News

സ്വര്‍ണവിലയില്‍ ഇന്നും വലിയ ചാഞ്ചാട്ടം; രാവിലെ ഇടിഞ്ഞ വില ഉച്ചയോടെ തിരിച്ചുകയറി

By vismaya

February 03, 2026

കൊച്ചി: കേരളത്തിലെ സ്വര്‍ണവിപണിയില്‍ ഇന്നും (ചൊവ്വ) ശക്തമായ ചാഞ്ചാട്ടമാണ് രേഖപ്പെടുത്തുന്നത്. രാവിലെ ഇടിഞ്ഞ സ്വര്‍ണവില ഉച്ചയോടെ വീണ്ടും ഉയര്‍ന്നു. ഗ്രാമിന് 200 രൂപ വര്‍ധിച്ച് 14,110 രൂപയും പവന് 1,600 രൂപ ഉയര്‍ന്ന് 1,12,880 രൂപയുമായി.

ഇന്ന് രാവിലെ സ്വര്‍ണവിലയില്‍ കുറവ് രേഖപ്പെടുത്തിയിരുന്നു. ഗ്രാമിന് 130 രൂപയും പവന് 1,040 രൂപയും കുറഞ്ഞ് ഗ്രാമിന് 13,910 രൂപയും പവന് 1,11,280 രൂപയുമായിരുന്നു വില. എന്നാല്‍, ഉച്ചയോടെ ആ നഷ്ടം നികത്തിക്കൊണ്ട് വില ഉയരുകയായിരുന്നു.

ആഗോള വിപണിയില്‍ സ്‌പോട്ട് ഗോള്‍ഡ് ട്രോയ് ഔണ്‍സിന് 4,885.7 ഡോളറിലേക്കാണ് ഉയര്‍ന്നത്. 5.43 ശതമാനമാണ് വര്‍ധന. രാജ്യാന്തര വിലയിലെ ഈ മാറ്റങ്ങള്‍ ആഭ്യന്തര വിപണിയിലും പ്രതിഫലിക്കുന്നതായി വ്യാപാരികള്‍ പറയുന്നു.

ഇന്നലെ (തിങ്കളാഴ്ച) കേരളത്തിലെ സ്വര്‍ണവിപണി അസാധാരണ ചാഞ്ചാട്ടത്തിന് സാക്ഷ്യം വഹിച്ചു. രാവിലെയും ഉച്ചക്കുമായി ഗ്രാമിന് 1,230 രൂപ കുറഞ്ഞ് 13,490 രൂപയിലും പവന് 9,840 രൂപ കുറഞ്ഞ് 1,07,920 രൂപയിലുമെത്തിയിരുന്നു. എന്നാല്‍, വൈകീട്ട് രണ്ടുതവണയായി ഗ്രാമിന് 550 രൂപയും പവന് 4,400 രൂപയും ഉയര്‍ന്ന് ഗ്രാമിന് 14,040 രൂപയും പവന് 1,12,320 രൂപയുമായി.

രാജ്യാന്തര വിപണിയില്‍ സ്വര്‍ണവില 5,500 ഡോളറിലെത്തിയ ശേഷം താഴ്ന്നതും പിന്നീട് വീണ്ടും ഉയര്‍ന്നതുമാണ് ഈ ചാഞ്ചാട്ടത്തിന് കാരണമായത്. റെക്കോഡ് വിലയായ പവന് 1,31,160 രൂപയില്‍ എത്തിയ ശേഷം നാല് ദിവസത്തിനുള്ളില്‍ 19,880 രൂപയുടെ ഇടിവാണ് സ്വര്‍ണവിലയില്‍ ഉണ്ടായത്.

സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ സ്വര്‍ണത്തിനുള്ള ഡിമാന്‍ഡ് വര്‍ധിക്കുന്നതാണ് വിലയിലെ മാറ്റങ്ങള്‍ക്ക് പിന്നിലെ പ്രധാന കാരണമെന്നാണ് വിലയിരുത്തല്‍. റഷ്യ സ്വര്‍ണം വില്‍ക്കുന്നു എന്ന വാര്‍ത്തയും വിലക്കുറവിന് ഇടയാക്കിയിട്ടുണ്ട്. കൂടാതെ, ഫെഡറല്‍ റിസര്‍വിന്റെ പുതിയ ചെയര്‍മാനായി ട്രംപ് പിന്തുണയ്ക്കുന്ന കെവിന്‍ വാര്‍ഷിനെ നാമനിര്‍ദേശം ചെയ്തതും സ്വര്‍ണവില താഴാന്‍ കാരണമായതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

കേരളത്തില്‍ സ്വര്‍ണവില കുറഞ്ഞത് നേട്ടമാക്കി അഡ്വാന്‍സ് ബുക്കിങ്ങിനായി ഉപഭോക്താക്കള്‍ കൂട്ടത്തോടെ ജ്വല്ലറികളിലെത്തുന്നതായും വ്യാപാരികള്‍ വ്യക്തമാക്കുന്നു.