വാളയാര്‍: വാളയാറിലെ സഹോദരിമാരുടെ ദുരൂഹമരണത്തില്‍ ഒരാള്‍കൂടി അറസ്റ്റിലായി. 17വയസ്സുള്ള അയല്‍വാസിയാണ് സംഭവത്തില്‍ അറസ്റ്റിലായിരിക്കുന്നത്. ഇയാളുടെ അറസ്റ്റോടെ കേസില്‍ അഞ്ചുപേരാണ് ഇതുവരെ അറസ്റ്റിലായിരിക്കുന്നത്. രണ്ട് പെണ്‍കുട്ടികളേയും ഇയാള്‍ ബലാത്സംഗം ചെയ്തിട്ടുണ്ടെന്നാണ് പോലീസ് പറയുന്നത്.

അമ്മയുടെ ബന്ധുക്കളും പിതാവിന്റെ സുഹൃത്തുക്കളും നേരത്തെ അറസ്റ്റിലായിരുന്നു. വാളയാറില്‍ ഒന്നരമാസത്തിനിടെയാണ് രണ്ട് പെണ്‍കുട്ടികളും ദുരൂഹ സാഹചര്യത്തില്‍ മരിച്ചത്. 11വയസ്സുള്ള മൂത്ത കുട്ടി മരിച്ച് ഒന്നരമാസം തികയുമ്പോഴാണ് അനിയത്തിയും മരിക്കുന്നത്. പെണ്‍കുട്ടികള്‍ രണ്ടുപേരും ക്രൂരമായ ലൈംഗിക പീഢനത്തിന് ഇരയായതായി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പറയുന്നു. എന്നാല്‍ മനോവിഷമം മൂലം പെണ്‍കുട്ടി ആത്മഹത്യ ചെയ്യുകയായിരുന്നുവെന്ന നിഗമനത്തിലേക്കെത്തുകയായിരുന്നു പോലീസ്. പിന്നീട് അനിയത്തിയും ആത്മഹത്യ ചെയ്തതോടെയാണ് സംഭവം വിവാദമാകുന്നത്. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലാകുന്നത്.

അമ്മയുടെ സഹോദരിയുടെ മകന്‍ മധുവും അയല്‍വാസി പ്രദീപ് കുമാറും അമ്മയുടെ മറ്റൊരു ബന്ധുവായ മധുവും പിതാവിന്റെ സുഹൃത്ത് ഇടുക്കി രാജക്കാട്ട് സ്വദേശിയായ ഷിബുവും നേരത്തെ അറസ്റ്റിലായിരുന്നു.