Connect with us

Culture

യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ ഇന്നും കിടിലന്‍ അങ്കങ്ങള്‍; നിലനില്‍പ്പിന്റെ പോരാട്ടത്തില്‍ പി.എസ്.ജിയും ലിവര്‍പൂളും

Published

on

ലണ്ടന്‍:യൂറോപ്പിലെ ചാമ്പ്യന്‍ ക്ലബിനെ നിശ്ചയിക്കുന്ന യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോളില്‍ ഇന്നും കിടിലന്‍ പോരാട്ടങ്ങള്‍. എട്ട് മല്‍സരങ്ങളാണ് വിവിധ വേദികളിലായി ഇന്ന് നടക്കുന്നത്. ഇതില്‍ കാല്‍പ്പന്ത് ലോകം ആകാംക്ഷയോടെ കാത്തുനില്‍ക്കുന്നത് പാരിസില്‍ നടക്കുന്ന പി.എസ്.ജി-ലിവര്‍പൂള്‍ പോരാട്ടത്തിനായാണ്. ഗ്രൂപ്പ് സിയില്‍ രണ്ട് പേര്‍ക്കും വിജയം നിര്‍ണായകമായ പോരാട്ടമാണിത്. ഒരു ഗ്രൂപ്പില്‍ നിന്നും ആദ്യ രണ്ട് സ്ഥാനക്കാര്‍ മാത്രമാണ് അടുത്ത റൗണ്ടിലെത്തുക എന്ന സത്യം നിലനില്‍ക്കെ ഗ്രൂപ്പ് സിയില്‍ ഇപ്പോള്‍ ഇവര്‍ രണ്ട് പേര്‍ക്കും മുന്നില്‍ ഇറ്റാലിയന്‍ ക്ലബായ നാപ്പോളിയുണ്ട്. നാല് മല്‍സരങ്ങളാണ് എല്ലാ ടീമുകളും പൂര്‍ത്തിയാക്കിയിരിക്കുന്നത്. നാപ്പോളി, ലിവര്‍പൂള്‍ എന്നിവര്‍ക്ക് ആറ് പോയിന്റ് വീതമുണ്ട്. പക്ഷേ ഗോള്‍ ആനുകൂല്യത്തില്‍ നാപ്പോളിയാണ് ഒന്നാമത്. പി.എസ്.ജി അഞ്ച് പോയിന്‍ുമായി മൂന്നാം സ്ഥാനത്താണ്.
ഗ്രൂപ്പ് എ യില്‍ കാര്യമായ വെല്ലുവിളികളില്ല. ഇന്ന് ഗ്രൂപ്പില്‍ നടക്കുന്നത് അത്‌ലറ്റികോ മാഡ്രിഡ്-മൊണോക്കോ മല്‍സരവും ബൊറൂഷ്യ ഡോര്‍ട്ടുമണ്ട്-ക്ലബ് ബോര്‍ഷെ അങ്കവുമാണ്. ഗ്രൂപ്പില്‍ നാല് കളികളില്‍ നിന്നായി 9 പോയിന്റുമായി ജര്‍മന്‍ ക്ലബായ ഡോര്‍ട്ടുമണ്ടാണ് ഒന്നാമത്. അത്‌ലറ്റികോ മാഡ്രിഡിനും ഒമ്പത് പോയിന്റുണ്ട്. ഇന്ന് മൊണോക്കോയുമാണ് അന്റോണിയോ ഗ്രിസ്മാനും സംഘവും കളിക്കുന്നത്. കളിച്ച നാല് മല്‍സരങ്ങളില്‍ മൂന്നിലും തല താഴ്ത്തിയവരാണ് തിയറി ഹെന്‍ട്രിയുടെ മൊണോക്കോ. അവര്‍ക്ക് ഇനി സാധ്യതകളൊന്നുമില്ല. ഡോര്‍ട്ടുമണ്ടിനാവട്ടെ ക്ലബ് ബോര്‍ഷെയാണ് എതിരാളികള്‍.
ഗ്രൂപ്പ് ബി യില്‍ ഇംഗ്ലീഷ് ക്ലബായ ടോട്ടനത്തിനാണ് വെല്ലുവിളി. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്‌ബോളില്‍ കഴിഞ്ഞ ദിവസം ചെല്‍സിയെ മറിച്ചിട്ടവരാണ് ഹാരി കെയിനും സംഘവും. പക്ഷേ നാല് കളികളില്‍ നിന്ന് നാല് പോയിന്റാണ് അവരുടെ സമ്പാദ്യം. ഗ്രൂപ്പില്‍ ബാര്‍സിലോണക്കും ഇന്റര്‍ മിലാനും പിറകില്‍ മൂന്നാം സ്ഥാനം. ശക്തരായ ഇന്ററുമായാണ് ഇന്നത്തെ അങ്കം,. ജയിച്ചാല്‍ മാത്രമാണ് പ്രതീക്ഷ. തോല്‍വി പിണഞ്ഞാല്‍ ചാമ്പ്യന്‍ഷിപ്പില്‍ നിന്ന് പുറത്താവും. ലയണല്‍ മെസിക്കും സംഘത്തിനും ആശങ്കക്ക് വകയില്ല. ഗ്രൂപ്പില്‍ ഒന്നാം സ്ഥാനക്കാര്‍ എന്ന നിലയില്‍ അവരുടെ അടുത്ത ഘട്ടം ഉറപ്പായിട്ടുണ്ട്. ഡച്ച് ക്ലബായ പി.എസ്.വിയുമായാണ് മല്‍സരം. നാല് കളികളില്‍ നിന്ന് കേവലം ഒരു പോയിന്റാണ് ഡച്ചുകാരുടെ സമ്പാദ്യം.
സിയിലാണ് പൊരിഞ്ഞ പോരാട്ടം നടക്കുന്നത്. ലിവര്‍പൂളിനും പി.എസ്.ജിക്കും മരണപ്പോരാട്ടമാണ്. പ്രീമിയര്‍ ലീഗ് ഫുട്‌ബോളില്‍ അജയ്യന്മാരായി കുതിക്കുകയാണ് ലിവര്‍പൂള്‍. മുഹമ്മദ് സലാഹും സംഘവുമാവട്ടെ നിലവിലെ ചാമ്പ്യന്‍സ് ലീഗ് രണ്ടാം സ്ഥാനക്കാരുമാണ്. പി.എസ്.ജിയുടെ സീസണ്‍ ലക്ഷ്യം ഫ്രഞ്ച് ലീഗ് മാത്രമല്ല ചാമ്പ്യന്‍സ് ലീഗും കൂടിയാണ്. നെയ്മറും കവാനിയും എംബാപ്പേയും ജിയാന്‍ ലുക്കാ ബഫണുമെല്ലാം കളിക്കുന്ന സംഘത്തിന് സ്വന്തം മൈതാനത്ത് കളിക്കുന്നു എന്ന ആനുകൂല്യമുണ്ട്. ഒന്നാം സ്ഥാനത്ത് നില്‍ക്കുന്ന നാപ്പോളിക്ക് റെഡ് സ്റ്റാര്‍ വലിയ വെല്ലുവിളിയാവുമെന്ന് കരുതുന്നില്ല. പക്ഷേ കഴിഞ്ഞ മല്‍സരത്തില്‍ ലിവറിനെ തരിപ്പണമാക്കിയിരുന്നു യുഗോസ്ലാവ്യക്കാര്‍.
ഡിയിലെ പോരാട്ടങ്ങളില്‍ ആവേശം കുറയും. പോര്‍ച്ചുഗല്‍ ക്ലബായ എഫ്.സി പോര്‍ട്ടോ പത്ത് പോയന്റുമായി അടുത്ത ഘട്ടം ഉറപ്പാക്കിയിരിക്കുന്നു. ജര്‍മന്‍ ക്ലബായ ഷാല്‍ക്കെ 04 എട്ട് പോയിന്റുമായി രണ്ടാം സ്ഥാനത്തുമുണ്ട്. ഗ്രൂപ്പിലെ ദുര്‍ബലരായ തുര്‍ക്കി ക്ലബ് ഗലറ്റസറക്കും റഷ്യന്‍ ക്ലബായ ലോകോമോട്ടീവ് മോസ്‌ക്കോക്കും ഇത് വരെ കാര്യമായ മികവ് പ്രകടിപ്പിക്കാന്‍ കഴിഞ്ഞിട്ടില്ല.

Film

‘അധ്വാനങ്ങളെ കണ്ടില്ലെന്ന് നടിച്ചോളൂ, ചവിട്ടി മെതിക്കരുത് ‘; പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനെതിരെ സംവിധായകന്‍

നരിവേട്ട വിജയകരമായ സിനിമയാണ് അക്കൗണ്ട് വിവരങ്ങള്‍ പുറത്ത് വിടാനും ഞങ്ങള്‍ തയ്യാറാണെന്ന് അനുരാജ് സോഷ്യല്‍ മീഡിയില്‍ പ്രതികരിച്ചു.

Published

on

പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനെതിരെ വിമര്‍ശനവുമായി സംവിധായകന്‍ അനുരാജ് മനോഹര്‍. അസോസിയേഷന്റെ വിജയചിത്രങ്ങളുടെ പട്ടികയില്‍ നരിവേട്ട ഉള്‍പ്പെടുത്തിയിട്ടില്ല. നരിവേട്ട വിജയകരമായ സിനിമയാണ് അക്കൗണ്ട് വിവരങ്ങള്‍ പുറത്ത് വിടാനും ഞങ്ങള്‍ തയ്യാറാണെന്ന് അനുരാജ് സോഷ്യല്‍ മീഡിയില്‍ പ്രതികരിച്ചു.

ഞാന്‍ സംവിധാനം ചെയ്ത് ഈ വര്‍ഷം മെയ് മാസത്തില്‍ പുറത്തിറങ്ങിയ സിനിമയാണ് നരിവേട്ട. ഇവിടുത്തെ പ്രമുഖ പ്രൊഡ്യൂസര്‍മാരെയെല്ലാം സമീപിച്ച, അവര്‍ നിരസിച്ച സിനിമ കൂടെയാണ് നരിവേട്ട. ഒരു സിനിമാ സംവിധായകന്‍ എന്ന നിലയില്‍ പ്രൊഡ്യൂസര്‍മാരെ തേടിയുള്ള അലച്ചില്‍ സ്വാഭാവികമാണെന്നുള്ള ബോധ്യത്തില്‍ ആ സിനിമയോടുള്ള ഇഷ്ടത്തില്‍ നടന്ന തേടലില്‍ ആണ് ഇന്ത്യന്‍ സിനിമ കമ്പനി സിനിമ ചെയ്യാന്‍ തയ്യാറാവുന്നത്. അവരുടെ ആദ്യ നിര്‍മ്മാണ സംരംഭം ആണ് നരിവേട്ട. സിനിമ ഇറങ്ങി മാസങ്ങള്‍ക്കിപ്പുറം പതിവ് പോലെ പ്രൊഡ്യൂസര്‍ അസോസിയേഷന്റെ വര്‍ഷാവസാന വിധിയില്‍ ഈ വര്‍ഷം പതിഞ്ച് സിനിമകള്‍ മാത്രമാണ് ലാഭകരമായി തീര്‍ന്നത് എന്നതാണ് വിധി. ഈ വിധിയെ അംഗീകരിക്കാന്‍ ബുദ്ധിമുട്ടുണ്ടെന്ന് അനുരാജ് .

സിനിമ ഒരു വ്യവസായം കൂടെയാണ്, സിനിമകളെല്ലാം അമ്പേ പരാജയങ്ങളാണ് എന്ന് മൈക്ക് കെട്ടി വിളിച്ച് കൂവുന്നവര്‍ ഇതിന്റെ കടയ്ക്കല്‍ കത്തി വെക്കുകയാണ്. പുതിയ പ്രൊഡ്യൂസര്‍മാര്‍ രംഗത്ത് വരാതാവുകയും കാലങ്ങളായി ഇത് കൈക്കുമ്പിളില്‍ ഭരിച്ച് നിര്‍ത്താമെന്നുമാണ് വിധിക്ക് പിന്നിലെ ഉദ്ദേശമെങ്കില്‍ ഉണ്ടാകാന്‍ പോകുന്നത് വലിയ കോര്‍പറേറ്റ് കമ്പനികള്‍ക്ക് നിങ്ങളിത് തീറെഴുതിക്കൊടുക്കെയാണ് എന്ന യാഥാര്‍ത്ഥ്യമാണ്. ഏതാണ്ട് വൈക്കോല്‍ കൂനയുടെ അരികെ കെട്ടിയ പട്ടിയെ പോലെ. ”തിന്നുകയുമില്ല തീറ്റിക്കുകയുമില്ല”. ഇന്ത്യന്‍ സിനിമ കമ്പനി പ്രൊഡ്യൂസ് ചെയ്ത് ഞാന്‍ സംവിധാനം ചെയ്ത നരിവേട്ട ലാഭകരമായ സിനിമയാണ്. അക്കൗണ്ട് വിവരങ്ങള്‍ പുറത്ത് വിടാന്‍ ഞങ്ങള്‍ തയ്യാറുമാണ്.

ആദ്യം പ്രൊഡ്യൂസ് ചെയ്ത സിനിമ ലാഭകരമാവുകയും അതേ സംവിധായകനെ വച്ച് മറ്റൊരു സിനിമ അവര്‍ പ്ലാന്‍ ചെയ്യുകയും ചെയ്യുന്നത് സിനിമയില്‍ വിരളമായി സംഭിക്കുന്ന ഒന്നാണ്. അത്തരമൊരു സന്ദര്‍ഭത്തില്‍ ഞങ്ങള്‍ അടുത്ത സിനിമയുടെ ആലോചനയില്‍ നില്‍ക്കുന്ന സമയത്താണ് ഇത്തരമൊരു വിധി ഉണ്ടാകുന്നത്.

Nb:-ഓരോ സിനിമയും ഓരോ പോരാട്ടമാണ്. ആരും കൈപിടിച്ച് കയറ്റിയതല്ല. നടന്നു തേഞ്ഞ ചെരുപ്പുകളും വിയര്‍ത്തൊട്ടിയ കുപ്പായങ്ങളും സാക്ഷി. അധ്വാനങ്ങളെ കണ്ടില്ലെന്ന് നടിച്ചോളൂ, ചവിട്ടി മെതിക്കരുത്. എന്ന് അദ്ദേഹം പറഞ്ഞു.

 

Continue Reading

Film

‘ആട് 3’ ഷൂട്ടിങ്ങിനിടെ വിനായകനു പരുക്ക്

ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് കഴിഞ്ഞ ശനിയാഴ്ച കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ അദ്ദേഹം ചികിത്സ തേടി.

Published

on

തിരുച്ചെന്തൂർ: ‘ആട് 3’ സിനിമയുടെ ഷൂട്ടിങ്ങിനിടെ നടൻ വിനായകനു പരുക്കേറ്റു. തിരുച്ചെന്തൂരിൽ ചിത്രീകരിച്ച സംഘട്ടനരംഗങ്ങൾക്കിടെയാണ് വിനായകന്റെ തോൾ എല്ലിന് പരുക്കേറ്റത്. തുടർന്ന് ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് കഴിഞ്ഞ ശനിയാഴ്ച കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ അദ്ദേഹം ചികിത്സ തേടി.

ആശുപത്രിയിൽ നടത്തിയ എം.ആർ.ഐ സ്കാനിലാണ് തോൾ എല്ലിന് സാരമായ ക്ഷതമുണ്ടായതായി സ്ഥിരീകരിച്ചത്. ഡോക്ടർമാർ വിനായകനു ആറാഴ്ചത്തെ വിശ്രമം നിർദേശിച്ചിട്ടുണ്ട്.

അതേസമയം, ജയസൂര്യ വീണ്ടും ഷാജി പാപ്പനായി എത്തുന്ന ‘ആട് 3’ സംവിധാനം ചെയ്യുന്നത് മിഥുൻ മാനുവൽ തോമസ് തന്നെയാണ്. വലിയ ക്യാൻവാസിലാണ് ചിത്രം ഒരുങ്ങുന്നതെന്ന സൂചനകളാണ് പുറത്തുവരുന്നത്. ഫ്രൈഡേ ഫിലിം ഹൗസും കാവ്യാ ഫിലിം ഹൗസും ചേർന്ന് വിജയ് ബാബുവും വേണു കുന്നപ്പള്ളിയും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

Continue Reading

Film

നടിയെ ആക്രമിച്ച കേസ്: ദിലീപിനെ വെറുതെ വിട്ടതിനെതിരെ അപ്പീല്‍ നല്‍കാന്‍ സര്‍ക്കാര്‍ അനുമതി

ഡിജിപിയുടെയും സ്പെഷ്യല്‍ പ്രോസിക്യൂട്ടറുടെയും ശുപാര്‍ശകള്‍ അംഗീകരിച്ച് ഇന്നലെയാണ് സര്‍ക്കാര്‍ അനുമതി നല്‍കിയത്.

Published

on

നടിയെ ആക്രമിച്ച കേസില്‍ വിചാരണ കോടതി ഉത്തരവിനെതിരെ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കി. ഡിജിപിയുടെയും സ്പെഷ്യല്‍ പ്രോസിക്യൂട്ടറുടെയും ശുപാര്‍ശകള്‍ അംഗീകരിച്ച് ഇന്നലെയാണ് സര്‍ക്കാര്‍ അനുമതി നല്‍കിയത്.

എട്ടാം പ്രതി ദിലീപ് ഉള്‍പ്പെടെയുള്ള നാലുപേരെ കുറ്റവിമുക്തരാക്കിയ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വിധിയെ ചോദ്യം ചെയ്താണ് സര്‍ക്കാര്‍ അപ്പീല്‍ നല്‍കുന്നത്. മുഖ്യമന്ത്രി പിണറായി വിജയനുമായി അതിജീവിത നടത്തിയ കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് അപ്പീല്‍ നടപടികള്‍ വേഗത്തിലാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. നടിയെ ആക്രമിച്ച കേസിലെ നിര്‍ണായകമായ ഡിജിറ്റല്‍ തെളിവുകള്‍ തള്ളിയത് നിസ്സാര കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണെന്നാണ് ഡിജിപിയും സ്പെഷ്യല്‍ പ്രോസിക്യൂട്ടരും ചൂണ്ടിക്കാട്ടുന്നത്. വിധിയിലെ സാങ്കേതികവും നിയമപരവുമായ പിഴവുകള്‍ അപ്പീലില്‍ ചൂണ്ടിക്കാട്ടും. ക്രിസ്മസ് അവധിക്ക് ശേഷം കോടതി തുറക്കുന്നതോടെ അപ്പീല്‍ ഫയല്‍ ചെയ്യാനാണ് നിലവിലെ തീരുമാനം.

കേസില്‍ പള്‍സര്‍ സുനി ഉള്‍പ്പെടെയുള്ള ആറു പ്രതികള്‍ക്ക് 20 വര്‍ഷം കഠിനതടവ് വിധിച്ചെങ്കിലും ഗൂഢാലോചന കുറ്റം തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ദിലീപ് അടക്കം നാലുപേരെ വിചാരണ കോടതി വെറുതെ വിട്ടത്. എന്നാല്‍, കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് ശക്തമായ തെളിവുകള്‍ തങ്ങളുടെ പക്കലുണ്ടെന്നും ഉയര്‍ന്ന കോടതിയില്‍ ഇത് തെളിയിക്കാന്‍ കഴിയുമെന്നുമാണ് പ്രോസിക്യൂഷന്റെയും അന്വേഷണ സംഘത്തിന്റെയും നിലപാട്.

 

 

Continue Reading

Trending