. ഇതിന് ശേഷം വിവരങ്ങളില്‍ മാറ്റം വരുത്താന്‍ സാധിക്കില്ല.
GULF
ഇത്തിഹാദ് റെയില്‍ യാത്രാ സര്‍വ്വീസ് ആരംഭിച്ചു
യുഎഇയിലെ പ്രഥമ പാസ്സഞ്ചര്‍ റെയില്‍സര്‍വ്വീസായ ഇത്തിഹാദ് റെയില്‍ പ്രഥമ യാത്രാ സര്‍വ്വീസിന് തുടക്കമായി.
റസാഖ് ഒരുമനയൂര്‍
അബുദാബി: യുഎഇയിലെ പ്രഥമ പാസ്സഞ്ചര്‍ റെയില്‍സര്‍വ്വീസായ ഇത്തിഹാദ് റെയില്‍ പ്രഥമ യാത്രാ സര്‍വ്വീസിന് തുടക്കമായി. കന്നി യാത്ര ഫുജൈറയില്‍നിന്നും അബുദാബിയിലെ മുഹമ്മദ് ബിന്‍ സായിദ് സിറ്റി സ്റ്റേഷനിലേക്കായിരുന്നു. രാവിലെ 5.45ന് ഫുജൈറയില്‍നിന്നും പുറപ്പെട്ട ട്രെയിന്‍ 7.30ന് അബുദാബി എംബിസെഡ് സ്റ്റേഷനില്‍ എത്തിച്ചേര്‍ന്നു.
യുഎഇയുടെ ഗതാഗത ചരിത്രത്തില്‍ സുവര്‍ണ്ണാധ്യായം തുന്നിച്ചേര്‍ത്ത ഇത്തിഹാദ് റെയിലിന്റെ പ്രഥമ യാത്രാ സംഘത്തിന് വന്‍വരവേല്‍പ്പാണ് ലഭിച്ചത്. അബുദാബിക്കും ഫുജൈറയ്ക്കും ഇടയിലുള്ള യാത്രാ സമയം വെറും 1 മണിക്കൂര്‍ 45 മിനിറ്റാണ്.
എമിറേറ്റുകള്‍ തമ്മിലുള്ള ഗതാഗത സംവിധാനം വര്‍ധിപ്പിക്കുക, യാത്രയും ചരക്കുനീക്കവും കൂടുതല്‍ കാര്യക്ഷമമാക്കുക, നിക്ഷേപം, ടൂറിസം, നഗരവികസനം എന്നിവയ്ക്കായി പുതിയ വാതായനങ്ങള്‍ തുറക്കുക എന്നിവ ഇത്തിഹാദ് റെയില്‍ ലക്ഷ്യമിടുന്നുണ്ട്.
ദുബൈ സ്റ്റേഷനും അല്‍ ദൈദ് സ്റ്റേഷനും 2026 സെപ്റ്റംബര്‍ 30 ന് ഔദ്യോഗികമായി തുറക്കും. തുടര്‍ന്ന് അല്‍ ദഫ്രയിലെ സ്റ്റേഷനുകള്‍ 2026 ഡിസംബര്‍ 30 ന് തുറക്കും. 2027 മാര്‍ച്ച് 30 ന് ഷാര്‍ജ ട്രെയിന്‍ സ്റ്റേഷന്‍ തുറക്കുന്നതോടെ ഇത്തിഹാദ് റെയില്‍ പാത ആദ്യഘട്ടം പൂര്‍ത്തിയാകും.
പദ്ധതിയുടെ അടുത്ത ഘട്ടത്തിന്റെ ഭാഗമായി, പാസഞ്ചര്‍ റെയില്‍ ശൃംഖലയുടെ വിപുലീകരണം വിലയിരുത്തുന്നതിനായി സാധ്യതാ പഠനങ്ങള്‍ നടത്തും, ഇത് യുഎഇയുടെ പൂര്‍ണ്ണമായ സംയോജിത ദേശീയ ഗതാഗത സംവിധാനം എന്ന കാഴ്ചപ്പാടിനെ കൂടുതല്‍ മുന്നോട്ട് കൊണ്ടുപോകും.

കന്നി യാത്രയിലെ മലയാളി കുടുംബം
അബുദാബി-ഫുജൈറ റൂട്ടിലെ കംഫര്‍ട്ട് ക്ലാസിന് 55 ദിര്‍ഹവും പ്രീമിയം ക്ലാസിന് 120 ദിര്‍ഹവും മുതലാണ് നിരക്ക് ആരംഭിക്കുന്നത്. പാസഞ്ചര്‍ റെയില്‍ ഫ്ളീറ്റില്‍ 13 ട്രെയിനുകള്‍ ഉള്‍പ്പെടുന്നു, ഓരോന്നിനും 400 യാത്രക്കാര്‍ക്ക് വരെ സഞ്ചരിക്കാന്‍ കഴിയും. 2026 ജൂണ്‍ 23 മുതല്‍ ഇത്തിഹാദ് റെയില്‍ മൊബൈല്‍ ആപ്ലിക്കേഷനും ഔദ്യോഗിക വെബ്‌സൈറ്റും ഉള്‍പ്പെടെ നിരവധി സൗകര്യപ്രദമായ ചാനലുകള്‍ വഴി ഉപഭോക്താക്കള്‍ക്ക് യാത്രകള്‍ ബുക്ക് ചെയ്യാനും ടിക്കറ്റുകള്‍ വാങ്ങാനും കഴിയും.
കഫേകള്‍, റെസ്റ്റോറന്റുകള്‍, റീട്ടെയില്‍ ഔട്ട്‌ലെറ്റുകള്‍, നിരവധി അന്താരാഷ്ട്ര ബ്രാന്‍ഡുകള്‍ എന്നിവയിലൂടെ പാസഞ്ചര്‍ ട്രെയിന്‍ സ്റ്റേഷനുകളില്‍ യാത്രക്കാര്‍ക്ക് പുതിയ അനുഭവമായിരിക്കും. .
kerala
പൂര്‍ണ്ണ കുറ്റവിമുക്തനായി അനില്‍ മുഹമ്മദ് തിരികെ ജോലിയില്‍ പ്രവേശിച്ചു
കഴിഞ്ഞ സര്‍ക്കാര്‍ ആണ് അന്വേഷണം പ്രഖ്യാപിച്ചത്.. അന്വേഷണം മുന്‍സര്‍ക്കാരിന്റെ കാലത്ത് തന്നെ പൂര്‍ത്തിയായി പൂര്‍ണ്ണമായും കുറ്റവിമുക്തനായതിന്റെ അടിസ്ഥാനത്തിലാണ് അദ്ദേഹത്തെ തിരികെ ജോലിയില്‍ പ്രവേശിപ്പിച്ചത്
സാമൂഹ്യമാധ്യമങ്ങളില്‍ സര്‍ക്കാര്‍ ചട്ടലംഘനങ്ങള്‍ക്ക് വിരുദ്ധമായി സംസാരിച്ചു എന്ന കുറ്റാരോപണത്തില്‍ സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യപ്പെട്ട ഡോക്ടര്‍ കെ എം അനില്‍ മുഹമ്മദ് 15 മാസത്തെ സസ്‌പെന്‍ഷനു ശേഷം തിരികെ ജോലിയില്‍ പ്രവേശിച്ചു. 2025 മാര്‍ച്ചിലാണ് അദ്ദേഹത്തെ സസ്‌പെന്‍ഡ് ചെയ്തത്. കഴിഞ്ഞ സര്‍ക്കാര്‍ ആണ് അന്വേഷണം പ്രഖ്യാപിച്ചത്.. അന്വേഷണം മുന്‍സര്‍ക്കാരിന്റെ കാലത്ത് തന്നെ പൂര്‍ത്തിയായി പൂര്‍ണ്ണമായും കുറ്റവിമുക്തനായതിന്റെ അടിസ്ഥാനത്തിലാണ് അദ്ദേഹത്തെ തിരികെ ജോലിയില്‍ പ്രവേശിപ്പിച്ചത്.
കെഎംഎല്ലില്‍ അസിസ്റ്റന്റ് ജനറല്‍ മാനേജറായി ജോലി ചെയ്യുന്ന അദ്ദേഹം മുന്‍പ് കയര്‍ഫെഡ്, ഗ്രാന്‍ഡ് കേരള ഷോപ്പിംഗ് ഫെസ്റ്റിവല്‍, ബേക്കല്‍ ടൂറിസം എന്നിവയില്‍ മാനേജിംഗ് ഡയറക്ടറായിരുന്നു. കയര്‍ഫെഡില്‍ 20 വര്‍ഷങ്ങള്‍ക്കു ശേഷം പ്രവര്‍ത്തന ലാഭം കൈവരിച്ചത് ആ കാലയളവിലായിരുന്നു. കൂടാതെ മികച്ച ഉല്‍പാദനത്തിനും വിപണനത്തിനും രാഷ്ട്രപതിയുടെ രണ്ട് അവാര്‍ഡുകളും കയറ്റുമതിക്ക് സംസ്ഥാന സര്‍ക്കാരിന്റെ പ്രത്യേക അവാര്‍ഡും അന്ന് ലഭിച്ചിരുന്നു.

