Connect with us

Video Stories

ഹരേ ഷഹന്‍ഷാ… ആപ്പ് നംഗാ ഹേ അല്ലയോ രാജാവേ… താങ്കള്‍ നഗ്‌നനാണ്

Published

on


പി.കെ അബ്ദുറബ്ബ്

ആത്യന്തികമായി ആരും ഒരു ഭാഷക്കും എതിരല്ല. ഭാഷകള്‍ ആശയവിനിമയത്തിന് എന്നതിലുപരി ഒരു സംസ്‌കാരത്തിന്റെ പ്രാതിനിധ്യം കൂടിയാണ്. ഓരോ ഭാഷയും അതിന്റെതായ സംഭാവനകള്‍ സമൂഹത്തിന് നല്‍കിയിട്ടുമുണ്ട്. ഇതര ഭാഷാവിരോധം എന്നത് സങ്കുചിത മനസ്സുകളുടെ മൂലഭാവമാണെന്നത് വര്‍ത്തമാനകാല മ്ലേച്ഛതയെന്നു പറയാതെ വയ്യ.
മാതൃഭാഷയെ പെറ്റമ്മയെ പോലെ മാറോടണക്കി പിടിക്കുന്നത് മര്‍ത്ത്യന്റെ ജന്മവാസനയാണെന്ന യാഥാര്‍ത്ഥ്യത്തിനുനേരെ കണ്ണടക്കുന്നത് സ്വത്വത്തോട് ചെയ്യുന്ന അക്രമം തന്നെയാണ്. അതോടൊപ്പം ഇതര ഭാഷകളില്‍ പ്രാവീണ്യം നേടുകയെന്നാല്‍ അത് അംഗീകരിക്കപ്പെടേണ്ട കഴിവു തന്നെയാണെന്ന് മറച്ചുവെക്കപ്പെടേണ്ടതുമല്ല. എങ്കിലും തന്റെ ഭാഷ മറ്റുള്ളവന്റെ തലയില്‍ അടിച്ചേല്‍പ്പിക്കാനുള്ള ത്വരയും തന്റേതു മാത്രമാണ് മഹത്വരമെന്ന തോന്നലും ഫാസിസം എന്നും പുലര്‍ത്തിപോന്ന ചിന്താഗതിയായിരുന്നു എന്നതിന് ചരിത്രം സാക്ഷി. ഒരു രാജ്യത്തിന്റെയും തലമുറകളുടെയും നിലനില്‍പ്പിനെ ബാധിക്കുന്ന തരത്തില്‍ അബദ്ധങ്ങളുടെ പെരുമഴ തന്നെ ഭരണകൂട ധാര്‍ഷ്ട്യം കാരണം രാജ്യത്ത് ചുടല നൃത്തം ചെയ്യുന്നതില്‍നിന്നും ജനശ്രദ്ധ തിരിച്ചുവിടാന്‍ ബോധപൂര്‍വമുള്ള ശ്രമമായി വേണം ഇപ്പോള്‍ നടക്കുന്ന ഹിന്ദി വിവാദത്തെ കാണാന്‍. വിഭാഗീയതയും താന്‍പോരിമയും ഇതര ചിന്താധാരകളോടുള്ള വിദ്വേഷവും കപട രാജ്യസ്‌നേഹവും കൈമുതലായുള്ള ഭരണാധികാരികള്‍ ഒരേ രീതിയില്‍ പെരുമാറുമെന്നത് ചരിത്രം പഠിപ്പിക്കുന്ന പാഠം.
‘നാനാത്വത്തില്‍ ഏകത്വം’ എന്ന ഇന്ത്യയുടെ അടിസ്ഥാനശില ഇളക്കാന്‍ ബംഗാളി ഭാഷയിലെഴുതിയ ദേശീയ ഗാനത്തെ നാഡീ സ്പന്ദനമായി മുറുകെപിടിക്കുന്ന അവസാന ഭാരതീയനും ജീവിച്ചിരിക്കുവോളം ഒരു സുല്‍ത്താനും കഴിയില്ല എന്ന സത്യം ഇന്ത്യയുടെ ചരിത്രം (എന്റയര്‍ പൊളിറ്റിക്കല്‍ സയന്‍സിലെ ചരിത്രമല്ല) ഒരു വട്ടമെങ്കിലും പഠിച്ചവര്‍ക്ക് മനസ്സിലാകും. ഇതറിയാതെയാവില്ല ഇന്നത്തെ ഹിന്ദി സ്‌നേഹം. മറിച്ച് സ്വ ധാര്‍ഷ്ട്യത്തില്‍നിന്നും ഉടലെടുത്ത വീഴ്ച്ചക്ക് മൂടുപടമിടുക എന്നത് മാത്രമാണ് ഉദ്ദേശം.
ലോകം മുഴുവന്‍ സാമ്പത്തിക മാന്ദ്യത്തിന്റെ പിടിയിലമര്‍ന്നപ്പോഴും കരുത്തോടെ ഈ രാജ്യത്തെ പിടിച്ചുനിര്‍ത്തിയ മഹത് വ്യക്തികളെയും രാഷ്ട്രനിര്‍മിതിക്കായി ജീവിതകാലം മുഴുക്കെ ചിലവഴിച്ച മണ്മറഞ്ഞ മഹത്തുക്കളെയും അപകീര്‍ത്തി പ്പെടുത്തി, താനാണ് മഹാന്‍, താന്‍ മാത്രമാണ് മഹാന്‍ എന്ന ഉത്തര ഗൗളീ ചിന്തയില്‍ ഉന്മാദ താളം ചവിട്ടുന്ന ഒരാളുടെ വങ്കത്തങ്ങളില്‍ രാഷ്ട്രം വിറങ്ങലിച്ച് നില്‍ക്കുന്ന കാഴ്ച്ച ഇനിയും കാണാതിരുന്നാല്‍ അത് വരും തലമുറകളോട് ചെയ്യുന്ന മഹാ പാതകമായിരിക്കും. അഭിപ്രായ വ്യത്യാസങ്ങളെ തുറുങ്കിലടക്കുകയും എതിര്‍ ശബ്ദങ്ങളെ ഇല്ലായ്മ ചെയ്യുകയും ചെയ്ത ഭരണാധികാരികള്‍ക്ക് ചരിത്രം അതിന്റെ കണക്കു പുസ്തകത്തില്‍ കരുതിവെച്ചിരുന്നത് ധാര്‍ഷ്ട്യത്തിന്റെ അപ്പോസ്തലന്മാര്‍ ഓര്‍ക്കുന്നത് അവര്‍ക്കുതന്നെ നന്മ വരുത്താന്‍ ഉപകരിക്കും.
ഇന്ത്യയുടെ ഭാഷാ വൈവിധ്യം ഈ രാജ്യത്തിന്റെ കരുത്താണ്. അതുള്‍ക്കൊള്ളണമെങ്കില്‍ രാജ്യത്തിന്റെ മണ്ണിനെ മാത്രമല്ല അതിലെ മനുഷ്യനെയും സ്‌നേഹിക്കണം. പ്രജയുടെ മനസ്സറിയാത്ത ഭരണാധികാരി മൂഢ സ്വര്‍ഗത്തില്‍ ആണെന്ന് ആരെങ്കിലും പറഞ്ഞാല്‍ അവരെ കുറ്റം പറയരുത്. ജനാധിപത്യത്തിന്റെ ആണിക്കല്ലുകളെ ഒന്നൊന്നായി ഇളക്കി മാറ്റുമ്പോള്‍ നിങ്ങളറിയണം നിങ്ങള്‍ തകര്‍ക്കുന്നത് ഈ മഹത്തായ രാജ്യത്തെ തന്നെയാണെന്ന്. രാജ്യം ഇന്ന് നേരിടുന്ന തൊഴിലില്ലായ്മയും സാമ്പത്തിക മാന്ദ്യവും വ്യവസായ മുരടിപ്പും പാകിസ്താനിനും ബംഗ്ലാദേശിനും പുറകില്‍ ആയ വളര്‍ച്ചാനിരക്കും മറച്ചുപിടിക്കാന്‍ ഒരു എല്ലിന്‍ കഷ്ണം പോലെ ജനങ്ങള്‍ക്കിട്ടു കൊടുത്ത ഹിന്ദി സ്‌നേഹം മതിയാവില്ല. പൂര്‍വികര്‍ നിര്‍മ്മിച്ചതിന്റെ പേരു മാറ്റി വേഷം കെട്ടലല്ല രാജ്യ ഭരണം, രാജ്യത്തെ ജനങ്ങളുടെ വിഷമങ്ങള്‍ മനസ്സിലാക്കി അത് ദുരീകരിക്കുന്നതായിരിക്കണം ഭരണം.
മന്ത്രിമാരുടെ വിഡ്ഢിത്തങ്ങള്‍ മുതല്‍ കാര്‍ഷിക പ്രതിസന്ധി തൊട്ട് സാമ്പത്തിക മാന്ദ്യവും ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ വരെ മറച്ചുപിടിക്കാന്‍ കശ്മീരും മുത്തലാഖും ഹിന്ദിയും ഒന്നും മതിയാകാതെ വരും. കാരണം സൂര്യനസ്തമിക്കാത്ത ബ്രിട്ടീഷ് രാജ്യത്തിന്റെ ഭരണാധികാരിയെ സഹന സമരത്തിലൂടെ കെട്ടു കെട്ടിച്ച അര്‍ധ നഗ്‌നനായ ഫകീറിന്റെ ചോരയും വിയര്‍പ്പും അലിഞ്ഞു ചേര്‍ന്ന മണ്ണാണിത്. നെഹ്റുവിന്റെയും മുഹമ്മദലി ജൗഹറിന്റെയും നേതാജിയുടെയും അബുല്‍ കലാം ആസാദിന്റെയും എല്ലാം വിയര്‍പ്പിന്റെ ഗന്ധമുള്ള മണ്ണ്. ഒരു ഭാഷാ കോടാലി കൊണ്ട് ഈ മണ്ണിനെയും മനസ്സിനെയും വെട്ടി മുറിക്കാമെന്ന മൂഢ ധാരണ പേറുന്ന രാജാവേ… ‘താങ്കള്‍ നഗ്‌നനാണ്’. ‘ഹരേ ഷഹന്‍ഷാ… ആപ്പ് നംഗാ ഹേ’

kerala

പാദപൂജ വിവാദം; സ്‌കൂളുകളില്‍ മതപരമായ പരിപാടികള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്താന്‍ വിദ്യാഭ്യാസ വകുപ്പ്

തപരമായ ഉള്ളടക്കമുള്ള ചടങ്ങുകള്‍ക്ക് പൊതു മാനദണ്ഡം രൂപീകരിക്കാനാണ് നീക്കം.

Published

on

പാദപൂജ വിവാദത്തിന് പിന്നാലെ സംസ്ഥാനത്തെ സ്‌കൂളുകളില്‍ മതപരമായ പരിപാടികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താനുള്ള നീക്കവുമായി വിദ്യാഭ്യാസ വകുപ്പ്. മതപരമായ ഉള്ളടക്കമുള്ള ചടങ്ങുകള്‍ക്ക് പൊതു മാനദണ്ഡം രൂപീകരിക്കാനാണ് നീക്കം. പ്രാര്‍ത്ഥനാ ഗാനം അടക്കം പരിഷ്‌കരിക്കാനും നീക്കമുണ്ട്.

പാദപൂജ വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് പൊതു വിദ്യാഭ്യാസ വകുപ്പിന്റെ ഇടപെടല്‍. അക്കാദമിക കാര്യങ്ങളില്‍ മത സംഘടനകളുടെ ഇടപെടല്‍ വര്‍ദ്ധിച്ചു വരുന്നതിനാല്‍ സമഗ്ര പരിഷ്‌കരണത്തിന് ഒരുങ്ങുകയാണ് വിദ്യാഭ്യാസ വകുപ്പ്.

ആദ്യഘട്ടത്തില്‍ പ്രാര്‍ത്ഥനാ ഗാനം പരിഷ്‌കരിക്കാനാണ് ആലോചന. വിശദമായ പഠനത്തിന് ശേഷമാകും അന്തിമ തീരുമാനം.

പാദപൂജയെ ന്യായീകരിച്ച ഗവര്‍ണര്‍ക്കെതിരെ വിദ്യാര്‍ഥി യുവജന സംഘടനകള്‍ രംഗത്ത് വന്നിരുന്നു. കുട്ടികളെക്കൊണ്ട് കാല്‍ പിടിപ്പിക്കുന്നത് ഏത് സംസ്‌കാരത്തിന്റെ ഭാഗം ആണ് എന്നായിരുന്നു ഉയര്‍ന്ന ചോദ്യം.

Continue Reading

Video Stories

ഉളിയില്‍ ഖദീജ കൊലക്കേസ്: പ്രതികളായ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം

ണ്ടാം വിവാഹം കഴിക്കുന്നതിന്റെ വിരോധത്തില്‍ സഹോദരിയെ കൊലപ്പെടുത്തിയ കേസിലാണ് പ്രതികളായ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം ശിക്ഷ.

Published

on

കണ്ണൂര്‍ ഉളിയില്‍ ഖദീജ കൊലക്കേസില്‍ പ്രതികളായ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം. രണ്ടാം വിവാഹം കഴിക്കുന്നതിന്റെ വിരോധത്തില്‍ സഹോദരിയെ കൊലപ്പെടുത്തിയ കേസിലാണ് പ്രതികളായ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം ശിക്ഷ. കെ എന്‍ ഇസ്മായില്‍, കെ എന്‍ ഫിറോസ് എന്നിവരെയാണ് തലശേരി അഡീഷണല്‍ സെഷന്‍സ് കോടതി ശിക്ഷിച്ചത്. 28കാരിയായ ഖദീജയെ 2012 ഡിസംബര്‍ 12നാണ് കൊലപ്പെടുത്തിയത്.

കൊലപാതകം നടന്ന് 12 വര്‍ഷത്തിന് ശേഷമാണ് ശിക്ഷാവിധി. ജീവപര്യന്തവും അറുപതിനായിരം രൂപ പിഴയുമാണ് ശിക്ഷ.

കോഴിക്കോട് കോടമ്പുഴ സ്വദേശി ഷാഹുല്‍ ഹമീദിനെ രണ്ടാം വിവാഹം കഴിക്കാന്‍ ഖദീജ തീരുമാനിച്ചിരുന്നു. ഇതിന്റെ വിരോധമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. മതാചാര പ്രകാരം വിവാഹം നടത്തി തരാമെന്ന് പറഞ്ഞു വിശ്വസിപ്പിച്ച് ഇരുവരെയും ഉളിയിലെ വീട്ടില്‍ എത്തിക്കുകയായിരുന്നു. തുടര്‍ന്ന് ഖദീജയെ കുത്തി കൊലപ്പെടുത്തുകയായിരുന്നു. സുഹൃത്തിനെ കുത്തിപരുക്കേല്‍പ്പിക്കുകയും ചെയ്തു.

Continue Reading

Video Stories

നിമിഷപ്രിയയുടെ വധശിക്ഷ: ഇതുവരെ സ്വീകരിച്ച നടപടികള്‍ അറിയിക്കാന്‍ കേന്ദ്രത്തിന് നിര്‍ദേശം നല്‍കി സുപ്രീംകോടതി

വിഷയത്തില്‍ ഇതുവരെ സ്വീകരിച്ച നടപടികള്‍ അറിയിക്കാന്‍ കേന്ദ്രസര്‍ക്കാരിന് നിര്‍ദേശം നല്‍കി സുപ്രീംകോടതി.

Published

on

നിമിഷപ്രിയയുടെ വധശിക്ഷയില്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് സമര്‍പ്പിക്കപ്പെട്ട ഹര്‍ജിയില്‍ ഇടപെട്ട് സുപ്രീംകോടതി. വിഷയത്തില്‍ ഇതുവരെ സ്വീകരിച്ച നടപടികള്‍ അറിയിക്കാന്‍ കേന്ദ്രസര്‍ക്കാരിന് നിര്‍ദേശം നല്‍കി സുപ്രീംകോടതി. അറ്റോര്‍ണി ജനറല്‍ വഴി സ്വീകരിച്ച നടപടികള്‍ അറിയിക്കാനാണ് നിര്‍ദേശം. ഹര്‍ജിയില്‍ ജൂലൈ പതിനാലിന് വിശദവാദം കേള്‍ക്കുമെന്നും സുപ്രീംകോടതി അറിയിച്ചു. ജസ്റ്റിസ് സുധാന്‍ഷു ധൂലിയ, ജോയ്മല്ല്യ ബാഗ്ച്ചി എന്നിവര്‍ അടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് ഇക്കാര്യം അറിയിച്ചത്.

നിമിഷപ്രിയയുടെ വധശിക്ഷയുമായി ബന്ധപ്പെട്ട വിഷയത്തില്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് ‘നിമിഷപ്രിയ അന്താരാഷ്ട്ര ആക്ഷന്‍ കൗണ്‍സില്‍’ ആണ് സുപ്രീംകോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തത്. നിമിഷപ്രിയയുടെ വധശിക്ഷ അടുത്തിരിക്കുന്ന സാഹചര്യത്തിലായിരുന്നു ആക്ഷന്‍ കൗണ്‍സില്‍ സുപ്രീംകോടതിയെ സമീപിച്ചത്. നിമിഷപ്രിയക്കായി കേന്ദ്രസര്‍ക്കാര്‍ അടിയന്തര നയതന്ത്ര ഇടപെടല്‍ നടത്തണമെന്നും ദയാധന ചര്‍ച്ചകള്‍ക്കായി കേന്ദ്രസര്‍ക്കാര്‍ ഇടപെടല്‍ നടത്തണമെന്നുമായിരുന്നു ഹര്‍ജിയിലെ ആവശ്യം. ആക്ഷന്‍ കൗണ്‍സിലിനായി മുതിര്‍ന്ന അഭിഭാഷകന്‍ രാകേന്ത് ബസന്ദ് ആണ് ഹാജരായത്. ഹര്‍ജിയുടെ പകര്‍പ്പ് അറ്റോര്‍ണി ജനറലിന് കൈമാറാന്‍ അഭിഭാഷകന് കോടതി നിര്‍ദേശം നല്‍കി. ഇതിന് പിന്നാലെയാണ് കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ അറ്റോര്‍ണി ജനറല്‍ വഴി അറിയിക്കാന്‍ സുപ്രീംകോടതി കോടതി നിര്‍ദേശം നല്‍കിയത്. കേസിന്റെ സ്വഭാവവും അടിയന്തര സാഹചര്യവും കണക്കിലെടുത്താണ് സുപ്രീംകോടതിയുടെ ഇടപെടല്‍.

യെമന്‍ പൗരന്‍ കൊല്ലപ്പെട്ട കേസില്‍ യെമനിലെ ജയിലില്‍ കഴിയുന്ന മലയാളി നിമിഷപ്രിയയുടെ വധശിക്ഷ ജൂലൈ 16ന് നടപ്പിലാക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇത് സംബന്ധിച്ച ഉത്തരവില്‍ യെമനിലെ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ ഒപ്പുവെച്ചതായാണ് റിപ്പോര്‍ട്ട്. നിമിഷപ്രിയയുടെ മോചനത്തിന് തലാല്‍ അബ്ദു മഹ്ദിയുടെ കുടുംബം ദയാധനം ആവശ്യപ്പെട്ടെന്ന വിവരവും പുറത്ത് വന്നിരുന്നു. മഹ്ദിയുടെ കുടുംബം ദയാധനമായി ഒരു മില്യണ്‍ ഡോളര്‍ (8.67 കോടി രൂപ) ആണ് ആവശ്യപ്പെട്ടിരിക്കുന്നത്. 2017ലാണ് യെമന്‍ പൗരനായ തലാല്‍ അബ്ദുമഹ്ദി കൊല്ലപ്പെട്ടത്. ശേഷം അബ്ദു മഹ്ദിയുടെ കുടുംബത്തെ നേരില്‍കണ്ട് മോചനം സാധ്യമാക്കാന്‍ നിമിഷപ്രിയയുടെ കുടുംബം ശ്രമിച്ചിരുന്നെങ്കിലും ഫലം കണ്ടിരുന്നില്ല.

Continue Reading

Trending