തൃശൂര്‍: മണ്ഡലകാല സമാപനദിവസമായ നാളെ ഗുരുവായൂരില്‍ വിശേഷാല്‍ കളഭാട്ടം നടക്കും. ഉച്ചപൂജയ്ക്ക് മുമ്പായി ക്ഷേത്രം തന്ത്രി ശ്രീഗുരുവായൂരപ്പ വിഗ്രഹത്തില്‍ പ്രത്യേക കളഭം അഭിഷേകം നടത്തും. വര്‍ഷത്തില്‍ ഒരിക്കല്‍, മണ്ഡലകാല സമാപനദിവസത്തിലാണ് ഈ പ്രത്യേക ചടങ്ങ് നടക്കുന്നത്.
മണ്ഡലകാലത്ത് നാല്‍പത് ദിവസം പഞ്ചഗവ്യാഭിഷേകമാണ് നടത്തുന്നത്. 41ാം ദിവസമായ സമാപനദിവസത്തിലാണ് കളഭാഭിഷേകം. കോഴിക്കോട് സാമൂതിരിയുടെ വക വഴിപാടായാണ് വിശേഷാല്‍ കളഭാഭിഷേകം നടത്തപ്പെടുന്നത്.
ചന്ദനം, കശ്മീര്‍ കുങ്കുമം, പനിനീര്‍ എന്നിവ നിശ്ചിത അളവില്‍ ചേര്‍ത്ത് സുഗന്ധപൂരിതമായ കളഭക്കൂട്ട് തയ്യാറാക്കുന്നത് ക്ഷേത്രത്തിലെ കീഴ്ശാന്തിമാരാണ്. പന്തീരടി പൂജയ്ക്ക് ശേഷം കളഭപൂജ നടത്തി ഈ കളഭക്കൂട്ട് ശ്രീഗുരുവായൂരപ്പ വിഗ്രഹത്തില്‍ അഭിഷേകം ചെയ്യും.
കളഭത്തില്‍ ആറാടിനില്‍ക്കുന്ന ഗുരുവായൂരപ്പനെ അടുത്ത ദിവസം നിര്‍മാല്യംവരെ ഭക്തര്‍ക്ക് ദര്‍ശിക്കാനാകും. കളഭാട്ട ദിവസത്തില്‍ പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ വഴിപാടായി വിളക്കാഘോഷവും നടക്കും.
ആചാരാനുഷ്ഠാനങ്ങള്‍ക്കൊപ്പം വിവിധ ക്ഷേത്രകലാപരിപാടികളും ഒരുക്കിയിട്ടുണ്ട്. രാവിലെ 10ന് പഞ്ചമദ്ദളകേളി, ഉച്ചകഴിഞ്ഞ് 3.30ന് പഞ്ചവാദ്യത്തോടെ കാഴ്ചശീവേലി, രാത്രി ചുറ്റുവിളക്ക്, ഇടയ്ക്ക-നാഗസ്വര മേളം, പഞ്ചാരിമേളം എന്നിവയും നടക്കും.