Connect with us

Video Stories

മുഖ്യശത്രുവിനെ മഷിയിട്ടു തിരയേണ്ട

Published

on

ഒമ്പതു പതിറ്റാണ്ടിലേറെ കാലം രാഷ്ട്രീയം ഉഴുതുമറിച്ചിട്ടും മുഖ്യ ശത്രുവിനെ കണ്ടെത്താനാവാത്ത ഗതികേടിലാണ് ഇന്ത്യയിലെ കമ്മ്യൂണിസ്റ്റു പാര്‍ട്ടികള്‍. കോണ്‍ഗ്രസിനെയും ബി.ജെ.പിയെയും ഒരുപോലെ ശത്രുവായി കണ്ടിരുന്ന സാഹചര്യത്തില്‍ നിന്ന് മാറ്റം അനിവാര്യമാണെന്ന തിരിച്ചറിവിലേക്ക് സി.പി.എം പരിവര്‍ത്തിക്കപ്പെടുന്നതിന്റെ സൂചനയാണ് ഇന്നലെ സീതാറാം യെച്ചൂരിയുടെ വാക്കുകളില്‍ വെളിപ്പെട്ടത്. പാര്‍ട്ടി കോണ്‍ഗ്രസിന്റെ മുന്നോടിയായി തയാറാക്കുന്ന കരട് രാഷ്ട്രീയ പ്രമേയത്തിന്റെ ഭാഗമായി ഇവ്വിഷയം ചര്‍ച്ച ചെയ്യാനാണ് പോളിറ്റ് ബ്യൂറോ യോഗത്തിലെ ധാരണ. എന്നാല്‍ ബി.ജെ.പിയെയും കോണ്‍ഗ്രസിനെയും ഒരുപോലെ അകറ്റിനിര്‍ത്താനുള്ള പാര്‍ട്ടിയുടെ സ്ഥാപിതകാലം തൊട്ടേയുള്ള നയം പൊളിച്ചെഴുതാന്‍ യെച്ചൂരിക്ക് കഴിയുമോ എന്ന കാര്യം കണ്ടറിയേണ്ടതുണ്ട്. പി.ബി യോഗ തീരുമാനത്തിന്റെ അടിസ്ഥാനത്തിലുള്ള പ്രസ്താവനക്ക് തൊട്ടുപിന്നാലെ സെക്രട്ടറിയുടെ നിലപാടിനെ തള്ളി മുന്‍ സെക്രട്ടറി പ്രകാശ് കാരാട്ട് രംഗത്തുവന്നതില്‍ ഇത് വ്യക്തമാണ്. അടുവു നയത്തില്‍ മാറ്റം വരുത്തേണ്ടതില്ല എന്ന് ആവര്‍ത്തിക്കുന്ന ‘കാരാട്ടുവാദ’ത്തിന് കേരള ഘടകമടക്കം പിന്തുണ നല്‍കുമ്പോള്‍, ജന്മനാലെയുള്ള നയവൈകൃതത്തില്‍ നിന്ന് വ്യത്യസ്തമായ വീക്ഷണത്തിലേക്ക് സി.പി.എം അത്രവേഗം മാറുമോ എന്ന് കണ്ടറിയേണ്ടതുണ്ട്. മതേതരത്വവും ജനാധിപത്യവും തീക്ഷ്ണമായ ഭീഷണി നേരിടുന്ന വര്‍ത്തമാന രാഷ്ട്രീയ ഭൂമികയില്‍ ജനകീയ ജനാധിപത്യ വിപ്ലവത്തിന്റെ വീമ്പു പറയുന്ന സി.പി.എം ഇനിയും വരട്ടുവാദത്തില്‍ കടിച്ചുതൂങ്ങി നില്‍ക്കുന്നത് നിരര്‍ത്ഥകമാണെന്ന കാര്യം തിരിച്ചറിയുന്നത് നന്ന്.
നാല്‍പതു വര്‍ഷങ്ങള്‍ വേണം സി.പി.എമ്മിന് വിവേകമുദിക്കാനെന്ന് പണ്ട് സി.എച്ച് മുഹമ്മദ്‌കോയ പരിഹസിക്കാറുണ്ടായിരുന്നു. കോണ്‍ഗ്രസിനോടുള്ള തീണ്ടിക്കൂടായ്മയില്‍ മാറ്റം വേണമെന്ന ചര്‍ച്ചയുയരാന്‍ പക്ഷേ, അമ്പത്തിമൂന്ന് വര്‍ഷങ്ങള്‍ വേണ്ടിവന്നു. ബി.ജെ.പി മുഖ്യഭീഷണിയായി ഉയര്‍ന്ന സാഹചര്യത്തില്‍ കോണ്‍ഗ്രസിനോടുള്ള സമീപനം മാറേണ്ടതുണ്ടെന്നാണ് ഇന്നലെ പോളിറ്റ് ബ്യൂറോ ഗൗരവമായി ചര്‍ച്ച ചെയ്തത്. ഇക്കാര്യം അടുത്ത മാസം നടക്കുന്ന കേന്ദ്ര കമ്മിറ്റി യോഗത്തില്‍ പരിഗണിക്കാനും ധാരണയായിട്ടുണ്ട്. ബി.ജെ.പിക്കെതിരെ ജനാധിപത്യ-മതേതര ശക്തികളുടെ വിശാല ഐക്യം വേണമെന്ന അഭിപ്രായം പാര്‍ട്ടിയില്‍ ഉയര്‍ന്നുവന്ന സാഹചര്യത്തില്‍ ഇനിയും കോണ്‍ഗ്രസിനോടുള്ള തൊട്ടുകൂടായ്മ നിലനിര്‍ത്തി മുന്നോട്ടുപോകാന്‍ സി.പി.എമ്മിന് പാടുപെടേണ്ടി വരും. ബംഗാളില്‍ നിന്നുള്ള അതിസമ്മര്‍ദം പാര്‍ട്ടിക്ക് വിട്ടുമാറാത്ത തലവേദനയായി മാറിയ സാഹചര്യത്തില്‍ പ്രത്യേകിച്ചും. പാര്‍ട്ടിക്ക് ഉറപ്പായും ലഭിക്കുമായിരുന്ന രാജ്യസഭാ സീറ്റ് അനാവശ്യ വാദങ്ങളുയര്‍ത്തി കളഞ്ഞുകുളിച്ച പിന്തിരിപ്പന്മാരോടുള്ള നീരസം പലപ്പോഴും തുറന്നുപറഞ്ഞിട്ടുള്ള യെച്ചൂരി ഇനിയും പൊറുക്കാനിടയില്ല. അടവുനയത്തില്‍ കേന്ദ്ര നേതൃത്വം ഒരു നിര്‍ദേശം മുന്നോട്ടുവെക്കുന്നതിനു പകരം പാര്‍ട്ടി ഘടകങ്ങളില്‍ ചര്‍ച്ചയായി വരുന്നതിലെ പൊതുവികാരം മനസിലാക്കി തീരുമാനമെടുക്കണമെന്ന് പി.ബിയില്‍ ധാരണയാക്കിയത് ഇത് മനസിലാക്കിയാണ്. അതുകൊണ്ടു തന്നെയാണ് ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി തന്നെ ഈ രാഷ്ട്രീയ പ്രമേയം തയാറാക്കാന്‍ തീരുമാനിച്ചതും. പുതിയ ദേശീയ രാഷ്ട്രീയ സാഹചര്യത്തില്‍ ബൂര്‍ഷ്വാ പാര്‍ട്ടികളുമായുള്ള ബന്ധത്തെ കുറിച്ച് കൃത്യമായി ചര്‍ച്ച നടത്തണമെന്ന് യെച്ചൂരി അവതരിപ്പിച്ച കരട് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
കഴിഞ്ഞ തവണ വിശാഖ പട്ടണത്ത് പാര്‍ട്ടി കോണ്‍ഗ്രസ് നടന്നപ്പോഴുണ്ടായിരുന്ന രാഷ്ട്രീയ സാഹചര്യമല്ല നലവിലുള്ളതെന്ന് കരട് റിപ്പോര്‍ട്ടിലൂടെ യെച്ചൂരി പാര്‍ട്ടിയെ ബോധ്യപ്പെടുത്തുന്നുണ്ട്. മാറിയ സാഹചര്യത്തിന് അനുസൃതമായി അടവു നയത്തില്‍ മാറ്റമുണ്ടാകണമെന്നും 2018 ഏപ്രില്‍ 18 മുതല്‍ 22 വരെ ഹൈദരാബാദില്‍ നടക്കുന്ന പാര്‍ട്ടി കോണ്‍ഗ്രസിന് മുമ്പ് ഇക്കാര്യത്തില്‍ തീരുമാനമുണ്ടാകുമെന്നും യെച്ചൂരി ഇന്നലെ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നു. ബി.ജെ.പിയോടും കോണ്‍ഗ്രസിനോടും തുല്യ അകലമെന്ന നിലപാട് ഇനിയും തുടരുന്നത് ഉചിതമല്ലെന്ന ബംഗാള്‍ ഘടകത്തിന്റെ വാദം പാര്‍ട്ടി സെക്രട്ടറിക്കു കരുത്താകുമെങ്കിലും കോണ്‍ഗ്രസുമായി ഒരു ബന്ധവും വേണ്ടെന്ന പ്രകാശ് കാരാട്ട് പക്ഷത്തിന്റെ ഉറച്ച നിലപാടില്‍ നിന്ന് പുതിയ സമീപനം എങ്ങനെ ഉരുത്തുരിഞ്ഞു വരുമെന്ന് കാത്തിരുന്ന് കാണാം. ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ്, മാവോവാദികളുമായി ചേര്‍ന്ന് നടത്തുന്ന കമ്മ്യൂണിസ്റ്റ് വേട്ടക്ക് തടയിടാന്‍ കോണ്‍ഗ്രസുമായി കൈകോര്‍ത്തവര്‍ക്ക് രാജ്യത്ത് ഫാസിസം ഫണം വിടര്‍ത്തിയാടുന്ന കാലത്ത് ഒന്നിച്ചുനില്‍ക്കാനാവില്ല എന്നത് അത്ഭുതമുളവാക്കുന്നതാണ്. പാര്‍ട്ടിയുടെ ജീവന്മരണ പോരാട്ടമായതു കൊണ്ട് അന്ന് ബംഗാള്‍ ഘടകത്തിന്റെ തീരുമാനമനുസരിച്ച് തീരുമാനം കൈക്കൊള്ളാന്‍ പി.ബിയെ ചുമതപ്പെടുത്തിയ സി.പി.എമ്മിന് ഇന്ന് രാജ്യം ഒറ്റക്കെട്ടായി ഫാസിസത്തിനെതിരെ ജീവന്മരണ പോരാട്ടം നടത്തുന്നത് കണ്ടില്ലെന്ന് നടിക്കാനാവില്ല. വെറും വാചകമടിയിലൂടെ ഫാസിസത്തെ പ്രതിരോധിക്കാമെന്ന വ്യാമോഹം കൊണ്ടുനടക്കേണ്ട കാലമല്ലിത്. വ്യക്തമായ സാമൂഹിക, രാഷ്ട്രീയ പദ്ധതികളിലൂടെയും പ്രത്യയശാസ്ത്ര ജാഗ്രതയോടെയും ഫാസിസത്തെ ചെറുത്തു തോല്‍പിക്കേണ്ട സന്ദര്‍ഭമാണിത്. നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സംഘ്പരിവാര്‍ ഭരണകൂടം ഫാസിസമല്ലെന്നു തുറന്നുപറഞ്ഞ പ്രകാശ് കാരാട്ടിനെപ്പോലെയുള്ളവരുടെ ബൗദ്ധിക ശേഷിയാണ് സി.പി.എമ്മിന്റെ ഇപ്പോഴത്തെ പാപ്പരത്തം. ഫാസിസത്തിനെതിരെ എല്ലാവരും ഒരേ വഴിയില്‍ നടക്കുമ്പോള്‍ മാറി നടക്കാന്‍ പാര്‍ട്ടിയെ പ്രേരിപ്പിക്കുന്നത് ഇത്തരം നേതാക്കളാണ്. രാജ്യസഭയില്‍ കരുത്താകുമായിരുന്ന ശബ്ദത്തെ അരിഞ്ഞുവീഴ്ത്തിയതും ഈ അരിവാളായിരുന്നുവല്ലൊ?
അധികാര ബലത്തില്‍ അസഹിഷ്ണുതയും അസ്വസ്ഥതയും കൊണ്ട് നീറിപ്പുകയുകയാണ് രാജ്യം. മതേതരത്വത്തിന്റെ കണ്ണുകള്‍ക്ക് കാണാനാവാത്തതും കാതുകള്‍ക്ക് കേള്‍ക്കാന്‍ കഴിയാത്തതുമായ കാര്യങ്ങള്‍ക്കാണ് ഓരോ പുലരിയും സാക്ഷ്യം വഹിക്കുന്നത്. ഭരണകൂട നെറികേടുകളെ തുറന്നെതിര്‍ത്ത ഗൗരി ലങ്കേഷിന്റെ ശരീരം വെടിയുണ്ടകളേറ്റു വാങ്ങിയത് ഇതിന്റെ ഒടുവിലത്തെ ഉദാഹരണം. മനുഷ്യരേക്കാള്‍ മൃഗങ്ങള്‍ മഹത്വവത്കരിക്കപ്പെടുകയും മതവും ജാതിയും നോക്കി ആള്‍ക്കൂട്ട ആക്രമണങ്ങള്‍ പതിവാകുകയും ചെയ്യുന്ന നാടായി ഇന്ത്യ മാറുകയാണ്. മതേതരത്വ പാരമ്പര്യത്തില്‍ നിന്ന് ഫാസിസ്റ്റ് കാടത്തത്തിലേക്ക് അതിശീഘ്രം കുതിക്കുന്ന രാജ്യത്ത് ഇതിനെതിരെ പ്രതിരോധക്കോട്ട പണിയുക ഏറെ പ്രയാസകരമാണ്. പൊതുശത്രുവിനെ കണ്ടറിയുകയും മതേതര കൂട്ടായ്മ ശക്തിപ്പെടുത്തുകയും ചെയ്യുകയാണ് കരണീയ മാര്‍ഗം. ഇരുട്ടില്‍ നീളുന്ന നീരാളിക്കൈകള്‍ രാജ്യത്തിന്റെ മഹിത പൈതൃകത്തെ വരിഞ്ഞുമുറുക്കുമ്പോഴും മുഖ്യശത്രുവിനെ ഇനിയും മഷിയിട്ടു തിരിയുന്നത് മണ്ടത്തരമാണ്. പൊതുയിടങ്ങളും പാര്‍ലമെന്റും ഫാസിസ്റ്റുകള്‍ അടക്കി ഭരിക്കുന്ന കാലമെത്തും മുമ്പ് കോണ്‍ഗ്രസിനൊപ്പം ചേര്‍ന്ന് മതേതര കൂട്ടായ്മക്ക് കരുത്തുപകരുകയാണ് വേണ്ടത്. മതേതര മനസുകളില്‍ നിന്ന് സ്വത്വസംരക്ഷണത്തിന്റെ നിലവിളി ഉയരുന്ന വേളയില്‍ ഇനിയും സമയം വൈകിയിട്ടില്ല. ഇത് മനസിലാക്കാനുള്ള വിവേകമെങ്കിലും സി.പി.എമ്മിനുണ്ടാകട്ടെ.

Video Stories

സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം വീണ്ടും സര്‍വകാല റെക്കോര്‍ഡില്‍

കഴിഞ്ഞ ദിവസം കേരളത്തിലെ ആകെ വൈദ്യതി ഉപയോഗം 104.86 ദശലക്ഷം യൂണിറ്റായി ഉയര്‍ന്നെന്ന് കെഎസ്ഇബി അറിയിച്ചു

Published

on

തിരുവനന്തപുരം: സംസഥാനത്ത് ചൂട് കനക്കുന്നതിനാല്‍ വൈദ്യുതി ഉപയോഗത്തില്‍ വന്‍ വദ്ധനവ് തുടരുന്നതായി കെഎസ്ഇബി. കഴിഞ്ഞ ദിവസത്തെ വൈദ്യുതി ഉപയേഗം സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം കേരളത്തിലെ ആകെ വൈദ്യതി ഉപയോഗം 104.86 ദശലക്ഷം യൂണിറ്റായി ഉയര്‍ന്നെന്ന് കെഎസ്ഇബി അറിയിച്ചു.

പീക്ക് സമയത്ത് ഒരു കാരണവശാലും വൈദ്യുതി വാഹനങ്ങള്‍ ചാര്‍ജ്ജ് ചെയ്യരുതെന്നും, പീക്ക് ലോഡ് അല്ലാത്ത സമയത്ത് വൈദ്യുതി വാഹനം ചാര്‍ജ്ജ് ചെയ്യാവുന്നതാണെന്ന് കെഎസ്ഇബി മുന്നറിയിപ്പ് നല്‍കി.

Continue Reading

business

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധനവ്; പവന് 160 രൂപ കൂടി

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്

Published

on

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 53,480 രൂപയിലെത്തി. ഇന്നലെ പവന് 320 രൂപ വര്‍ധിച്ചിരുന്നു. ഏപ്രില്‍ 19ന് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരുന്നു. 54,520 രൂപയാണ് അന്ന് സ്വര്‍ണവിലയുണ്ടായിരുന്നത്.

ഏപ്രില്‍ 23ന് 1120 രൂപയുടെ കുറവ് പവനുണ്ടായി. എന്നാല്‍ 24ന് വീണ്ടും വര്‍ധിച്ചു. 26ന് സ്വര്‍ണവില കുറഞ്ഞ് 53,000ത്തില്‍ എത്തി. എന്നാല്‍ 27,28 തീയതികളിലായി 480 രൂപയുടെ വര്‍ധനവ് വീണ്ടും വന്നു.

Continue Reading

india

മണിപ്പൂര്‍ കലാപം; ബി.ബി.സി റെയ്ഡ് -കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി അമേരിക്ക

ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു.

Published

on

മണിപ്പൂരിലെ വംശീയ സംഘർഷത്തിലടക്കം കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കൻ വിദേശകാര്യ വകുപ്പ്. ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു. കേന്ദ്ര സർക്കാരിനെ വിമർശിക്കുന്ന മാധ്യമങ്ങൾ ഭീഷണി രാജ്യത്ത് നേരിടുകയാണെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്.

യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് തിങ്കളാഴ്ചയാണ് വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. 200 രാജ്യങ്ങളിലെ മനുഷ്യാവകാശ പ്രശ്നങ്ങൾ ഉൾകൊള്ളുന്നതാണ് റിപ്പോർട്ട്. മണിപ്പൂരിലെ വംശീയ സംഘർഷം അടിച്ചമർത്തുന്നതിലെ പരാജയം, ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികൾ നേരിടുന്ന പ്രതിബന്ധങ്ങൾ, ഹർദീപ് സിങ് നിജ്ജറിന്‍റെ കൊലപാതകത്തിലെ ആരോപണം എന്നിവ ഇന്ത്യയിലെ ഗുരുതരമായ മനുഷ്യാവകാശ പ്രശ്‌നങ്ങളിൽ പെടുന്നുവെന്ന് റിപ്പോർട്ട് പറയുന്നു.

വംശീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം മണിപ്പൂരിൽ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളാണ് അരങ്ങേറിയത്. സായുധ സംഘട്ടനം, ലൈംഗിക അതിക്രമങ്ങൾ എന്നിവ മണിപ്പൂരിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടു -സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് ചൂണ്ടിക്കാട്ടുന്നു.

രാഹുൽ ഗാന്ധിയെ അയോഗ്യാനാക്കിയ സംഭവം റിപ്പോർട്ടിൽ പറയുന്നുണ്ട്. സർക്കാരിനെ വിമർശിക്കുന്ന വീക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന മാധ്യമപ്രവർത്തകരും മാധ്യമസ്ഥാപനങ്ങലും അറസ്റ്റിനും ഭീഷണികൾക്കും വിധേയരായിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. ആദായനികുതി വകുപ്പ് ബി.ബി.സിയുടെ ഡൽഹി, മുംബൈ ഓഫീസുകളിൽ 60 മണിക്കൂർ റെയ്ഡ് നടത്തിയതും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

Continue Reading

Trending