Connect with us

News

സ്വര്‍ണവിലയില്‍ ഇന്നും വലിയ ചാഞ്ചാട്ടം; രാവിലെ ഇടിഞ്ഞ വില ഉച്ചയോടെ തിരിച്ചുകയറി

ഗ്രാമിന് 200 രൂപ വര്‍ധിച്ച് 14,110 രൂപയായി

Published

on

കൊച്ചി: കേരളത്തിലെ സ്വര്‍ണവിപണിയില്‍ ഇന്നും (ചൊവ്വ) ശക്തമായ ചാഞ്ചാട്ടമാണ് രേഖപ്പെടുത്തുന്നത്. രാവിലെ ഇടിഞ്ഞ സ്വര്‍ണവില ഉച്ചയോടെ വീണ്ടും ഉയര്‍ന്നു. ഗ്രാമിന് 200 രൂപ വര്‍ധിച്ച് 14,110 രൂപയും പവന് 1,600 രൂപ ഉയര്‍ന്ന് 1,12,880 രൂപയുമായി.

ഇന്ന് രാവിലെ സ്വര്‍ണവിലയില്‍ കുറവ് രേഖപ്പെടുത്തിയിരുന്നു. ഗ്രാമിന് 130 രൂപയും പവന് 1,040 രൂപയും കുറഞ്ഞ് ഗ്രാമിന് 13,910 രൂപയും പവന് 1,11,280 രൂപയുമായിരുന്നു വില. എന്നാല്‍, ഉച്ചയോടെ ആ നഷ്ടം നികത്തിക്കൊണ്ട് വില ഉയരുകയായിരുന്നു.

ആഗോള വിപണിയില്‍ സ്‌പോട്ട് ഗോള്‍ഡ് ട്രോയ് ഔണ്‍സിന് 4,885.7 ഡോളറിലേക്കാണ് ഉയര്‍ന്നത്. 5.43 ശതമാനമാണ് വര്‍ധന. രാജ്യാന്തര വിലയിലെ ഈ മാറ്റങ്ങള്‍ ആഭ്യന്തര വിപണിയിലും പ്രതിഫലിക്കുന്നതായി വ്യാപാരികള്‍ പറയുന്നു.

ഇന്നലെ (തിങ്കളാഴ്ച) കേരളത്തിലെ സ്വര്‍ണവിപണി അസാധാരണ ചാഞ്ചാട്ടത്തിന് സാക്ഷ്യം വഹിച്ചു. രാവിലെയും ഉച്ചക്കുമായി ഗ്രാമിന് 1,230 രൂപ കുറഞ്ഞ് 13,490 രൂപയിലും പവന് 9,840 രൂപ കുറഞ്ഞ് 1,07,920 രൂപയിലുമെത്തിയിരുന്നു. എന്നാല്‍, വൈകീട്ട് രണ്ടുതവണയായി ഗ്രാമിന് 550 രൂപയും പവന് 4,400 രൂപയും ഉയര്‍ന്ന് ഗ്രാമിന് 14,040 രൂപയും പവന് 1,12,320 രൂപയുമായി.

രാജ്യാന്തര വിപണിയില്‍ സ്വര്‍ണവില 5,500 ഡോളറിലെത്തിയ ശേഷം താഴ്ന്നതും പിന്നീട് വീണ്ടും ഉയര്‍ന്നതുമാണ് ഈ ചാഞ്ചാട്ടത്തിന് കാരണമായത്. റെക്കോഡ് വിലയായ പവന് 1,31,160 രൂപയില്‍ എത്തിയ ശേഷം നാല് ദിവസത്തിനുള്ളില്‍ 19,880 രൂപയുടെ ഇടിവാണ് സ്വര്‍ണവിലയില്‍ ഉണ്ടായത്.

സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ സ്വര്‍ണത്തിനുള്ള ഡിമാന്‍ഡ് വര്‍ധിക്കുന്നതാണ് വിലയിലെ മാറ്റങ്ങള്‍ക്ക് പിന്നിലെ പ്രധാന കാരണമെന്നാണ് വിലയിരുത്തല്‍. റഷ്യ സ്വര്‍ണം വില്‍ക്കുന്നു എന്ന വാര്‍ത്തയും വിലക്കുറവിന് ഇടയാക്കിയിട്ടുണ്ട്. കൂടാതെ, ഫെഡറല്‍ റിസര്‍വിന്റെ പുതിയ ചെയര്‍മാനായി ട്രംപ് പിന്തുണയ്ക്കുന്ന കെവിന്‍ വാര്‍ഷിനെ നാമനിര്‍ദേശം ചെയ്തതും സ്വര്‍ണവില താഴാന്‍ കാരണമായതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

കേരളത്തില്‍ സ്വര്‍ണവില കുറഞ്ഞത് നേട്ടമാക്കി അഡ്വാന്‍സ് ബുക്കിങ്ങിനായി ഉപഭോക്താക്കള്‍ കൂട്ടത്തോടെ ജ്വല്ലറികളിലെത്തുന്നതായും വ്യാപാരികള്‍ വ്യക്തമാക്കുന്നു.

entertainment

മലയാളത്തിലെ ഹിറ്റ് ഗാനങ്ങളുടെ ശില്പി എസ്.പി. വെങ്കിടേഷ് വിടവാങ്ങി

ചെന്നൈയിലെ വീട്ടില്‍ വെച്ച് ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം.

Published

on

ചെന്നൈ: മലയാള സിനിമയിലെ എക്കാലത്തെയും ഹിറ്റ് ഗാനങ്ങളുടെ ശില്പി എസ്.പി. വെങ്കിടേഷ് (70) അന്തരിച്ചു. ചെന്നൈയിലെ വീട്ടില്‍ വെച്ച് ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. തൊണ്ണൂറുകളില്‍ മലയാള സിനിമാ സംഗീത ലോകത്ത് വിസ്മയം തീര്‍ത്ത പ്രതിഭയായിരുന്നു അദ്ദേഹം.

1955 മാര്‍ച്ച് 5-ന് തമിഴ്നാട്ടിലായിരുന്നു ജനനം. മാന്‍ഡലിന്‍ വിദ്വാനായിരുന്ന പിതാവ് പഴനിയില്‍ നിന്നാണ് സംഗീതത്തിന്റെ ബാലപാഠങ്ങള്‍ പഠിച്ചത്. ഗിത്താര്‍, ബാഞ്ചോ തുടങ്ങിയ ഉപകരണങ്ങളിലും അദ്ദേഹം പ്രാവീണ്യം നേടിയിരുന്നു. 1971-ല്‍ സംഗീത സംവിധായകന്‍ വിജയഭാസ്‌കറിനൊപ്പം ഗിത്താറിസ്റ്റായാണ് സിനിമാ രംഗത്തേക്ക് എത്തുന്നത്. പിന്നീട് ശ്യാം, രവീന്ദ്രന്‍, എ.ടി. ഉമ്മര്‍ തുടങ്ങിയ പ്രമുഖരുടെ സഹായിയായും വെങ്കിടേഷ് പ്രവര്‍ത്തിച്ചു.

1986-ല്‍ തമ്പി കണ്ണന്താനം സംവിധാനം ചെയ്ത ‘രാജാവിന്റെ മകന്‍’ എന്ന സിനിമയിലൂടെ മലയാളത്തില്‍ സ്വതന്ത്ര സംഗീത സംവിധായകനായി മാറി. മലയാളത്തില്‍ ഏകദേശം 150-ലേറെ ചിത്രങ്ങള്‍ക്ക് സംഗീതം നല്‍കിയിരുന്നു. ഒട്ടുമിക്ക ചിത്രങ്ങളും ബ്ലോക്ക്ബസ്റ്ററുകളായിരുന്നു.

‘വിണ്ണിലെ ഗന്ധര്‍വ വീണകള്‍’, ‘ശാന്തമീ രാത്രിയില്‍’, ‘തളിര്‍വെറ്റിലയുണ്ടോ’, ‘നീലരാവിലൊരു നിഴല്‍’, ‘പുലരിപ്പൂക്കളാല്‍’ തുടങ്ങിയവ മലയാളികള്‍ എന്നും നെഞ്ചിലേറ്റുന്ന ഗാനങ്ങളാണ്. 1993-ല്‍ ‘പൈതൃകം’, ‘ജനം’ എന്നീ സിനിമകളിലെ സംഗീതത്തിന് മികച്ച സംഗീത സംവിധായകനുള്ള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നേടിയിട്ടുണ്ട്.

 

Continue Reading

News

‘ഐസിസി ഇന്ത്യയുടെ ബന്ദി, പകരം പുതിയൊരു ക്രിക്കറ്റ് സംഘടന വേണം’; രൂക്ഷവിമര്‍ശനവുമായി പാകിസ്ഥാന്‍ പ്രതിരോധ മന്ത്രി

അന്താരാരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലിനെതിരെ(ഐസിസി) രൂക്ഷവിമര്‍ശനവുമായി പാകിസ്ഥാന്‍ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ്

Published

on

By

അന്താരാരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലിനെതിരെ(ഐസിസി) രൂക്ഷവിമര്‍ശനവുമായി പാകിസ്ഥാന്‍ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ്. ഐസിസി പൂര്‍ണ്ണമായും ഇന്ത്യയുടെ രാഷ്ട്രീയ താല്‍പ്പര്യങ്ങള്‍ക്ക് വഴങ്ങിയെന്നും, ഐസിസിയെ വിശ്വസിക്കാന്‍ കഴിയില്ലെന്നും ഖ്വാജ ആസിഫ് ആരോപിച്ചു. എക്സിലൂടെ നടത്തിയ പ്രതികരണത്തിലാണ് അദ്ദേഹം ഐസിസിക്കെതിരെ രൂക്ഷവിമര്‍ശനം നടത്തിയത്.

ഐസിസി ഇപ്പോള്‍ ദക്ഷിണേഷ്യയിലെ ഇന്ത്യയുടെ രാഷ്ട്രീയ താല്‍പ്പര്യങ്ങളുടെ ബന്ദിയായി മാറിയിരിക്കുകയാണ്. ക്രിക്കറ്റ് എന്ന മാന്യന്‍മാരുടെ കളിയുടെ അന്തസ്സ് നിലനിര്‍ത്താന്‍ ഐസിസിക്ക് പകരം പുതിയൊരു ആഗോള സംഘടന അനിവാര്യമാണ്. ബംഗ്ലാദേശിനെ ലോകകപ്പില്‍ നിന്ന് ഒഴിവാക്കി പകരം സ്‌കോട്ട്ലന്‍ഡിനെ ഉള്‍പ്പെടുത്തിയ ഐസിസി നടപടി പക്ഷപാതപരമാണെന്നും ഖ്വാജ ആസിഫ് ആരോപിച്ചു.

സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ഇന്ത്യയില്‍ കളിക്കാന്‍ ബംഗ്ലാദേശ് വിസമ്മതിച്ചിരുന്നു. മത്സരങ്ങള്‍ ഇന്ത്യക്ക് പുറത്തേക്ക് മാറ്റണമെന്ന ബംഗ്ലാദേശിന്റെ ആവശ്യം ഐസിസി തള്ളുകയും അവരെ ടൂര്‍ണമെന്റില്‍ നിന്ന് നീക്കം ചെയ്ത് പകരം സ്‌കോട്ട്ലന്‍ഡിനെ ഉള്‍പ്പെടുത്തുകയും ചെയ്തു. ഇതില്‍ പ്രതിഷേധിച്ചും ബംഗ്ലാദേശിനോടുള്ള ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാനുമായാണ് പാകിസ്ഥാന്‍ ടി20 ലോകകപ്പില്‍ 15 ന് കൊളംബോയില്‍ നടക്കേണ്ട ഇന്ത്യയുമായുള്ള മത്സരം ബഹിഷ്‌കരിക്കാന്‍ തീരുമാനിച്ചത്.

എന്നാല്‍ പാകിസ്ഥാന്റെ ‘ഭാഗികമായ ബഹിഷ്‌കരണം’ അംഗീകരിക്കാനാവില്ലെന്ന് ഐസിസി വ്യക്തമാക്കിയിട്ടുണ്ട്. ഇന്ത്യയ്ക്കെതിരെ കളിച്ചില്ലെങ്കില്‍ അത് പാക് ക്രിക്കറ്റിനെ ദീര്‍ഘകാലാടിസ്ഥാനത്തില്‍ ദോഷകരമായി ബാധിക്കുമെന്നും കടുത്ത അച്ചടക്ക നടപടികള്‍ നേരിടേണ്ടി വരുമെന്നും ഐസിസി പിസിബിക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു.

Continue Reading

News

കോട്ടയം മെഡിക്കല്‍ കോളേജിന് സമീപം യുവാക്കളും ആംബുലന്‍സ് ഡ്രൈവര്‍മാരും തമ്മില്‍ സംഘര്‍ഷം; രണ്ടുപേര്‍ക്ക് പരിക്ക്

ബൈക്ക് ഓവര്‍ടേക്ക് ചെയ്തതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് പിന്നീട് കൈയ്യാങ്കളിയിലേക്ക് നീങ്ങിയത്.

Published

on

By

കോട്ടയം: കോട്ടയം മെഡിക്കല്‍ കോളേജിനു സമീപം ബൈക്കില്‍ എത്തിയ യുവാക്കളും ആംബുലന്‍സ് ഡ്രൈവര്‍മാരും തമ്മില്‍ സംഘര്‍ഷം. തിങ്കളാഴ്ച രാത്രിയാണ് സംഭവം.

ബൈക്ക് ഓവര്‍ടേക്ക് ചെയ്തതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് പിന്നീട് കൈയ്യാങ്കളിയിലേക്ക് നീങ്ങിയത്. സംഭവത്തില്‍ പരിക്കേറ്റ അയ്മനം സ്വദേശികളായ രണ്ട് യുവാക്കളെ കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് ആംബുലന്‍സ് ഡ്രൈവര്‍മാരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. യുവാക്കളുടെ മൊഴി രേഖപ്പെടുത്തിയ ശേഷം കേസെടുക്കുമെന്ന് ഗാന്ധിനഗര്‍ പൊലീസ് അറിയിച്ചു.

അതേസമയം, സംഘര്‍ഷത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു.

Continue Reading

Trending