News

പൊലീസ് ഇന്‍സ്‌പെക്ടറെ പിന്തുടര്‍ന്ന് ആത്മഹത്യാഭീഷണി; യുവതി അറസ്റ്റില്‍

By webdesk17

December 19, 2025

ബെംഗളൂരു: പൊലീസ് ഇന്‍സ്‌പെക്ടറിന് രക്തംകൊണ്ട് പ്രണയലേഖനം എഴുതി നല്‍കുകയും ആത്മഹത്യാഭീഷണി മുഴക്കുകയും ചെയ്ത യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. രാമമൂര്‍ത്തിനഗര്‍ പൊലീസ് സ്‌റ്റേഷനിലെ ഇന്‍സ്‌പെക്ടര്‍ സതീഷിന്റെ പരാതിയിലാണ് നടപടി. ഒക്ടോബര്‍ 30നാണ് സതീഷിന് ആദ്യമായി ഫോണ്‍ വിളി ലഭിച്ചത്. ‘സഞ്ജന’ എന്നു സ്വയം പരിചയപ്പെടുത്തിയ യുവതി താന്‍ ആ പ്രദേശത്താണ് താമസിക്കുന്നതെന്ന് പറഞ്ഞ് പ്രണയാഭ്യര്‍ഥന നടത്തി. ഇത് തമാശയായി കരുതി സതീഷ് അവഗണിച്ചു. എന്നാല്‍ തുടര്‍ന്ന് വിവിധ നമ്പറുകളില്‍നിന്നായി നിരന്തരമായി വിളികള്‍ ആരംഭിച്ചു.

ഓരോ നമ്പറും ബ്ലോക്ക് ചെയ്യുമ്പോള്‍ പുതിയ നമ്പറുകളില്‍നിന്ന് വീണ്ടും കോളുകള്‍ വരികയായിരുന്നു. ആകെ 11 നമ്പറുകളാണ് സതീഷ് ബ്ലോക്ക് ചെയ്തത്. പിന്നീട് മന്ത്രിമാരുടെയും രാഷ്ട്രീയ നേതാക്കളുടെയും ഒപ്പമുള്ള ചിത്രങ്ങള്‍ അയച്ചും വിവിധ തന്ത്രങ്ങള്‍ പ്രയോഗിച്ചും യുവതി ബന്ധം തുടരാന്‍ ശ്രമിച്ചു. ഇതിനിടയില്‍ സതീഷിന്റെ അഭാവത്തില്‍ പൊലീസ് സ്‌റ്റേഷനിലെത്തിയ യുവതി ബന്ധുവാണെന്ന് പരിചയപ്പെടുത്തി ഒരു പൂച്ചെണ്ടും മധുരപലഹാരങ്ങളുടെ പെട്ടിയും നല്‍കി. വിവരം അറിഞ്ഞ സതീഷ് തന്റെ പേര് ദുരുപയോഗം ചെയ്യരുതെന്ന് യുവതിക്ക് മുന്നറിയിപ്പ് നല്‍കി.

നവംബര്‍ ഏഴിന് വീണ്ടും സ്‌റ്റേഷനിലെത്തിയ യുവതി പ്രണയലേഖനങ്ങള്‍ കൈമാറി. സഹകരിച്ചില്ലെങ്കില്‍ സതീഷിനെ കാരണക്കാരനാക്കി ജീവിതം അവസാനിപ്പിക്കുമെന്നായിരുന്നു ഭീഷണി. തുടര്‍ച്ചയായ ശല്യം സഹിക്കാനാവാതെ നവംബര്‍ എട്ടിന് സതീഷ് ഔദ്യോഗികമായി പരാതി നല്‍കി. അന്വേഷണത്തില്‍ വൈറ്റ്ഫീല്‍ഡിലെ ഒരു പൊലീസ് കോണ്‍സ്റ്റബിളിനെയും രാമമൂര്‍ത്തിനഗറിലെയും കെആര്‍ പുരയിലെയും രണ്ട് പുരുഷന്മാരെയും യുവതി മുന്‍പ് ലക്ഷ്യമിട്ടിരുന്നുവെന്ന് കണ്ടെത്തി. സംഭവത്തില്‍ ബിഎന്‍എസ് സെക്ഷന്‍ 132, 221, 351 പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.