ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ മുസ്‌ലിം പെണ്‍കുട്ടികളെ ഹിന്ദു യുവാക്കളെകൊണ്ട് വിവാഹം കഴിപ്പിക്കുമെന്ന് ആര്‍എസ്എസ് പോഷക സംഘടനയായ ഹിന്ദു ജാഗരണ്‍ മഞ്ച്. വരുന്ന ആറുമാസത്തിനുള്ളില്‍ 2100 മുസ് ലിം പെണ്‍കുട്ടികളെ ഹിന്ദു യുവാക്കളെക്കൊണ്ട് വിവാഹം ചെയ്യിക്കാന്‍ പദ്ധതിയിട്ടതായി ഹിന്ദു ജാഗരണ്‍ മഞ്ച് സംസ്ഥാന പ്രസിഡന്റ് അജ്ജു ചൗഹാന്‍ ഉദ്ധരിച്ച് ഡെക്കാന്‍ക്രോണിക്കിള്‍ റിപ്പോര്‍ട്ട് ചെയ്തു

മതപരിവര്‍ത്തന വിഷയത്തില്‍ അവര്‍ക്ക് മനസിലാകുന്ന ഭാഷയില്‍ തങ്ങള്‍ മറുപടി നല്‍കും. ഇതിനായി ഓരോ ജില്ലക്കും ടാര്‍ഗറ്റ് നല്‍കുമെന്നും ഹിന്ദു ജാഗരണ്‍ മഞ്ച് സംസ്ഥാന പ്രസിഡന്റ് പറഞ്ഞു. മുസ്‌ലിം പെണ്‍കുട്ടികള്‍ ഏറ്റവുമധികമുള്ള കോളജുകള്‍ സന്ദര്‍ശിക്കാന്‍ തീരുമാനിച്ചിട്ടുണ്ടെന്നും ചൗഹാന്‍ പറഞ്ഞു. വിവാഹപ്രായമായ ആണ്‍കുട്ടികളുള്ള ഹിന്ദു വീടുകളില്‍ ഹിന്ദു ജാഗരണ്‍ മഞ്ച് സന്ദര്‍ശനം നടത്തും. മുസ്‌ലിം പെണ്‍കുട്ടികളെ വിവാഹം കഴിക്കുന്നത് ഹിന്ദൂയിസത്തിന് ഏറ്റവും വലിയ സേവനമായിരിക്കുമെന്ന് ഹിന്ദു യുവാക്കളെ പറഞ്ഞു മനസിലാക്കും.

വിവാഹിതരാവുന്ന മുസ്‌ലിം പെണ്‍കുട്ടികളെ മതപരിവര്‍ത്തനം നടത്തുമോയെന്ന ചോദ്യത്തിന്, ഹിന്ദു യുവാക്കളെ ആചാരപ്രകാരം വിവാഹം ചെയ്യുമ്പോള്‍ തന്നെ അവര്‍ ഹിന്ദുവായി മാറും എന്നായിരുന്നു ചൗഹാന്റെ മറുപടി.