Connect with us

GULF

ഒരു യുഗത്തിന്റെ വിസ്മയം: ഖത്തറിന്റെ പ്രിയപ്പെട്ട ‘അമീര്‍ വാലിദ്’ ഓര്‍മ്മയാകുമ്പോള്‍

Published

on

കെ. സൈനുല്‍ ആബിദീന്‍

ഒരു മനുഷ്യന്റെ ദീര്‍ഘവീക്ഷണത്തിന് ഒരു രാജ്യത്തിന്റെ ഭൂപടത്തെയും അതിന്റെ വിലാസത്തെയും എത്രത്തോളം മാറ്റിമറിക്കാന്‍ കഴിയുമെന്നതിന്റെ ജീവിക്കുന്ന തെളിവായിരുന്നു ശൈഖ് ഹമദ് ബിന്‍ ഖലീഫ അല്‍ഥാനി. ആധുനിക ഖത്തറിന്റെ ശില്പിയും അറബ് ലോകത്തെ ഏറ്റവും സ്വാധീനശക്തിയുള്ള ഭരണാധികാരികളില്‍ ഒരാളുമായിരുന്ന മുന്‍ അമീര്‍ ശൈഖ് ഹമദ് ബിന്‍ ഖലീഫ അല്‍ഥാനി വിടവാങ്ങി എന്ന വാര്‍ത്ത വലിയ സങ്കടത്തോടെയാണ് പ്രവാസി ലോകം കേട്ടത്. ഞങ്ങളുടെ തലമുറയിലുള്ള ആളുകള്‍ ഈ ഖത്തറിന്റെ മണ്ണിലേക്ക് വന്ന നാള്‍ മുതല്‍ ഇന്നുവരെ കണ്ടതും അനുഭവിച്ചതുമായ ഖത്തര്‍ എന്ന ഈ നാടിന്റെ വളര്‍ച്ചയും ഈ വലിയ മനുഷ്യന്റെ ജീവിതവും ഒന്നുതന്നെയായിരുന്നു. അദ്ദേഹത്തിന്റെ വേര്‍പാടില്‍ പ്രവാസി സമൂഹത്തിന് നഷ്ടമായത് തങ്ങളുടെ വളര്‍ച്ചയ്ക്ക് തണലൊരുക്കിയ ഒരു വലിയ രക്ഷാധികാരിയായിരുന്നു എന്നതില്‍ സംശയമില്ല.

നാട്ടിലെ വിദ്യാഭ്യാസം പൂര്‍ത്തിയായതിന് ശേഷമാണ് ഞാന്‍ ഖത്തറിലേക്ക് വരുന്നത്. ഈയുള്ളവന്‍ ഖത്തറിന്റെ മണ്ണിലേക്ക് എത്തുമ്പോള്‍ ശൈഖ് ഹമദിന്റെ പിതാവ് ശൈഖ് ഖലീഫ ബിന്‍ ഹമദ് അല്‍ഥാനിയായിരുന്നു ഖത്തറിന്റെ അമീര്‍. അക്കാലത്ത് ഇന്നത്തെപ്പോലെയുള്ള ആധുനിക സൗകര്യങ്ങളോ വലിയ കെട്ടിടങ്ങളോ ഖത്തറിലുണ്ടായിരുന്നില്ല. എന്നാല്‍ കാലഘട്ടത്തിനനുസരിച്ചുള്ള മാറ്റങ്ങള്‍ അനിവാര്യമാണെന്ന് മനസ്സിലാക്കി, വലിയൊരു ദീര്‍ഘവീക്ഷണത്തോടെ ശൈഖ് ഹമദ് ബിന്‍ ഖലീഫ അല്‍ഥാനി പിന്നീട് ഈ രാജ്യത്തിന്റെ ഭരണം പൂര്‍ണ്ണമായി ഏറ്റെടുത്തു. അവിടെ നിന്നായിരുന്നു ഖത്തര്‍ എന്ന കൊച്ചു രാജ്യത്തിന്റെ അവിശ്വസനീയമായ കുതിച്ചുചാട്ടം ആരംഭിച്ചത്. ലോകത്തിന്റെ നെറുകയില്‍ തിളങ്ങിനില്‍ക്കുന്ന ഒരു വികസിത രാജ്യമായി ഖത്തറിനെ വളര്‍ത്തിയെടുക്കാന്‍ അദ്ദേഹത്തിന് സാധിച്ചു. പ്രകൃതിവാതക നിക്ഷേപങ്ങളെ കൃത്യമായി വിനിയോഗിച്ചും, വിപ്ലവകരമായ ഭരണപരിഷ്‌കാരങ്ങള്‍ നടപ്പിലാക്കിയും അദ്ദേഹം ഖത്തറിനെ ലോകത്തിന്റെ സാമ്പത്തിക-രാഷ്ട്രീയ കേന്ദ്രമാക്കി മാറ്റി.

ശൈഖ് ഹമദിന്റെ നേതൃത്വത്തില്‍ ഉണ്ടായ ഈ അഭൂതപൂര്‍വ്വമായ വളര്‍ച്ച ഖത്തറിലെ സ്വദേശികള്‍ക്ക് മാത്രമല്ല, ഞങ്ങളെപ്പോലെയുള്ള ലക്ഷക്കണക്കിന് പ്രവാസികള്‍ക്കും വലിയൊരു അനുഗ്രഹമായി മാറി. ഒരു വിദേശ രാജ്യത്ത് വന്ന് കഠിനാധ്വാനം ചെയ്യാന്‍ തയ്യാറുള്ള ഏതൊരാള്‍ക്കും തങ്ങളുടെ സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കാനുള്ള എല്ലാ സാഹചര്യങ്ങളും അദ്ദേഹം ഇവിടെ ഒരുക്കിത്തന്നു. വ്യക്തിപരമായി ഈ വിനീതനും ഈ വലിയ വികസനത്തിന്റെ ഭാഗമാകാന്‍ കഴിഞ്ഞു എന്നത് എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യമായാണ് കാണുന്നത്. ഇന്ന് മൂവായിരത്തോളം ആളുകള്‍ ജോലി ചെയ്യുന്ന സ്ഥാപനങ്ങളും കമ്പനികളും കെട്ടിപ്പടുക്കാനും അവ വിജയകരമായി മാനേജ് ചെയ്യാനും സാധിക്കുന്നുണ്ടെങ്കില്‍, അതിന് വഴിയൊരുക്കിയത് ഈ മണ്ണില്‍ ശൈഖ് ഹമദ് നടപ്പിലാക്കിയ പ്രവാസി സൗഹൃദ നയങ്ങളും ബിസിനസ്സ് അന്തരീക്ഷവുമാണ്.

Advertisement

ലോക ശ്രദ്ധയാകര്‍ഷിച്ച ഒരു രാജ്യമായി ഖത്തര്‍ മാറിയപ്പോള്‍, അതോടൊപ്പം വളരാന്‍ ഞങ്ങളെപ്പോലെയുള്ള പ്രവാസി വ്യവസായികളെയും അദ്ദേത്തെ പോലെയുള്ള ഭരണാധികാരികള്‍ പിന്തുണച്ചു.

ഇന്ത്യയുമായി, പ്രത്യേകിച്ച് കേരളവുമായി വളരെ അടുത്തതും ഊഷ്മളവുമായ ബന്ധമാണ് ശൈഖ് ഹമദ് കാത്തുസൂക്ഷിച്ചിരുന്നത്. ഇന്ത്യക്കാരുടെ കഠിനാധ്വാനത്തെയും വിശ്വസ്തതയെയും അദ്ദേഹം എപ്പോഴും ഹൃദയത്തില്‍ തൊട്ട് അഭിനന്ദിക്കാറുണ്ടായിരുന്നു. മാറുന്ന നൂറ്റാണ്ടിന്റെ മാറ്റങ്ങള്‍ കൃത്യമായി പ്രവചിക്കാന്‍ കഴിഞ്ഞ ഒരു ദീര്‍ഘദര്‍ശിയായിരുന്നു അദ്ദേഹം. ലോകത്തിലെ ഏറ്റവും വലിയ കായിക മാമാങ്കമായ ഫിഫ വേള്‍ഡ് കപ്പ് -2022 ഉള്‍പ്പെടെയുള്ള നിരവധി അന്താരാഷ്ട്ര ഗെയിമുകളും സമ്മേളനങ്ങളും ഖത്തറിലേക്ക് എത്തിക്കുന്നതില്‍ അദ്ദേഹം വഹിച്ച പങ്ക് വളരെ വലുതാണ്. ഒരു മിഡില്‍ ഈസ്റ്റ് രാജ്യം ലോകകപ്പിന് വേദിയാകുമെന്ന് ആരും ചിന്തിക്കാതിരുന്ന കാലത്താണ് അദ്ദേഹം അതിനുള്ള അടിത്തറ പാകിയത്.

ലോകത്തിലെ വലിയ വലിയ രാജാക്കന്മാരും ഭരണാധികാരികളും തങ്ങളുടെ അധികാരം ജീവിതാവസാനം വരെ മുറുകെപ്പിടിക്കാന്‍ ശ്രമിക്കുമ്പോള്‍, ശൈഖ് ഹമദ് ചരിത്രത്തില്‍ വ്യത്യസ്തനായത് മറ്റൊരു തീരുമാനത്തിലൂടെയാണ്. 2013-ല്‍ തന്റെ മകനും ഇന്നത്തെ അമീറുമായ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ഥാനിക്ക് അദ്ദേഹം സ്വമേധയാ ഭരണം കൈമാറി. പുതിയ തലമുറയ്ക്ക് വഴിയൊരുക്കാനും രാജ്യത്തെ കൂടുതല്‍ ഉയരങ്ങളിലേക്ക് നയിക്കാനും യുവനേതൃത്വത്തിന് കഴിയുമെന്ന അദ്ദേഹത്തിന്റെ വിശ്വാസം ശരിയാണെന്ന് കാലം തെളിയിച്ചു. ലോകത്തിന് മുന്നില്‍ ഒരു മാതൃകാ രാജ്യം കെട്ടിപ്പടുത്ത് സമ്മാനിച്ചാണ് അദ്ദേഹം ഇന്ന് യാത്രയായിരിക്കുന്നത്. ലോക രാഷ്ട്രങ്ങളുടെ ഇടയില്‍ ഖത്തറിനെ ഏറ്റവും ശ്രദ്ധേയമായ ഒരു സ്ഥാനത്ത് എത്തിച്ച ശേഷമാണ് ആ ധന്യമായ ജീവിതത്തിന് തിരശ്ശീല വീണത്. ഈ വേര്‍പാട് ഉണ്ടാക്കുന്ന സങ്കടം ചെറുതല്ലെങ്കിലും, അദ്ദേഹം പ്രവാസികള്‍ക്കും ഈ രാജ്യത്തിനും നല്‍കിയ തണലും ഓര്‍മ്മകളും എന്നും ജനമനസ്സുകളില്‍ ജീവിക്കും. ആ വലിയ ഭരണാധികാരിയുടെ പാവനമായ സ്മരണയ്ക്ക് മുന്നില്‍ പ്രാര്‍ത്ഥനകള്‍ അര്‍പ്പിക്കുന്നു.

Advertisement
Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

GULF

ഇത്തിഹാദ് റെയില്‍ യാത്രാ സര്‍വ്വീസ് ആരംഭിച്ചു

യുഎഇയിലെ പ്രഥമ പാസ്സഞ്ചര്‍ റെയില്‍സര്‍വ്വീസായ ഇത്തിഹാദ് റെയില്‍ പ്രഥമ യാത്രാ സര്‍വ്വീസിന് തുടക്കമായി.

Published

on

റസാഖ് ഒരുമനയൂര്‍

അബുദാബി: യുഎഇയിലെ പ്രഥമ പാസ്സഞ്ചര്‍ റെയില്‍സര്‍വ്വീസായ ഇത്തിഹാദ് റെയില്‍ പ്രഥമ യാത്രാ സര്‍വ്വീസിന് തുടക്കമായി. കന്നി യാത്ര ഫുജൈറയില്‍നിന്നും അബുദാബിയിലെ മുഹമ്മദ് ബിന്‍ സായിദ് സിറ്റി സ്റ്റേഷനിലേക്കായിരുന്നു. രാവിലെ 5.45ന് ഫുജൈറയില്‍നിന്നും പുറപ്പെട്ട ട്രെയിന്‍ 7.30ന് അബുദാബി എംബിസെഡ് സ്റ്റേഷനില്‍ എത്തിച്ചേര്‍ന്നു.

യുഎഇയുടെ ഗതാഗത ചരിത്രത്തില്‍ സുവര്‍ണ്ണാധ്യായം തുന്നിച്ചേര്‍ത്ത ഇത്തിഹാദ് റെയിലിന്റെ പ്രഥമ യാത്രാ സംഘത്തിന് വന്‍വരവേല്‍പ്പാണ് ലഭിച്ചത്. അബുദാബിക്കും ഫുജൈറയ്ക്കും ഇടയിലുള്ള യാത്രാ സമയം വെറും 1 മണിക്കൂര്‍ 45 മിനിറ്റാണ്.

എമിറേറ്റുകള്‍ തമ്മിലുള്ള ഗതാഗത സംവിധാനം വര്‍ധിപ്പിക്കുക, യാത്രയും ചരക്കുനീക്കവും കൂടുതല്‍ കാര്യക്ഷമമാക്കുക, നിക്ഷേപം, ടൂറിസം, നഗരവികസനം എന്നിവയ്ക്കായി പുതിയ വാതായനങ്ങള്‍ തുറക്കുക എന്നിവ ഇത്തിഹാദ് റെയില്‍ ലക്ഷ്യമിടുന്നുണ്ട്.

Advertisement

ദുബൈ സ്റ്റേഷനും അല്‍ ദൈദ് സ്റ്റേഷനും 2026 സെപ്റ്റംബര്‍ 30 ന് ഔദ്യോഗികമായി തുറക്കും. തുടര്‍ന്ന് അല്‍ ദഫ്രയിലെ സ്റ്റേഷനുകള്‍ 2026 ഡിസംബര്‍ 30 ന് തുറക്കും. 2027 മാര്‍ച്ച് 30 ന് ഷാര്‍ജ ട്രെയിന്‍ സ്റ്റേഷന്‍ തുറക്കുന്നതോടെ ഇത്തിഹാദ് റെയില്‍ പാത ആദ്യഘട്ടം പൂര്‍ത്തിയാകും.

പദ്ധതിയുടെ അടുത്ത ഘട്ടത്തിന്റെ ഭാഗമായി, പാസഞ്ചര്‍ റെയില്‍ ശൃംഖലയുടെ വിപുലീകരണം വിലയിരുത്തുന്നതിനായി സാധ്യതാ പഠനങ്ങള്‍ നടത്തും, ഇത് യുഎഇയുടെ പൂര്‍ണ്ണമായ സംയോജിത ദേശീയ ഗതാഗത സംവിധാനം എന്ന കാഴ്ചപ്പാടിനെ കൂടുതല്‍ മുന്നോട്ട് കൊണ്ടുപോകും.

കന്നി യാത്രയിലെ മലയാളി കുടുംബം

അബുദാബി-ഫുജൈറ റൂട്ടിലെ കംഫര്‍ട്ട് ക്ലാസിന് 55 ദിര്‍ഹവും പ്രീമിയം ക്ലാസിന് 120 ദിര്‍ഹവും മുതലാണ് നിരക്ക് ആരംഭിക്കുന്നത്. പാസഞ്ചര്‍ റെയില്‍ ഫ്ളീറ്റില്‍ 13 ട്രെയിനുകള്‍ ഉള്‍പ്പെടുന്നു, ഓരോന്നിനും 400 യാത്രക്കാര്‍ക്ക് വരെ സഞ്ചരിക്കാന്‍ കഴിയും. 2026 ജൂണ്‍ 23 മുതല്‍ ഇത്തിഹാദ് റെയില്‍ മൊബൈല്‍ ആപ്ലിക്കേഷനും ഔദ്യോഗിക വെബ്‌സൈറ്റും ഉള്‍പ്പെടെ നിരവധി സൗകര്യപ്രദമായ ചാനലുകള്‍ വഴി ഉപഭോക്താക്കള്‍ക്ക് യാത്രകള്‍ ബുക്ക് ചെയ്യാനും ടിക്കറ്റുകള്‍ വാങ്ങാനും കഴിയും.

കഫേകള്‍, റെസ്റ്റോറന്റുകള്‍, റീട്ടെയില്‍ ഔട്ട്‌ലെറ്റുകള്‍, നിരവധി അന്താരാഷ്ട്ര ബ്രാന്‍ഡുകള്‍ എന്നിവയിലൂടെ പാസഞ്ചര്‍ ട്രെയിന്‍ സ്റ്റേഷനുകളില്‍ യാത്രക്കാര്‍ക്ക് പുതിയ അനുഭവമായിരിക്കും. .

 

Advertisement
Continue Reading

GULF

വാഹനങ്ങളുടെ കാര്യക്ഷമത ഉറപ്പ് വരുത്തണം: ദുബൈ പൊലീസ്

താപനില ഏറ്റവും ഉയരുകയും നിരവധി പേര്‍ ദീര്‍ഘദൂരം സഞ്ചരിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ വാഹന സുരക്ഷയും ഗതാഗതയോഗ്യതയും ഉറപ്പാക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് ഡ്രൈവര്‍മാര്‍ക്കിടയില്‍ അവബോധം വര്‍ദ്ധിപ്പിക്കുകയും ഗതാഗത സംസ്‌കാരം ശക്തിപ്പെടുത്തുകയും ചെയ്യേണ്ടതിന്റെ ആവശ്യകത പൊലീസ് ഊന്നിപ്പറഞ്ഞു.

Published

on

ദുബൈ: വാഹനമെടുക്കുന്നതിനുമുമ്പ് വാഹനങ്ങള്‍ ഗതാഗതയോഗ്യമാണെന്ന് ഉറപ്പുവരുത്തുകയും ടയറുകള്‍ പതിവായി പരിശോധിക്കണമെന്നും ദുബൈ പോലീസ് റോഡ് ഉപയോക്താക്കളോട് അഭ്യര്‍ത്ഥിച്ചു.
താപനില ഏറ്റവും ഉയരുകയും നിരവധി പേര്‍ ദീര്‍ഘദൂരം സഞ്ചരിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ വാഹന സുരക്ഷയും ഗതാഗതയോഗ്യതയും ഉറപ്പാക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് ഡ്രൈവര്‍മാര്‍ക്കിടയില്‍ അവബോധം വര്‍ദ്ധിപ്പിക്കുകയും ഗതാഗത സംസ്‌കാരം ശക്തിപ്പെടുത്തുകയും ചെയ്യേണ്ടതിന്റെ ആവശ്യകത പൊലീസ് ഊന്നിപ്പറഞ്ഞു.

വാഹനങ്ങളില്‍ എല്ലാ സുരക്ഷാ നടപടികളും ഉണ്ടെന്ന് ഡ്രൈവര്‍മാര്‍ ഉറപ്പുവരുത്തുകയും, പതിവായി പരിശോധനകള്‍ നടത്തുകയും, വാഹനമോടിക്കുമ്പോള്‍ ഗതാഗത നിയമങ്ങളും ചട്ടങ്ങളും പാലിക്കുകയും ചെയ്യണമെന്ന് ദുബൈ പോലീസ് ജനറല്‍ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ട്രാഫിക് ഡയറക്ടര്‍ ബ്രിഗേഡിയര്‍ ജുമാ സാലം ബിന്‍ സുവൈദാന്‍ അഭ്യര്‍ത്ഥിച്ചു.
റോഡ് ഉപയോക്താക്കളുടെ ജീവന്‍ സംരക്ഷിക്കുന്നതിനായി കാലഹരണപ്പെട്ട ടയറുകളുള്ള വാഹനങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഈ വര്‍ഷം ആദ്യ അഞ്ച് മാസങ്ങളില്‍ ദുബൈ പോലീസ് 3,589 വാഹന പാര്‍ട്സ് സുരക്ഷാ ലംഘനങ്ങള്‍ രേഖപ്പെടുത്തിയതായി ജുമാ ബിന്‍ സുവൈദാന്‍ പറഞ്ഞു. സുരക്ഷാ ആവശ്യകതകള്‍ പാലിക്കാതെ വാഹനം ഓടിച്ചതിന് 1,737 ലംഘനങ്ങളും, റോഡിന് അനുയോജ്യമല്ലാത്ത വാഹനം ഓടിച്ചതിന് 1,026 ലംഘനങ്ങളും, കാലാവധി കഴിഞ്ഞ ടയറുകള്‍ ഉപയോഗിച്ച് വാഹനമോടിച്ചതിന് 826 ലംഘനങ്ങളും ഇതില്‍ ഉള്‍പ്പെടുന്നതായി അദ്ദേഹം പറഞ്ഞു.

Continue Reading

GULF

സൗദിയില്‍ ഒരാഴ്ചയ്ക്കിടെ 15,231 അനധികൃത താമസക്കാരെ അറസ്റ്റ് ചെയ്തു

ജൂണ്‍ 18 നും ജൂണ്‍ 24 നും ഇടയിലുള്ള കാലയളവില്‍ ബന്ധപ്പെട്ട സര്‍ക്കാര്‍ ഏജന്‍സികളുടെ സഹകരണത്തോടെ സുരക്ഷാ സേന നടത്തിയ സംയുക്ത പരിശോധനയിലാണ് അറസ്റ്റ് നടന്നതെന്ന് ആഭ്യന്തര മന്ത്രാലയം വെളിപ്പെടുത്തി.

Published

on

റിയാദ്: സൗദി അറേബ്യയില്‍ കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ 15,231 അനധികൃത താമസക്കാരെ പൊലീസ് അറസ്റ്റ് ചെയ്തു. ജൂണ്‍ 18 നും ജൂണ്‍ 24 നും ഇടയിലുള്ള കാലയളവില്‍ ബന്ധപ്പെട്ട സര്‍ക്കാര്‍ ഏജന്‍സികളുടെ സഹകരണത്തോടെ സുരക്ഷാ സേന നടത്തിയ സംയുക്ത പരിശോധനയിലാണ് അറസ്റ്റ് നടന്നതെന്ന് ആഭ്യന്തര മന്ത്രാലയം വെളിപ്പെടുത്തി.

അറസ്റ്റിലായവരില്‍ 7,589 റസിഡന്‍സി നിയമം ലംഘിച്ചവരും 4,443 അതിര്‍ത്തി സുരക്ഷാ നിയമം ലംഘിച്ചവരും 3,199 തൊഴില്‍ നിയമം ലംഘിച്ചവരും ഉള്‍പ്പെടുന്നു. മൊത്തം 11,297 അനധികൃത താമസക്കാരെ നാടുകടത്തുകയും 15,109 നിയമലംഘകരെ യാത്രാരേഖകള്‍ ലഭിക്കുന്നതിന് അവരുടെ നയതന്ത്ര ദൗത്യങ്ങളിലേക്ക് റഫര്‍ ചെയ്യുകയും ചെയ്തു. 3,618 നിയമലംഘകരെ അവരുടെ യാത്രാ റിസര്‍വേഷന്‍ പൂര്‍ത്തിയാക്കാന്‍ റഫര്‍ ചെയ്യുകയും ചെയ്തു.

രാജ്യത്തേക്ക് അതിര്‍ത്തി കടക്കാന്‍ ശ്രമിക്കുന്നതിനിടെ 1,763 പിടികൂടി.
ഇവരില്‍ 44 ശതമാനം യെമന്‍ പൗരന്മാരും 55 ശതമാനം എത്യോപ്യന്‍ പൗരന്മാരും ഒരു ശതമാനം മറ്റ് രാജ്യങ്ങളില്‍ നിന്നുള്ളവരുമാണ്.
അനധികൃതമായി രാജ്യം വിടാന്‍ ശ്രമിച്ച 53 പേരെ അറസ്റ്റ് ചെയ്തു. നിയമലംഘകര്‍ക്ക് യാത്രാസൗകര്യവും പാര്‍പ്പിടവും ജോലിയും നല്‍കിയ 22 പേരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. 24,334 പുരുഷന്മാരും 2,073 സ്ത്രീകളും ഉള്‍പ്പെടെ 16,369 വിവിധ രാജ്യങ്ങളില്‍നിന്നുള്ള പ്രവാസികള്‍ നിലവില്‍ നിയമനടപടികള്‍ പൂര്‍ത്തീക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ നടത്തിവരികയാണ്.

രാജ്യത്തിലേക്കുള്ള വ്യക്തികളുടെ അനധികൃത പ്രവേശനം സുഗമമാക്കുകയും അവരെ അതിന്റെ പ്രദേശത്ത് എത്തിക്കുകയും അവര്‍ക്ക് അഭയമോ മറ്റേതെങ്കിലും സഹായമോ സേവനമോ നല്‍കുകയും ചെയ്യുന്ന ഏതൊരു വ്യക്തിക്കും 15 വര്‍ഷം വരെ തടവും 1 ദശലക്ഷം റിയാല്‍ വരെ പിഴയും ലഭിക്കുമെന്നും ഗതാഗതത്തിന് ഉപയോഗിക്കുന്ന വാഹനങ്ങളോ വീടുകളോ രഹസ്യമായി കണ്ടെത്തുമെന്നും ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നല്‍കി.

Advertisement

മക്ക, റിയാദ്, കിഴക്കന്‍ പ്രവിശ്യ എന്നിവിടങ്ങളിലെ 911 എന്ന നമ്പരിലും രാജ്യത്തിന്റെ മറ്റ് പ്രദേശങ്ങളിലെ 999, 996 എന്നീ നമ്പരുകളിലും നിയമലംഘനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യണമെന്ന് മന്ത്രാലയം പൊതുജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.

Continue Reading

Trending